കൊല്ലം: കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ പോലീസ് ആരംഭിച്ച ‘ഓപ്പറേഷന് തൂഫാന്' പദ്ധതി പ്രകാരം, കൊല്ലം ജില്ലയില്‍ വിവിധ പരിശോധനകളിലായി നാനൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ലഹരി-മദ്യ ഉത്പന്നങ്ങള്‍ പിടികൂടുകയും ചെയ്തതായി പോലീസ് അറിയിച്ചു.
തൂഫാന് പദ്ധതി നടപ്പിലാക്കുന്നതില്‍ പോലീസിനു വലിയ മുന്നേറ്റമുണ്ടാക്കാനായതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലഹരി വേട്ടയ്ക്കിറങ്ങുന്ന പോലീസ് സംഘത്തിന് വിവരങ്ങള്‍ കൈമാറാന്‍ ഓരോ സ്റ്റേഷനിലും രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാരെയും വിവരങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് എസ്ഐമാരെയും പ്രത്യേകം നിയോഗിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോടതികളിലും ആശുപത്രികളിലും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് കൂടുതല്‍ ശ്രദ്ധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പോലീസിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ലഹരിമാഫിയകള്ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് മരുന്നുകളുടെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്കുന്നതിനോടൊപ്പം സാധാരണക്കാര്‍ക്ക് പൂര്‍ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
400 കേസുകള്‍; 400 അറസ്റ്റ്
റൂറല്‍, സിറ്റി പോലീസ് ജില്ലകള്‍ക്ക് കീഴില്‍ ഏകദേശം 400 കേസുകളും അത്രയും തന്നെ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് തൂഫാന് സംഘവുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. കൊല്ലം റൂറല്‍ ജില്ലയില്‍ മാത്രം ജൂണ്‍ 15 വരെ 177 കേസുകളില്‍ 181 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 428 ഗ്രാം കഞ്ചാവും 16 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്.
ഇവയില്‍ ഭൂരിഭാഗവും ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെച്ചതിനും പൊതുസ്ഥലങ്ങളില്‍ ലഹരി ഉപയോഗിച്ചതിനുമെതിരെയുള്ള കേസുകളാണ്. കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും അനധികൃത മദ്യവില്പനക്കാരെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്.
ഓപ്പറേഷന്റെ ഭാഗമായി കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ റെയ്ഡില്‍ 20 ലിറ്ററിലധികം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും സമീപ പ്രദേശമായ പത്തനാപുരത്ത് നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരി പദാര്‍ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊല്ലത്ത് വ്യാപാരികളെ ലക്ഷ്യമിട്ടുള്ള വലിയ സിന്തറ്റിക് ഡ്രഗ് വേട്ടകള്‍ കുറവാണെങ്കിലും എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്.
യുവാക്കള്‍ക്ക് കൗണ്‍സലിംഗ്
നിയമപ്രകാരം ഒരു കിലോഗ്രാം വരെയുള്ള കഞ്ചാവ് കൈവശം വെക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അതുകൊണ്ട് തന്നെ, ചെറിയ അളവില്‍ ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്ന ചെറുപ്പക്കാരെ കൗണ്‍സിലിംഗിലൂടെയും എക്സൈസ് വകുപ്പിന്റെ ‘വിമുക്തി' പദ്ധതിയിലൂടെയും ലഹരിയുടെ പിടിയില്‍നിന്നു മോചിപ്പിക്കാനുള്ള കര്‍ശനമായ തിരുത്തല്‍ നടപടികള്‍ക്കും പോലീസ് മുന്‍ഗണന നല്‍കുന്നുണ്ട്. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ലഹരി ഒഴുക്കും പ്രാദേശിക വിതരണക്കാരെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ സുരക്ഷാ പദ്ധതിക്ക് പൊതുജനങ്ങളില്‍ നിന്നു വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പോലീസിന്റെ പ്രവര്‍ത്തനം പോരെന്ന് എന്‍ജിഒകള്‍
മയക്കുമരുന്നിനും ലഹരി വ്യാപനത്തിനുമെതിരേ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ ജില്ലയില്‍ പോലീസിന്റെ പ്രവര്‍ത്തനം പോരെന്ന് കുറ്റപ്പെടുത്തുന്നു.
