തിരുവനന്തപുരം: പൂവച്ചലിൽ നിന്നും തട്ടിക്കൊണ്ടുപോയ മുത്തൂറ്റ് ബാങ്ക് മാനേജർ ഗിരീഷിനെ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം ആറിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവെയാണ് കാറിലും ബൈക്കിലുമായെത്തിയ അക്രമിസംഘം ഗിരീഷിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്.
തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് യുവാവിനെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടൻ കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ പരിശോധിച്ചും അന്വേഷണം ആരംഭിച്ചിരുന്നു.
ഇതോടെ പ്രതികൾക്ക് മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ഗിരീഷിനെ റോഡിൽ ഉപേക്ഷിച്ചതാകാമെന്നും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം സാമ്പത്തിക ഇടപാടുകളാണോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് വ്യക്തമായിട്ടില്ല.
ഇതിനായി ഗിരീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായും ഡിവൈഎസ്പി വ്യക്തമാക്കി.
Tags : Kidnapped bank manager safe