Kerala
തിരുവനന്തപുരം: ബിജെപി കൗണ്സിലര് ആര്. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. വിഷയത്തിൽ ഒരു തരത്തിലുള്ള ഒത്തുകളിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും ആർ. സുഗതന്റെ എല്ലാ കേസുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ശബരിനാഥൻ അറിയിച്ചു.
സുഗതന് ലീവ് കൊടുത്തത് ഉൾപ്പെടെ സംസ്ഥാന സർക്കാർ പരിശോധിക്കും. എൽഡിഎഫ് കൊടുത്ത പരാതിയിലും കൃത്യമായി അന്വേഷണം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നല്കിയ ഹർജിയാണ് ഡിവിഷന് ബഞ്ച് അംഗീകരിച്ചത്. ഇതോടെ ആർ. സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാം.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെ എസ്എഫ്ഐ-പൊലിസ് പോർവിളികൾക്ക് പിന്നാലെ കന്റോൺമെന്റ് സിഐ സതീഷ് കുമാറിനും എസ്ഐ ജി. ഗോകുലിനും കാരണം കാണിക്കൽ നോട്ടിസ് നല്കി സിറ്റി പൊലിസ് കമ്മിഷണർ.
പൊലിസ് ചട്ടങ്ങള്ക്ക് വിരുദ്ധമായി പ്രവര്ത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. നാല് ദിവസത്തിനകം മറുപടി നല്കണമെന്നാണ് നോട്ടിസിൽ പറയുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്ഷങ്ങള്ക്ക് പിന്നാലെ ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കേസിലെ പ്രതിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ നന്ദനെ എസ്ഐ ഗോകുൽ ഫോണില് വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. എസ്എഫ്ഐ പ്രവര്ത്തകരെ വെല്ലുവിളിച്ച് സിഐ സതീഷ് കുമാര് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റും വിവാദമായിരുന്നു.
ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായത് സേനയുടെ അച്ചടക്ക ലംഘനമാണെന്ന് സെപ്ഷ്യല് ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്ട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Kerala
തിരുവനന്തപുരം: എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കേരള സര്വകലാശാല സിന്ഡിക്കേറ്റ് അംഗമായ ആര്.എസ്. ശശികുമാറിന്റെ ഹര്ജിയിലാണ് നടപടി.
എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില് പാര്ട്ടി ഓഫിസ് പണിതുവെന്ന പരാതിയില് ആണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയയ്ക്കാൻ തഹസില്ദാർ ആവശ്യപ്പെട്ടു.
1977ല് എ.കെ. ആന്റണി സർക്കാരാണ് എകെജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല് ഈ ഭൂമിയില് പാര്ട്ടി ഓഫിസ് പണിതുവെന്നും അനുവദിച്ചതില് കൂടുതല് ഭൂമി കൈയേറിയെന്നടക്കമുള്ള പരാതികള് ഉയർന്നതോടെ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: കോവളം ജംഗ്ഷനിൽ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കുളത്തൂർ വാർഡിൽ പനയുടെമൂട് നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ആകാശ്(26) ആണ് പിടിയിലായത്.
നാല് മാസം മുമ്പാണ് ആകാശിന്റെ സംഘത്തിലെ തുമ്പ സ്വദേശി സച്ചു, ശ്രീകാര്യം സ്വദേശി അഖിൽ കൃഷ്ണണൻ എന്നിവർ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായത്. 190ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് അന്ന് പൊലിസ് പിടിച്ചെടുത്തത്.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ആകാശിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പേരിലുള്ള നാല് വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പൊലിസ് അറിയിച്ചു. കേസിൽ നേരത്തെ പിടിയിലായ സച്ചു, അഖിൽ കൃഷ്ണണൻ എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ.
മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജിലെ വിദ്യാർഥികളായ ആദർശ്, അരുൺ എന്നിവരാണ് പിടിയിലായത്. വഴുതക്കാട് നിന്നാണ് മൂവരും പിടിയിലായത്. സംഭവത്തിൽ നേരത്തെ ലോ കോളജ് വിദ്യാർഥിയായ വേണുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില് മ്യൂസിയം പൊലിസ് രണ്ട് കേസുകളാണ് രജിസ്റ്റര് ചെയ്തത്. എസ്എഫ്ഐ, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ഇന്നലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് ഫൈദറിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മുക്കോട്ടുമല എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. എസ്റ്റേറ്റ് കാവൽക്കാരനായ സുകുമാരൻകുട്ടി നായർ, ചന്ദ്രദാസ് എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 26ന് ആണ് കേസിന് ആസ്പദമായ സംഭവം.
