തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. ആഭ്യന്തര തദ്ദേശ സെക്രട്ടറിമാർ ഇന്ന് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകും. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഭാഗത്താണ് ഗുരുതര വീഴ്ചയെന്നാണ് വകുപ്പിന്റെ നിഗമനം.
സുഗതന് അവധിക്ക് വഴിയൊരുക്കിയതിൽ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. മന്ത്രി കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിര്‍പ്പ് മറികടന്നാണ് അണ്ടര്‍ സെക്രട്ടറി അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നൽകിയത്.
കാപ്പാ കേസിൽ ജയിലായ കൗണ്‍സിലർ സുഗതന്റെ അയോഗ്യത പ്രശ്നം മറികടക്കാൻ തിരുവനന്തപുരം മേയര്‍ ആയുധമാക്കിയത് ആഭ്യന്തരവകുപ്പിന്റെ മറുപടിക്കത്താണ്. അവധി അപേക്ഷ കൗണ്‍സിലിൽ വോട്ടിനിട്ട് പാസാക്കിയാൽ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നായിരുന്നു ഉപദേശം. ഇത് ഉയര്‍ത്തിക്കാട്ടി ആറു മാസത്തേക്ക് അവധി കൊടുത്ത് സുഗതനെ ബിജെപി ഭരണസമിതി രക്ഷിച്ചെടുത്തപ്പോൾ വെട്ടിലായത് യുഡിഎഫ് സര്‍ക്കാര്‍. ജയിൽ സൂപ്രണ്ട് മുഖേന മേയർ വി.വി. രാജേഷിനാണ് സുഗതൻ കത്ത് നൽകിയത്. ഇങ്ങനെ കത്ത് കൊടുത്ത വിവരം സൂപ്രണ്ട് ആഭ്യന്തര വകുപ്പിനെ അറിയിച്ചു.
Tags : Sugathan leave action erring official Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash