ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡ് സിഗ്നല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രിയിലെ ഗതാഗതക്കുരുക്ക്.
സിഗ്നല്‍ ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്ക്
വരാപ്പുഴ: ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡ് സിഗ്നല്‍ ജംഗ്ഷനിലെ അശാസ്ത്രീയമായ റോഡ് നവീകരണം ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി ആക്ഷേപം. ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ടാറിംഗ്, കോണ്‍ക്രീറ്റ് വേസ്റ്റുകള്‍ നിക്ഷേപിച്ചതാണ് നിലവിലുള്ള ഗതാഗതക്കുരുക്കിന് കാരണമായതെന്നാണ് ആക്ഷേപം.
വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിക്ഷേപിച്ച മണ്ണ് മഴ ശക്തമായതോടെ പൂര്‍ണമായും ഒലിച്ചുപോകുന്ന സ്ഥിതിയാണ്. ഇതോടെ ഈ ഭാഗത്ത് റോഡ് കുണ്ടുംകുഴിയുമായി. സിഗ്നല്‍ ജംഗ്ഷനിലെത്തുമ്പോള്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വേഗം കുറയ്ക്കുന്നതും വാഹനങ്ങള്‍ നിയന്ത്രിച്ചുവിടാന് മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതും കുരുക്ക് ഇരട്ടിയാക്കുന്നുണ്ട്.
ജംഗ്ഷനിലെ വാഹനങ്ങളുടെ നീണ്ടനിര സര്‍വീസ് റോഡുകളിലേക്കും വ്യാപിച്ചതോടെ പ്രദേശമൊന്നാകെ കുരുക്കിലായി.
കണ്ടെയ്നര്‍ റോഡിന്റെയും ദേശീയപാത 66 ന്റെയും ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നിര നീളുന്നുണ്ട്. ചേരാനല്ലൂര്‍ പള്ളിക്കവല വരെയും കോതാട്, പിഴല ഭാഗത്തേക്കും കളമശേരി, മഞ്ഞുമ്മല്‍ ഭാഗത്തേക്കും വാഹനങ്ങളുടെ നിര നീളുന്നത് പതിവായി. ഈ ഗതാഗത കുരുക്കു മൂലം രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനോ യഥാസമയം യാത്രചെയ്യുന്നതിനോ സാധിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രധാന റോഡിലുണ്ടായ കുരുക്ക് ഇടറോഡുകളിലേക്കും വ്യാപിക്കുന്നു.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി മതിയായ പോലീസ് ഇല്ലാത്തതിനാല്‍ പരിസരവാസികളും സമീപത്തുള്ള വ്യാപാരികളുംകൂടി രംഗത്തിറങ്ങിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
വരാപ്പുഴ ഷാപ്പുംപടി ജംഗ്ഷനില്‍ ബെവ്കോ ഷോപ്പിന് മുന്നില്‍ ഹൈവേയില്‍ നിന്നും വരുന്ന വാഹനങ്ങളും വരാപ്പുഴ ടൗണില്‍ നിന്നും വരുന്ന വാഹനങ്ങളും സര്‍വീസ് റോഡില്‍ നിന്ന് കയറിവരുന്ന വാഹനങ്ങളും ഇടറോഡില്‍ നിന്നുള്ള വാഹനങ്ങളുംകൂടി ഒന്നിക്കുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കുണ്ട്.
പറവൂര്‍ ദിശയിലേക്കുള്ള വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെയാണ് കടത്തിവിടുന്നത്. ഇതിനാല്‍ ബസുകള്‍ ഇടറോഡിനു അഭിമുഖമായി വഴിയടച്ചു നിര്‍ത്തുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണം: സിഎസ്എസ്
കൊച്ചി: ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡ് സിഗ്നല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനു അടിയന്തര പരിഹാരമുണ്ടാക്കണമെന്നു ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) വരാപ്പുഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് ഗതാഗതക്കുരുക്കിന് കാരണമായിട്ടുള്ളത്.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂറോളം വാഹനങ്ങള്‍ കുരുക്കില്‍ കിടക്കാറുണ്ട്. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുന്നുണ്ട്. സമീപ റോഡുകളിലെയും ഗതാഗതപ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കണമെന്നും ഗതാഗതം സുഗമമാക്കുവാന്‍ വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും സിഎസ്എസ് ആവശ്യപ്പെട്ടു.
വരാപ്പുഴ ഏരിയ പ്രസിഡന്റ് ജോയി മഷ്ണശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്, ക്യാപ്റ്റന്‍ ആന്റണി തണ്ണിക്കോട്, ടി.എം. ജോയി, ജോണ്‍ കല്ലൂര്‍ പീറ്റര്‍ മാളിയേക്കല്‍, റാഫി പറയന്തറ, വര്‍ഗീസ് സൈമണ്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News