ചന്ദ്രദാസിന്റെ വീട്ടിൽനിന്ന് പാകം ചെയ്ത കാട്ടുപോത്തിറച്ചിയും വനംവകുപ്പ് കണ്ടെടുത്തിരുന്നു. നായാട്ടുസംഘത്തിലെ അംഗങ്ങളാണിവരെന്നും ഏഴ് പേർ സംഘത്തിലുള്ളതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലെ പ്രധാനികൾ ഒളിവിലാണ്.
പ്രതികൾ ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടിച്ചെടുത്തു. പിടിയിലായ ഇരുവരെയും നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കോൺഗ്രസ്-ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങൾ മറച്ചുവയ്ക്കാനാണ് വിദ്യാർഥികൾക്ക് നേരേ ആക്രമണം നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതാണോ സർക്കാരിന്റെ പൊലിസ് നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിന് പിന്നാലെ യൂണിവേഴ്സിറ്റി ഹോസ്റ്റൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി. ഹോസ്റ്റലിൽ ചെന്നായ്ക്കളെപ്പോലെ ചാടിവീണ് കുരുന്ന് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണെന്നും ബിനോയ് വിശ്വം ചോദിച്ചു.
ഇത് കേരളം പൊറുക്കാൻ പോകുന്നില്ല. ബിജെപിയുമായുള്ള രാഷ്ട്രീയബന്ധമടക്കം മുഖ്യമന്ത്രിക്ക് പലതും മറച്ചുവയ്ക്കാനുണ്ടാകും. ബിജെപിക്കെതിരേയെന്ന് പറഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയത്. പക്ഷേ ബിജെപിക്കെതിരായ പ്രകടനത്തിന്റെ ഇരകളായത് എസ്എഫ്ഐ സഖാക്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുഞ്ഞുങ്ങളെ ആക്രമിക്കാൻ ഇടതുപക്ഷം അനുവദിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പവർ കട്ടിന് സാധ്യത. 565 മെഗാവാട്ടിന്റെ കുറവ് വന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടായേക്കുമെന്നാണ് അറിയിപ്പ്.
മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് രാത്രി 9 മണിക്ക് ശേഷം മാത്രമായിരിക്കും ലഭിക്കുക. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി 250 മെഗാവാട്ട് പീക്ക് സമയത്ത് ലഭിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകുന്നേരം 6.45 മുതൽ രാത്രി 12 വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. എന്നാൽ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനായേക്കും.
സംസ്ഥാനത്ത് ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ലഭ്യമല്ല.
Kerala
കഴക്കൂട്ടം :മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല് വാര്ഡ് യുഡിഎഫിൽ നിന്നും എല്ഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്ഡിഎഫ് സ്ഥാനാര്ഥി രമ്യ വി. തുളസി വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 22 സീറ്റുള്ള മംഗലപുരം പഞ്ചായത്തിൽ യുഡിഎഫ് ഏഴ്, എൽഡിഎഫ് ഏഴ്, എൻഡിഎ ഏഴ്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
നിലവില് കോണ്ഗ്രസ് വിമതൻ ശ്രീചന്ദിന്റെ പിന്തുണയോടെയാണ് എല്ഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. എല്ഡിഎഫിന് ഇനി ഒറ്റയ്ക്ക് ഭരിക്കാവുന്ന ഭൂരിപക്ഷത്തിൽ എത്തിയിട്ടുണ്ട്. 440 വോട്ടുകളാണ് രമ്യ വി. തുളസി നേടിയത്. യുഡിഎഫിന്റെ അജന്ത ഷിജിക്ക് 301 വോട്ടുകളും ബിജെപി സ്ഥാനാർഥി ദിവ്യ ദിവാകരന് 159 വോട്ടുകളും ലഭിച്ചു.
Kerala
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വെട്ടുതറ സ്വദേശി സ്റ്റീഫൻ ആണ് പിടിയിലായത്.
പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
സ്റ്റീഫന്റെ വെട്ടേറ്റ് സദ്ദാം ഹുസൈന്റെ വലതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അസ്ഥിക്ക് പൊട്ടലുമുണ്ട്. സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയുമാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Kerala
തിരുവനന്തപുരം: നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകൾ കടത്തിക്കൊണ്ടുപോയി വിൽപന നടത്തിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. പേരൂർക്കട കരകുളം സ്വദേശികളായ വിശാഖ് മോഹനൻ (30) ഇയാളുടെ സഹായിയായ ആൽവിൻ മാത്യു (33) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ ഏഴിന് വള്ളക്കടവ് സ്വദേശി അനസിന്റെയും 16ന് ബീമാപള്ളി പത്തേക്കർ സ്വദേശി ഷഫീറിന്റെയും ഓട്ടോറിക്ഷകളാണ് പ്രതികൾ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതി വിശാഖ് മോഹനൻ സ്വകാര്യ ധനകാര്യസ്ഥാപനത്തിനായി മാസയടവ് മുടങ്ങിയ വാഹനങ്ങൾ കടത്തിക്കൊണ്ടുപോകുന്നയാളാണ്.
ഇതിനായി പ്രതിക്ക് ലോക്കുകൾ പൊട്ടിച്ചെടുക്കാൻ സ്ഥാപനം പ്രത്യേക ഉപകരണം നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് പ്രതികൾ കവർച്ച നടത്തിയിരുന്നത്. കടത്തിക്കൊണ്ടുപോകുന്ന വാഹനങ്ങൾ 30,000 രൂപ മുതൽ 50,000 രൂപ വരെ വിലയ്ക്ക് മറിച്ച് വിറ്റെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളിയെ കടലിൽ കാണാതായി. അടിമലത്തുറ ഫാത്തിമ ചര്ച്ചിന് സമീപം ബൈജു ഭവനില് ബൈജുവിനെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ പള്ളത്ത് വച്ചാണ് ബൈജുവിനെ കാണാതായത്.
ഹാർബറിലേക്ക് അടുക്കുന്ന ബോട്ടിന്റെ ഭാരം കുറയ്ക്കാനായി ബൈജു ഉൾപ്പെടെ ആറുപേർ കടലിലേക്ക് ചാടിയിരുന്നു. തുടർന്ന് അഞ്ചുപേരും കരയിലേക്ക് നീന്തി കയറിയെങ്കിലും ബൈജുവിനെ കാണാതാകുകയായിരുന്നു.
കോസ്റ്റൽ പൊലിസും മത്സ്യത്തൊഴിലാളികളും ചേർന്ന് ബൈജുവിനായുള്ള തെരച്ചിൽ തുടരുകയാണ്. ശക്തമായ അടിയൊഴുക്ക് തെരച്ചിലിന് തിരിച്ചടിയാണെന്ന് കോസ്റ്റൽ പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: പരീക്ഷ ഭവനിലെ ലാൻഡ് ഫോൺ ലഭിക്കുന്നില്ലെന്ന പരാതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ ഇടപെടലിൽ ശാശ്വത പരിഹാരം. മന്ത്രിയുടെ ഇടപെടലിൽ പരീക്ഷാ ഭവനിൽ മൊബൈൽ ഫോൺ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു.
നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരീക്ഷാ ഭവനിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ പുരോഗതി അറിയാൻ വിളിക്കുന്നവർക്ക് ലാൻഡ് ഫോൺ ലഭിക്കുന്നില്ലെന്ന വ്യാപക പരാതി ഉയർന്നിരുന്നു.
പരീക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി ഫോൺ പ്രവർത്തിക്കാത്തത് നേരിട്ട് മനസിലാക്കിയതിനെ തുടർന്നാണ് മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്താൻ നിർദേശം നൽകിയത്. പരീക്ഷ ഭവനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 9188946114, 9188946115 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാം.
Kerala
തിരുവനന്തപുരം: വിതുരയിൽ മദ്യലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഹബീബ് ഖാന്റെ ഡ്രൈവർ ഷൈജു ആണ് മരിച്ചത്.
ഷൈജുവിന് ഒപ്പമുണ്ടായിരുന്ന മകൻ വസുദേവ് (12), മകൾ വാസുകി (6) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് സ്വദേശികളായ മൂന്ന് യുവാക്കളാണ് മദ്യലഹരിയിൽ അമിതവേഗതയിലെത്തിയത്.
