പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്.
മൂഴിയാർ ഡാം ഉടൻ തുറക്കുമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.
ഇതുമൂലം നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു.
കാലാവസ്ഥ മോശമായതിനാൽ കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മഴ ശക്തമായി തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ നിർദേശം. കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയാണ്.
Tags : Heavy rain Moozhiyar Dam open soon yellow alert Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash