Kerala
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് ആക്രമണക്കേസിലെ തീവ്രവാദ ബന്ധം പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം സെന്ട്രല് അസിസ്റ്റന്റ് കമ്മിഷണര് നേതൃത്വം നല്കുന്ന അന്വേഷണസംഘത്തിന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര് മേല്നോട്ടം വഹിക്കും.
കേസില് അറസ്റ്റിലായ പുത്തന്കുരിശ് ഐക്കരനാട് സ്വദേശി എബിന് ബി. പോൾ, ബോസ് എന്നയാളുടെ നിര്ദേശത്തെത്തുടര്ന്നാണ് സിനഗോഗിന് തീ കൊളുത്തിയത്. അടുത്ത ലക്ഷ്യം വൈകാതെ അറിയിക്കാമെന്നാണ് ബോസ് എബിനു നല്കിയിരുന്ന നിര്ദേശം. ഇക്കാര്യങ്ങളടക്കം അന്വേഷണസംഘം പരിശോധിക്കുകയാണ്. കസ്റ്റഡിയില് ലഭിച്ച പ്രതിയെ പൊലിസ് ചോദ്യംചെയ്തു.
ചാറ്റുകളില്നിന്നു നിര്ണായക വിവരങ്ങള് ലഭിച്ചതായാണു വിവരം. പിടികൂടിയ ഡിജിറ്റല് തെളിവുകളുടെ മിറര് ഇമേജ് ഫോറന്സിക് ലാബില്നിന്ന് പൊലിസിനു കൈമാറി. ഇതും പരിശോധിക്കുന്നുണ്ട്.
യുകെ സന്ദര്ശനത്തിനു ശേഷമാണ് പ്രതി ബോസുമായി ചാറ്റുകള് നടത്തിയിരിക്കുന്നത്. ബോസിനെ പരിചയപ്പെട്ടത് യുകെയില് വച്ചാകാമെന്നാണ് പൊലിസ് അനുമാനം. ലഹരി ഉപയോഗിച്ചിരുന്ന പ്രതിയെ നിരീക്ഷിച്ചശേഷം അത്തരത്തില് കൃത്യത്തിനായി സമീപിച്ചതാണോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്.
ബോസിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ടെലിഗ്രാമില്നിന്നടക്കം വിവരങ്ങള് പൊലിസ് തേടിയിട്ടുണ്ട്. ഇയാളുടെ യഥാര്ഥ പേര് അറിയില്ലെന്നാണ് എബിന് അന്വേഷണസംഘത്തോട് ആവര്ത്തിക്കുന്നത്.
എന്നാല്, ഇയാളുടെ ചാറ്റുകളിലുള്ള ബോസിന്റെ പ്രൊഫൈല് ചിത്രത്തില് രണ്ട് അക്ഷരങ്ങള് മാത്രമാണുള്ളത്. മൂവാറ്റുപുഴയിലടക്കം പ്രതി നടത്തിയ ആക്രമണങ്ങള് പരീക്ഷണങ്ങളായിരുന്നുവെന്നാണ് പൊലിസ് നല്കുന്ന സൂചന.
സിനഗോഗിനു തീ വച്ചതിന് എബിനു ലഭിച്ച പണത്തിന്റെ സ്രോതസ്, ഇതിന്റെ മറ്റു വിവരങ്ങള്, അയച്ച വ്യക്തികള് തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. സാമ്പത്തികശേഷിയുള്ള പ്രതി പണം വാങ്ങിയതിനു പിന്നിലെ കാര്യങ്ങളും പരിശോധിക്കുന്നു. അതിനിടെ, ഫോര്ട്ട്കൊച്ചി കോഡര് ഹൗസിലെ തീപിടിത്തത്തിനു പിന്നിലും ഈ സംഘമാണോ എന്നു പൊലിസ് സംശയിക്കുന്നു.
എബിന് ഇതുവരെ നടത്തിയ ആക്രമണങ്ങള്, സംഘത്തിന്റെ ഭാവി പദ്ധതികള് തുടങ്ങിയവയിലും അന്വേഷണമുണ്ടാകും. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തില് അതീവ കരുതലോടെയാണ് പൊലിസിന്റെ സമീപനം.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ നേരത്തേയുണ്ടായിരുന്ന എട്ട് വിജിലൻസ് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോൾ നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
വിജിലൻസിന്റെ അന്വേഷണം നിഷ്പക്ഷവും നീതിപൂർവകവുമായിരിക്കും. വസ്തുതകളും ഫയലുകളും പരിശോധിച്ച ശേഷം സർക്കാർ തുടർനടപടി എടുക്കും.
കെഎസ്ടിപി പദ്ധതിയിലെ കരാർ കന്പനികൾക്ക് എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ തുകയിൽ കരാറുകൾ അനുവദിച്ചതിലൂടെ സർക്കാരിന് 700 കോടി രൂപയുടെ നഷ് ടമുണ്ടാക്കിയെന്നും ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും എസ്റ്റിമേറ്റ് 187 കോടിയായിരുന്നെങ്കിലും 323 കോടി ചെലവഴിച്ചെന്നുമുള്ള പരാതിയിൽ ഗ്യാനേഷിനെതിരേ അന്വേഷണമുണ്ടായിരുന്നു.
അതേസമയം വിജിലൻസ് അന്വേഷണം വേണ്ട രീതിയിൽ നടന്നിട്ടില്ലെന്ന പുതിയ പരാതിയാണ് ഇപ്പോൾ വിജിലൻസിന് കൈമാറിയതെന്നും എ.കെ.എം അഷറഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കെഎസ്ടിപി റോഡ് വികസന പദ്ധതിയിൽ ഗുരുതര അഴിമതി ആരോപണമാണ് അന്ന് മരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരേ ഉയർന്നതെന്ന് അഷറഫ് ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി വാഹനാപകട കേസില് പൊലിസിനു വീഴ്ച സംഭവിച്ചെന്ന ആരോപണങ്ങള്ക്കു പിന്നാലെ കേസില് പഴുതടച്ച അന്വേഷണത്തിനൊരുങ്ങി പൊലിസ്. അന്വേഷണത്തിന് പ്രത്യേക സംഘം(എസ്ഐടി) സര്ക്കാര് രൂപവത്കരിച്ചു.
ആലൂവ റൂറല് എസ്പി കെ.എസ്. സുദര്ശന്റെ മേല്നോട്ടത്തിലാകും എസ്ഐടി അന്വേഷണം. ഡിവൈഎസ്പി ബൈജു കെ. പൗലോസിനാണ് അന്വേഷണച്ചുമതല. പൊലിസ് വീഴ്ച ചൂണ്ടിക്കാട്ടി മരിച്ചവരുടെ കുടുംബാംഗങ്ങളടക്കം രംഗത്തുവന്ന സാഹചര്യത്തില് പ്രതികള്ക്കു പരമാവധി ശിക്ഷ ഉറപ്പാക്കി കുറ്റമറ്റ അന്വേഷണത്തിനാണ് തയാറെടുക്കുന്നത്.
അപകടത്തിനിടയാക്കിയ മിനി കൂപ്പര് ഓടിച്ച ആലപ്പുഴ ആലിശേരി നൂഹ് മന്സിലില് സുഹൈല് സജീവ് സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ ഇയാള് മറ്റ് ലഹരിവസ്തുക്കള് ഉപയോഗിച്ചിരുന്നോ എന്നതടക്കം പരിശോധിച്ചുവരികയാണ്.
ഫോറന്സിക് പരിശോധനാഫലം ലഭിക്കുന്നതോടെ ഇതില് വ്യക്തത വരും. ബിഎന്എസ് 105, 281, 49, 3(5), മോട്ടോര് വാഹന നിയമം 185 എന്നീ വകുപ്പുകള് പ്രകാരമാണു നിലവില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നു തെളിഞ്ഞാല് കൂടുതല് വകുപ്പുകള് ചുമത്തിയേക്കും.
മത്സരയോട്ടം നടത്തിയോ? ചോദ്യം ചെയ്യാന് പൊലിസ്
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ നാലു പ്രതികളെയും ഇന്നു വൈകുന്നേരം അഞ്ചു വരെ പൊലിസ് കസ്റ്റഡിയില് വിട്ടു. പ്രതികളുമായി അപകടം നടന്ന സ്ഥലത്ത് ഉൾപ്പടെയെത്തി പരമാാവധി തെളിവുകള് ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
പ്രതികള് മദ്യപിച്ച ബാറുകളിലും തെളിവെടുപ്പ് നടത്തും. അമിതവേഗത്തില് കാര് ഓടിക്കാനിടയായതിലുള്ള പ്രതിയുടെ വിശദീകരണവും പൊലിസ് രേഖപ്പെടുത്തും. മുമ്പും സമാനരീതിയില് അമിതവേഗത്തില് വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങള് പ്രതി സമൂഹമാധ്യമങ്ങളില് പങ്കുവച്ചിരുന്നു. ഈ കാര്യങ്ങളിലും വിശദാംശങ്ങള് തേടും. കസ്റ്റഡിയില് ലഭിച്ച പ്രതികളെ എക്സൈസും മോട്ടോര് വാഹന വകുപ്പും ചോദ്യം ചെയ്യും. സുഹൈലിനുപുറമേ ആലപ്പുഴ തുമ്പോളി പാലപ്പറമ്പില് നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയല്(19), അമീന്(19) എന്നിവരാണ് കേസില് അറസ്റ്റിലായ മറ്റു പ്രതികള്.
വേഗം കണ്ടെത്താന് പരിശോധന
അപകടസമയത്തെ മിനി കൂപ്പറിന്റെ വേഗം കണ്ടെത്താന് പൊലിസ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തി. നെടുമ്പാശേരി പൊലിസ് കസ്റ്റഡിയിലുള്ള കാര് ഇന്നലെ വൈകുന്നേരം ബിഎംഡബ്ല്യു കമ്പനിയുടെ സംഘത്തിന്റെ നേതൃത്വത്തില് പരിശോധിച്ചു.
കാറിലെ ഇവന്റ് ഡാറ്റാ റിക്കാര്ഡര് (ഇഡിആര്) പരിശോധിച്ചു. കാറിന്റെ വേഗത, സഞ്ചരിച്ച വഴി എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. മിനികൂപ്പര് കാറുകളിലെ ഇഡിആര്, ഇസിയു എന്നീ സംവിധാനങ്ങളില് വേഗവും യാത്രാവിവരങ്ങളും കൃത്യമായി രേഖപ്പെടുത്തും. ഫോറന്സിക് വിദഗ്ധര്ക്ക് പ്രത്യേക ടൂളുകള് ഉപയോഗിച്ച് ഈ ഡാറ്റ വീണ്ടെടുക്കാന് സാധിക്കും. അപകടസമയത്ത് വാഹനം 120 കിലോമീറ്റര് വേഗത്തിലായിരുന്നതായാണു പ്രതി സുഹൈല് പൊലിസിനു നല്കിയിട്ടുള്ള മൊഴി.
