പ്രതീകാത്മക ചിത്രം
മൈസൂരു: കാവേരി നദീതട പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതോടെ തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതു സംബന്ധിച്ച് കർണാടകയിലുണ്ടായിരുന്ന ആശങ്കകൾക്ക് താത്കാലിക ആശ്വാസമായി.
തമിഴ്നാടിന് പ്രതിദിനം 3,500 ക്യുസെക്സ് വീതം വെള്ളം നൽകണമെന്ന കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശത്തിനെതിരേ കർണാടകയിൽ കർഷക പ്രതിഷേധം ശക്തമായിരുന്നു. അണക്കെട്ടുകളിൽ ജലനിരപ്പ് കുറവാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാൽ കാലവർഷം കനത്തതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു.
വയനാട്ടിലെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് മൈസൂരുവിലെ കബനി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയായ 2,284 അടിക്ക് തൊട്ടടുത്തെത്തി (2,281.43 അടി). ഇതേത്തുടർന്ന് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുകയും നദീതീരത്തുള്ളവർക്ക് പ്രളയ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കുടക് ജില്ലയിലെ ഹാരംഗി അണക്കെട്ടിലും ജലനിരപ്പ് പരമാവധി ശേഷിയോടടുത്തു. മാണ്ഡ്യയിലെ കെആർഎസ് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുത്തനെ വർധിച്ചിട്ടുണ്ട്.
മഴ ശക്തമായതോടെ അണക്കെട്ടുകൾ നിറഞ്ഞത് ആശ്വാസകരമാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. മൈസൂരു, മാണ്ഡ്യ, ബംഗളൂരു എന്നിവിടങ്ങളിലെയും തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെയും ജനങ്ങൾക്ക് ഈ മഴ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : HeavyRains Cauvery Karnataka-Tamil Nadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs