x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ വിപണിയിൽ മികവ്

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: August 2, 2026 10:40 PM IST | Updated: August 2, 2026 10:40 PM IST

പ്രതീകാത്മക ചിത്രം

പ​ശ്ചി​മേ​ഷ്യ​യെ പ്ര​തി​സ​ന്ധി​ലാ​ക്കി യു​എ​സ്എ ആ​ഗോ​ള ഓ​ഹ​രി വി​പ​ണി​ക​ളെ അ​മ്മാ​ന​മാ​ടു​ന്നു. ക​ന​ത്ത ത​ക​ർ​ച്ച​യി​ൽ നി​ന്നും ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ്‌ പി​ന്നി​ട്ട​വാ​രം ശ​ക്ത​മാ​യ തി​രി​ച്ചുവ​ര​വ്‌ കാ​ഴ്‌​ച്ച​വ​ച്ചു, നാ​ലു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​വാ​ര നേ​ട്ട​ത്തി​ലാ​ണു സൂ​ചി​ക​ക​ൾ. ജ​പ്പാ​ൻ, കൊ​റി​യ, സിം​ഗ​പ്പു​ർ, ചൈ​നീ​സ്‌ മാ​ർ​ക്ക​റ്റു​ക​ളം മി​ക​വ്‌ തെ​ളി​യി​ച്ചു. തൊ​ട്ട്‌ മു​ൻ വാ​രം ഏ​താ​ണ്ട്‌ എ​ല്ലാ വി​പ​ണി​ക​ളും ക​ന​ത്ത ത​ക​ർ​ച്ച​യി​ലാ​യി​രു​ന്നു.
പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നും പി​ന്നീ​ട്‌ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും മു​തി​രു​ന്ന യു​എ​സ് നി​ല​പാ​ട്‌ നി​ക്ഷേ​പ​ക​രെ മു​ൾ​മു​ന​യി​ലാ​ക്കി. ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ്‌ ര​ണ്ട​ര ശ​ത​മാ​നം മി​ക​വി​ലാ​ണ്. സെ​ൻ​സെ​ക്‌​സ്‌ 2035 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 617 പോ​യി​ന്‍റും വ​ർ​ധി​ച്ചു.

വാ​രാ​ന്ത്യം വി​പ​ണി​ക​ളി​ൽ ഉ​ണ​ർ​വ്‌ ക​ണ്ട്‌ രം​ഗം വി​ട്ട നി​ക്ഷേ​പ​ക​രെ ഞെ​ട്ടി​ക്കും വി​ധംപു​തി​യ പ്ര​സ്‌​താ​വ​ന​യു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് രം​ഗ​ത്ത്‌ എ​ത്തി. ഹോ​ർ​മൂ​സ്‌ തു​റ​ന്നി​ല്ലെ​ങ്കി​ൽ മ​ഹാ​യു​ദ്ധ​മെ​ന്ന പു​തി​യ നീ​ക്കം ഷോ​ർ​ട്ട്‌ പൊ​സി​ഷ​നു​ക​ളി​ൽ നി​ല​കൊ​ള്ളു​ന്ന യു ​എ​സ്‌ ഫ​ണ്ടു​ക​ൾ​ക്ക്‌ പ​ണം വാ​രാ​നു​ള്ള ത​ന്ത്ര​മാ​യും വി​ല​യി​രു​ത്താം. കു​ളം ക​ല​ക്കി മീ​ൻ​പി​ടി​ക്കു​ന്ന പ​ഴ​യ ത​ന്ത്രം ഇ​റ​ക്കു​ന്ന​തി​നാ​ൽ ക​രു​ത​ലോ​ടെ വി​പ​ണി​യെ സ​മീ​പി​ക്കു​ന്ന​താ​വും പ്രാ​ദേ​ശി​ക നി​ക്ഷേ​പ​ക​ർ​ക്കു ഗു​ണ​ക​രം.

