തിരുവനന്തപുരം: ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിൽ സർക്കാരിന്റെ അതൃപ്തി ലോക്ഭവനെ അറിയിച്ചു. ഇത്തരമൊരു യോഗം ചേർന്നതിലുള്ള സർക്കാരിന്റെ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്തും നൽകി.
ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതാണെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഗവർണർ വിളിച്ചുചേർത്തത്.
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച വിവരം മാധ്യമ വാർത്തകളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്.
എന്താണു സംഭവിച്ചത് എന്നതിനെക്കുറിച്ച് ഇന്നലെ രാവിലെതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ടു വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗദിനത്തെക്കുറിച്ചുള്ള ആശയവിനിമയം മാത്രമാണു നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.