ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇതുവരെ അരങ്ങേറിയ മത്സരങ്ങളില്വച്ച് ഏറ്റവും ആവേശോജ്വല പോരാട്ടത്തിനായിരുന്നു ഡാളസ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ആറ് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തിന്റെ ഒരു സെക്കന്‍ഡ് പോലും ആരാധകര്‍ക്കു ബോറടിച്ചില്ലെന്നതായിരുന്നു ശ്രദ്ധേയം. സെമി ഫൈനല്‍ പോരാട്ടത്തിന്റെ ക്വാളിറ്റിയിലുള്ളൊരു മത്സരം. ക്യാപ്റ്റന്‍ ഹാരി കെയ്ന്റെ ഇരട്ടഗോള്‍ ബലത്തില്‍ ഇംഗ്ലണ്ട് 4-2നു ക്രൊയേഷ്യയെ കീഴടക്കി. ഇതില്‍ നാലു ഗോളും ആദ്യപകുതിയിലായിരുന്നു പിറന്നത്.
ത്രില്ലര്‍ ഹാഫ്
70,389 കാണികളാണ് എടി&ടി സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ തിങ്ങിനിറഞ്ഞത്. ഇതില്‍ സിംഹഭാഗവും ത്രീ ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിന്റെ ആരാധകര്‍. ഇംഗ്ലീഷുകാരുടെ ആര്‍പ്പുവിളിക്കിടെ കിക്കോഫ്. ഇംഗ്ലണ്ട് 4-3-2-1 എന്ന നിലയില്‍ ക്യാപ്റ്റന്‍ ഹാരി കെയ്നെ മുന്‍നിര്‍ത്തി ഇറങ്ങി. 3-4-3 എന്ന ശൈലിയായിരുന്നു ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ സ്വീകരിച്ചത്. ഇംഗ്ലീഷ് ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ക്രൊയേഷ്യന്‍ ബോക്സിനുള്ളില്‍വച്ച് ലൂക്ക മോഡ്രിച്ചിന്റെ ഫൗള്‍.
നോനി മഡൂകെ പന്തിനായി മൂന്നോട്ട് ആഞ്ഞപ്പോള്‍ ബ്ലോക്ക് ചെയ്യാന്‍ മോഡ്രിച്ച് നടത്തിയ ശ്രമമാണ് ഫൗളില്‍ കലാശിച്ചത്. റഫറി പെനാല്‍റ്റി വിധിച്ചു. ഹാരി കെയ്ന്‍ എടുത്ത ആദ്യ കിക്ക് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമിനിക്ക് ലിവാകോവിച്ച് തടഞ്ഞു. എന്നാല്‍, വിഎആറിലൂടെ ഇംഗ്ലണ്ടിനു വീണ്ടും പെനാല്‍റ്റി. ഇത്തവണ ഹാരി കെയ്നു പിഴച്ചില്ല. പന്ത് പോസ്റ്റിന്റെ ഇടത് മൂലയില്‍.
36-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ തിരിച്ചടി.
പീറ്റര്‍ സൂസിക്കിന്റെ അസിസ്റ്റില്‍ മാര്ട്ടിന് ബതുറിന എടുത്ത ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോഡിനെയും കടന്നു വലയില്‍. 42-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മറുപടി. ഡെക്ലാന് റൈസിന്റെ ഉജ്വല കോര്‍ണര്‍ കിക്ക് ക്രൊയേഷ്യന്‍ പെനാല്‍റ്റി ബോക്സിനുള്ളിലേക്കു വളഞ്ഞിറങ്ങി. ഉയര്‍ന്നു ചാടിയ ഹാരി കെയ്ന്റെ ക്ലിനിക്കല്‍ ഹെഡര്‍ ക്രൊയേഷ്യന്‍ വല കുലുക്കി.
ക്രൊയേഷ്യന്‍ മറുപടി ഉടനെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+5) പീറ്റര്‍ മൂസയുടെ ഉജ്വല ഫിനിഷിംഗ്. പലാസിക്കിന്റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് മൂസയ്ക്കു കൈമാറി. മൂസയുടെ വോളി പിക്ക്ഫോര്‍ഡിന്റെ കണക്കുകള്‍ക്കപ്പുറത്തായിരുന്നു. പന്ത് വലയില്‍. അതോടെ ത്രില്ലര്‍ ഹാഫിന് 2-2 സമനിലയില്‍ വിരാമം.
ഹായ് ജൂഡ്
മത്സരത്തിന്റെ 47-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗം ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. മൈതാനത്തിന്റെ കോര്‍ണറില്‍നിന്ന് എലിയട്ട് ആന്ഡേഴ്സണ് പന്ത് മഡൂകെയുടെ പാകത്തിനു നല്കി. എന്നാല്‍, പന്ത് നിയന്ത്രണത്തിലാക്കിയ ജൂഡ് ബെല്ലിങ്ഗം ബോക്സിനുള്ളില്‍ കടക്കുകയും പന്ത് വലയുടെ ഇടത് താഴേത്തട്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. 58-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിനെ പിന്‍വലിച്ച് മാത്യു കൊവാസിച്ചിനെ ക്രൊയേഷ്യ കളത്തിലെത്തിച്ചു.
എന്നാല്‍, ഇംഗ്ലണ്ടിന്റെ ആക്രമണം കടുത്തതായിരുന്നു. 72-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോഡ്, ബുക്കായൊ സാക്ക എന്നിവരെ ഇംഗ്ലണ്ട് കളത്തിലിറക്കി. ഇംഗ്ലീഷ് കോച്ച് തോമസ് ടൂഹെലിന്റെ ഈ നീക്കമായിരുന്നു ടീമിന്റെ നാലാം ഗോളിനു വഴിവച്ചത്. 85-ാം മിനിറ്റില്‍ സാക്കയുടെ അസിസ്റ്റില്‍ മാര്‍ക്കസ് റാഷ്ഫോഡ് ഗോള്‍ സ്വന്തമാക്കി. അതോടെ 4-2ന്റെ ആധികാരിക ജയവുമായി ഇംഗ്ലണ്ട് മൈതാനംവിട്ടു.
ക്വാളിറ്റി കളി
ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും ക്വാളിറ്റിയുള്ള മത്സരമായിരുന്നു ഇംഗ്ലണ്ട് x ക്രൊയേഷ്യ എന്നു നിസംശയം പറയാം. ആദ്യ പകുതിയില്‍ ഇരുടീമും ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ചു. എന്നാല്‍, രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ഡിഫെന്സിലേക്കു പിന്‍വലിഞ്ഞു.
ഇരുടീമിലെയും കളിക്കാര്‍ അലക്ഷ്യമായി അവസരങ്ങള്‍ കളഞ്ഞില്ല. മിസ് പാസുകള്‍ ഇല്ലായിരുന്നു എന്നതും ശ്രദ്ധേയം. ഇതെല്ലാമാണ് മത്സരത്തിന്റെ ക്വാളിറ്റി വര്‍ധിപ്പിച്ചത്. ഇംഗ്ലീഷ് ആരാധകരുടെ ആവേശം ഏറ്റെടുത്ത് ഞാനും ഇരിപ്പിടം വിട്ടു...