പിടിക്കുന്ന കേസുകളുടെ വിവരങ്ങള്‍വച്ച് കൊട്ടിഘോഷിക്കലും വാര്‍ത്ത നല്‍കലും നടക്കുന്നുണ്ടെങ്കിലും അവയെല്ലാം വളരെ നിസാര കേസുകളാണെന്നും അന്വേഷണത്തിനും നടപടിക്കും ഒട്ടും വേഗം പോരെന്നുമാണ് മിക്ക എന്‍ജിഒകളും പറയുന്നത്.
ലഹരിവിരുദ്ധ വേട്ടകള്‍ക്ക് ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കാപ്റ്റന്‍സ് സോഷ്യല്‍ ഫൗണ്ടേഷന്, വിവിധ സഭാ-സാമുദായിക സംഘടനകള്‍ നേതൃത്വം നല്കുന്ന ലഹരി വിമോചന സമിതികള്‍ തുടങ്ങിയ സന്നദ്ധസംഘടനകള്‍ വലിയ രീതിയിലുള്ള പ്രാദേശിക പിന്തുണയും വിവരശേഖരണ സഹായവും നല്‍കിവരുന്നുണ്ട്.
ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട് പോലീസിനു വിവരം ലഭിക്കുന്നുണ്ടെങ്കിലും റെയ്ഡു നടത്താനോ പ്രതികളെ പിന്തുടര്ന്ന് വലിയ സംഘങ്ങളിലേക്കെത്താനോ പോലീസിനു ശുഷ്കാന്തി പോര. കഞ്ചാവും സിന്തറ്റിക്ക് മയക്കുമരുന്നും കേരളത്തിലെത്തുന്നത് മറ്റുസംസ്ഥാനങ്ങളില്നിന്നാണ്. അത് പോലീസും സമ്മതിക്കുന്നു.
ട്രെയിനുകളിലും അന്തര്‍സംസ്ഥാന ബസുകളിലുമായാണ് ഇവയെത്തുന്നത്. എന്നാല്‍, ജില്ലയില്‍ ട്രയിനുകളിലും അന്തര്‍സംസ്ഥാന ബസുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കാര്യമായ പരിശോധനകള്‍ നടത്തുന്നില്ലെന്നും എന്‍ജിഒകള്‍ കുറ്റപ്പെടുത്തുന്നു. കര്‍ണാടക പോലുള്ള അന്യസംസ്ഥാന നഗരങ്ങളില്‍നിന്നു ട്രെയിനുകളിലും സ്വകാര്യ വാഹനങ്ങളിലുമായി പാര്‍ട്ടി ഡ്രഗ്സായ എംഡിഎംഎ എത്തിക്കുന്ന വലിയ ശൃംഖലകളിലെ കണ്ണികള്‍ ജില്ലയില്‍ സജീവമാണെന്നു പോലീസ് പറയുന്നു.
പേരിന് ചില അറസ്റ്റല്ലാതെ ശൃംഖല തകര്‍ക്കുന്ന നടപടികളൊന്നും പോലീസ് എടുത്തിട്ടില്ലെന്ന ആക്ഷേപവും നിലനില്ക്കുന്നു.
വാഹനപരിശോധനയും ഡ്രോപ് പോയിന്റിലെ പരിശോധനയും ശോകം
മറ്റു സംസ്ഥാനങ്ങളില്‍നിന്നു ജില്ലയിലെത്തുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് വാഹന പരിശോധനയിലൂടെയാണ്. എന്നാല്‍ അക്കാര്യത്തില്‍ പോലീസിനു വലിയ താത്പര്യമില്ലെന്നാണ് ആക്ഷേപം.
കൃത്യമായ വിവരം ലഭിച്ചിട്ടും വാഹനങ്ങള്‍ പരിശോധിക്കുന്നതില്‍ നടപടിയില്ല. മയക്കുമരുന്നു കേസുകളില്‍ ഏറ്റവും പ്രധാനപ്പെട്ട വിവരം ലഭിക്കുന്നത് ഫോണുകളിലൂടെയാണ്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ഫോണ്‍ നമ്പറുകള്‍ കേന്ദീകരിച്ച് അന്വേഷണം നടത്തിയാല്‍പ്പോലും ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ഫലമുണ്ടാവും. പക്ഷേ, അക്കാര്യത്തിലും പോലീസ് മെല്ലപ്പോക്കു നയമാണു പിന്തുടരുന്നതെന്നു നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.