പ്രതികളെ കോടതിയില് എത്തിച്ചത് കനത്ത കാവലില്
പ്രതികള്ക്കു നേരേ പ്രതിഷേധമുണ്ടായേക്കുമെന്ന സൂചനയെത്തുടര്ന്ന് കനത്ത പൊലിസ് കാവലിലാണ് പ്രതികളായ സുഹൈല് സജീവന്, നിനവ്, ജോയല്, അമീര് എന്നിവരെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് എത്തിച്ചത്. മുഖം മറച്ചാണു പ്രതികള് എത്തിയത്.
കാക്കനാട് ബോസ്റ്റല് സ്കൂളില്നിന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണു പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് എത്തിച്ചത്. മദ്യപിച്ചു വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്നും 18 വയസ് കഴിഞ്ഞ പ്രതികള്ക്ക് ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നു പ്രോസിക്യൂഷന് വാദിച്ചു.
പ്രതികളെ കസ്റ്റഡിയില് വാങ്ങി തെളിവുണ്ടാക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം കോടതിയില് പറഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും.
ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
19കാരന് ഓടിച്ച മിനി കൂപ്പര് കാറിടിച്ച് മൂന്നുപേര് മരിച്ച കേസില് പ്രതികള്ക്കു മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. സംസ്ഥാന എക്സൈസ് കമ്മിഷണര് എസ്. സാംബശിവ റാവുവാണ് മൂന്ന് ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്ത് ഉത്തരവിറക്കിയത്.
പാലാരിവട്ടം മണ്സൂണ് എംപ്രസ്, നെടുമ്പാശേരി മാരിയറ്റ് കോര്ട്ട്യാര്ഡ്, വൈറ്റില ദയ എന്നീ ബാറുകളുടെ ലൈസന്സാണ് സസ്പെന്ഡ് ചെയ്തത്. നോട്ടീസ് ലഭിച്ച 15 ദിവസത്തിനകം ബാര് ലൈസന്സികള് കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര് വേണ്ട നടപടിയെടുക്കണമെന്നും ഉത്തരവില് പറയുന്നു.
Kerala
ഇരിങ്ങാലക്കുട: കാറളത്ത് വയോധികയെ വീടിനുള്ളില് കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്ന സംഭവത്തില് പൊലിസ് അന്വേഷണം ഊര്ജിതമാക്കി. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 15 അംഗ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കേസ് അന്വേഷിക്കും.
കാറളം മൃഗാശുപത്രിക്ക് സമീപം പാറാമ്പുള്ളി റോഡില് അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീട്ടില് ആരുമില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്.
സ്കൂള് വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി ഋതികയാണ് മുത്തശിയെ മരിച്ചനിലയില് ആദ്യം കണ്ടത്. സംഭവസമയത്ത് സാവിത്രിയുടെ മകന് സുമേഷ് പിതാവ് വിജയനെയും കൂട്ടി ചികിത്സയ്ക്കായി ഇരിങ്ങാലക്കുടയിലെ ആശുപത്രിയില് പോയിരിക്കുകയായിരുന്നു. സാവിത്രിയുടെ കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ പാടുകളുണ്ട്. കഴുത്തില് സാരി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. വീടിനകത്ത് സാധനങ്ങള് വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
സാവിത്രി ധരിച്ചിരുന്ന മാല, വളകള്, മോതിരം എന്നിവയടക്കം ഏകദേശം 15 പവനോളം സ്വര്ണം നഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലിസ് നായ മൃതദേഹത്തിന് സമീപത്തുനിന്ന് മണംപിടിച്ച് അടുക്കളവഴി വീടിന്റെ പിന്വശത്തേക്ക് ഓടി. തുടര്ന്ന് വീടിന് പിന്നിലൂടെ റോഡിലേക്കാണ് നായ പോയത്.
കൊലപാതകത്തിന് ശേഷം പ്രതി ഈ വഴിയിലൂടെ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലിസ് അന്വേഷണം. കൊലപാതകത്തിന് പിന്നില് വീടും പരിസരവും കൃത്യമായി അറിയാവുന്നവരാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വീട്ടുകാര് പുറത്തുപോയി ഏറെ നേരം കഴിഞ്ഞേ മടങ്ങിയെത്തൂവെന്ന് അറിയാവുന്നവരാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
വീടിനുള്ളില് മുളകുപൊടി വിതറിയിരുന്നതും കൊലപാതകം ആസൂത്രിതമായിരുന്നെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. സാവിത്രിയുടെ മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീടിന്റെ പിന്ഭാഗത്തുകൂടി രക്ഷപ്പെട്ടിട്ടുണ്ടെങ്കില്, വീടിന്റെ ഘടനയും പരിസരവും നന്നായി അറിയാവുന്നവരായിരിക്കണമെന്ന വിലയിരുത്തലും പൊലിസിനുണ്ട്.
വീടിന് സമീപം സിസിടിവി കാമറകളില്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയാണ്. കൊലപാതകത്തിന് പിന്നില് ഒന്നിലധികം പേര് ഉണ്ടായിരിക്കാമെന്ന സംശയവും പൊലിസ് പരിശോധിക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ നടപടി ക്രമങ്ങള് നടന്നുകൊണടിരിക്കുകയാണെന്നും പ്രതികളെ ഉടന് പിടികൂടുവാന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരായ വിജിലൻസ് കേസിൽ രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും. തിരുവനന്തപുരം, കോഴിക്കോട് യൂണിറ്റ് എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും എസ്ഐടി പ്രവർത്തിക്കുക.
ഇഡി റിപ്പോർട്ട് പ്രകാരം, രണ്ടു കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള് രജിസ്റ്റർ ചെയ്തത്. രണ്ട് എസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്സ് കേസെടുത്തിട്ടുള്ളത്. ഹവാല ഇടപാടിൽ മുന് മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള് വീണ രണ്ടാം പ്രതിയാണ്.
പിണറായിയും മുഹമ്മദ് റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ്ഐആറുകള് പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്ന്നാണ് ഇഡി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് കേസുകളുമെടുത്തത്.
എന്നാൽ, മാസപ്പടി കേസിലെ പിണറായി വിജയന്റെ വാദങ്ങളെ സംസ്ഥാന സർക്കാർ ഹൈക്കോടതിൽ പിന്തുണച്ചു. കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്.
അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില് പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില് പറഞ്ഞു. എന്നാല് പ്രതികളുടെ ഹർജിയെ ഇഡി എതിർത്തു.
Kerala
കൊല്ലം: കൊല്ലത്ത് ഒന്നരവയസുകാരിയുടെ സ്വർണാഭരണങ്ങൾ വീട്ടിൽ കയറി കവർന്ന കേസിൽ പ്രതി പിടിയിൽ. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് കവർച്ച നടന്നത്.
കൊല്ലം കന്നിമൂല കിഴക്കേതിൽ സതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുട്ടിയെ വീടിനുള്ളിലിരുത്തി അമ്മ പുറത്ത് തുണി അലക്കുകയായിരുന്നു. ഈ സമയം അടുക്കള വാതിൽ വഴി അകത്തുകടന്ന ഹസീന കുട്ടിയുടെ ദേഹത്ത് നിന്ന് ഒരു പവൻ തൂക്കം വരുന്ന അരഞ്ഞാണവും ഒമ്പത് ഗ്രാം തൂക്കം വരുന്ന മാലയും കവർന്ന് സ്ഥലം വിടുകയായിരുന്നു.
തുടർന്ന് കുടുംബം നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച ചവറ പൊലിസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ് രണ്ട് ലക്ഷം രൂപയുമായി പോകുന്നതിനിടെയാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: കണ്ണൂരില് വന് രാസലഹരി വേട്ട. 462 ഗ്രാം എംഡിഎംഎയുമായി ബേക്കറി ഉടമ പെരുമാച്ചേരി സ്വദേശി ബാദുഷ ആണ് പിടിയിലായത്. കമ്പില് ടൗണിലെ ബിആര് ലേബാന് എന്ന ബേക്കറിയില് നിന്നാണ് എക്സൈസ് സംഘം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം ബേക്കറിയിൽ പരിശോധന നടത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയെ നാട്ടുകാര് മര്ദിച്ചു. ഏറെ പണിപ്പെട്ടാണ് പൊലിസ് പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റിയത്.
ബാദുഷയുടെ കാറില് നിന്നും 11 ഗ്രാം എംഡിഎംഎയും എക്സൈസ് കണ്ടെടുത്തു. കമ്പില് ഭാഗത്ത് ലഹരി മരുന്ന് വിതരണം ചെയ്യുന്ന കണ്ണികളില് പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.
Kerala
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പൊലിസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ. നിരണം ഇരതോട് ആശാകുടി പുതുവേൽ വീട്ടിൽ സജിത്ത്(32) ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ വീടിന് സമീപത്തെ പാടശേഖരത്തിന് നടുവിലുള്ള തുരുത്തിൽ നിന്നാണ് പിടിയിലായത്. വിജനമായ കാടുമൂടിക്കിടക്കുന്ന തുരുത്തിനുള്ളിൽ ഇയാൾ ഒളിച്ചിരിക്കുന്നതായി പൊലിസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് തുരുത്ത് വളഞ്ഞ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ തിരുവല്ല പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സജിത്ത് കൈവിലങ്ങ് ഊരി സ്റ്റേഷനിൽ നിന്നും ചാടിപ്പോയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലിസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഷന്റെ മുൻ വാതിലിൽ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.
Kerala
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന് ശ്രമിച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. ആസാം സ്വദേശി യാസീന് ആലം എന്ന റീല്സ് യാസീന് ആണ് വെള്ളയില് പൊലിസിന്റെ പിടിയിലായത്.
ഇന്നലെ പുലർച്ചെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുവെച്ചാണ് ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്ക്ക് നേരെ അതിക്രമം നടന്നത്. യാസീന് ഉള്പ്പെടെയുള്ള ആസാം സ്വദേശികള് പരാതിക്കാരുടെ ദേഹത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയും വടിവാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലിസ് പറയുന്നു.
Kerala
കൊച്ചി: നെടുമ്പാശേരി മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവിനെയും സുഹൃത്ത് നിനവിനെയും കാക്കനാട് കറക്ഷണൽ ഹോമിലേക്ക് മാറ്റി. ആലുവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി.
