മലപ്പുറം ആസൂത്രണ സമിതി ഹാളിൽ ചേർന്ന എംപി ഫണ്ട് വിനിയോഗ അവലോകന യോഗത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപി സംസാരിക്കുന്നു. കളക്ടർ ഡോ. വിനയ് ഗോയൽ സമീപം.
മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപിയും കളക്ടർ ഡോ. വിനയ് ഗോയലും കർശന നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ മലപ്പുറം ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിലാണ് വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്.
2024-25, 2025-26 സാന്പത്തിക വർഷങ്ങളിലായി ആകെ 219 പ്രവൃത്തികളാണ് (പ്രതീക്ഷിക്കുന്ന ചെലവ്: 1,151.60 ലക്ഷം) ശിപാർശ ചെയ്തിട്ടുള്ളത്. ഇതിൽ 136 പ്രവൃത്തികൾക്ക് ഒൗദ്യോഗികമായി ഭരണാനുമതി (766.09 ലക്ഷം) ലഭിച്ചു. എന്നാൽ ഇതിൽ ഒന്പതു പദ്ധതികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ബാക്കി 127 പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പട്ടികജാതി മേഖലകളുടെ വികസനത്തിനായി ശിപാർശ ചെയ്ത 55 പ്രവൃത്തികളിൽ 13 എണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. ഇതിൽ മൂന്നു പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായത്.
എംപി ഫണ്ടിൽനിന്ന് ലഭ്യമായ 1639 ലക്ഷം രൂപയിൽ ഭരണാനുമതി ലഭിച്ച പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാനും സാങ്കേതിക തടസങ്ങൾ നീക്കി ബാക്കി പ്രവൃത്തികൾക്ക് വേഗത്തിൽ അനുമതി ലഭ്യമാക്കാനും യോഗം നിർദേശിച്ചു. ആകെ ശിപാർശ ചെയ്ത 219 പ്രവൃത്തികളിൽ 127 എണ്ണം നിലവിൽ പുരോഗമിക്കുകയാണ്. പട്ടികജാതി മേഖലകളിലെ വികസന പ്രവൃത്തികൾ അടക്കം വികസന ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഉദ്യോഗസ്ഥർ കാര്യക്ഷമമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇ-സാക്ഷി പോർട്ടൽ വഴി കൃത്യമായ ഏകോപനം ഉറപ്പാക്കണമെന്നും നിലവിൽ പുരോഗമിക്കുന്ന 127 പ്രവൃത്തികളും യാതൊരു കാരണവശാലും വൈകിക്കാതെ നിശ്ചിത സമയത്തിനുള്ളിൽ തീർത്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.വി. ഷാജു, ഫിനാൻസ് ഓഫീസർ ഇ. പ്രസീത എന്നിവരും മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കാൻ കർശനമായ സമയപരിധി നിശ്ചയിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചു.
Tags : Nattuvishesham District News