ജില്ലയില്‍ എത്തിച്ച് ചില്ലറ വിപണനക്കാര്‍ക്ക് ലഹരി വസ്തുക്കള്‍ കൈമാറുന്നത് പിടിച്ചാല്‍ത്തന്നെ വലിയ നേട്ടമാണ്. എന്നാല്‍ അതിനു പകരം വളരെ ചെറിയ അളവുമാത്രം കൈവശം വയ്ക്കുന്ന ചില്ലറക്കാരെ പിടിക്കാനാണ് പോലീസിനിഷ്ടം. കാരണം റിസ്ക് കുറവാണല്ലോ.
ആള്ത്തമസമില്ലാത്ത വീടുകളിലും കെട്ടിടങ്ങളിലും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ലഹരിവസ്തുക്കള്‍ സൂക്ഷിക്കുന്നതാണ് ലഹരിക്കടത്തു സംഘം പുതിയതായി പരീക്ഷിക്കുന്ന രീതിയെന്നാണ് പോലീസ് പറയുന്നത്.
ഡ്രോപ് പോയിന്റ് എന്നാണ് പോലീസ് ഇത്തരം സ്ഥലങ്ങളെ വിശേഷിപ്പിക്കുന്നത്. കെട്ടിടങ്ങളുടെ ഭിത്തികളില്‍ രൂപപ്പെട്ടിരിക്കുന്ന സുഷിരങ്ങളില്‍ ലഹരിവസ്തുക്കള്‍ ആരുടേയും കണ്ണില്‍പ്പെടാതെ സൂക്ഷിക്കാമല്ലോ. ഡ്രോപ് പോയിന്റുകള്‍ കണ്ടത്താനുള്ള പരിശോധനകള്‍ നടത്തുന്നതിലും ഇത്തരത്തില്‍ രഹസ്യ വിവരം ലഭിച്ചാല്‍ നടപടിയെടുക്കുന്നതിലും പോലീസ് പിന്നോക്കം പോവുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്. ഇത്തരം കേസുകളില്‍ പ്രേദേശവാസികളാണ് പോലീസിനു വിവരം നല്‍കാറുള്ളത്.
ഇത്തരം വിവരം നല് നല്കിയാലും പലപ്പോഴും പോലീസ് എത്താന്‍ വൈകാറുണ്ടെന്നാണു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. മിക്കപ്പോഴും പ്രതികള്‍ രക്ഷപ്പെട്ട ശേഷമാവും പോലീസ് സ്ഥലത്തെത്താറെന്നും നാട്ടുകാര്‍ പറയുന്നു.
മയക്കുമരുന്ന് കേസുകൾ
കൊല്ലം ജില്ലയില്‍ 2025-2026 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകളുടെ വിവരങ്ങള്എക്സൈസ് വകുപ്പിന്റെ മാത്രം കണക്കുകള്‍ പ്രകാരം കേസുകളുടെ എണ്ണം: 1,083 കേസുകള്‍.
അറസ്റ്റിലായവര്‍: ആകെ 1,172 പ്രതികളില്‍, 1,118 പേരെ അറസ്റ്റ് ചെയ്തു. 2024-ല്‍ ജില്ലയില്‍ 676 കേസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2025 ആയപ്പോഴേക്കും കേസുകളുടെ എണ്ണത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവുണ്ടായത്.
പിഴ 19 ലക്ഷത്തിലേറെ
കഞ്ചാവ്-188.495 കിലോഗ്രാം (കൂടാതെ 96 കഞ്ചാവുചെടികള്‍ നശിപ്പിച്ചു), എംഡിഎംഎ- 514.670 ഗ്രാം, മെത്താംഫെറ്റാമിന്‍- 61.903 ഗ്രാം, ബ്രൗണ്‍ ഷുഗര്‍- 49.801 ഗ്രാം, ഹൈബ്രിഡ് കഞ്ചാവ്- 41.137 ഗ്രാം, നൈട്രോസെപാം ഗുളികകള്‍- 236.152 ഗ്രാം, ഹെറോയിന്‍- 6.4 ഗ്രാം, എല്‍എസ്ഡി- 0.089 ഗ്രാം, പുകയില ഉത്പന്നങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട് 9,940 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഏകദേശം 19.88 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
‘ജ്വാല 2026' വനിതാസംഗമം ഇന്ന്
കൊല്ലം: കേരളത്തെ ലഹരിമുക്തമാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ജനകീയ ദൗത്യമായ ഓപ്പറേഷന് തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ‘ജ്വാല 2026' വനിതാസംഗമം ഇന്ന് വൈകുന്നേരം നാലിന് കൊല്ലം കോര്പറേഷന് ടൗണ്‍ ഹാളില്‍ നടക്കും.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും.
Tags : nattu vishesham thufan kerala police