Kerala
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ വഴിതര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട്ടാണ് സംഭവം. പന്നിക്കോട് കുഴിയില്‍ അനൂപ്(40) എന്ന യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തെ തുടർന്ന് തെങ്ങുകയറ്റ തൊഴിലാളിയായ ദേവദാസനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് പന്നിക്കോട് അങ്ങാടിക്ക് സമീപമായിരുന്നു സംഭവം നടന്നത്. ഏറെ നാളായി ദേവദാസനും അനൂപും തമ്മില്‍ വഴിതര്‍ക്കം നിലനിന്നിരുന്നു.
ഞായറാഴ്ച വൈകിട്ടും ഇരുവരും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ ദേവദാസന് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അനൂപിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ അനൂപിനെ നാട്ടുകാർ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികള്‍ ഉൾപ്പെടെ പീഡിപ്പിച്ചെന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ പരാതി വ്യാജമെന്ന് നിഗമനം. 13കാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പുറത്തുവന്ന വൈദ്യപരിശോധനഫലം സൂചിപ്പിക്കുന്നത്.
കുട്ടിക്ക് മര്‍ദനമേറ്റതിനും തെളിവില്ല. സിഡബ്ല്യൂസി സംരക്ഷണയിലുള്ള കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പെൺകുട്ടി സഹപാഠികൾക്കെതിരെ ആരോപണം ഉന്നയിച്ചത് വ്യക്തിവിരോധത്താൽ ആകാമെന്ന നിഗമനത്തിലാണ് പോലീസ്.
സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് 13കാരി പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം പോലീസിലും ശിശുക്ഷേമ സമിതിയിലും അറിയിച്ചു. സ്കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം.
ഇതേതുടർന്ന് പോലീസ് ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ബാലാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയിൽ ജ്യേഷ്ഠന് അനുജനെ കുത്തിക്കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ജ്യേഷ്ഠന് പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. പ്രസാദും പ്രമോദും ഒരുമിച്ചായിരുന്നു താമസം. ഇരുവരും തമ്മില്‍ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രമോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുന്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിൽ കൊച്ചിയിൽ വൻ ലഹരി വേട്ട. അത്താണിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. നെടുമ്പാശേരി പോലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് സ്വദേശി റിസ്വാൻ (23), സൗത്ത് ചെല്ലാനം സ്വദേശി വിക്ടർ ജോസ് (36) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 24 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്നും കാറിൽ രാസലഹരി കടത്തിക്കൊണ്ടുവരുന്നതിനിടെ അത്താണി ഭാഗത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത വാഹനം വിശദമായി പരിശോധിച്ചപ്പോൾ കാറിന്റെ ഡാഷ്ബോർഡിന് താഴെ രഹസ്യമായി നിർമിച്ച പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു(28) ആണ് മരിച്ചത്.
മറ്റൊരു യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജൂണ്‍ 30ന് ആയിരുന്നു സംഭവം. വെങ്ങാനൂരിൽ പ്രവര്‍ത്തിക്കുന്ന സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലാണ് രണ്ട് യുവതികൾക്കെതിരെ ആരോപണമുയർന്നത്.
പിന്നാലെ എലിവിഷം കഴിച്ചാണ് യുവതികൾ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അഞ്ജുവിനൊപ്പം വിഷം കഴിച്ച പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. ഉടന്‍ തന്നെ അവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ അഞ്ജു ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല. സ്ഥാപനത്തിലെ തിരിമറി സംബന്ധിച്ച് ഇതുവരെ പോലീസിൽ പരാതി ലഭിച്ചിട്ടില്ല. അഞ്ജുവിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് വെങ്ങാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കൊല്ലത്ത് വൻ രാസലഹരി വേട്ട. ഡാൻസാഫ് സംഘം അയത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ എംഡിഎംഎയുമായി പിടിയിലായത്. അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപം നബിൻ(24), സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്.
പിടിയിലായ പ്രതികളിൽ നിന്ന് 22.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതി നബിന്റെ വീടു വളഞ്ഞാണ് ഡാൻസാഫ് സംഘം ലഹരി മരുന്നുമായി ഇരുവരെയും പിടികൂടിയത്.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പോലീസിനും നാട്ടുകാർക്കും ലഹരിസംഘത്തിന്റെ ആക്രമണം. പേരാമ്പ്ര പാണ്ടിക്കോട് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് അക്രമസംഭവം അരങ്ങേറിയത്.
സംഭവത്തെ തുടർന്ന് രണ്ട് യുവാക്കളെയും മൂന്ന് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനയ്ക്കായി അടുത്തേയ്ക്ക് വന്ന ഉദ്യോഗസ്ഥരെ പ്രതികൾ തടയുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
സംഭവത്തിൽ സ്ക്വാഡ് അംഗങ്ങൾക്കും റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കീഴടക്കിയത്. പ്രതികളിൽ നിന്ന് രാസലഹരിയും കണ്ടെടുത്തതായാണ് വിവരം.
Kerala
മാന്നാർ: വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. പരുമല ഓടാട്ട് കിഴക്കേതിൽ കെ.എം. ബഷീർ (48) ആണ് പിടിയിലായത്. 19 ലക്ഷം രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്.