അറസ്റ്റിലായ ഇരുവർക്കും പ്രായം 19 ആണ്. ഇരുവരുടെയും പ്രായം പരിഗണിച്ചാണ് നടപടിയെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. 18നും 21നുമിടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല, ദുർഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടസമയം അമിതവേഗത്തിലാണ് കാറോടിച്ചതെന്ന് പ്രതി സുഹൈൽ സജീവ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നും പ്രതിയുടെ മൊഴിയിലുണ്ട്.
Kerala
കോട്ടയം: കോട്ടയം മണിമലയിൽ കാപ്പികമ്പുകൊണ്ട് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകൻ സച്ചു സന്തോഷ് ആണ് അറസ്റ്റിലായത്.
കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും മക്കളും താമസിക്കുന്ന ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ വച്ചായിരുന്നു സംഭവം.
സന്തോഷ് കഴിഞ്ഞ കുറെ നാളുകളായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമല്ല താമസിച്ചിരുന്നത്. ഇടയ്ക്ക് വല്ലപ്പോഴും മാത്രമാണ് ചാരുവേലിയിലെ വീട്ടിലേക്കെത്തിയിരുന്നത്. ഇവിടെ വരുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.
സംഭവദിവസവും സന്തോഷ് ചാരുവേലിയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഭാര്യ സിന്ധുവിനെ ഉപദ്രവിച്ചു. ഇതിനിടെയാണ് ഇളയ മകൻ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിന്റെ തലയ്ക്കടിച്ചത്. തുടർന്ന് സച്ചുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
District News
കോഴിക്കോട്: ബേപ്പൂര് ഹാര്ബറില് ബോട്ടിന്റെ സ്റ്റോര് റൂമില് ശ്വാസംമുട്ടി രണ്ടുതൊഴിലാളികള് മരിച്ച സംഭവത്തിനു പിന്നില് അനധികൃത വളമത്സ്യ ശേഖരണമാണെന്ന ആക്ഷേപമുയര്ന്നതോടെ വിശദമായ അന്വേഷണം നടത്താന് ബേപ്പൂര് പൊലിസ്.
നിലവില് അസ്വാഭാവിക മരണത്തിനാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. അപകടമുണ്ടായ സ്റ്റോര് റൂമില് നിന്നുള്ള സാമ്പിളുകള് ശേഖരിച്ച് പൊലിസ് ഫോറന്സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ ശരീരത്തില് നിന്നുള്ള സാമ്പിളുകളും പരിശോധനാ വിധേയമാക്കും. അതിനുശേഷമേ വിഷ വാതകമാണോ അതോ മറ്റേതെങ്കിലും സാഹചര്യമാണോ മരണത്തിനിടയാക്കിയതെന്ന് വ്യക്തമാകുകയുള്ളൂവെന്ന് പൊലിസ് പറഞ്ഞു. ബേപ്പൂര് ഹാര്ബറില് മത്സ്യബന്ധന ബോട്ടിലെ സ്റ്റോര് റൂമിലുണ്ടായ ദുരന്തത്തില് പശ്ചിമ ബംഗാള് സ്വദേശികളായ സച്ചിന് ദാസ്, ദിലീപ് സുര് എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബേപ്പൂര് ഹാര്ബറില് നിര്ത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലെ മത്സ്യം സൂക്ഷിക്കുന്ന സ്റ്റോര് റൂമില് ഇറങ്ങിയ ഇരുവര്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബോധരഹിതരായ തൊഴിലാളികളെ അഗ്നിരക്ഷാസേനയും മറ്റു തൊഴിലാളികളും ചേര്ന്ന് പുറത്തെടുത്ത് ആശുപത്രിയില് എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.
മരണത്തിന് കാരണം അനധികൃത വളമത്സ്യ ശേഖരണമാണെന്ന ആക്ഷേപം ശക്തമാണ്. ബോട്ടുകളുടെ അടിത്തട്ടില് ഐസ് ഇടാതെ നിക്ഷേപിക്കുന്ന ചെറുമത്സ്യങ്ങളെ (വളമത്സ്യം) ഫിഷ് മില്ലുകള്ക്കും തീറ്റപ്പൊടി നിര്മാണത്തിനുമായി ശേഖരിക്കുന്ന രീതിയുണ്ട്. ഈ മത്സ്യങ്ങള് അഴുകുമ്പോള് ഉണ്ടാകുന്ന വിഷവാതകമാണ് മരണത്തിനിടയാക്കിയതെന്നാണ് ആരോപണം. അടുത്ത ദിവസം തന്നെ മരണമടഞ്ഞ രണ്ടു പേരുടെയും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിക്കും. അതില് നിന്ന് മരണകാരണത്തെക്കുറിച്ച് പ്രാഥമിക സൂചന ലഭിക്കുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും പിടിയിൽ. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയായ നിനവ് ആണ് പിടിയിലായത്.
അതേസമയം അപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ മൃതദേഹം വീട്ടിലെത്തിച്ചു. എറണാകുളത്ത് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച രാത്രി ഒൻപതോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
തെക്കുംതറയിലെ കുടുംബവീട്ടിൽ ഞായറാഴ്ച രാത്രി തന്നെ സംസ്കാരം നടത്തും. സുഹൈൽ സജീവ്(19) അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില് പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇജാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Kerala
ആലുവ: എറണാകുളം ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാക്കനാട് സ്വദേശികളായ മുൻസീർ, ഷാജഹാൻ എന്നിവരാണ് സംഭവത്തിൽ ആലുവ പൊലിസിന്റെ പിടിയിലായത്.
പതിനഞ്ചുകാരന്റെ സുഹൃത്തിനെ തേടിയാണ് പ്രതികൾ എത്തിയത്. സുഹൃത്ത് എവിടെയാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദനത്തിനിരയാക്കിയത്. സംഭവത്തിൽ പിടിയിലായ പ്രതികൾക്കെതിരെ പൊലിസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് എൻഐടിക്ക് സമീപത്ത് നിന്ന് എംഡിഎംഎയുമായി കാപ്പ കേസ് പ്രതിയും നിരവധി കേസുകളിൽ പ്രതിയായ യുവതിയും പിടിയിൽ. പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലിൽ വി.എം. അഫ്നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരാണ് പിടിയിലായത്.
എൻഐടി പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി പൊലിസ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായ നിലയിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടത്. പൊലിസിനെ കണ്ട് കാർ നിർത്താതെ മറ്റൊരു വഴിയിലൂടെ വേഗത്തിൽ പോയി.
തുടർന്ന പൊലിസ് കാറിനെ പിന്തുടരുകയായിരുന്നു. തുടർന്ന് കാർ എൻഐടി ഹോസ്റ്റലിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായി കണ്ടെത്തി. പൊലിസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 11.90 ഗ്രാം എംഡിഎംഎ കണ്ടെത്തി.
പിടിയിലായ ഇരുവരും മുമ്പും സമാനമായ കേസുകളുണ്ട്. കാപ്പ ഉൾപ്പെടെ 11കേസുകളിൽ പ്രതിയാണ് അഫ്നാജ്. റിൻഷ ഫാത്തിമയുടെ പേരിൽ മൂന്ന് കേസുകളുമുണ്ടെന്ന് പൊലിസ് പറഞ്ഞു.
Kerala
പാലക്കാട്: ട്രെയിനില് നിന്ന് യുവതിയുടെ മൊബൈല് ഫോണ് മോഷ്ടിച്ച സംഭവത്തിൽ സിനിമ സംവിധായകൻ പിടിയിൽ. കള്ളൻമാരുടെ വീട് എന്ന സിനിമയുടെ സംവിധായകന് പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന് (46) ആണ് പിടിയിലായത്.
ഷൊര്ണൂര് റെയില്വേ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. മണ്ണാര്ക്കാട് പൊറ്റശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന മൊബൈല് ഫോണ് ആണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സംവിധാനം ചെയ്ത ചിത്രത്തില് നിന്ന് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാകാതിരുന്നതോടെയാണ് സാമ്പത്തിക ബാധ്യതകള് തീര്ക്കാന് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പ്രതി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. പൊലിസ് പിടിയിലാകാതിരിക്കാന് താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു പ്രതി.
നിലവില് ഷൊര്ണൂര് റെയില്വേ പൊലിസ് രജിസ്റ്റര് ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവര്ച്ചകളിലെയും തൊണ്ടി മുതലുകളായ അഞ്ചോളം ലാപ്ടോപ്പുകളും മൊബൈല് ഫോണും പ്രതിയില് നിന്നും കണ്ടെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരേയുള്ള സിഎംആർഎൽ മാസപ്പടി കേസ് അന്വേഷണത്തിന് ഉടൻ വിജിലൻസിന്റെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും. എസ്പിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാകും കേസെടുത്തുള്ള അന്വേഷണം.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതിക്കായി വിജിലൻസിന് കാത്തിരിക്കേണ്ടിവരില്ല.
വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം കൊച്ചിയിൽ നടക്കുന്ന കൊക്കൂണിന്റെ ചുമതലക്കാരനാണ്. കൊച്ചിയിൽ നിന്നു മടങ്ങിയെത്തിയ ശേഷമാകും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുള്ള ക്രമീകരണം ഒരുക്കുക. അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാകും വിജിലൻസ് അന്വേഷണം നടത്തുക.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കുന്പോൾ വീണയെ യും പ്രതിചേർക്കാനാകുമെന്നാണ് വിജിലൻസിനു ലഭിച്ച നിയമോപദേശം. സർക്കാർ ഓഫിസുകളിൽ വിജിലൻസ് പരിശോധന നടത്തുന്പോൾ, കൈക്കൂലി വാങ്ങി നൽകുന്ന സ്വകാര്യ വ്യക്തികളായ ഏജന്റുമാർക്കെതിരേ നിലവിൽ കേസെടുക്കാറുണ്ട്. ഇതേ മാതൃകയിലാകും വീണയെയും പ്രതിയാക്കി കേസെടുക്കുക.
സംസ്ഥാന പൊലിസ് മേധാവി വഴിയാണ് ഹൈക്കോടതിയുടെ അന്വേഷണ നിർദേശം ലഭിക്കേണ്ടത്. അന്വേഷണം നടക്കുന്പോൾ കൂടുതൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ കേസ് വിപുലമാക്കും.
കള്ളപ്പണക്കേസ്, ഹവാല അടക്കമുള്ളവയിൽ വിജിലൻസിന് അന്വേഷിക്കുന്നതിന് പരിമിതികളുണ്ട്. മാസപ്പടിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണം ഇഡി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇഡി കൂടി അന്വേഷണത്തിനെത്തും.
