തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ മർദിച്ച ശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതികൾ പിടിയിൽ. വടക്കാഞ്ചേരി തെക്കുംകര അച്ചിങ്ങല്‍ വീട്ടിലെ കൃഷ്ണ ദേവ് (18), തെക്കുംകര അരിയാംപറമ്പില് യാദവ് കൃഷ്ണ (18) ഇരട്ടകുളങ്ങര മുതുപറമ്പില്‍ വിഷ്ണു പി. നായര്‍ (20) എന്നിവരാണ് പിടിയിലായത്.
വേലൂര്‍ ചിറ്റാരം ജിജുവിന്റെ വീട്ടിലാണ് പ്രതികൾ അതിക്രമം നടത്തി കൊള്ളയടിച്ചത്. ജൂണ്‍ 16ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ജിജുവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ച ശേഷം ഗൂഗിള്‍ പേ വഴി 5000 രൂപ തട്ടിയെടുത്തു.
ഇതുകൂടാതെ ജിജുവിന്റെ മേശയില്‍ ഉണ്ടായിരുന്ന 2,500 രൂപയും കഴുത്തില്‍ അണിഞ്ഞിരുന്ന ഒരു പവന്റെ സ്വര്‍ണമാലയും പ്രതികൾ കവർന്നു. മോഷണ വിവരം പുറത്തുപറയാതിരിക്കാൻ ജിജുവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Tags : kerala police crime news arrest thrissur