പ്രശാന്ത് കിഷോർ
പാറ്റ്ന: ബിഹാറിലെ ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ മൂന്നാം ഘട്ട വോട്ടെണ്ണലും പിന്നിട്ടപ്പോൾ ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിൻഹയ്ക്കെതിരെ മുന്നേറ്റം തുടരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 31 ഘട്ടങ്ങളുള്ള വോട്ടെണ്ണലിൽ മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ പ്രശാന്ത് കിഷോർ 5,032 വോട്ടുകൾ നേടി. ബിജെപിയുടെ നീരജ് കുമാർ സിൻഹ 3,870 വോട്ടുകൾ നേടിയിട്ടുണ്ട്. 1,162 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോറിന്റെ മുന്നേറ്റം. 767 വോട്ടുകളുമായി ആർജെഡി സ്ഥാനാർഥി രേഖ കുമാരിയാണ് മൂന്നാം സ്ഥാനത്ത്.
താൻ ഒരിക്കലും ഒരു സുരക്ഷിത സീറ്റ് തേടിപ്പോയിട്ടില്ലെന്നും, ബിഹാറിലെ വോട്ടർമാർ ജാതിക്കും മതത്തിനും അതീതമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്ന സന്ദേശം നൽകാനാണ് ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപൂർ തിരഞ്ഞെടുത്തതെന്നും പ്രശാന്ത് കിഷോർ മുമ്പ് വ്യക്തമാക്കിയിരുന്നു.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചാൽപൂർ എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും പുരോഗമിക്കുകയാണ്. ദതിയ നിയമസഭാമണ്ഡലത്തിൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപിയുടെ അശുതോഷ് തിവാരിയും കോൺഗ്രസ് സ്ഥാനാർഥി ഘനശ്യാം സിംഗും തമ്മിലാണ് ഇവിടെ നേരിട്ടുള്ള മത്സരം.
തുടർച്ചയായി മൂന്ന് തവണ മണ്ഡലം പ്രതിനിധീകരിച്ചിരുന്ന ബിജെപിയുടെ യോഗേഷ്ഭായ് നരന്ദാസ് പട്ടേലിന്റെ മരണത്തെത്തുടർന്നാണ് മഞ്ചാൽപൂരിൽ സീറ്റ് ഒഴിഞ്ഞുകിടന്നത്. ബിജെപിയുടെ മുൻ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ സതീഷ് ഗോവിന്ദ്ഭായ് പട്ടേലും, മുൻ മന്ത്രിയും ഗുജറാത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ഭികാഭായ് റബാരിയും തമ്മിലാണ് ഇവിടെ പ്രധാന മത്സരം.
രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. രാജ്യത്തെ യുവവോട്ടർമാരുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയായ ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ.
Tags : Deepika PrashantKishor Vote Bypoll