നിലവിൽ അന്വേഷണം നടത്തുന്ന എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടിയിൽനിന്നു കേസിന്റെ അന്വേഷണ പുരോഗതി ഫയലുകൾ ഡിജിപി വഴി വിജിലൻസ് ഏറ്റെടുക്കും. തുടർന്നാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക.
Kerala
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് തുടരന്വേഷണം നടത്താന് ഹൈക്കോടതിയുടെ ഉത്തരവ്. കേസില് സിബിഐയുടെ വാദങ്ങള് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണം. മരണത്തില് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിര്ദേശിച്ചു.
നേരത്തേ സിബിഐ അടക്കം നടത്തിയ അന്വേഷണങ്ങള് തൃപ്തികരമല്ലെന്നും തങ്ങള് ഉന്നയിച്ച സംശയങ്ങളില് അന്വേഷണം നടന്നില്ലെന്നും അതിനാല് പുനരന്വേഷണം വേണമെന്നുമാണ് മാതാപിതാക്കള് ഹര്ജിയില് ആവശ്യപ്പെട്ടത്. ഇത് മൂന്നാം തവണയാണ് കേസില് സിബിഐ അന്വേഷണം വരുന്നത്.
വാഹനം ഓടിച്ച അര്ജുനെ മാത്രമായിരുന്നു കേസില് പ്രതി ചേര്ത്തത്. എന്നാല് ആസൂത്രിത കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്ന മാനേജര്മാരും സഹായികളും പിന്നീട് സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കേസില് കൂടുതല് ദുരൂഹത ഉയര്ത്തുന്നു.
ബാലഭാസ്കര് അറിയാതെ വാഹനത്തില് സ്വര്ണക്കടത്ത് നടത്തിയിരുന്നോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തില് അന്വേഷണം നടന്നില്ലെന്നും മാതാപിതാക്കള് കോടതിയില് വ്യക്തമാക്കിയിരുന്നു. 2018 സെപ്റ്റംബര് 25ന് തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് നടന്ന അപകടത്തിലാണ് ബാലഭാസ്ക്കര്ക്കും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേല്ക്കുകയും രണ്ടു വയസുള്ള മകള് മരിക്കുകയും ചെയ്തത്. ചികിത്സയിലായിരുന്ന ബാലഭാസ്കര് 2018 ഒക്ടോബര് 2ന് ആണ് മരിച്ചത്.
Kerala
തിരുവനന്തപുരം: കെഎസ്ടിപി റോഡ് നിർമാണ പദ്ധതിയിലെ അഴിമതി ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലയളവിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു മന്ത്രി വ്യക്തമാക്കി.
2006ലെ കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു ലഭിച്ച പ്രത്യേക പരാതി പരിശോധിക്കേണ്ടതുണ്ടെന്നു രമേശ് ചെന്നിത്തല എക്സിലൂടെ അറിയിച്ചു. പരാതിയിലെ വസ്തുതകൾ പരിശോധിക്കണമെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോയി വിവരങ്ങൾ കണ്ടെത്താൻ വിജിലൻസിനെ അനുവദിക്കണമെന്നും മന്ത്രി കുറിപ്പിൽ വിശദീകരിച്ചു.
ഗ്യാനേഷ് കുമാറിനെതിരേ തുടർനടപടികൾ സ്വീകരിക്കുന്നതിനു മുൻപ് പ്രാഥമിക അന്വേഷണം നടത്താനാണു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കു നിർദേശം നൽകിയിട്ടുള്ളത്. കെപിസിസി നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബിജെപിക്ക് എതിർപ്പ്
അതേസമയം സർക്കാരിന്റെ നടപടിയെ എതിർത്ത് ബിജെപി രംഗത്തെത്തി. റോഡ് നിർമാണ പദ്ധതിയിലെ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്തുമ്പോൾ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ലക്ഷ്യമിടുകയും എന്നാൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ നിയമത്തെ തങ്ങൾക്ക് അനുകൂലമായ രീതിയിൽ മാത്രം വ്യാഖ്യാനിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. കല്ലമ്പലം സ്വദേശി ബാബുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്.
ചൊവ്വാഴ്ച വൈകിട്ടോടെ രക്തം വാർന്ന നിലയിൽ കരവാരം പഞ്ചായത്തിന് സമീപത്ത് നിന്ന് ബാബുവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കല്ലമ്പലം പൊലിസ് ബാബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി.
Kerala
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി സ്വർണമാല മോഷ്ടിച്ച പ്രതി പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചൂളപ്പറമ്പ് വീട്ടിൽ അഷ്കർ(34) ആണ് പിടിയിലായത്.
ഒക്ടോബർ നാലിന് രാത്രി ഒൻപതരയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തായിരുന്നു അപകടം. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോയിൽ കയറിക്കൂടിയ പ്രതി ആശുപത്രിയിൽ എത്തിയ ഉടൻ ഇയാളുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
അമ്പലപ്പുഴ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലിസ് കുറവൻതോട് ജംഗ്ഷനിൽവച്ച് ആയിരുന്നു പ്രതിയെ സാഹസികമായി പിടികൂടിയത്.
Kerala
കണ്ണൂർ: തലശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദീൻ ആണ് പിടിയിലായത്. മോഷണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ തലശേരി പൊലിസ് പിടികൂടിയത്.
തലശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11.20ഓടെ ആയിരുന്നു കവർച്ച. മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
10,000 രൂപയാണ് പ്രതി കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളൻ കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദീനാണെന്ന് വ്യക്തമായത്. ഇയാളെ പള്ളൂർ ഭാഗത്തുനിന്ന് മണിക്കൂറുകൾക്കകം പൊലിസ് പിടികൂടുകയായിരുന്നു.
Kerala
കൊച്ചി: സംസ്ഥാന പ്ലാനിംഗ് ബോര്ഡ് ചീഫ് തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ടു നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണവുമായി പിഎസ്സി ചെയര്മാനടക്കം സഹകരിക്കാത്തതെന്തെന്നു ഹൈക്കോടതി.
ഉത്തരവാദികള് ആരെന്നു കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വസ്തുതകള് അറിയാവുന്നവര് എന്ന നിലയിലല്ലേ പിഎസ്സി അംഗങ്ങളെയടക്കം ചോദ്യം ചെയ്യാന് വിളിപ്പിക്കുന്നത്. പ്രതിയെന്ന നിലയിലല്ലല്ലോ? അന്വേഷണസംഘത്തിനു മുന്നില് ഹാജരായി വിവരങ്ങള് നല്കാനും വാദമുന്നയിക്കാനും രേഖകള് സമര്പ്പിക്കാനും അവസരമുണ്ട്. ധാര്മികവും നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം ഇക്കാര്യത്തില് പിഎസ്സി അംഗങ്ങള്ക്കുണ്ടെന്നും ജസ്റ്റീസ് എ. ബദറുദ്ദീന് പറഞ്ഞു.
സർക്കാർ കടുത്ത നടപടി സ്വീകരിക്കാത്തതെന്ത്?
നോട്ടീസ് നല്കിയിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില് അടുത്ത കടുത്ത നടപടി സ്വീകരിക്കാത്തതെന്തെന്നു കോടതി സര്ക്കാരിനോട് ചോദിച്ചു. പരീക്ഷയില് 58 മാര്ക്കിന്റെ മൂല്യനിര്ണയം നടത്താതെപോയതില് പ്രഥമദൃഷ്ട്യാ അഴിമതിയില്ലേയെന്നും കോടതി ആരാഞ്ഞു. നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവും കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നല്കിയ ഹര്ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
പിഎസ്സി അംഗങ്ങള്ക്കും ജീവനക്കാര്ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിടാന് സര്ക്കാരിന് അധികാരമില്ലെന്നാണ് ഹര്ജിക്കാരുടെ വാദം.
പൊതുസേവകരെന്ന നിലയില് അന്വേഷണത്തിന് മുന്കൂര് അനുമതിയെക്കുറിച്ച് വിജിലന്സ് ഡയറക്ടറുടെ കത്തില്തന്നെ പറയുന്നുണ്ട്. കംപ്യൂട്ടറൈസ്ഡ് മൂല്യനിര്ണയമായതിനാല് സാങ്കേതികമായ പിഴവുകൊണ്ടാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്ക്കാര് ഉത്തരവിനെത്തുടര്ന്ന് പിഎസ്സി അംഗങ്ങളടക്കമുള്ളവര്ക്ക് ചോദ്യംചെയ്യലിനു ഹാജരാകാന് നോട്ടീസ് നല്കിയിട്ടുണ്ടെന്നും തടയണമെന്നും ഹര്ജിക്കാര് ആവശ്യപ്പെട്ടു.
എന്നാല്, പിഎസ്സി തീരുമാനവും ശിപാര്ശയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങളിലെ അന്വേഷണത്തിനു മാത്രമേ ചട്ടപ്രകാരം മുന്കൂര് അനുമതി ആവശ്യമുള്ളൂ എന്ന് സര്ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര് ജനറല് (ഡിജിപി) ടി. ആസഫലി ചൂണ്ടിക്കാട്ടി.
പിഎസ്സിയുമായി ബന്ധപ്പെട്ട രണ്ടുപേര്ക്കെതിരേയാണ് ആരോപണമെന്നിരിക്കെ പിഎസ്സി എന്ന സ്ഥാപനം എന്തിനാണു കോടതിയെ സമീപിക്കുന്നതെന്ന് മനസിലാകുന്നില്ല.
പിഎസ്സിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് ഒറ്റപ്പെട്ട പരാതികളല്ലെന്നും 180 പരാതികള് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി. പിഎസ്സിയുടെ ഹര്ജി നിലനില്ക്കുന്നതല്ലെന്നും വാദമുയര്ത്തി.
വഞ്ചിക്കപ്പെടുന്നത് യുവതലമുറ
അനുമതിയും ഹര്ജിയുടെ നിലനില്പും സംബന്ധിച്ച് ഡിജിപി ഉന്നയിച്ച വാദം കോടതിയും ചൂണ്ടിക്കാട്ടി. സര്ക്കാര് ജോലിക്കായി കഠനാധ്വാനം ചെയ്തു മത്സര പരീക്ഷയെ നേരിടുന്ന അഭ്യസ്തവിദ്യരായ യുവതലമുറയാണു വഞ്ചിക്കപ്പെടുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഉദ്യോഗാര്ഥികളുടെ ഏക പ്രതീക്ഷയായ പിഎസ്സിയെ സംരക്ഷിക്കണമെന്നു നിരീക്ഷിച്ച കോടതി, തുടര്ന്ന് മുന്കൂര് അനുമതിയുടെ കാര്യത്തിലും ഹര്ജി നിലനില്ക്കുമോയെന്നതിലും വിശദീകരണം സമര്പ്പിക്കാന് സര്ക്കാരിനു നിര്ദേശം നല്കി. തുടര്ന്ന് ഹര്ജി വീണ്ടും 13ന് പരിഗണിക്കാനായി മാറ്റി.