വാഹനം തെറ്റായ ദിശയിൽ ഓടിച്ച് കയറ്റിയതാണ് അപകടത്തിന് കാരണം. പ്രതികളെ വിതുര പൊലിസ് കസ്റ്റഡിയിലെടുത്തു. പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതികൾ.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിൽ ആണ് സംഭവം. ഒന്നരവയസുകാരി അന്നയെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് മലയിൻകീഴ് പൊലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ പിടിയിൽ. വേളിയിലെ മദ്രസയിൽ അധ്യാപകനായിരുന്ന എൻ. ഇസ്മായിൽ (58) ആണ് പിടിയിലായത്. ഓഗസ്റ്റ് 24ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
മതപഠനത്തിനെത്തിയ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികൾ സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ വലിയതുറ പൊലിസിൽ പരാതി നൽകുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇസ്മായിലിനെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.പി.അനിൽകുമാർ. സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായതായി എ.പി.അനിൽകുമാർ ആരോപിച്ചു.
കൈയാങ്കളിയിൽ നിന്ന് രമ്യ മാറിനിൽക്കണമായിരുന്നുവെന്നും എംഎൽഎ ചെയ്തത് തെറ്റായിപോയെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സംയമനം പാലിക്കേണ്ടത് നേതാക്കളാണ്. ഇക്കാര്യം രമ്യ ഹരിദാസ് ഓർക്കേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രമ്യ കെ.സി. വേണുഗോപാലിനെ കണ്ടതും തെറ്റായിപോയി. കെ.സി. വേണുഗോപാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും പിന്തുണയ്ക്കുന്ന ആളല്ല കെ.സി. വേണുഗോപാലെന്നും മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി.
പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കി നിയമിക്കണമെന്ന് കാട്ടി നിയമസഭാ സെക്രട്ടറിക്ക് രമ്യ കത്ത് നൽകിയത് ഇപ്പോൾ വേണ്ടിയിരുന്നില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി എ.പി. അനിൽകുമാർ കൂട്ടിച്ചേർത്തു.
Kerala
പേരൂർക്കട: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെ കേസെടുത്ത് പൊലിസ്. വട്ടിയൂർക്കാവ് പൊലിസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. വിളപ്പിൽ പള്ളിമുക്ക് അൻസ് മൻസിലിൽ അൻസുമോന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഓഗസ്റ്റ് 27ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വട്ടിയൂർക്കാവ് പിടിപി നഗർ സരസ്വതി വിദ്യാലയത്തിന്റെ സമീപത്ത് വച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന അൻസുമോനെ ബൈക്കിലെത്തിയ എട്ടംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ അൻസുമോന്റെ വലതു കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവം പൊലിസിൽ അറിയിച്ചാൽ കൊന്നുകളയുമെന്നും അക്രമിസംഘം ഭീഷണി മുഴക്കിയിരുന്നു. വട്ടിയൂർക്കാവ് സ്വദേശികളായ സൈദലി, സബീർ, ഷഫീഖ്, റിയാസ്, റിയാസിന്റെ പിതാവ്, അഫ്സൽ കൂടാതെ കണ്ടാലറിയാവുന്ന രണ്ടുപേരെയും പ്രതി ചേർത്താണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
പ്രതികളിൽ സബീർ, ഷഫീഖ് എന്നിവർക്കെതിരെ നേരത്തെ പൊലിസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. തമിഴ്നാട് ട്രിച്ചി സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യസ്റ്റീഫൻ (38) എന്നിവരാണ് പിടിയിലായത്.
അടിമലത്തുറ സ്വദേശിയായ ജോസിൽ നിന്ന് അഞ്ചുലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കഴിഞ്ഞ മാർച്ചിലായിരുന്നു പ്രതികൾ പണം കൈക്കലാക്കിയത്. ഇസ്രയേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ പണം കൈപ്പറ്റിയത്.