2020ൽ പത്രപരസ്യത്തിൽ നിന്നുള്ള ഫോൺ നമ്പറിൽ ഇടനിലക്കാരനായി സംസാരിച്ചാണ് പ്രതി സ്ത്രീയുമായി പരിചയത്തിലായത്. പിന്നീട് ചങ്ങനാശേരി സ്വദേശി അഫ്സൽ എന്ന വ്യാജപേരിൽ വീട്ടിലെത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഇതിനിടെ പ്രതിയുടെ പീഡനശ്രമം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ വിവാഹ വാഗ്ദാനം നൽകി പരാതിക്കാരിയെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് നിരന്തരം വീട്ടിലെത്തിയിരുന്ന പ്രതി പലതവണയായി 19 ലക്ഷം രൂപ തട്ടിയെടുത്തതായും പീഡിപ്പിച്ചതായും പരാതിയുണ്ട്.
പലപ്പോഴായി നൽകിയ പണം തിരികെ ചോദിച്ചപ്പോൾ ജീവന് ഭീഷണിയുണ്ടായതിനെ തുടർന്നാണ് ഇവർ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ പോലീസുകാർക്ക് നേരെ ആക്രമണം. വനിത പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
മണ്ണാർക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. പ്രതികളുടെ ആക്രമണത്തിൽ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറോടെ ആയിരുന്നു സംഭവം.
ജിജീഷും സംഘവുമെത്തിയ കാർ തടഞ്ഞ പോലീസ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ബാലുശേരി പൂരത്തുവീട്ടിൽ അബ്ദുൾ റഷീദിനെയാണ് ബുധനാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ആറരയോടെ മകളുമായി ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു റഷീദ്. തുടർന്ന് മകളെ ബാലുശേരി സ്റ്റാൻഡിൽ ഇറക്കി. ഇതിനുശേഷമാണ് അബ്ദുൾ റഷീദിനെ കാണാനില്ലെന്ന് പരാതിയുള്ളത്.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റഷീദ് തച്ചംപോയിൽ എന്ന സ്ഥലംവരെ ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. എന്നാൽ തുടർന്ന് ഇയാൾ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല.
അബ്ദുൾ റഷീദിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നുള്ള അവസാന ലൊക്കേഷൻ ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പോലീസ് സംഘം മൈസൂരുവിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: വയോധികനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞിക്കണ്ടിപ്പറമ്പിൽ രതീഷ് ആണ് പിടിയിലായത്. ജൂൺ27ന് ആണ് കേസിന് ആസ്പദമായ സംഭവം.
ബേപ്പൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വാർധക്യ പെൻഷൻ വാങ്ങി മടങ്ങുമ്പോഴാണ് ചക്കുംകടവ് നദീ നഗർ സ്വദേശി ആക്രമിക്കപ്പെട്ടത്. വയോധികന്റെ കൈവശമുണ്ടായിരുന്ന രേഖകളടങ്ങിയ പഴ്സ് പ്രതി തട്ടിയെടുക്കുകയായിരുന്നു.
ഇതേ തുടർന്ന് വയോധികൻ ബേപ്പൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ രതീഷ് നേരത്തെയും നിരവധിക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
Kerala
മലപ്പുറം: കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ മുൻ എസ്എച്ച്ഒയ്ക്കെതിരെ നടപടി. എട്ട് പവന് സ്വർണം കാണാതായ സംഭവത്തിൽ എം.അബ്ബാസലിയെ ആണ് സസ്പെൻഡ് ചെയ്തത്.
കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം പിടിച്ചെടുത്തതും കളഞ്ഞുകിട്ടി നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ സ്വർണമാണ് കാണാതായത്.
മോഷണം സ്ഥിരീകരിച്ച് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2018 മുതല്‍ കരിപ്പൂര്‍ സ്റ്റേഷനില്‍ സൂക്ഷിച്ച് വന്നിരുന്ന സ്വര്‍ണാഭരണങ്ങളായിരുന്നു കാണാതായത്. 2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിക്കുന്നത്.
Kerala
പേരൂര്‍ക്കട: വ്യാജ ഒപ്പിട്ട് നല്കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കുറവന്‍കോണത്തെ ഒരു സ്വകാര്യ ബാങ്കില്‍ വ്യാജ ഒപ്പിട്ട് എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായാണ് പരാതിയുള്ളത്. ചടയമംഗലം സ്വദേശിനി ഷീലയാണ് പരാതിക്കാരി.
സ്വകാര്യ ബാങ്കിലെ മാനേജരും ജീവനക്കാരും ചേര്‍ന്ന് ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. 2016ല്‍ എന്‍ആര്‍ഐ അക്കൗണ്ടിലുണ്ടായിരുന്ന നാലുലക്ഷം രൂപ വ്യാജ ഒപ്പിട്ട് ഫിക്സഡ് ഡപ്പോസിറ്റിലേക്കു മാറ്റി. ആ രേഖ ഉപയോഗിച്ച് ലോണ്‍ എടുക്കുകയും ചെയ്തു.
തുടർന്ന് തുക ഷീലയുടെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം മാനേജറുടെ നേതൃത്വത്തില്‍ പിന്‍വലിക്കുകയായിരുന്നു. 2025ലും ഷീല വിദേശത്തായിരുന്നപ്പോള്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തിൽ പേരൂർക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വൻ കഞ്ചാവ് വേട്ട. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്താൻ ലക്ഷ്യമിട്ടെത്തിച്ച 11 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാന്(47) ആണ് പിടിയിലായത്.
കോഴിക്കോട് കൊമ്മേരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ ഭുവനേശ്വറില്‍ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട് നഗരത്തിലും ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിലുമായി ചില്ലറ വില്പന നടത്തി വരികയായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായ പ്രതി ഇടയ്ക്കിടെ നാട്ടിൽ പോയി വരാറുണ്ടെന്നും, തിരികെ എത്തുന്നത് കഞ്ചാവുമായാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. പരിശോധന ഒഴിവാക്കുന്നതിനായി പുലര്‍ച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പര്‍ ബസുകള്‍ ഉപയോഗിച്ച് രാമനാട്ടുകരയില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്ക് പോകുന്നതാണ് രീതി.