ഹര്ജിയില് അപാകതയുണ്ടെന്ന രജിസ്ട്രിയുടെ എതിര്പ്പ് അംഗീകരിച്ച് ഹര്ജി പരിഗണിക്കാതിരുന്ന സിംഗിള് ബെഞ്ചിന്റെ മുന് ഉത്തരവിനെതിരേ പിഎസ്സി നേരത്തേ ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നു. തുടര്ന്ന് ഹര്ജി പരിഗണിച്ചു തീര്പ്പാക്കാന് നിര്ദേശിച്ച് സിംഗിള് ബെഞ്ചിലേക്കുതന്നെ കേസ് മടക്കുകയായിരുന്നു.
Kerala
തൃശൂര്: സുഹൃത്തിന് മദ്യം നൽകി മയക്കി സ്വര്ണമാലയും ഐഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മുവാറ്റുപുഴ സ്വദേശി ലിബിന് ബെന്നി (47) ആണ് പിടിയിലായത്. ചാലക്കുടി പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുറ്റിക്കാട് പുന്നേലിപറമ്പില് ഷൈജുവിന്റെ മാലയും ഫോണുമാണ് പ്രതി കവര്ന്നത്. ഷൈജു തൃശൂരില് ഹോംനേഴ്സായി ജോലി നോക്കുകയാണ്. മാസങ്ങള്ക്ക് മുമ്പാണ് ഷൈജുവും പ്രതിയും തിരുവനന്തപുരത്ത് വച്ച് പരിചയപ്പെടുന്നത്.
തുടർന്ന് ഇവര് പലപ്പോഴും ഫോണില് ബന്ധപ്പെട്ട് പരിചയം പുതുക്കാറുമുണ്ട്. സംഭവദിവസം ഷൈജു ചാലക്കുടിയിലേക്കെത്തുന്നത് മനസിലാക്കി പ്രതി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കാത്തുനിന്നു. തുടര്ന്ന് ഷൈജുവുമായി ലോഡ്ജ് മുറിയിലെത്തി.
തുടർന്ന് ഇരുവരും മദ്യപിക്കുകയും മദ്യലഹരിയില് മയങ്ങിപോയ ഷൈജുവിനെ കട്ടിലില് കിടത്തി കഴുത്തില് നിന്നും ഒന്നര പവന് തൂക്കമുള്ള സ്വര്ണമാലയും പോക്കറ്റില് നിന്ന് ഐഫോണും 400 രൂപയും കവര്ന്ന് മുറിയില് നിന്നും കടന്നു കളയുകയായിരുന്നു. ഷൈജു നൽകിയ പരാതിയെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്കരയില് ഗൃഹനാഥനെ വീട്ടില് കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. പൂഴിക്കുന്ന് സ്വദേശി രാജൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് വെങ്ങാനൂര് സ്വദേശി അനൂപ് കൃഷ്ണൻ ആണ് പിടിയിലായത്.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രാജന്റെ മൃതദേഹം ഇന്ന് രാത്രി എട്ടോടെയാണ് അയല്വാസികള് കാണുന്നത്. കൊലപാതകം ഇന്നലെ നടന്നതാകാനാണ് സാധ്യതയെന്ന് പൊലിസ് പറഞ്ഞു. തല വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിൽ 35 മുറിവുകളുണ്ട്. കൊല്ലപ്പെട്ട രാജനും അറസ്റ്റിലായ അനൂപ് കൃഷ്ണനും സുഹൃത്തുക്കളാണെന്ന് പൊലിസ് പറയുന്നു. മദ്യപിച്ച ശേഷം രാജൻ സ്ഥിരമായി അനൂപ് കൃഷ്ണനെ മര്ദിക്കാറുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ യുവാവ് മരിച്ചത് പൊലിസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയുടെ മരണത്തെ തുടർന്നാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചത്.
അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയ അയൽവാസിയെ പൊലിസ് മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം. ഒക്ടോബർ രണ്ടിനാണ് സംഭവം നടന്നത്.
സജിയുടെ അയൽവാസിയായ വിഘ്നേശ്വരന്റെ വീട്ടിൽ നിന്നാണ് പൊലിസ് നാല് ലിറ്റർ വിദേശ മദ്യം പിടികൂടിയത്. ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലിസ് സംഘം വിഘ്നേശ്വരനെ മർദിച്ചെന്നും അയൽവാസിയായ സജി ഇത് തടഞ്ഞപ്പോൾ സജിയെയും പൊലിസ് തല്ലിയെന്നുമാണ് പരാതി.
എട്ട് പൊലിസുകാർ വളഞ്ഞിട്ട് തല്ലിയെന്നും നിലത്തുവീണപ്പോൾ ചവിട്ടിയെന്നും വലിച്ചിഴച്ചെന്നും ആരോപണമുണ്ട്. തുടർന്ന് വിഘ്നേശ്വരനുമായി പൊലിസ് സംഘം മടങ്ങി. അവശനിലയിലായ സജി രാത്രിയോടെ രക്തം ഛർദിച്ചു.
തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സജിക്ക് മരുന്ന് നൽകി വീട്ടിലേക്കയച്ചു. ഇന്ന് പുലർച്ചെയോടെ സജി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പിന്നാലെയാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചത്. പരാതിയിൽ നടപടിയെടുക്കുമെന്ന് ആറ്റിങ്ങൾ ഡിവൈഎസ്പി ഉറപ്പ് നൽകിയതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Kerala
കൊച്ചി: ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ സഹപ്രവർത്തകയായ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ.
കലൂർ ഫ്രീഡം റോഡിലെ ജെഎം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് പിടിയിലായത്. മുളവുകാട് പൊലിസ് ആണ് പ്രതിയെ എറണാകുളത്തെ ബാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
സെപ്റ്റംബർ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവൽ മാർട്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലിസ് പറഞ്ഞു. ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക താത്പര്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.
തുടർന്ന് യുവതി മുളവുകാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലിസ് കണ്ടെത്തിയത്.
National
ഹൈദരാബാദ്: ഹൈദരാബാദിൽ യുവ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ഹനുമകൊണ്ടയിലുള്ള കോളജിൽ പീഡിയാട്രിക്സ് പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. കോമതി ശ്രീജന(27) ആണ് മരിച്ചത്.
രവി കുമാർ എന്ന സുഹൃത്തിന് സ്വർണമാല തിരികെ നൽകാനാണ് താൻ ഹൈദരാബാദിലേക്ക് പോകുന്നതെന്ന് ശ്രീജന വീട്ടുകാരോട് പറഞ്ഞിരുന്നു. സെപ്റ്റംബർ 30ന് ആണ് ഹൈദരാബാദിലെ മിയാപുരിലുള്ള ഹോട്ടലിൽ ശ്രീജന മുറിയെടുത്തത്.
ശ്രീജനയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെ കുടുംബം പൊലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ ശ്രീജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
പൊലിസ് വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്രീജനയെ കാണാൻ ഹോട്ടലിലെത്തിയ സുഹൃത്ത് രവി കുമാറിനെ നിലവിൽ കാണാനില്ല. ഇയാൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മുത്തച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരി പിടിയിൽ. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തച്ഛനിൽ നിന്ന് നിരന്തരം ലൈംഗികാതിക്രമം ഉണ്ടായതാണ് കൃത്യത്തിന് കാരണമെന്ന് പെൺകുട്ടി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
മാതാപിതാക്കളുമായുണ്ടായ തർക്കത്തിന് പിന്നാലെ ഞായറാഴ്ച പുലർച്ചെയാണ് പെൺകുട്ടി മുത്തച്ഛന്റെ വീട്ടിലെത്തിയത്. വീടിനുള്ളിൽ കടന്ന പെൺകുട്ടി ക്രിക്കറ്റ് ബാറ്റുകൊണ്ട് മുത്തച്ഛന്റെ തലയിൽ നിരവധി തവണ അടിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് മുത്തച്ഛൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതിനിടെ മുത്തശ്ശി ബന്ധുക്കളെയും പരിസരവാസികളെയും വിവരമറിയിച്ചു. ഇവരെല്ലാവരും ചേർന്ന് വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
Kerala
കൊച്ചി: ഇ.എന്. സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില് ശക്തമായ നടപടി വേണമെന്ന് കോണ്ഗ്രസ് നേതാവ് ദീപ്തി മേരി വര്ഗീസ്. പാര്ട്ടിക്കുള്ളില് തന്നെ ഒത്തുതീര്പ്പാക്കുന്ന രീതി വേണ്ട, പൊലിസ് അന്വേഷണം നടക്കണമെന്നും ദീപ്തി പറഞ്ഞു.
മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല് സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെയും ദീപ്തി ഗുരുതര ആരോപണങ്ങള് ഉന്നയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരോട് പോലും പി. ശശി മോശമായി പെരുമാറിയിരുന്നതായും ദീപ്തി പറഞ്ഞു.
കേരളത്തിലെ സ്ത്രീകള്ക്ക് ഒരു പീഡന പരാതി ഉണ്ടായാല്, സിപിഎംകാര് പ്രതിസ്ഥാനത്ത് ആണെങ്കില് അത് പാര്ട്ടിക്കുള്ളില് ഒത്തുതീര്പ്പാക്കുക എന്നുള്ള രീതി തുടരുകയാണ്. കഴിഞ്ഞ ഇടതുപക്ഷ കാലഘട്ടത്തില് ഒരു കോണ്ഗ്രസ് നേതാവിനെതിരെ ഉയര്ന്നു വന്ന പരാതി, ഇ-മെയിലിലൂടെ കിട്ടിയ പരാതിയാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് കൈമാറിയത്. കേരളത്തിലെ സ്ത്രീകള്ക്ക് നീതിയും ന്യായവും ലഭിക്കണം. യുഡിഎഫ് ഭരിക്കുന്ന കാലഘട്ടത്തില് പാര്ട്ടിക്കുള്ളില് പരാതികള് തീര്പ്പാക്കുന്ന രീതി തുടര്ന്നു കൊണ്ടു പോകാനാവില്ല.
