മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കുനേരേ യുക്രെയ്ൻ നടത്തിയ വൻ ഡ്രോണാക്രമണത്തിൽ വ്യാപക നാശനഷ്ടം. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് യുക്രെയ്ൻ മോസ്കോയിൽ നടത്തിയത്.
ആക്രമണത്തെത്തുടർന്ന് മോസ്കോയിലെ പ്രധാനവിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് റഷ്യയിലെ എണ്ണശുദ്ധീകരണശാലയ്ക്കു നേരേ യുക്രെയ്ൻ ആക്രമണം നടത്തുന്നത്. യുക്രെയ്ൻ അയച്ച 555 ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 200ഓളം ഡ്രോണുകൾ മോസ്കോ നഗരത്തെ ലക്ഷ്യമാക്കിയാണ് എത്തിയതെന്നും മന്ത്രാലയം അറിയിച്ചു.
മോസ്കോയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള എണ്ണശുദ്ധീകരണശാലയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതെന്നു മോസ്കോ മേയർ സെർജി സൊബയാനിൻ അറിയിച്ചു. മോസ്കോ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ധനമെത്തിക്കുന്ന പ്രധാനകേന്ദ്രങ്ങളിലൊന്നാണിത്.
റഷ്യക്കുള്ളിലെ സൈനിക, ഊർജ, വ്യവസായിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നത് യുക്രെയ്ൻ അടുത്തിടെ വർധിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ യുദ്ധസന്നാഹങ്ങളുടെ പ്രധാനസോത്രസായ ഇന്ധന ഉത്പാദനം പൂർണമായി തടസ്സപ്പെടുത്തുകയാണ് യുക്രെയ്ന്റെ ലക്ഷ്യം.
Tags : Ukraine suffers major attack Moscow