നാ​ഴി​ക​യ്‌​ക്ക്‌ നാ​ല്പ​തു വ​ട്ടം വാ​ക്ക്‌ മാ​റ്റു​ന്ന​വ​ർ​ക്കി​ട​യി​ൽ വി​പ​ണി​യി​ൽ പ​യ​റ്റാ​ൻ ഇ​റ​ങ്ങു​മ്പോ​ൾ ച​ങ്കു​റ​പ്പ്‌ മാ​ത്രം പോ​രാ​താ​വും. അ​തേ​സ​മ​യം, ഒ​ന്ന്‌ ഇ​രു​ട്ടി വെ​ളു​ത്ത​പ്പോ​ൾ ഇ​റാ​ന് എ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ റ​ദ്ദാ​ക്കി​യെ​ന്ന യു ​എ​സ്‌ പ്ര​സി​ഡ​ന്‍റി​ന്‍റെ പു​തി​യ പ്ര​സ്‌​താ​വ​ന താ​ൻ ഇ​പ്പോ​ഴും ഒ​രു ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​നെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ്‌ ജൂ​ലൈ​യി​ൽ നേ​ട്ടം നി​ല​നി​ർ​ത്തി. കാ​ല​വ​ർ​ഷം അ​ല്പം വൈ​കി​യ​ത്‌ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ​ര​ത്തി. എ​ന്നാ​ൽ, മു​ൻ​നി​ര ഇ​ൻ​ഡ​ക്‌​സു​ക​ൾ ര​ണ്ട്‌ ശ​ത​മാ​നം പ്ര​തി​മാ​സ മി​ക​വി​ലാ​ണ്. കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഒ​ന്നാം പാ​ദ റി​പ്പോ​ർ​ട്ടു​ക​ളു​ടെ തി​ള​ക്ക​വും ക്രൂ​ഡ്‌ ഓ​യി​ൽ വി​ല കു​റ​യു​ന്ന​തും രൂ​പ​യു​ടെ തി​രി​ച്ചു​വ​ര​വും ഉ​ത്സ​വ സീ​സ​ണി​ൽ വി​പ​ണി​യെ സ​ജീ​വ​മാ​ക്കാം.

ക​ഴി​ഞ്ഞ പ​തി​നൊ​ന്ന്‌ വ​ർ​ഷ​ങ്ങ​ളി​ലെ ച​രി​ത്രം വി​ല​യി​രു​ത്തി​യാ​ൽ ആ​റ്‌ ത​വ​ണ ഓ​ഗ​സ്റ്റി​ൽ നേ​ട്ടം കൈ​വ​രി​ക്കാ​ൻ സെ​ൻ​സെ​ക്‌​സി​നും നി​ഫ്‌​റ്റി​ക്കു​മാ​യി. ഓ​രോ ഓ​ഗ​സ്റ്റി​ലും മൂന്ന്‌ ശ​ത​മാ​നം സൂ​ചി​ക വ​ർ​ധി​ച്ചു. തി​രി​ച്ച​ടി നേ​രി​ട്ട വ​ർ​ഷ​ങ്ങ​ളി​ൽ സൂ​ചി​ക ര​ണ്ട​ര ശ​ത​മാ​നം കു​റ​ഞ്ഞു. കാ​ല​വ​ർ​ഷം ക​നി​ഞ്ഞ​ത്‌ ക​ണ​ക്കി​ലെ​ടു​ത്താ​ൽ 20 വ​ർ​ഷ​ങ്ങ​ളി​ൽ 13 വ​ർ​ഷ​വും എ​ഫ്‌​എം​സി​ജി, ഓ​ട്ടോ​മൈാ​ബെ​ൽ വി​ഭാ​ഗം ഓ​ഹ​രി​ക​ൾ തി​ള​ങ്ങി.

ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ വ​രു​മാ​നം ഉ​യ​രു​ന്ന​ത്‌ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ളെ ആ​ശ്ര​യി​ച്ചാ​യ​തി​നാ​ൽ എ​ഫ്‌​എംസി​ജി വി​ഭാ​ഗ​മാ​ണ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്‌. കോ​വി​ഡി​നു ശേ​ഷ​മു​ള്ള കാ​ല​ഘ​ട്ടം പ​രി​ശോ​ധി​ച്ചാ​ൽ 2023 ഓ​ഗ​സ്റ്റി​ൽ നെ​ഗ​റ്റീ​വ് പ്ര​ക​ട​ന​മാ​യി​രു​ന്നു. അ​ന്നു സൂ​ചി​ക മൂ​ന്നു ശ​ത​മാ​നം ത​ള​ർ​ന്നു. പി​ന്നി​ട്ട ര​ണ്ട്‌ പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ഓ​ട്ടോ വി​ഭാ​ഗം ഒ​രു ഡ​സ​ൻ ത​വ​ണ ഓ​ഗ​സ്റ്റി​ൽ നേ​ട്ടം നി​ല​നി​ർ​ത്തി. ഓ​ട്ടോ സൂ​ചി​ക ശ​രാ​ശ​രി അ​ഞ്ച്‌ ശ​ത​മാ​ന​ത്തി​ല​ധി​കം മു​ന്നേ​റി.