പ്രസല്‍ പ്രഥാന്റെ രീതികൾ മനസിലാക്കിയ പോലീസ് രാമനാട്ടുകരയില്‍ കാത്തുനിന്ന ശേഷമാണ് ബസില്‍ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിയ ഇയാളെ കസ്റ്റഡിയിലെടുത്തത്.
Kerala
കൊല്ലം: കൊല്ലം ചിതറയിൽ രാത്രി ജോലികഴിഞ്ഞ് മടങ്ങിയ അമ്മയെയും മകളെയും ആക്രമിച്ച സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ പിടിയിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, സുഹൃത്ത് വിഷ്ണു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വിജനമായ റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മർദിക്കുകയും കടന്നു പിടിക്കുകയും ചെയ്തത്.
അമ്മയും മകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അമ്മയെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഇരുവരുടെയും ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ അമ്മയും മകളും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിഷ്ണു ചിതറ, കടയ്ക്കൽ സ്റ്റേഷനുകളിലായി ആറ് ക്രിമിനൽകേസുകളിലും അനീഷ് രണ്ടു കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്ത് പോലീസ്. കോടതി ഉത്തരവിനെ തുടർന്നായിരുന്നു ടിനിടോമിനെതിരെ പോലീസ് കേസെടുത്തത്. അൻസിബ ഹസന് നല്കിയ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന പോലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി അറിയിച്ചിരുന്നു.
അന്‍സിബയ്ക്കെതിരായ ജിഹാദി പരാമർശം തമാശയ്ക്ക് നടത്തിയതെന്നായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ കോടതി പോലീസ് റിപ്പോർട്ട് തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇതേ തുടർന്നായിരുന്നു പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കണ്ണൂർ: പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയാണ് മഹാബലേശ്വറിൽ വച്ച് പിടിയിലായത്. പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
കണ്ണൂരിൽ ലോഡ്ജിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സഞ്ജുരാജ് മൽഹോത്ര. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ട്രെയിൻ രത്നഗിരിയിൽ എത്തിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പൊലീസുകാർ തൊട്ടടുത്ത സ്റ്റേഷനായ സാവന്ദ്വാടിയിലിറങ്ങി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതേതുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. ഇയാളെ കണ്ണൂര്‍ ടൗണ്‍സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതികൾ പിടിയിൽ. മുക്കുപണ്ടം നിർമിച്ച് നൽകുന്ന സംഘമാണ് പിടിയിലായത്.
കണ്ണൂർ ധർമോദയം പെരിങ്ങോളി പഞ്ചായത്തിൽ ഉഷസ് നിവാസിൽ സന്തോഷ് കുമാർ (55), കണ്ണൂർ ജില്ലയിലെ കോട്ടഞ്ചേരി ചെലിക്കണ്ടി വീട്ടിൽ ( 52) മുസ്തഫ എന്നിവരാണ് പിടിയിലായത്. ഇരുവരെയും കണ്ണൂരിൽ നിന്നാണ് ചേർത്തല പോലീസ് പിടികൂടിയത്.
സമാന കേസിൽ നേരത്തെ പിടിയിലായ മൂന്ന് പേരിൽ നിന്നാണ് നിർമാണ സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊപ്പം: പട്ടാമ്പി കൊപ്പത്ത് പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പറം വെളുത്തൂർതൊടിയിൽ അഷ്റഫ് (42) ആണ് മരിച്ചത്.
പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. അഷ്റഫിന്റെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
ഡ്രൈവർ മദ്യപിച്ച് അപകടം ഉണ്ടാക്കിയതിനെ തുടർന്നാണ് പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തത്. ഇതിലെ യാത്രക്കാരായിരുന്നു മരിച്ച അഷ്റഫും സഹോദരൻ മുസ്തഫയും.
Kerala
മലപ്പുറം: കൊളത്തൂര്‍ പലകപ്പറമ്പിൽ വൻ ലഹരിവേട്ട. വിൽപനയ്ക്കെത്തിച്ച 97.60 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. തിരൂര്‍ പൊന്മുണ്ടം സ്വദേശി പാട്ടുരാട്ട് വീട്ടില്‍ സക്കീര്‍ ഹുസൈൻ (43) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.
കൊളത്തൂര്‍ പോലീസും ഡാന്‍സാഫ് സ്ക്വാഡും പലകപ്പറമ്പ് പാങ്ങ് റോഡില്‍ നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തിയ എംഡിഎംഎയുമായി സക്കീർ ഹുസൈൻ പിടിയിലായത്. തിരൂര്‍, കോട്ടക്കല്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. നേരത്തെയും ഇയാൾ ലഹരി കേസിൽ പ്രതിയായിട്ടുണ്ട്.
Kerala
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ഇന്ന് നിർണായകം. കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
ജിതിൻ ഭാസ്കറിന് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ വടകര കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജിതിൻ ഭാസ്കർ ജില്ലാ കോടതിയെ സമീപിച്ചത്.
അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്റെ നീക്കം.
Kerala
കണ്ണൂർ: കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. അധ്യാപകൻ വിപിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയെന്ന് ആരോപിച്ചാണ് മർദനമെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചത്.