കേരളത്തില് അല്പ്പമെങ്കിലും ഉളുപ്പുള്ള സിപിഎം സ്ത്രീ രാഷ്ട്രീയക്കാരോ പൊതു പ്രവര്ത്തകരോ ഉണ്ടെങ്കില് ഇതില് ഇടപെടണം. ശ്രീമതി ടീച്ചര് പറഞ്ഞ കാര്യം നമ്മള് മറന്നിട്ടില്ല, തീവ്രത കൂടിയിട്ടില്ല, തീവ്രത അളന്നിട്ട് മാത്രമാണ് നടപടി എടുക്കുന്നത് എന്ന് പറഞ്ഞു. പൊളിറ്റിക്കല് സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ എന്തെല്ലാം പരാതികള് വന്നിരുന്നു. നിലവില് മുഹമ്മദ് ഷര്ഷാദ് എന്ന വ്യക്തി പരാതി കൊടുത്തിട്ടുണ്ട്. കൊച്ചി ഡിസിപിക്ക് പരാതിയുടെ റിപ്പോര്ട്ട് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര് കൊടുത്തുവെന്നാണ് മനസിലാക്കുന്നത്.
അതില് വളരെ വ്യക്തമായി പി. ശശി ഏത് രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില് വരുന്ന സ്ത്രീകളോട്, പ്രത്യേകിച്ച് ഐപിഎസ് ഉദ്യോഗസ്ഥരോട് ഉള്പ്പെടെ പെരുമാറിയിരുന്നത് എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. ആ അന്വേഷണവുമായി മുന്നോട്ട് പോകണം.
ഫോണ് പിടിച്ചെടുത്ത് വാട്സാപ്പ് ചാറ്റുകള് അന്വേഷിക്കണം. സിപിഎം ഭരിച്ചിരുന്ന 10 വര്ഷക്കാലം സ്ത്രീകളായ ഐപിഎസ് ഉദ്യോഗസ്ഥര്ക്ക് പോലും നീതിയും ന്യായവും ലഭിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ് ഇതൊക്കെ. ഇതിനെതിരേ വളരെ ശക്തമായ അന്വേഷണം വേണം.
പ്രതിപക്ഷ നേതാവ് സുരേഷിനെതിരെ പൊലിസിലോ കോടതിയിലോ കേസ് കൊടുകകാന് തയാറാകണം. പാര്ട്ടിയില് അറിയിക്കണം. ഇതാണ് കേരളത്തിലെ സ്ത്രീ സമൂഹത്തോട് ചെയ്യേണ്ടത് എന്നാണ് അഭ്യര്ഥിക്കാനുള്ളത്. വനിതകള്ക്കെതിരെ പരാതി വന്നാല് അത് വീടിനുള്ളിലോ പാര്ട്ടിക്കുള്ളിലോ തീര്ക്കുന്നതാണോ നീതി. നിയമത്തിന് മുന്നില് കൊണ്ടുവരട്ടെ. സുരേഷ് എന്ത് തെറ്റാണ് ചെയ്തതെന്ന് പൊലിസ് അന്വേഷിക്കട്ടെ എന്നും ദീപ്തി പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി കളമശേരിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാർത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.
സ്പായിൽ ജോലി നൽകാമെന്ന് അറിയിച്ചാണ് യുവതിയെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഒക്ടോബർ രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്പാ ജോലിക്കായുള്ള ഇന്റർവ്യൂവിന്റെ പേരിൽ യുവതിയെ ലോജ്ഡിലെത്തിച്ച് ലഹരിനൽകി മയക്കുകയും ലൈംഗികാത്രികമം നടത്തിയെന്നുമാണ് പരാതി.
Kerala
തിരുവനന്തപുരം: കോവളം ജംഗ്ഷനിൽ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കുളത്തൂർ വാർഡിൽ പനയുടെമൂട് നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ആകാശ്(26) ആണ് പിടിയിലായത്.
നാല് മാസം മുമ്പാണ് ആകാശിന്റെ സംഘത്തിലെ തുമ്പ സ്വദേശി സച്ചു, ശ്രീകാര്യം സ്വദേശി അഖിൽ കൃഷ്ണണൻ എന്നിവർ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായത്. 190ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് അന്ന് പൊലിസ് പിടിച്ചെടുത്തത്.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ആകാശിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പേരിലുള്ള നാല് വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പൊലിസ് അറിയിച്ചു. കേസിൽ നേരത്തെ പിടിയിലായ സച്ചു, അഖിൽ കൃഷ്ണണൻ എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ.
മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിൽ ആണ് പിടിയിലായത്. പാലാരിവട്ടം പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ്ജെൻഡർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പരാതിക്കാരിയിൽ നിന്ന് പ്രതി 1,18,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള നഗ്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ കണ്ണൂർ സ്വദേശിയെയും സുഹൃത്തിനെയും കമ്പിവടികൊണ്ട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് തളിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലും പങ്കുണ്ടെന്ന് പൊലിസ് കണ്ടെത്തി.
തമിഴ്നാട് ഗൂഡല്ലൂർ യെല്ലമലൈ സുഭാഷ് നഗർ സ്വദേശി മുഹമ്മദ് ഷിബിൽ (21) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 3.30ന് സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ ചായക്കടയ്ക്ക് മുന്നിലായിരുന്നു ആക്രമണം.
കണ്ണൂർ കൂടാളി സ്വദേശി ഇന്ദ്രജിത്തിനും സുഹൃത്ത് കാർത്തിക്കിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ മുഹമ്മദ് ഷിബിൽ കമ്പിവടി ഉപയോഗിച്ച് ഇരുവരെയും മർദിച്ചെന്നാണ് പരാതി. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പിലെ മോഷണക്കേസുമായുള്ള ബന്ധം കണ്ടെത്തിയത്.
ജൂലൈ 14ന് രാത്രി തളിപ്പറമ്പ് പൂമംഗലത്തെ കോളിയാടൻ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രതി ഇവരെ ആക്രമിച്ച ശേഷം ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്നെന്നാണ് പൊലിസ് പറയുന്നത്.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ സ്വത്തുതർക്കത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിൽ. വെള്ളിമൺ സ്വദേശി രാജു(56) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ലേഖ മേരിയാണ് സംഭവത്തെ തുടർന്ന് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ലേഖ മേരി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ കുണ്ടറ പൊലിസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.
Kerala
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമാസ്, കബീർ എന്നിവരാണ് പിടിയിലായത്. ഒന്നര ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.
വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടക വീട്ടിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കാളിയാർ പൊലിസും തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പ്രതികൾ പിടിയിലായത്.
വണ്ണപ്പുറം പഞ്ചായത്തംഗത്തിന്റെ ഭർത്താവാണ് പിടിയിലായ റാഫി മുണ്ടുകുന്നേൽ. പൊലിസ് കസ്റ്റഡിയിലെടുത്ത റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
Kerala
കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു.
വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടിഡിഎൽസിയിൽനിന്നും ജിസിഡിഎയിൽനിന്നും വിജിലൻസ് രേഖകൾ തേടും.
മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. അതിനിടെ, പട്ടയം നൽകിയുള്ള പുനരവധിവാസം ആവശ്യപ്പെട്ട് മുണ്ടംവേലി ഫ്ളാറ്റിലെ താമസക്കാർ മുഖ്യമന്ത്രിയെ കാണും.
Kerala
പാലക്കാട്: മുംബൈ സ്വദേശിനിക്ക് വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മേലേ പട്ടാമ്പി ആലിക്കൽ മുഹമ്മദ് അമീർ (45) ആണ് പിടിയിലായത്. യുവതിയിൽ നിന്ന് 43 ലക്ഷം രൂപയും അഞ്ചുപവൻ സ്വർണവും തട്ടിയതായാണ് പരാതി.
ഷൊർണൂർ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. മുംബൈയിലെ സ്വകാര്യകമ്പനിയിൽ ജോലിനോക്കുന്ന യുവതി വെള്ളിയാഴ്ച രാവിലെ ഷൊർണൂർ പൊലിസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.
സുഹൃത്തുവഴി പരിചയപ്പെട്ട പ്രതി സമൂഹമാധ്യമത്തിലൂടെ പരിചയം പുതുക്കി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Kerala
തിരുവനന്തപുരം: മുക്കോട്ടുമല എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. എസ്റ്റേറ്റ് കാവൽക്കാരനായ സുകുമാരൻകുട്ടി നായർ, ചന്ദ്രദാസ് എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 26ന് ആണ് കേസിന് ആസ്പദമായ സംഭവം.
ചന്ദ്രദാസിന്റെ വീട്ടിൽനിന്ന് പാകം ചെയ്ത കാട്ടുപോത്തിറച്ചിയും വനംവകുപ്പ് കണ്ടെടുത്തിരുന്നു. നായാട്ടുസംഘത്തിലെ അംഗങ്ങളാണിവരെന്നും ഏഴ് പേർ സംഘത്തിലുള്ളതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലെ പ്രധാനികൾ ഒളിവിലാണ്.
പ്രതികൾ ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടിച്ചെടുത്തു. പിടിയിലായ ഇരുവരെയും നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
അമൃത്സർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധുവിന് വെടിയേറ്റു. ശനിയാഴ്ച പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അമൃത്സർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഴിയിൽ രക്തത്തിൽ കുളിച്ചു കിടന്ന നിലയിലാണ് സന്ധുവിനെ നാട്ടുകാർ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്പ് വലിയ തോതിൽ രക്തം വാർന്നുപോയതായാണ് വിവരം.
പ്രതികളെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായി പൊലിസ് അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സന്ധു മരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങളുണ്ടെങ്കിലും ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
Kerala
തൃശൂര്: തൃശൂര് നഗരത്തിലെ ലോഡ്ജില് നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ആൺസുഹൃത്തിന്റെ ഭാര്യയും ക്വട്ടേഷൻ സംഘാംഗങ്ങളും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ.
മലപ്പുറം സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ക്വട്ടേഷന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ആണ്സുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷന് നല്കിയതെന്നും പൊലിസ് അറിയിച്ചു. സെപ്റ്റംബർ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
യുവതിയുടെ ആൺസുഹൃത്തിന്റെ ഭാര്യ ദേവി, ഗുണ്ടാതലവൻ തോമസ്, സംഘാംഗങ്ങളായ പാല്രാജ്, ശങ്കര്, രഘുപതി എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശി ഗുണശേഖരന് നിലമ്പൂര് സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു.
ഇരുവരും തൃശൂരിലെത്തി ലോഡ്ജില് മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതറിഞ്ഞ ഗുണശേഖരന്റെ ഭാര്യ ദേവി, തോമസിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തുടര്ന്ന് ദേവിയും തോമസും ഉള്പ്പെടെ അഞ്ചുപേര് തൃശൂരിലെത്തി.
