ചെങ്ങന്നൂർ: പമ്പയാറ്റിൽ നിന്ന് തലയോട്ടി കണ്ടെത്തി. കല്ലിശേരിയിലുള്ള റെയിൽവേ പാലത്തിന് താഴെ നിന്നാണ് തലയോട്ടിയും തുണിക്കഷണങ്ങളും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
നദിയിൽ ചൂണ്ടയിടാനെത്തിയവർക്കാണ് ചാക്കുകെട്ട് ലഭിച്ചത്. പിന്നാലെ ഇവർ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ചാക്കിനുള്ളിൽ തലയോട്ടിയും തുണിക്കഷണങ്ങളും കണ്ടത്. ഇതേ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.