കരുവേലിപ്പടി ആശുപത്രി പരിസരത്ത് വിലസുന്ന തെരുവുനായ്ക്കൾ.
ഫോര്‍ട്ടുകൊച്ചി: കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സിന് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ മടങ്ങുകയായിരുന്ന നേഴ്സിംഗ് അസിസ്റ്റന്റ് റഷീദി(59)നെയാണ് ആശുപത്രി വളപ്പില്‍ പ്രസവിച്ച് കിടക്കുകയായിരുന്ന നായ അക്രമിച്ചത്. റഷീദിന്റെ കാലിനാണ് കടിയേറ്റത്. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കയച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു നഴ്സിന് സമാന അക്രമണം ഉണ്ടായിരുന്നു. തെരുവ് നായ അക്രമണ ഭീതിയിലാണ് ഇവിടെയെത്തുന്ന രോഗികളും ആശുപത്രി ജീവനക്കാരും. പത്തിലേറെ നായ്ക്കളാണ് ആശുപത്രി വളപ്പിലും പരിസരത്തും തമ്പടിച്ചിട്ടുള്ളത്. നായ കൂട്ടങ്ങള്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് നേരെ അക്രമ വാസനയോടെ ഓടി അടുക്കുന്നതും പതിവാണ്. നൂറ് കണക്കിനാളുകളാണ് ദിവസവും ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്.
പകലും രാത്രിയിലും ഇവ ഭീതി പടര്‍ത്തുന്ന സാഹചര്യമാണുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രോഗിയുമായെത്തിയ ആംബുലന്‍സിനു നേരേയും നായക്കൂട്ടം ഓടിയെത്തിയത് ഭീതി പരത്തിയിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരും സുരക്ഷാ ജീവനക്കാരുംചേര്‍ന്ന് നായക്കൂട്ടത്തെ ഓടിച്ച ശേഷമാണ് രോഗിയെ ആംബുലന്‍സില്‍ നിന്നും ഇറക്കിയത്.
ആശുപത്രി വളപ്പും സമീപ കാടും നായ്ക്കളുടെയും ഇഴജന്തുക്കളുടേയും താവളമാണ്. നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി കൊടുത്തിട്ടും പരിഹാരമുണ്ടായിട്ടില്ലന്ന് പരിസരത്തുള്ള വ്യാപാരികള്‍ പറഞ്ഞു.
Tags : Nattuvishesham District News