മുംബൈ: യുഎസും ഇറാനും തമ്മിൽ സമാധാന കരാർ ഒപ്പുവച്ചതിനെത്തുടർന്ന് എണ്ണ വില താഴ്ന്നു. കരാറിലെത്തിയതിനെതുടർന്ന് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടുന്നപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള അസംസ്കൃത എണ്ണയുടെ ഒഴുക്ക് ക്രമേണ സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷകൾ വർധിക്കുകയും ആഗോള വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുകയും ചെയ്തു.
ഹോർമുസ് കടലിടുക്ക് വേഗം തുറന്ന് വിപണിയിൽ തടസപ്പെട്ടിരുന്ന എണ്ണ വിതരണം വേഗത്തിൽ പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷകൾക്കിടയിൽ ഇന്നലെ ഏഷ്യൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 2.3 ശതമാനം ഇടിഞ്ഞു. ബാരലിന് 77 ഡോളറിനടുത്തായി വ്യാപാരം നടത്തി.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 2.2 ശതമാനം വരെ താഴ്ന്ന് ബാരലിന് 77.82 ഡോളറിലും വെസ്റ്റ്് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ലുടിഐ) ക്രൂഡ് ഫ്യൂച്ചേഴ്സ് 2.5 ശതമാനം താഴ്ന്ന് 74.88 ഡോളറിലുമെത്തി. രണ്ടു കരാറുകളിലെയും എണ്ണ വില മാർച്ച് രണ്ടിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തി. ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തെത്തുടർന്ന് എണ്ണവിലയിൽ കുത്തനെയുള്ള വർധനയ്ക്കുശേഷമുണ്ടായ വലിയ ഇടിവാണിത്. യുദ്ധത്തിനിടെ ഏപ്രിൽ അവസാനം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലെത്തിയിരുന്നു.
എന്നാൽ, ഇതിനു തൊട്ടുമുമ്പത്തെ സെഷനിൽ ഇറാനുമായുള്ള കരാർ ഇതുവരെ അന്തിമമായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിക്കുകയും സൈനികനടപടി വീണ്ടും പുനരാരംഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തതോടെ എണ്ണ വില ചെറിയതോതിൽ ഉയർന്നിരുന്നു.
ഇന്നലത്തെ ഇടിവോടെ ക്രൂഡ് ഓയിൽവില കഴിഞ്ഞ ആറു സെഷനിൽ അഞ്ചിലും താഴ്ചയിലായി. ഈ ആഴ്ച 11 ശതമാനത്തിനടുത്താണ് വിലയിടിവുണ്ടായത്.
യുദ്ധപ്രതിസന്ധിയുണ്ടാക്കിയ തടസങ്ങൾ ഒഴിവായതോടെ പേർഷ്യൻ ഉൾക്കടലിലൂടെയുള്ള എണ്ണ കയറ്റുമതിയും കപ്പൽ ഗതാഗതവും എത്രവേഗം സാധാരണനിലയിലാക്കാൻ കഴിയുമെന്നതിലാണ് വിപണി ഇപ്പോൾ ശ്രദ്ധതിരിക്കുകയാണ്.
കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വേഗത്തിൽ തുറക്കുന്നതിന് വഴിയൊരുക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.ഇറാന്റെ ആണവകേന്ദ്രങ്ങളിലേക്ക് യുഎസും ഇസ്രയേലും ആക്രമണം നടത്തിയതിനെത്തുടർന്ന്് ഇറാൻ ഈ പാത അടച്ചു. പിന്നീട് ഈ ജലപാതയിൽ യുഎസും ഉപരോധം ഏർപ്പെടുത്തി.
Tags : Oil prices fallen