Kerala
മലപ്പുറം: മൊറയൂരിൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് കണ്ടെത്തി. മൊറയൂർ വലാഞ്ചേരിയിലെ വി.ടി. നബീസയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നബീസയെ രാവിലെ മുതൽ കാണാനില്ലായിരുന്നു.
ഇതേ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഇവർക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഒറ്റയ്ക്കായിരുന്നു നബീസയുടെ താമസം. അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട. നിരവധി ലഹരി കേസുകളിൽ പ്രതിയായ യുവാവ് എംഡിഎംഎയുമായി പിടിയിലായി. എളേറ്റില്‍ വട്ടോളി തടയങ്ങല്‍ ഷിഹാബ്( 34) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് പോലീസ് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എംഡിഎംഎ സ്കൂട്ടറില്‍ വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലും ഡപ്പിയിലുമായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെടുത്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടി.യുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക ഹർജികൾ ഇന്ന് പരിഗണിക്കും.
ഹൈക്കോടതിയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുമാണ് ഹർജികൾ പരിഗണിക്കുക. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെയാണ് പോലീസും ഇഡിയും വിവിധ കോടതികളെ സമീപിച്ചിരിക്കുന്നത്.
ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പോലീസും ഇഡിയും നൽകിയ അപ്പീലുകളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. സെഷൻസ് കോടതിയിൽ പ്രതിക്ക് അനുകൂലമായി നിലപാട് എടുത്ത പ്രോസിക്യൂട്ടർ ഗീന കുമാരിയെയും എതിർകക്ഷിയാക്കിയിട്ടുണ്ട്.
പ്രതിക്ക് ജാമ്യം അനുവദിച്ച നടപടി ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. ഈ ഹർജിയിൽ പോലീസിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് കോടതിയിൽ ഹാജരാകുക.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. പത്തനംതിട്ട ചിറ്റാറിൽ സന്ദീപ്(35) ആണ് മരിച്ചത്. രാത്രി ഒൻപതോടെ വീടിന് സമീപത്തെ കുഴിയിൽ സന്ദീപിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: കൊച്ചി നഗരത്തിൽ നവജാത ശിശുവിനെ തട്ടുകടയ്ക്ക് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ കണ്ടെത്തി പോലീസ്. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലാത്തതിനാലുമാണ് ഉപേക്ഷിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പോലീസിനെ അറിയിക്കാൻ ഇവർ ഒരാളെ ചുമതലപ്പെടുത്തിയെന്നും വിവരമുണ്ട്. ഫോറം മാളിന് സമീപമാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ചു മണിക്കൂറുകൾ മാത്രം പ്രായമുള്ള കുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: കൊച്ചി നഗരത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫോറം മാളിന് സമീപത്തെ തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവത്തിൽ മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ ക്വാട്ടേഴ്സിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 40,000 രൂപ കണ്ടെടുത്തു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.
റെയ്ഡ് നടക്കുന്ന സമയത്ത് ഒരു കേസിലെ പ്രതി സിഐയുടെ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ എന്തിനിവിടെ എത്തി എന്നതിൽ വ്യക്തതയില്ല. ക്വാർട്ടേഴ്സിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സിഐക്ക് കഴിഞ്ഞിട്ടില്ല.
കേസ് ഒതുക്കിതീർക്കാൻ വാങ്ങിയ കൈക്കൂലിയാണോയെന്ന കാര്യം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ അറസ്റ്റിൽ. വർക്കല സ്വദേശി ആരതി(27) ആണ് ജീവനൊടുക്കിയത്. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ്.
അതുലിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരതിയുടെ ദേഹത്ത് മർദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ആരതി ആറ്റുകാലിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ജീവനൊടുക്കിയത്. അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
അതുൽ മർദിച്ചതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര്‍ ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണം പന്തയം വച്ച് കോഴിപ്പോര് നടത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. ഇവരിൽ നിന്ന് പത്ത് പോര് കോഴികളെയും പോലീസ് പിടിച്ചെടുത്തു. ഉച്ചയ്ക്ക് രണ്ടോടെ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൗസപ്പാറ സ്വദേശി രാജൻ (37), കോയമ്പത്തൂർ സ്വദേശി വിഘ്നേഷ് (31), പൊള്ളാച്ചി, മൂലനൂർ സ്വദേശി സതീഷ് കുമാർ (33), പൊള്ളാച്ചി ഉടുമൽപേട്ട് സ്വദേശി ശെന്തിൽ കുമാർ (51), തിരുപ്പൂർ നെഗമം സ്വദേശി മുത്തുസ്വാമി (55) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞയാഴ്ചയും പ്രദേശത്ത് സമാനരീതിയിൽ കോഴിപ്പോര് പിടികൂടിയിരുന്നു. പ്രതികളിൽ നിന്ന് പോര് കോഴികളെ കൂടാതെ 6,020 രൂപയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
Kerala
ചാരുംമൂട്: പൂട്ടിക്കിടന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം പന്മന വില്ലേജിൽ ചിറ്റൂർഭാഗം പള്ളത്ത് പടീറ്റതിൽ 'ചില്ലു ശ്രീകുമാർ' എന്നറിയപ്പെടുന്ന ശ്രീകുമാർ(41) ആണ് പിടിയിലായത്.
കൊലപാതകം, അടിപിടി, മോഷണം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി 40ഓളം കേസുകളിൽ പ്രതിയാണ് ശ്രീകുമാർ. നൂറനാടിനു സമീപം കൊട്ടയ്ക്കാട്ടശേരിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
താമരക്കുളം വേടരപ്ലാവിൽ 10 ദിവസം മുൻപ് താമസക്കാരില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടംഗ സംഘം മോഷണശ്രമം നടത്തിയിരുന്നു. ഈ കേസിലും ശ്രീകുമാർ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിൽ ശ്രീകുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നൂറനാട് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെയാണ് (74) വീടിന് സമീപത്തെ വനമേഖലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. നാല് ദിവസം മുന്‍പ് ഇയാളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രദേശത്തെ പുഴയിലും വനത്തിലും വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു.