ധ​ന​ന​യ അ​വ​ലോ​ക​ന​ത്തി​ന് റി​സ​ർ​വ്‌ ബാ​ങ്ക്‌ ഇ​ന്ന് ഒ​ത്തു​ചേ​രും. പ​ലി​ശ നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി​ക​ൾ​ക്കു സാ​ധ്യ​ത​യി​ല്ല. പ​ണ​പ്പെ​രു​പ്പ​ത്തെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ കു​റി​ച്ചും വി​ല​യി​രു​ത്ത​ൽ പ്ര​തീ​ക്ഷി​ക്കാം.

ഡോ​ള​റി​നെ​തി​രേ തി​ള​ങ്ങി രൂ​പ

ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ അ​തി​ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്‌. അ​ഞ്ച്‌ ആ​ഴ്‌​ച​ക​ളി​ലെ ത​ള​ർ​ച്ച​യ്‌​ക്ക്‌ ശേ​ഷം മൂ​ല്യം വ​ർ​ധി​ച്ച​ത്‌ വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ചു. രൂ​പ 96.55ൽനി​ന്നും ഒ​രു​ഘ​ട്ട​ത്തി​ൽ 95.26ലേ​ക്ക്‌ മി​ക​വ്‌ കാ​ണി​ച്ച ശേ​ഷം വാ​രാ​ന്ത്യം 95.38ലാ​ണ്. ഒ​റ്റ ആ​ഴ്‌​ച​യി​ൽ ഒ​രു രൂ​പ പ​തി​നേ​ഴു പൈ​സ​യാ​ണു തി​രി​ച്ചു​പി​ടി​ച്ച​ത്‌.

കു​തി​പ്പ് പ്ര​തീ​ക്ഷ​യി​ൽ നി​ഫ്റ്റി,സെ​ൻ​സെ​ക്സ്

നി​ഫ്‌​റ്റി സൂ​ചി​ക 23,767 പോ​യി​ന്‍റി​ൽ നി​ന്നും മി​ക​വോ​ടെ​യാ​ണു വ്യാ​പാ​രം തു​ട​ങ്ങി​യ​ത്. വാ​ങ്ങ​ൽ താ​ത്പ​ര്യം ശ​ക്ത​മാ​യ​തോ​ടെ സൂ​ചി​ക മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 24,145ലെ ​ആ​ദ്യ പ്ര​തി​രോ​ധം ത​ക​ർ​ത്ത്‌ മു​ന്നേ​റി​യെ​ങ്കി​ലും 24,524 ത​ട​സം ഭേ​ദി​ക്കാ​നാ​യി​ല്ല. വി​പ​ണി 24,427 പോ​യി​ന്‍റ് വ​രെ ഉ​യ​ർ​ന്നു, ക്ലോ​സിം​ഗി​ൽ 24,383 പോ​യി​ന്‍റി​ലാ​ണ്.

ഈ​ വാ​രം നി​ഫ്‌​റ്റി​യു​ടെ പ്ര​തി​രോ​ധം 24,576 – 24,769 പോ​യി​ന്‍റി​ലാ​ണ്. ഉ​യ​ർ​ന്ന റേ​ഞ്ചി​ൽ ലാ​ഭ​മെ​ടു​പ്പി​നു നീ​ക്കം ന​ട​ന്നാ​ൽ 24,041- 23,699 പോ​യി​ന്‍റി​ൽ താ​ങ്ങ്‌ പ്ര​തീ​ക്ഷി​ക്കാം. വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ പ​ല​തും വാ​ര​മ​ധ്യ​ത്തോ​ടെ ബ​യ​ർ​മാ​ർ​ക്ക്‌ അ​നു​കൂ​ല​മാ​യ​തു ബു​ള്ളി​ഷ്‌ മ​നോ​ഭാ​വ​ത്തി​ന് ആ​ക്കം​കൂ​ട്ടാം.

