കെഎസ്ആർടിസി
പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സേവനം ഉപയോഗപ്പെടുത്തിയത് പെരിന്തല്‍മണ്ണയില്‍.
പദ്ധതിക്ക് തുടക്കം കുറിച്ച ജൂണ്‍ 15 മുതല്‍ ജൂലൈ 14 വരെയുള്ള കണക്കുകകള്‍ പ്രകാരം 2,63,128 വനിതാ യാത്രക്കാരാണ് പെരിന്തല്‍മണ്ണയില്‍ പ്രിയദര്‍ശിനിയില്‍ യാത്ര നടത്തിയത്.
യാത്രക്കാരുടെ എണ്ണം നോക്കിയാല്‍ ജില്ലയില്‍ പെരിന്തല്‍മണ്ണ ഡിപ്പോക്കാണ് ഒന്നാം സ്ഥാനം. യാത്രക്കാരുടെ എണ്ണത്തില്‍ മാത്രമല്ല, സീറോ ടിക്കറ്റ് വഴിയുള്ള കളക്ഷനിലും 89,09,363 രൂപയുമായി പെരിന്തല്‍മണ്ണ ഡിപ്പോ തന്നെയാണ് മുന്നില്‍. ഇവിടെനിന്നുള്ള ദീര്‍ഘദൂര ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് പെരിന്തല്‍മണ്ണയ്ക്ക് നേട്ടം സമ്മാനിച്ചത്.
വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ ജില്ലയില്‍ രണ്ടാമത് പൊന്നാനി ഡിപ്പോയാണ്. ഒരു മാസത്തിനിടെ ജില്ലയിലാകെ 9.11 ലക്ഷം വനിതകളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. ഇതിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട ആകെ സീറോ ടിക്കറ്റ് കളക്ഷന്‍ 2.9 കോടി രൂപയാണ്. ഇതില്‍ വലിയൊരു പങ്കും പെരിന്തല്‍മണ്ണ ഡിപ്പോയുടെ സംഭാവനയാണ്.
Tags : Nattuvishesham District News