ന്യൂഡൽഹി : രാജ്യത്തുടനീളം ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ വൻ വിദ്യാർഥിപ്രക്ഷോഭങ്ങൾ അരങ്ങേറിയതിനു പിന്നാലെ നടന്ന നിർണായക നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ബിഹാറിലെ ബാങ്കിപ്പുരിൽ അട്ടിമറി സൂചന.
മൂന്നു പതിറ്റാണ്ടായി ബിജെപിയുടെ ഉറച്ച കോട്ടയായ ഇവിടെ പ്രശസ്ത തെരഞ്ഞെടുപ്പു തന്ത്രജ്ഞനും ജൻസുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോറാണു മുന്നിൽ. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തുന്ന പ്രശാന്ത് കിഷോർ, ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിൻഹയേക്കാൾ ആറായിരത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് നിലവിൽ മുന്നേറുന്നത്.
വലിയ രാഷ്ട്രീയ ചർച്ച
243 അംഗ ബിഹാർ നിയമസഭയിലെ ഭരണസമവാക്യങ്ങളെ ഉപതെരഞ്ഞെടുപ്പുഫലം നേരിട്ടു ബാധിക്കില്ലെങ്കിലും ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ പ്രശാന്ത് കിഷോറിനു സാധിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ബാങ്കിപ്പുരിൽ ഇക്കുറി 34.24 ശതമാനം വോട്ടിംഗ് മാത്രമാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 41.45 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടിംഗിൽ ഏഴു ശതമാനത്തോളം കുറവുണ്ടായി.
ബിജെപിയിലെ ആഭ്യന്തര ആശയക്കുഴപ്പങ്ങളും ജാതി-മത സമവാക്യങ്ങൾക്കതീതമായി പ്രശാന്ത് കിഷോർ ഉയർത്തിയ വികസനനിലപാടുകളുമാണ് ബാങ്കിപ്പുരിനെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കിയത്. ജനപിന്തുണയെ തെരഞ്ഞെടുപ്പു വിജയമാക്കി മാറ്റാനുള്ള ജൻ സൂരാജ് പാർട്ടിയുടെ ശേഷിക്കുള്ള നിർണായക പരീക്ഷണമായാണ് രാഷ്ട്രീയനിരീക്ഷകർ ഇതിനെ വീക്ഷിക്കുന്നത്.
ദാതിയയിൽ കോൺഗ്രസും മഞ്ചൽപുരിൽ ബിജെപിയും
ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസും ഗുജറാത്തിലെ മഞ്ചൽപുരിൽ ബിജെപിയുമാണ് മുന്നിൽ. തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതി ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടതിനാലാണ് ദാതിയ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻ എംഎൽഎയും രാജകുടുംബാംഗവുമായ കുൻവർ ഘൻശ്യാം സിംഗ് (കോൺഗ്രസ്), പുതുമുഖമായ അശുതോഷ് തിവാരി (ബിജെപി) എന്നിവർ തമ്മിലാണ് നേർക്കുനേർ പോരാട്ടം. മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രയ്ക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പാർട്ടിക്കുള്ളിലെ അമർഷവും പ്രതിഷേധങ്ങളുമാണ് ബിജെപിക്കു തിരിച്ചടിയായത്.
അതേസമയം, ഗുജറാത്തിലെ മഞ്ചൽപുരിൽ തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്ക് സംരക്ഷിച്ച് ബിജെപി കൂറ്റൻ വിജയത്തിലേക്കു കുതിക്കുകയാണ്. എട്ടു തവണ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിർന്ന നേതാവ് യോഗേഷ് പട്ടേലിന്റെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബിജെപി സ്ഥാനാർഥി സതീഷ് പട്ടേൽ മുന്നിലാണ്. കോൺഗ്രസ് വൈസ് പ്രസിഡന്റ് ഭിഖാഭായ് റബാരിയാണു എതിർസ്ഥാനാർഥി.