വത്തിക്കാൻ സിറ്റി: പൗരസ്ത്യ കത്തോലിക്കാസഭകളുടെ പാരന്പര്യങ്ങൾ ശ്രേഷ്ഠമാണെന്നും അവയെ മനസിലാക്കാൻ പരാജയപ്പെടുന്നത് സാർവത്രികസഭയ്ക്കു ദോഷം ചെയ്യുമെന്നും ലെയോ പതിനാലാമൻ മാർ പാപ്പ.
പൗരസ്ത്യ സഭകൾക്കായുള്ള സഹായ ഏജൻസികളുടെ കൂട്ടായ്മയിലെ അംഗങ്ങളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണു മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വിശാലമായ ആഗോളസഭയ്ക്ക് പലപ്പോഴും അജ്ഞാതമായി സമ്പന്നമായ വൈവിധ്യമാണ് ഈ സഭകൾ നൽകുന്നതെന്നും മാർപാപ്പ ഓർമിപ്പിച്ചു.
""മുഴുവൻ കത്തോലിക്കാസമൂഹത്തിനും നൽകാൻ പൗരസ്ത്യ കത്തോലിക്കാസഭകൾക്ക് വലിയൊരു സമ്മാനമുണ്ട്. തങ്ങളുടെ ഇടയിലുള്ള വൈവിധ്യമാർന്ന സഭാപാരമ്പര്യങ്ങളെക്കുറിച്ച് പലപ്പോഴും കത്തോലിക്കാസമൂഹം അറിവുള്ളവരല്ല.
ക്രൈസ്തവ പൗരസ്ത്യത്തെ മനസിലാക്കിയാൽ മാത്രമേ അതിനെ സംരക്ഷിക്കാൻ കഴിയൂ. ആ ധാരണ നഷ്ടപ്പെടുന്നത് സഭയെ ദരിദ്രമാക്കും. പൗരസ്ത്യ കത്തോലിക്കാസമൂഹങ്ങൾ ആത്മീയ സമ്പത്തുക്കളിൽ പലതും കാത്തുസൂക്ഷിക്കുകയും ഓർത്തഡോക്സ് സഭകളിലെ തങ്ങളുടെ സഹോദരങ്ങളുമായി അവ പങ്കിടുകയും ചെയ്യുന്നു’’-മാർപാപ്പ പറഞ്ഞു. പൗരസ്ത്യദേശങ്ങളിൽ സമാധാനത്തിനായി പ്രാർഥിക്കാമെന്നും മാർപാപ്പ പറഞ്ഞു.
Tags : tradition of the Eastern Churches