നി​ഫ്‌​റ്റി ഓ​ഗ​സ്റ്റ്‌ ഫ്യൂ​ച്ചേ​ഴ്‌​സ്‌ 23,875ൽ​നി​ന്നും 24,453ലേ​ക്ക്‌ ഉ​യ​ർ​ന്നു. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 81.9 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്നും 131 ല​ക്ഷം ക​രാ​റു​ക​ളാ​യി ഉ​യ​ർ​ന്ന​ത്‌ ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ വ​ര​വി​നെ സൂ​ചി​പ്പി​ക്കു​ന്നു. അ​തേസ​മ​യം, ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ 24,600ലെ ​പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യാ​ൽ മാ​സ​മ​ധ്യം 25,000നെ ​ല​ക്ഷ്യ​മാ​ക്കി നീ​ങ്ങും.

സെ​ൻ​സെ​ക്‌​സ്‌ മു​ൻ​വാ​ര​ത്തി​ലെ 76,059ൽ​നി​ന്നും 78,000 ക​ട​ന്ന്‌ 78,261 പോ​യി​ന്‍റ് വ​രെ കു​തി​ച്ചു. ഈ ​അ​വ​സ​ര​ത്തി​ലെ ലാ​ഭ​മെ​ടു​പ്പി​ൽ അ​ല്പം ത​ള​ർ​ന്ന്‌ ക്ലോ​സിം​ഗി​ൽ 78,094 പോ​യി​ന്‍റി​ലാ​ണ്. സൂ​ചി​ക​യു​ടെ ച​ല​ന​ങ്ങ​ൾ പ്ര​തി​ദി​ന ചാ​ർ​ട്ടി​ൽ വി​ല​യി​രു​ത്തി​യാ​ൽ 78,729ൽ ​ആ​ദ്യ പ്ര​തി​രോ​ധം, ഇ​ത്‌ മ​റി​ക​ട​ന്നാ​ൽ 79,364 റേ​ഞ്ചി​നെ ല​ക്ഷ്യ​മാ​ക്കും. വി​ദേ​ശ​ത്തുനി​ന്നും പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ 76,990 – 75,886 പോ​യി​ന്‍റി​ൽ സ​പ്പോ​ർ​ട്ടു​ണ്ട്‌. സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പാ​രാ​ബോ​ളി​ക്ക്‌ എ​സ്‌​എ​ആ​ർ തു​ട​ങ്ങി​യ​വ ബു​ള്ളി​ഷാ​യി.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ മൊ​ത്തം 7638.19 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു. ഒ​രു ദി​വ​സം അ​വ​ർ 1688.23 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 7251.69 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു, ഇ​തി​നി​ട​യി​ൽ അ​വ​ർ 1864.03 കോ​ടി​യു​ടെ ഓ​ഹ​രി വി​റ്റു.

ക്രൂ​ഡ് ഓ​യി​ൽ, സ്വ​ർ​ണ വി​ല ചാ​ഞ്ചാ​ട്ടം

മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്‌ അ​യ​വ്‌ ക​ണ്ട​തോ​ടെ രാ​ജ്യാ​ന്ത​ര ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ചാ​ഞ്ചാ​ട്ടി. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 102 ഡോ​ള​ർ വ​രെ ക​യ​റി​യ ശേ​ഷം 84 ഡോ​ള​റി​ലേ​ക്ക്‌ ഇ​ടി​ഞ്ഞു. വ്യാ​പാ​രാ​ന്ത്യം നി​ര​ക്ക്‌ 87.90 ഡോ​ള​റി​ലാ​ണ്.

അ​ന്താ​രാ​ഷ്‌​ട്ര സ്വ​ർ​ണ വി​ല ചാ​ഞ്ചാ​ടി. യു​എ​സ്‌ ഫെ​ഡ്‌ പ​ലി​ശ നി​ര​ക്കി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക ഫ​ണ്ടു​ക​ളെ പ​ല അ​വ​സ​ര​ത്തി​ലും ക​വ​റിം​ഗി​നു പ്രേ​രി​പ്പി​ച്ചു. ന്യൂ​യോ​ർ​ക്ക്‌ എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ട്രോ​യ്‌ ഔ​ൺ​സി​ന് 4052 ഡോ​ള​റി​ൽ ട്രേ​ഡിം​ഗി​നു തു​ട​ക്കംകു​റി​ച്ച സ്വ​ർ​ണം 3999ലേ​ക്ക്‌ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ 4119 ഡോ​ള​ർ വ​രെ ക​യ​റി. മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ സ്വ​ർ​ണം 4041 ഡോ​ള​റി​ലാ​ണ്.

Tags : Excellence IndianMarket StockMarket Sensex Nifty BSE NSE Crude Business

Recent News

Corehub Up