മൃതദേഹം പുഴയോരത്തെ മരങ്ങളുടെ മറവിലായിരുന്നതിനാല്‍ ആദ്യഘട്ട തെരച്ചിലിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. മൃതദേഹം അഴുകിത്തുടങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പരിശോധനയ്ക്കിറങ്ങിയത്.
പരിശോധനയിൽ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
District News
ആലപ്പുഴ: യുവതലമുറയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരേ ശക്തമായ ജനകീയ പ്രതിരോധം തീർക്കുന്നതിനായി ആഭ്യന്തര വകുപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുകതമായി നടപ്പിലാക്കുന്ന "തൂഫാൻ: ലഹരിക്കെതിരേ ഒരുമിക്കാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28ന് ഉച്ചക്ക് 2.45ന് ആലപ്പുഴ കാർമൽ ഹാളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അധ്യക്ഷത വഹിക്കും. തൂഫാൻ പദ്ധതിയുടെ ഓഫീസർ ഇൻ ചാർജായ പുട്ട വിമലാദിത്യ ഐപിഎസ് പ്രസംഗിക്കും. കെവിവിഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് 2026-2028 വർഷത്തേക്കുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആലപ്പുഴ ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തും. സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ മുഖ്യ വരണാധികാരിയായിരിക്കും. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടനയുടെ ഭാവി നേതൃത്വം തെരഞ്ഞെടുക്കപ്പെടുന്ന ഈ പ്രക്രിയയിൽ അർഹരായ എല്ലാ അംഗങ്ങളും പങ്കാളികളാകണമെന്ന് രാജു അപ്സര പറഞ്ഞു.
Kerala
കോഴിക്കോട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്കേറ്റു. ആമ്പ്രമ്മല്‍ പാലക്കല്‍ ഹര്ഷക്(26) ആണ് കിണറ്റില്‍ വീണത്.
ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് യുവാവ് വീണത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഹർഷക് വീണത്. ഇയാളുടെ കാലിന് പൊട്ടലുൾപ്പെടെ സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്തത്. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ഈഞ്ചയ്ക്കല്‍ മിലാദ് ഭവനില്‍ മുഹമ്മദ് ആസിം (41) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശി സുധ രമേഷ് നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
വെങ്ങാനൂരില്‍ അഞ്ച് സെന്റില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. മുഹമ്മദ് ആസിം ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
77 ലക്ഷം രൂപയാണ് പ്രതികൾ പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും വില്ലയോ പണമോ ലഭിക്കാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. മെഡിക്കൽ കോളജ് പോലീസ് ആണ് മുഹമ്മദ് ആസിമിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളിയിൽ 17 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ. വൈപ്പിൻ അറുകാട് സ്വദേശി ആയുഷ് ആണ് പിടിയിലായത്. പ്രതിയുടെ സ്കൂട്ടറിൽ നിന്നും ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.
ഇതേതുടർന്ന് ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെടുത്തത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
തൊട്ടടുത്ത ഫ്ലാറ്റിലാണ് ഒരാഴ്ചയായി ഇയാൾ താമസിച്ചിരുന്നത്. ഇതേ തുടർന്നായിരുന്നു ഫ്ലാറ്റിലും പരിശോധന നടത്തിയത്. ഇതേ ഫ്ലാറ്റ് സമുച്ചയത്തിലാണ് പെരുമ്പാവൂർ എഎസ്പി താമസിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂരിൽ 14കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കേസെടുത്ത് പോലീസ്. കാവല്ലൂർ സ്വദേശി ഷാജഹാനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദനമേറ്റ കുട്ടി നേരിട്ട് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ജൂൺ 22ന് രാത്രി എട്ടോടെയാണ് സംഭവം. കുട്ടിയെ രണ്ടാനച്ഛനായ ഷാജഹാൻ വീടിന് മുകളിലത്തെ നിലയിൽ വച്ച് ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് തുറസായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം മുടിയിൽ പിടിച്ച് തല ചുവരിലിടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
നിലത്തു വീണ കുട്ടിയുടെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ചതായും പരാതിയുണ്ട്. വട്ടിയൂർക്കാവ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം.
കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിനാണ് ജാമ്യം ലഭിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പോലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം.
അതേസമയം മാസപ്പടി കേസില്‍ നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ലഭിച്ചത്. മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ രേഖകൾ ലഭിക്കാൻ വൈകിയിരുന്നു. ജൂൺ 29ന് ആണ് വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യുക.
Kerala
കഴക്കൂട്ടം: യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വട്ടിയൂർക്കാവ് വേട്ടമുക്ക് കൊല്ലവിളവീട്ടിൽ രഞ്ജിത് (35) ആണ് പിടിയിലായത്. ജൂൺ 19ന് രാവിലെയായിരുന്നു സംഭവം. നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും പിന്നീട് അകന്ന് കഴിയുകയായിരുന്നു.
സംഭവ ദിവസം യുവതി താമസിക്കുന്ന ഹോസ്റ്റലിലെത്തിയ പ്രതി, പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി മേനംകുളത്തുള്ള തന്റെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി.