പ്രതികൾ ഗുണശേഖരനെയും യുവതിയെയും ബലമായി കാറില് കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഗുണശേഖരന്റെ കൈയും കാലും തല്ലിയൊടിച്ച സംഘം, യുവതിയെ മറ്റൊരു കാറില് കയറ്റി കൂട്ട ബലാത്സംഗത്തിനിരയാക്കി. രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂര് പൊലിസില് പരാതി നൽകുകയായിരുന്നു. ഈ കേസ് പിന്നീട് തൃശൂര് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Kerala
ഹരിപ്പാട്: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവും മാതാപിതാക്കളും പിടിയിൽ. തൃക്കുന്നപ്പുഴ പാനൂർ താനുവേലിൽ നിഥിൻ (32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് കേസിൽ പിടിയിലായത്.
നിഥിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അന്നുമുതൽ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ തന്നെ ആക്രമിക്കുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
സെപ്റ്റംബർ 23ന് പ്രതികൾ യുവതിയെയും അഞ്ചുവയസുള്ള പെൺകുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യം അയൽവാസി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ തൃക്കുന്നപ്പുഴ പൊലിസിൽ നൽകിയ പരാതിയിലാണ് നടപടി.
ആക്രമണത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി സെപ്റ്റംബർ 26ന് ആണ് ആശുപത്രി വിട്ടത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽവിട്ടു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിക്കുളം സ്വദേശി പ്രവീൺ ആണ് പിടിയിലായത്. സെപ്റ്റംബർ 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വയനാട്, റാന്നി സ്വദേശിനികളെയാണ് പ്രവീൺ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വീടുകളിലെത്തി മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന യുവതികളാണ് ഇരുവരും. പ്രതി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന യുവതികളുടെ അടുത്തെത്തി താനും ആ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തിൽ കയറ്റികൊണ്ടുപോവുകയായിരുന്നു.
വാഹനത്തിൽ കയറിയശേഷം ഇയാൾ യുവതികളെ ഉപദ്രവിച്ചെന്നാണ് പരാതി. ശേഷം മല്ലപ്പളി - വെണ്ണിക്കുളം റോഡിൽ ഇറക്കിവിട്ടെന്നും യുവതികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയം. സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസമായതിനാൽ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും. അഞ്ചും മൂന്നും വയസുള്ള കുട്ടികളെയാണ് അമ്മ നിവേദ്യ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ആദ്യം അഞ്ചുവയസുകാരി മകളെയാണ് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്നാണ് നിവേദ്യയുടെ മൊഴി.
അഞ്ച് വയസുകാരിയുടെ മരണം ഉറപ്പിച്ച ശേഷം ഇളയ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞത്. വെള്ളത്തിൽ തള്ളിയിട്ട് മുതുകിൽ പിടിച്ച് മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
കൊലപാതക കാരണം വിശ്വാസയോഗ്യമല്ലെന്ന് പൊലിസ് അറിയിച്ചു.പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നാണ് പൊലിസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് മേനോൻപാറ മണൽകാട് ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസുള്ള ജെന്നിഫർ ജൂലിയേറ്റ്, മൂന്ന് വയസുള്ള റോബിൻ ക്രിസ്റ്റോഫർ എന്നിവരെ വീട്ടിലെ കുളിമുറിയിലെ വെള്ള തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതി നിവേദ്യ മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ചെറിയ ടാങ്ക് ആയതിനാൽ അഞ്ച് വയസുകാരി മുങ്ങി മരിക്കാനുള്ള സാധ്യത കുറവായിരുന്നു. ഈ സംശയമാണ് അമ്മയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലേക്ക് പൊലിസിനെ നയിച്ചത്.
Business
പെരുമ്പാവൂര്: കൃഷി ആവശ്യത്തിനുള്ള യൂറിയയുടെ കരിഞ്ചന്ത ഇടപാടുകള് സംബന്ധിച്ചു സര്ക്കാര്തലത്തില് അന്വേഷണം ആരംഭിച്ചു. മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി പ്രസിഡന്റ് വര്ഗീസ് പുല്ലുവഴി മുഖ്യമന്ത്രിക്കു സമര്പ്പിച്ച നിവേദനത്തെത്തുടര്ന്നാണു നടപടി.
രണ്ടുമാസം മുമ്പ് പുല്ലുവഴിയില് പ്രവര്ത്തിക്കുന്ന ആബ്സണ് പോളിമേഴ്സ് എന്ന പ്ലൈവുഡ് പശ നിര്മാണ കമ്പനിയില് അനധികൃതമായി സൂക്ഷിച്ചിരുന്ന കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന 1350 ചാക്ക് യൂറിയ പിടിച്ചെടുത്ത സംഭവത്തില് കുറുപ്പംപടി പൊലിസ് അവശ്യസാധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്തിരുന്നു. എന്നാല് സബ്സിഡി യൂറിയയുടെ കരിഞ്ചന്ത ഇടപാടുകള് സംസ്ഥാനത്തു വ്യാപകമാണെന്നും ഇത്തരം ഇടപാടുകളില് ചെറിയൊരു ഭാഗം പോലും കണ്ടെത്തപ്പെടുന്നില്ലെന്നും പിടിക്കപ്പെടുന്ന സംഭവങ്ങളില് ഗൗരവത്തോടെയുള്ള തുടര്നിയമ നടപടികളുണ്ടാകുന്നില്ലെന്നും വ്യക്തമാക്കിയാണ് വര്ഗീസ് മുഖ്യമന്ത്രിക്കു നിവേദനം നല്കിയത്.
ഒന്നര വര്ഷത്തിനിടയില് കേരളം, കർണാടക, തമിഴ്നാട് മേഖലകളിൽ കൃഷിയാവശ്യത്തിനുള്ള 316 ടണ് യൂറിയ പിടിച്ചെടുത്തതായി നിവേദനത്തില് വ്യക്തമാക്കിയിരുന്നു. പ്ലൈവുഡ് നിര്മാണ കമ്പനികള് ഉപയോഗിക്കുന്ന യൂറിയ ഫോര്മാല്ഡിഹൈഡ് എന്ന പശ ഉത്പാദിപ്പിക്കുന്നതിന് യൂറിയ ഒരു പ്രധാന ഘടകമാണ്. കരിഞ്ചന്തയിലെ യൂറിയ പ്രധാനമായും പ്ലൈവുഡ് പശ നിര്മാണ ഫാക്ടറികളിലാണ് എത്തപ്പെടുന്നതെന്നും നിവേദനത്തില് വിശദമാക്കുന്നു.
45 കിലോ അടങ്ങുന്ന ഒരു ചാക്ക് യൂറിയയ്ക്ക് യഥാര്ഥ വിലയുടെ 90 ശതമാനത്തോളം സബ്സിഡി അനുവദിച്ച് 266.50 രൂപയ്ക്കാണ് കര്ഷകര്ക്കു വിതരണം ചെയ്യുന്നത്. എന്നാല്, വ്യവസായ ആവശ്യത്തിനുള്ള യൂറിയയ്ക്ക് സബ്സിഡി ഇല്ലാത്തതിനാല് ഇവ രണ്ടും തമ്മില് പത്തു മടങ്ങിലധികം വിലവ്യത്യാസമുണ്ട്. കൃഷി ആവശ്യത്തിനുള്ള യൂറിയ തിരിച്ചറിയാനും കരിഞ്ചന്ത വില്പന തടയാനും യൂറിയയില് വേപ്പെണ്ണ കലര്ത്തി മഞ്ഞ നിറമുള്ള ചാക്കുകളില് നിറച്ചാണ് വളം നിര്മാണ ഫാക്ടറികളില്നിന്ന് സംഭരണ, വിതരണ കേന്ദ്രത്തിലേക്കു മാറ്റുന്നത്.
കരിഞ്ചന്തയില് എത്തുംമുമ്പ് സബ്സിഡി യൂറിയ മഞ്ഞ ചാക്കില്നിന്ന് വ്യവസായ ആവശ്യത്തിനുള്ള യൂറിയ നിറയ്ക്കുന്ന വെള്ള ചാക്കിലേക്ക് പകര്ത്തുമെന്നും വളം നിര്മാണ ഫാക്ടറികള്, സംഭരണ- വിതരണ ഏജന്സികള്, പ്രാഥമിക കാര്ഷിക സഹകരണ സംഘങ്ങള് എന്നിവിടങ്ങളില്നിന്നാണു കൃഷി ആവശ്യത്തിനുള്ള യൂറിയ കരിഞ്ചന്തയില് എത്തുന്നതെന്നും നിവേദനത്തില് പറയുന്നു.
യൂറിയയുടെ കരിഞ്ചന്ത ഇടപാടുകള് കണ്ടെത്താന് സമഗ്രമായ അന്വേഷണം ഏര്പ്പെടുത്തണമെന്നും കുറ്റക്കാര് ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പ്ലൈവുഡ് പശ നിര്മാണ സ്ഥാപനങ്ങള് സ്ഥിരമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്നും നിവേദനത്തില് ആവശ്യപ്പെട്ടിരുന്നു.
Kerala
മാന്നാർ: കനാലിലെ വെള്ളം തുറന്നുവിടാതിരുന്നത് ചോദ്യം ചെയ്ത വാർഡ് മെമ്പറെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതികൾക്ക് ഏഴ് വർഷം കഠിനതടവും പിഴയും. മാവേലിക്കര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇരമത്തൂർ പരുവത്തറയിൽ മഞ്ഞ എന്ന് വിളിക്കുന്ന രമണൻ (53), കുമരേത്ത് ജയചന്ദ്രൻ (42), തോപ്പിൽ രാജീവ് (39), കുട്ടനാട് വെളിയനാട് സ്വദേശി ഷിന്റോ ബാബു (42) എന്നിവർക്കാണ് ഏഴ് വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
പരിക്കേറ്റയാൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. 2019 മാർച്ച് 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചെന്നിത്തല മുണ്ടോലിക്കടവിന് സമീപം പമ്പാ ഇറിഗേഷൻ പ്രൊജക്ടിന്റെ സബ് കനാൽ ചീപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സംഭവം.
ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് തീരുമാനം അവഗണിച്ച് കനാലിലെ വെള്ളം തുറന്നുവിടുന്ന ചീപ്പ് പ്രതികൾ അടച്ചുവച്ചതിനെ തുടർന്ന് ഇത് തുറന്നുനൽകണമെന്ന് വാർഡ് മെമ്പറായ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമായത്.
