പ്രതീകാത്മക ചിത്രം
തൃശൂർ: ജൽജീവൻ പദ്ധതിയനുസരിച്ചു കുടിവെള്ള കണക്ഷൻ എടുത്തയാൾക്കു വെള്ളം ലഭിക്കാതെ 1970 രൂപയുടെ ബില്ല് ലഭിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ നിയോഗിച്ചു സ്ഥലപരിശോധന നടത്തി തകരാർ കണ്ടെത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ. മീറ്റർ റീഡിംഗും അമിതമായി ബിൽ വരാനുള്ള കാരണവും പരിശോധിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. ഒരു മാസത്തിനകം തുടർനടപടികൾ സ്വീകരിക്കണമെന്നും വാട്ടർ അഥോറിട്ടി ചാലക്കുടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർക്കു നിർദേശം നൽകി. തൃശൂർ പേരാന്പ്ര വല്ലപ്പാടി കോളനി സ്വദേശി നൽകിയ പരാതിയിലാണു നടപടി.
2021 ലാണു കണക്ഷൻ നൽകിയതെങ്കിലും 2026 വരെ 34 കിലോലിറ്റർ വെള്ളം ഉപയോഗിച്ചെന്നും ബിൽ കുടിശിക വരുത്തിയതിനാലാണ് ഒരുമിച്ചു ബിൽ നൽകിയതെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കമ്മീഷനെ അറിയിച്ചു. എന്നാൽ കണക്ഷൻ എടുത്തശേഷം ഇതുവരെ തുള്ളിവെള്ളം ലഭിച്ചില്ലെന്നും പരാതിക്കാരൻ അറിയിച്ചു. ഈ സാഹചര്യത്തിലാണു സ്ഥലപരിശോധനയ്ക്കു നിർദേശം നൽകിയത്.
Tags : Local News Nattuvishesham No drinking water investigation