തർക്കത്തിനിടെ പ്രതി യുവതിയെ മർദിക്കുകയും, മുറിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയറെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണസംവിധാനം അപ്പാടെ പരിഷ്കരിക്കാനും, സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് കൈമാറാനുമുള്ള ഉന്നതതല സമിതിയുടെ ശുപാർശയ്ക്കെതിരെ സേനയ്ക്കുള്ളിൽ നിന്ന് തന്നെ കടുത്ത വിയോജിപ്പും ആശങ്കകളും ഉയരുന്നു. ഈ പുതിയ പരീക്ഷണം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.
മുൻപ് എസ്ഐമാർ സ്റ്റേഷൻ ഭരിച്ചിരുന്ന കാലത്ത് കസ്റ്റഡി മർദന പരാതികൾ വ്യാപകമായിരുന്നു. 2016-17 കാലഘട്ടത്തിൽ ഇത് പരിധിവിട്ടപ്പോഴാണ് ഇൻസ്പെക്ടർമാരെ എസ്എച്ച്ഒമാരാക്കാൻ സർക്കാർ തീരുമാനിച്ചതും, അതിലൂടെ കസ്റ്റഡി പീഡനങ്ങൾ വലിയ അളവിൽ കുറയ്ക്കാനായതും. വീണ്ടും പഴയ രീതിയിലേക്ക് മടങ്ങുന്നത് ലോക്കപ്പുകളിൽ മൂന്നാംമുറ തിരിച്ചെത്തിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന ഭീതി ശക്തമാണ്.
പുതിയതായി നേരിട്ട് നിയമനം ലഭിക്കുന്ന, ഭരണപരമോ നിയമപരമോ ആയ പ്രായോഗിക പരിചയമില്ലാത്ത എസ്ഐമാർക്ക് പദവി നൽകുന്നത് ഭരണപരാജയത്തിന് കാരണമാകും. ദീർഘകാലമായി ജോലി ചെയ്യുന്നവർക്ക് സ്റ്റേഷൻ ചുമതല ലഭിക്കാതെ വരികയും, രാഷ്ട്രീയ സ്വാധീനമുള്ളവർ മാത്രം ലോക്കൽ പോസ്റ്റിംഗുകൾ നേടിയെടുക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാകാം. ഇത് നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ ബാധിക്കും.
ആവശ്യത്തിന് അംഗബലമോ അടിസ്ഥാന സൗകര്യങ്ങളോ നൽകാതെ തുടങ്ങാൻ ഉദ്ദേശിക്കുന്ന പുതിയ പോക്സോ അന്വേഷണ ഡിവിഷനുകൾ, നിലവിലെ നാർക്കോട്ടിക് ഡിവൈഎസ്പി ഓഫീസുകൾ നേരിടുന്ന അതേ ദുരവസ്ഥയിലാകും. നിലവിലെ ഇൻസ്പെക്ടർ-എസ്എച്ച്ഒ സംവിധാനത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ ഇൻസ്പെക്ടർമാരുടെ സ്ഥലമാറ്റ അധികാരം റേഞ്ച് ഡിഐജിമാർക്കോ ജില്ലാ എസ്പിമാർക്കോ നൽകിയാൽ മാത്രം മതിയാകുമെന്നാണ് പോലീസ് സേനയ്ക്കുള്ളിലെ അഭിപ്രായം.
Kerala
തൃശൂര്‍: തൃശൂർ ആളൂരിൽ പോലീസ് വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥികളിൽ ഒരാൾ മരിച്ചു. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപറമ്പില്‍ ജൂവിന് രാജു (16) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു ജൂവിന് രാജു.
ഒപ്പമുണ്ടായിരുന്ന തയ്യില്‍ അനന്തകൃഷ്ണന് (18) എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജൂൺ 15ന് രാവിലെ 11.30ഓടെ ആയിരുന്നു അപകടം. ഇലക്ട്രിക് സ്കൂട്ടറിലായിരുന്നു വിദ്യാർഥികൾ യാത്ര ചെയ്തിരുന്നത്.
ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും. കദളിച്ചിറയില്‍ വച്ച് വലതുവശത്തേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികളുടെ വാഹനത്തിന് പിന്നിൽ തൃശൂര്‍ റൂറല്‍ എസിപിയുടെ ഡാന്‍സാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന പോലീസ് വാഹനം ഇടിക്കുകയായിരുന്നു.
Kerala
കൊച്ചി: കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കുറ്റകൃത്യത്തെ കുറിച്ച് അങ്കണവാടി ടീച്ചറായ പ്രതിയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്നാണ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
പ്രതി കാശിനാഥ് അങ്കണവാടിയിലെ നിത്യ സന്ദർശകനായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കണവാടിയിലെ ആയയുടെയും മൊഴിയെടുക്കും.
സംഭവത്തെ തുടർന്ന് അങ്കണവാടി ടീച്ചറെ സര്‍വീസില്‍ നിന്നും പുറത്താക്കാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Kerala
കോഴിക്കോട്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പിലിനും കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്കും എതിരായി ഭീഷണിപ്രസംഗം നടത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരേ പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. ദുല്‍കിഫിലാണ് എം. മെഹബൂബിനെതിരേ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.
കാഫിര്‍ സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് എസ്പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ എം. മെഹബൂബ് ഭീഷണി മുഴക്കിയെന്നാണ് പരാതി. കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ എസ്ഐടി അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിനെതിരേ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. റൂറല്‍ എസ്പിയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. ഷാഫി പറമ്പിലിനെയും പാറക്കല്‍ അബ്ദുള്ളയെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന തരത്തിലായിരുന്നു മെഹബൂബിന്റെ പ്രസംഗം.