ഗോപാലകൃഷ്ണനെ തടഞ്ഞുനിർത്തി കൈക്കോടാലി ഉപയോഗിച്ച് ഇടതുകാലിൽ വെട്ടുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗോപാലകൃഷ്ണന്റെ കണങ്കാൽ അറ്റും അസ്ഥി ഒടിഞ്ഞും ഗുരുതരമായി പരിക്കേറ്റിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളിനെയാണ് വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൂരജ് നഗറിൽ രതിബാഡ് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.
സംഭവത്തെ തുടർന്ന് രാകേഷ് അഗർവാളിന്റെ വീട്ടിൽ രണ്ട് ദിവസം മുൻപ് ജോലിക്ക് ചേർന്നയാളെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
കഴുത്തറുത്ത നിലയിലാണ് രാകേഷ് അഗർവാളിന്റെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലിസ് പരിശോധിച്ച് വരികയാണ്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോണ്ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫിസിന് തീവെച്ചു. പാലിയോട് ജംഗ്ഷനിലെ ആനാവൂര് മണ്ഡലം കമ്മിറ്റിയുടെ ഓഫീസിന് നേരെയായിരുന്നു ആക്രമണം.
ഓട് കൊണ്ടുള്ള പഴയ കെട്ടിടവും ഫ്ളക്സ് ബോര്ഡുകളും കത്തിനശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു. രാത്രി പാര്ട്ടി ഓഫീസിന് പിന്നിലൂടെ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
കൈയിൽ കരുതിയിരുന്ന ദ്രാവകം ഫ്ളക്സ് ബോര്ഡില് ഒഴിച്ച ശേഷം തീ കത്തിക്കുകയായിരുന്നു. മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ഫ്ളക്സുകള് പൂര്ണമായും കത്തി നശിച്ച നിലയിലാണ്.
നാട്ടുകാര് ഇടപെട്ട് തീ അണച്ചതിനാല് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്ന്നില്ല. നാട്ടുകാരാണ് വിവരം പൊലിസില് അറിയിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ബിജെപി-യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് തര്ക്കമുണ്ടായതായി വിവരമുണ്ട്. ഇതിന്റെ തുടര്ച്ചയായുണ്ടായ ആക്രമണമാണോ എന്നതില് അന്വേഷണം നടക്കുന്നുണ്ട്. മാരായമുട്ടം പൊലിസാണ് അന്വേഷണം നടത്തുന്നത്.
Kerala
കണ്ണൂർ: കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെ കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കള്ളക്കേസിൽ കുടുക്കി തങ്ങളെ ജയിലിൽ അടയ്ക്കുകയായിരുന്നുവെന്ന് പ്രതികളായവർ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് നൽകിയ പരാതിയെത്തുടർന്നാണ് യുഡിഎഫ് സർക്കാർ പുതിയ അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണത്തിനു നിർദേശം നൽകിയത്.
മാങ്ങാട്ട്പറമ്പ് കെഎപി ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ അന്വേഷണതലവനായി കണ്ണൂർ എസിപി എം.പി.ആസാദ് അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണു പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. യു. പ്രേമന്റെ നേതൃത്വത്തിൽ ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുടങ്ങിയത്.
കരിങ്കൊടി പ്രതിഷേധം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം പ്രവേശന കവാടത്തിലെയും പ്ലാറ്റ്ഫോമിലെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. വരും ദിവസങ്ങളിൽ മുൻ മന്ത്രി വീണ ജോർജ്, കരിങ്കൊടി കാണിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവരിൽനിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും.
കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിനു ഗുരുതരമായി പരിക്കേറ്റെന്നു കാണിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് കാറിൽ സ്വദേശമായ പത്തനംതിട്ടയിലേക്കു മടങ്ങിയ സംഭവം ഏറെ വിവാദമായിരുന്നു.
Kerala
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ഭീകരവാദ ബന്ധം ആരോപിച്ച് ആസാം സ്വദേശി പിടിയിൽ. ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
എൻഐഎ നടത്തിയ പരിശോധനയിലാണ് പ്രതിയെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു പ്രതി. പുലർച്ചെയാണ് എൻഐഎ സംഘം പട്ടാമ്പി വിളയൂരിൽ പരിശോധന നടത്തിയത്.
കേരളം, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തെ 16 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന ഇമാം മഹ്മദൂർ കഫിലയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരം.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി. കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി പിടിയിലായിട്ടുണ്ട്.
കീഴൂകര സ്വദേശി ജിത്തു ആണ് പിടിയിലായത്. ദിൻഷയുടെ സുഹൃത്താണ് ജിത്തു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ദിൻഷ പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലിസ് പറയുന്നു.
പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തിയത്. ദിൻഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: യുവാവിനെ വീട്ടില് നിന്ന് വിളിച്ചിറക്കി സംഘം ചേര്ന്ന് മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. മൂക്കുതല സ്വദേശികളായ ജിതിന് (25), നിഹാല് (18), മുഹമ്മദ് ഹാദിഫ് (19), രാഹുല് (25) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൂക്കുതല സ്വദേശി വെന്നില വളപ്പില് അഫ്സലിനാണ് മര്ദനമേറ്റത്. മുൻവൈരാഗ്യത്തെ തുടർന്ന് അഫ്സലിനെ വീട്ടില്നിന്ന് വിളിച്ചുവരുത്തിയ ശേഷം അഞ്ചുപേരടങ്ങുന്ന സംഘം കാവില്പാടം കുളത്തിന് സമീപത്തുവച്ച് മര്ദിച്ചെന്നാണ് പൊലിസിന് ലഭിച്ച പരാതി.
കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയാണ് പൊലിസ് കേസെടുത്തത്. പ്രതികളെ പൊന്നാനി കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
മലപ്പുറം: ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ ഔദ്യോഗിക ഫോണ് നമ്പറിലേക്ക് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില് പ്രതി പിടിയിൽ. പാവിട്ടപ്പുറം ഒതളൂര് സ്വദേശി പ്രേമരാജന് (46) ആണ് പിടിയിലായത്.
രാത്രി സമയം ഉൾപ്പെടെ സ്റ്റേഷനിലേക്ക് ഫോണ് വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. തുടര്ച്ചയായ ഫോണ്വിളികള് കാരണം സ്റ്റേഷനിലെ ദൈനംദിന പ്രവര്ത്തനങ്ങള്ക്കും തടസമുണ്ടായതായി പൊലിസ് പറയുന്നു.
ഫോണ്വിളികളുടെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിലാണ് പ്രതി മൈസൂരില് നിന്നാണ് വിളിക്കുന്നതെന്ന് പൊലിസ് കണ്ടെത്തിയത്. മൈസൂരിലെ ഒരു ഫര്ണിച്ചര് സ്ഥാപനത്തില് ജോലി ചെയ്തുവരികയായിരുന്നു പ്രതി.
വര്ഷങ്ങള്ക്ക് മുമ്പ് ബന്ധുക്കള് നല്കിയ മറ്റൊരു കേസില് പൊലിസ് പ്രേമരാജനെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്കി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഫോൺ വിളിയെന്നാണ് പൊലിസിന്റെ നിഗമനം. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Kerala
കൊച്ചി: ആലുവയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30) ഗോബർദൻ നിയാൽ (36) ഗജീന്ദ്ര റാണ (20) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ബസ് കയറാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്.
കിലോയ്ക്ക് 3,000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. പ്രതികൾ കുറച്ചുകാലമായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
Kerala
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വെട്ടുതറ സ്വദേശി സ്റ്റീഫൻ ആണ് പിടിയിലായത്.
പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
സ്റ്റീഫന്റെ വെട്ടേറ്റ് സദ്ദാം ഹുസൈന്റെ വലതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അസ്ഥിക്ക് പൊട്ടലുമുണ്ട്. സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയുമാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Kerala
മലപ്പുറം: കുറ്റിപ്പുളി മേഖലയിൽ വീടുകളില് കയറി മൊബൈല് ഫോണുകള് മോഷ്ടിച്ച സംഭവത്തില് പ്രതി പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീന് (44) ആണ് പിടിയിലായത്. പാണ്ടിക്കാട് പൊലിസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകള് ലക്ഷ്യമിട്ടായിരുന്നു പ്രതിയുടെ മോഷണം. വീട്ടുകാരുമായി പരിചയം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയിരുന്നത്.
പ്രതിക്കെതിരെ മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പൊലിസ് സ്റ്റേഷനുകളില് നിരവധി കേസുകള് നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. കരുവാരകുണ്ട് പൊലിസ് സ്റ്റേഷന് പരിധിയില് മധ്യവയസ്കയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലും ഷംസുദ്ദീന് പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Kerala
കൊച്ചി: നടി അന്സിബ ഹസൻ നൽകിയ പരാതിയില് നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസെടുത്തു. കോടതി നിര്ദേശപ്രകാരം പാലാരിവട്ടം പൊലിസ് ആണ് കേസെടുത്തത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. നേരത്തെ ഇതേ കേസിൽ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ പൊലിസ് തയാറായിരുന്നില്ല. തുടർന്ന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനുപിന്നാലെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി വീണ്ടും പരിശോധിക്കാന് ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്ദേശം നല്കുകയായിരുന്നു. ഇതേതുടർന്നാണ് പരാതിയിൽ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.
Kerala
കൊല്ലം: കൊല്ലം ആയൂരിൽ വയോധികയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലിസ്. ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും ചെറുമകൾ അമൃതയും ചേർന്നാണ് വയോധികയെ ആക്രമിച്ചത്.
രാധാമണിയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിക്കുകയായിരുന്നു. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണം. ചടയമംഗലം പൊലിസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ട്രാപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി.
Kerala
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കല്ലമ്പലം സ്വദേശി റെജി ആണ് പിടിയിലായത്. ഇടമുളയ്ക്കൽ വാഴോട് സ്വദേശി ലിസിക്ക് ആണ് പൊള്ളലേറ്റത്.
ശനിയാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. പ്രതി ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലിസിയുടെ മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ലിസി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുറച്ചുനാളുകളായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ലിസി ഹോം നഴ്സിംഗ് ജോലിക്ക് പോകുന്നത് റെജിക്ക് ഇഷ്ടമല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
കൊച്ചി: വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതി പിടിയിൽ. കൊല്ലം പെരുംപുഴ ചിറയടിപുനകന്നൂർ സ്വദേശി അജിത് കുമാർ ആണ് പിടിയിലായത്. മാർച്ച് 31ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പുത്തൻകുരിശ് പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. കോലഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരൻ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പ്രതി കാസർഗോഡ് ഉദുമ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു.
പുത്തൻകുരിശ് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കുണ്ടറ, കൊല്ലം വെസ്റ്റ് പൊലിസ് സ്റ്റേഷനുകളിലും കേസുണ്ട്.