ന്യൂഡൽഹി: പ്രമുഖ മെസേജിംഗ് ആപ്പായ ടെലഗ്രാം നിലവിൽ സൈബർ കുറ്റവാളികളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രധാന താവളമായി മാറി ഒടുവിൽ ഒരു പുതിയ 'ഡാർക്ക് വെബ്' രൂപത്തിലേക്ക് പരിണമിച്ചിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്രം ഈ ഗുരുതരമായ ആശങ്ക ഉന്നയിച്ചത്.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് സർക്കാർ കോടതിയിൽ ഈ വാദങ്ങൾ നിരത്തിയത്. ടെലഗ്രാമിന്റെ പ്രത്യേക ഘടനയും ഉപയോക്താക്കൾക്ക് നൽകുന്ന അമിത സ്വകാര്യതാ ഫീച്ചറുകളും നിയമപാലകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
സൈബർ തട്ടിപ്പുകാർ, വ്യാജ നെറ്റ്വർക്കുകൾ, തീവ്രവാദ-ഭീകരവാദ സംഘടനകൾ എന്നിവർക്ക് ആശയവിനിമയം നടത്താനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമായി ടെലഗ്രാം മാറിയിരിക്കുന്നു. ഈ അടുത്ത കാലത്തായി നടന്ന വിവിധ മത്സര പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയ്ക്കും അതിന്റെ വിതരണത്തിനും പിന്നിൽ പ്രവർത്തിച്ചവർ ടെലഗ്രാം പ്ലാറ്റ്ഫോം വ്യാപകമായി ദുരുപയോഗം ചെയ്തതായും സർക്കാർ ചൂണ്ടിക്കാണിച്ചു.
രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഫീച്ചറുകൾ ഉള്ളതിനാൽ കുറ്റവാളികളെ കണ്ടെത്തുക പ്രയാസമാണെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
Tags : Telegram Central Government Delhi High Court Latest News