Kerala
തിരുവനന്തപുരം: സിഗരറ്റ് വാങ്ങി നൽകിയില്ലെന്ന് ആരോപിച്ച് മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ. മംഗലപുരം സ്വദേശി ഷഹീൻ (28), കാട്ടായിക്കോണം അയിരൂപ്പാറ സ്വദേശി ശിവപ്രസാദ് (29) എന്നിവരാണ് പിടിയിലായത്.
കാപ്പ നിയമപ്രകാരം രണ്ടുതവണ തടവിൽ കഴിഞ്ഞിട്ടുള്ള ഷഹീൻ 15ഓളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. രണ്ടാംപ്രതി ശിവപ്രസാദ് പോത്തൻകോട് സ്റ്റേഷൻ പരിധിയിലെ അഞ്ചോളം കേസുകളിൽ പ്രതിയാണ്.
ബുധനാഴ്ച വൈകിട്ട് കാരംകോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പ്രതികൾ കടയ്ക്ക് സമീപത്തുനിന്ന മധ്യവയസ്കനോട് സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതോടെ ഇരുവരും ചേർന്ന് മധ്യവയസ്കനെ മർദിക്കുകയായിരുന്നു.
സിഗരറ്റ് വാങ്ങി നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്. സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം റൂറൽ സൈബർ പോലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
സുഹൃത്തുക്കളുടെ നഗ്ന വീഡിയോയാണ് തൊപ്പി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
Kerala
ആലുവ: എറണാകുളം ആലുവയ്ക്ക് സമീപം പൂക്കാട്ടുപടിയിൽ ഏഴുവയസുകാരനെ പിതാവ് ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി. സംഭവത്തിൽ എടത്തല പോലീസ് കേസെടുത്തു. അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കുട്ടിയെ പോലീസ് ചൈൽഡ് ലൈനിന് മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏഴുവയസുകാരന്റെ ദേഹത്ത് മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഏഴുവയസുകാരന് 12-ഉം 10-ഉം വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. കുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് വിവാഹമോചനം നേടി മാറിതാമസിക്കുകയാണ്. കുട്ടികൾ പിതാവിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂർ വള്ളങ്ങാട് അനിൽ കുമാർ -ഉദയ ദമ്പതികളുടെ മകൾ ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചത്. ആൺസുഹൃത്തിന്റെ മർദനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിനുള്ളില്‍ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കരിമഠം സ്വദേശി ബിജു ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പാപ്പനംകോട് പാറയില്‍ക്കടവ് റോഡില്‍ വച്ച് ആയിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കിള്ളിപ്പാലത്തു നിന്നും ഇവരെ ബലമായി കാറില്‍ കയറ്റി തമലം ഭാഗത്തേയ്ക്ക് പോകുന്ന പാറയില്‍ക്കടവ് റോഡിലെത്തിച്ച ശേഷമാണ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
തുടർന്ന് യുവതി കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ബിജു കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും കരുമം ഭാഗത്ത് വച്ച് നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.പരിക്കേറ്റ യുവതി ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ മർദിച്ച ശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതികൾ പിടിയിൽ. വടക്കാഞ്ചേരി തെക്കുംകര അച്ചിങ്ങല്‍ വീട്ടിലെ കൃഷ്ണ ദേവ് (18), തെക്കുംകര അരിയാംപറമ്പില് യാദവ് കൃഷ്ണ (18) ഇരട്ടകുളങ്ങര മുതുപറമ്പില്‍ വിഷ്ണു പി. നായര്‍ (20) എന്നിവരാണ് പിടിയിലായത്.
വേലൂര്‍ ചിറ്റാരം ജിജുവിന്റെ വീട്ടിലാണ് പ്രതികൾ അതിക്രമം നടത്തി കൊള്ളയടിച്ചത്. ജൂണ്‍ 16ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ജിജുവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ച ശേഷം ഗൂഗിള്‍ പേ വഴി 5000 രൂപ തട്ടിയെടുത്തു.
ഇതുകൂടാതെ ജിജുവിന്റെ മേശയില്‍ ഉണ്ടായിരുന്ന 2,500 രൂപയും കഴുത്തില്‍ അണിഞ്ഞിരുന്ന ഒരു പവന്റെ സ്വര്‍ണമാലയും പ്രതികൾ കവർന്നു. മോഷണ വിവരം പുറത്തുപറയാതിരിക്കാൻ ജിജുവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Kerala
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥിനി പ്രസവിച്ചു. സംഭവത്തെ തുടർന്ന് വിദ്യാർഥിനിയുടെ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് സഹപാഠിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കിയ വിദ്യാർഥിയെ ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കാസർഗോഡ്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്ത്(42) ആണ് പിടിയിലായത്. യുവതിയിൽ നിന്ന് പ്രതി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.
യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ വീടും സ്ഥലവും വിറ്റ തുകയിൽ നിന്നും പ്രതി പണം തട്ടിയെടുത്തതായും, കൂടാതെ പുതുതായി വാങ്ങിയ പരാതിക്കാരിയുടെ വീടും സ്ഥലവും പണയം വച്ചും ഇയാൾ പണം വാങ്ങിയതായും പരാതിയുണ്ട്.
വിവാഹിതനായ ശ്രീജിത്ത് നേരത്തെയും ഇത്തരത്തിൽ സ്ത്രീകളിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ആശുപത്രിയില്‍ നിന്ന് കമ്പ്യൂട്ടറുകളും മോട്ടോര്‍ പമ്പ് സെറ്റുകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികളാണ് ആറംഗ സംഘം പലപ്പോഴായി മോഷ്ടിച്ചത്.
പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ടിബി ആശുപത്രിക്കടുത്തുള്ള ഷഹദ് (24), മുക്കാടി സ്വദേശി നാസില്‍ (22), പൊന്നാനി നഗരം സ്വദേശി സിഫാറത്ത് (21), പുറങ്ങ് മാരാമുറ്റത്ത് ഫഹദ് (20), ആനപ്പടി സ്വദേശി അസ്ലം (23) എന്നിവരാണ് പിടിയിലായത്.
ആശുപത്രിയില്‍ ആരംഭിക്കാനിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തില്‍ നിന്നാണ് കമ്പ്യൂട്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍, മോട്ടോര്‍ പമ്പ് സെറ്റ്, ഫയര്‍ എക്സ്റ്റിംഗുഷറുകള്‍, ബാറ്ററികള്‍, തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ പ്രതികള്‍ കവര്‍ന്നത്.
ആശുപത്രിയിൽ സിസിടിവി സ്ഥാപിച്ചതോടെയാണ് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ പാഞ്ഞുകയറി അപകടം. ഹൈവേ പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘത്തെയാണ് നിയന്ത്രണം നഷ്ടമായ മാരുതി കാർ ഇടിച്ചുതെറിപ്പിച്ചത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. രണ്ട് പോലീസുകാർക്ക് സംഭവത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റിട്ടുള്ളത്.
അപകടത്തിൽ സിവിൽ പോലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇരുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലവിൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് തുണിക്കടയുടെ പൂട്ട് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മണക്കാട് ആറ്റുകാൽ കട്ടക്കൽ വീട്ടിൽ സൂരജ്(21), ആറ്റുകാൽ വയൽവീട്ടിൽ ധ്രുവൻ(25) എന്നിവരാണ് പിടിയിലായത്.
പൂന്തുറ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം നടന്നത്. പിടിയിലായ പ്രതികൾ ഇരുവരും ചേർന്ന് കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി തുണികൾ മോഷ്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടയുടമ തിരികെ എത്തുകയായിരുന്നു.
കടയ്ക്കുള്ളിൽ കവർച്ച നടത്തുകയായിരുന്ന പ്രതികളെ കണ്ട ഉടമ ബഹളം വച്ചു. ഇതുകേട്ട് നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിക്കൂടി. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൂന്തുറ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശേരി കോരങ്ങാട് സ്വദേശി മിഥിലാജ് ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
രണ്ട് ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്ന ഏകദേശം 2,000 പാക്കറ്റ് ഹാൻസാണ് പോലീസ് പിടിച്ചെടുത്തത്. കാറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നിരോധിത പുകയില ഉത്പന്നങ്ങൾ നഗരത്തിൽ വിതരണം ചെയ്യാൻ എത്തിച്ചതാണെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി രാധാകൃഷ്ണൻ (55) ആണ് പിടിയിലായത്. എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് പോലീസ് നടപടി.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് ആണ് ഇയാളെ മാറ്റിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ. 11 ഓളം കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.
ജനങ്ങളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുക, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ. ഇയാൾക്കെതിരെ മുൻപും കാപ്പ ചുമത്തിയിരുന്നു. 2025 മെയ് 30ന് ആറ് മാസത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതി, കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നു.
2026 ഫെബ്രുവരിയിൽ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന ആളുടെ മാല പൊട്ടിച്ച കേസിൽ വീണ്ടും അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു. ജയിലിൽ കിടക്കവെയാണ് ഇയാൾക്കെതിരെ വീണ്ടും ശക്തമായ കാപ്പ നിയമപ്രകാരമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.
Kerala
പുനലൂർ: പുനലൂർ പോലീസ് സ്റ്റേഷനിൽ കയറി എസ്എച്ച്ഒയുടെ മൂക്കിടിച്ച് തകർത്ത പ്രതിയെ അറസ്റ്റ് ചെയ്തു. കരവാളൂർ സ്വദേശി വിജോയ് ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ പുനലൂർ എസ്എച്ച്ഒ സന്തോഷ് കുമാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ചൊവ്വാഴ്ച പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഷൈജുവിന്റെ വിവരങ്ങൾ അന്വേഷിക്കാനാണ് സന്തോഷ് കുമാർ പോലീസ് സ്റ്റേഷനിലെത്തിയത്. ഇരുവരും സുഹൃത്തുക്കളാണ്.
കസ്റ്റഡിയിലുള്ള ഷൈജുവിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിജോയ് സ്റ്റേഷനിലേക്ക് കയറിവന്നത്. വിജോയ് മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും ഇയാൾ സ്റ്റേഷനകത്ത് പരസ്യമായി ബഹളം വച്ച് അക്രമാസക്തനായെന്നും പോലീസ് പറയുന്നു.
ഇതിനിടെ വിജോയ്യെ തടയാനെത്തിയ എസ്എച്ച്ഒ സന്തോഷ് കുമാറിനെ പ്രതി മർദിക്കുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർ ഇടപെട്ട് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ഷാൻ (32)ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 7.120 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കരുനാഗപ്പള്ളി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാൻ പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത എംഡിഎംഎ.
ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ വിൽപനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. ഇയാൾ നേരത്തെയും ലഹരി ഇടപാട് കേസുകളിൽ പ്രതിയായിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാർ ആണ് പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എംഡിഎംഎ.
കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തിയത്.
ആശുപത്രിയില്‍ നടത്തിയ സ്കാനിംഗില്‍ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.