കഴക്കൂട്ടം: യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വട്ടിയൂർക്കാവ് വേട്ടമുക്ക് കൊല്ലവിളവീട്ടിൽ രഞ്ജിത് (35) ആണ് പിടിയിലായത്. ജൂൺ 19ന് രാവിലെയായിരുന്നു സംഭവം. നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും പിന്നീട് അകന്ന് കഴിയുകയായിരുന്നു.
സംഭവ ദിവസം യുവതി താമസിക്കുന്ന ഹോസ്റ്റലിലെത്തിയ പ്രതി, പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി മേനംകുളത്തുള്ള തന്റെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി.
തർക്കത്തിനിടെ പ്രതി യുവതിയെ മർദിക്കുകയും, മുറിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയറെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Tags : kerala police crime news arrest trivandrum