വീസ നടപടികൾ പൂർത്തിയാക്കി ഓഗസ്റ്റിൽ ടിക്കറ്റ് നൽകുമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. എന്നാൽ ഓഗസ്റ്റിൽ ഇരുവരെയും ഫോണിൽ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് വിഴിഞ്ഞം പൊലിസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Kerala
തിരുവനന്തപുരം: കോവളത്ത് കടൽവെള്ളരിയുമായി രണ്ട് പേർ പിടിയിൽ. സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെട്ട കടൽവെള്ളരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. അഞ്ചാംകല്ല് സ്വദേശി അജിമോൻ വെങ്ങാനൂർ സ്വദേശി ഷിജുകുമാർ എന്നിവരാണ് അറസ്റ്റിലായത്.
കോവളം ലൈറ്റ് ഹൗസിന് സമീപത്തുനിന്ന് പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് എൺപതോളം കടൽവെള്ളരികളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള കടൽവെള്ളരികളാണ് പിടിച്ചെടുത്തതെന്ന് വനംവകുപ്പ് അറിയിച്ചു. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് കടൽവെള്ളരികളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുളങ്ങരയിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. കന്യാകുളങ്ങര സ്വദേശി നജീം(52) ആണ് പിടിയിലായത്.
വട്ടപ്പാറ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ലൈംഗികാതിക്രമം ഭയന്ന് പെൺകുട്ടി മദ്രസയിൽ പോകാൻ വിസമ്മതിച്ചിരുന്നു. കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുകാർ നിർബന്ധിച്ച് മദ്രസയിൽ അയച്ചിരുന്നു.
തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വന്ന കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ വട്ടപ്പാറ പൊലിസിൽ വിവരം അറിയിച്ചു. പ്രതി നിരന്തരം ലൈംഗികാതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.
പൊലിസ് അന്വേഷണത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. വട്ടപ്പാറ പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
വിഴിഞ്ഞം: വിഴിഞ്ഞത്ത് വീടിന്റെ മുൻവാതിൽ തകർത്ത് നാലരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. കോട്ടുകാൽ പയറ്റുവിള എം.എൽ. സദനത്തിൽ ജിൻസാബിന്റെ വിവാഹമോതിരം ഉൾപ്പെടെയുള്ള ആഭരണങ്ങളും പഴ്സിൽ സൂക്ഷിച്ച 4,000 രൂപയുമാണ് നഷ്ടമായത്.
ബന്ധുവീട്ടിൽ പോയിരുന്ന കുടുംബം വെള്ളിയാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം മനസിലാക്കുന്നത്. മുൻവാതിൽ തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: കോണ്ഗ്രസില് ഗ്രൂപ്പ് പോരുണ്ടെന്ന ചേന്തി അനിലിന്റെ വാദം തള്ളി ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ. മുഖ്യമന്ത്രിയെ വഴിയില് തടഞ്ഞ സംഭവത്തിൽ അനിലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്കലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ചേന്തി അനിലിനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയെന്നും ഇയാൾ റൗഡി ലിസ്റ്റില് ഉള്പ്പെട്ട വിവരം അറിയില്ലെന്നും എൻ. ശക്തൻ വ്യക്തമാക്കി. അനിലിനെതിരെ നടപടി വേണമെന്നാണ് മുതിര്ന്ന നേതാക്കള് ആവശ്യപ്പെട്ടതെന്നും ശക്തൻ പറഞ്ഞു.
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില് അനിലിന് വിശദീകരണം എഴുതി നല്കാം. അത് പരിശോധിച്ച ശേഷം ആവശ്യമെങ്കില് അന്വേഷണം നടത്തും. പാര്ട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം അപ്പോള് പരിഗണിക്കുമെന്നും ശക്തന് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വള്ളക്കടവിൽ രാത്രി ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അധ്യാപികയുടെ സ്വർണമാല കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 18ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തിയ സംഘം ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അധ്യാപികയുടെ സ്വർണമാല തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച മാല പ്രതികൾ ചാലയിലെ ഒരു സ്വർണക്കടയിൽ വിൽക്കുകയും ആ പണം ഉപയോഗിച്ച് രണ്ട് ഐഫോണുകൾ വാങ്ങുകയും ചെയ്തിരുന്നു.
ടീച്ചർ പ്രതികളെത്തിയ വാഹനത്തിന്റെ നമ്പർ പോലീസിന് കൈമാറിയിരുന്നു. കൃത്യത്തിനു ശേഷം പ്രതികൾ തൃപ്പൂണിത്തുറയിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തി അറസ്റ്റു ചെയ്തു. പിന്നാലെ പോലീസ് സ്വർണക്കടയിൽ എത്തി മാല കണ്ടെടുത്തു.
കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പൂന്തുറ: തിരുവനന്തപുരം ബീമാപള്ളിയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിൽ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ബീമാപള്ളി സ്വദേശി മാഹീൻകണ്ണ്(42), ബീമാപള്ളി മിൽക്ക് കോളനി സ്വദേശി നസീർ(51) എന്നിവരാണ് പിടിയിലായത്.
പൂന്തുറ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇരുവരും പിടിയിലായത്. ഇരുവർക്കുമെതിരെ പൂന്തുറ പോലീസ് കേസെടുത്തിട്ടുണ്ട്.
Sports
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ആവേശത്തിന് തിരിതെളിച്ച് കെസിഎൽ ഫാൻ ലീഗ് കലാശപ്പോരാട്ടങ്ങൾക്ക് ശനിയാഴ്ച തിരുവനന്തപുരം വേദിയാകും. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ഫാൻ ലീഗിന്റെ ഫൈനൽ റൗണ്ടിൽ ആറ് ജില്ലകളിലെ ചാമ്പ്യൻ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. രാവിലെ 11.45ന് ഉദ്ഘാടന ചടങ്ങുകൾ നടക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമിക റൗണ്ടുകള് കടന്നെത്തുന്ന ഫോര്ച്യൂണ് സിസി (ട്രിവാണ്ഡ്രം), ആഷസ് കൊട്ടാരക്കര (കൊല്ലം), ടീം കോണ്ക്വറേഴ്സ് (ആലപ്പുഴ), ഐഡ ബാറ്റ്ലിയന്സ് (കൊച്ചി), ലെജന്റ്സ് പൊന്നൂക്കര (തൃശൂര്), യുവ രാമനാട്ടുകര (കാലിക്കറ്റ്) എന്നീ ടീമുകളാണ് ഫൈനല് റൗണ്ടില് മാറ്റുരയ്ക്കുന്നത്.
കഴക്കൂട്ടത്തെ ദി ഓവൽ ടർഫിലാണ് മത്സരങ്ങൾ നടക്കുക.
ആറ് ഓവർ വീതമുള്ള ആവേശകരമായ ഫോർമാറ്റിലാണ് പോരാട്ടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആറു ടീമുകളെ രണ്ട് പൂളുകളായി തിരിച്ച് മത്സരിപ്പിക്കും. ഓരോ പൂളിലെയും പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ടീമുകൾ കിരീടപ്പോരാട്ടത്തിൽ നേർക്കുനേർ വരും.
Kerala
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് കിടപ്പുരോഗിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കല്ലമ്പലം സ്വദേശികളായ ബിജു, മനീഷ്, പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരാണ് പിടിയിലായത്.
നാവായിക്കുളം ചിറ്റായിക്കോട് കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഒരു വർഷമായി അരയ്ക്ക് താഴെ തളർന്നുകിടക്കുന്ന അനിൽ കുമാറിനെയാണ് പ്രതികൾ ആക്രമിച്ചത്. വീട്ടിനുള്ളിൽ കടന്ന പ്രതികൾ അനിൽ കുമാറിനോട് പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പിന്നാലെ അനിൽകുമാർ വീട്ടിൽ സൂക്ഷിച്ചിരുന്ന 3750 രൂപയും 20,000 വിലമതിക്കുന്ന മൊബൈൽ ഫോണും കവർന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ബാലരാമപുരം സ്വദേശി സുധീർ(46) ഇയാളുടെ രണ്ടാംഭാര്യ വെള്ളറട സ്വദേശിനി ലിൻഡമോൾ(34) എന്നിവരാണ് പിടിയിലായത്.
വലിയതുറ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസമായി കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിച്ചു. ചൈൽഡ് വെൽഫയർ അധികൃതർ വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വിവരം വലിയതുറ പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
ലിൻഡമോൾ കുട്ടിയെ മർദിച്ചതിന്റെ പാടുകളും ദേഹത്ത് കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരെ ജുവൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാമായണ പാരായണത്തിനിടെ മൈക്കിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. നരുവാമൂട് മാർത്ത ണ്ഡേശ്വരം എൽപി സ്കൂളിന് സമീപം കല്ലറത്തല മേലെ പാറവിള വീട്ടിൽ കൃഷ്ണമ്മ ( 68)ആണ് മരിച്ചത്.
തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപമുള്ള ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30ഓടെ ആയിരുന്നു സംഭവം. രാമായണ പാരായണത്തിനായി മൈക്ക് എടുത്ത് വയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻതന്നെ കൃഷ്ണമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ വ്യാജ ഓണ്ലൈന് സൈറ്റുകൾ നിർമിച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തഞ്ചാവൂര് സ്വദേശി ദിനേശ് (25) ആണ് കേസിൽ അറസ്റ്റിലായത്.
സര്ക്കാര് മുദ്രകളും വിലാസവും ദുരുപയോഗം ചെയ്താണ് ഇയാള് വ്യാജ വെബ്സൈറ്റുകള് നിര്മിച്ചത്. ലോട്ടറി വകുപ്പ് നല്കിയ പരാതിയില് തിരുവനന്തപുരം സിറ്റി സൈബര് പോലീസ് ആണ് പിടികൂടിയത്.
keralalotteryonlinebuy.com, keralalotteryonlinepurchase.com, keralalotteryonlinebooking.com എന്നിങ്ങനെയുള്ള വ്യാജ സൈറ്റുകളിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്. വാട്സ്ആപ് വഴി ക്യൂആര് കോഡും യുപിഐ ഐഡിയും നല്കി പണം വാങ്ങുകയും പാര്സലായി ടിക്കറ്റ് അയയ്ക്കാമെന്ന് വാഗ്ദാനം നൽകുന്നതായിരുന്നു പ്രതിയുടെ രീതി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്ര തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണുണ്ടായ അപകടത്തിൽ കഴക്കൂട്ടം എംഎൽഎ വി. മുരളീധരന് പരിക്ക്. തിരുവനന്തപുരത്തെ പൗർണമി കാവിലെ തുലാഭാരത്തിനിടെയാണ് അപകടം.
തുലാഭാര ത്രാസിന്റെ കയർ പൊട്ടി വീഴുകയായിരുന്നു. അപകടത്തിൽ എംഎൽഎയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ വി. മുരളീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് എംഎൽഎ ഓഫീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കല്ലന്പലത്ത് കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വിതരണം ചെയ്ത യുവാവ് പിടിയിൽ. ചാത്തൻപാറ സ്വദേശി അരുൺ (36) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 220 ഗ്രാം കഞ്ചാവും 0.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കല്ലമ്പലം ഡിടിഡിസി കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വരുത്തി വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Kerala
വെഞ്ഞാറമൂട്: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. നെടുമങ്ങാട് സ്വദേശി സഞ്ജൻ (22) ആണ് പിടിയിലായത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിക്കെതിരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.
ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഫോൺ നമ്പർ കൈമാറുകയും നിരന്തരം സംസാരിക്കുകയും ചെയ്ത് കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
പിന്നീട് പ്രതി ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്.
സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജി(38) ആണ് ആക്രമണത്തിനിരയായത്. വിജിയുടെ വലതുകൈ പൂർണമായും അറ്റുപോയെന്നും ഇടത് കൈയ്ക്ക് ഗുരുതര പരിക്കുണ്ടെന്നുമാണ് വിവരം.
വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടയ്ക്കാവൂർ ചാവടിമുക്കിൽ ആയിരുന്നു സംഭവം. വിജി കോട്ടയത്താണ് ജോലി ചെയ്തിരുന്നത്. ഇന്ന് നാട്ടിലെത്തിയ വിജി ഒപ്പം താമസിച്ചിരുന്ന യുവാവ് ജോലി നോക്കുന്ന വർക്ക്ഷോപ്പിൽ എത്തുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും പോലീസ് പറയുന്നു.
ഇതേതുടർന്നാണ് വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന ഒരു വെട്ടുകത്തി ഉപയോഗിച്ച് പ്രതി യുവതിയെ തലയിലും കൈകളിലും വെട്ടിയത്.
National
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശി അഫിയ അയൂബിനെയാണ് കാണാതായത്. ജാമിയ മിലിയ സർവകലാശാലയിലെ എംഎ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച രാത്രി 11:30ഓടെ ഓഖ്ലയിൽ നിന്നാണ് അഫിയ അയൂബിനെ കാണാതായത്. അഫിയ ഫോൺ മുറിയിൽ വച്ചാണ് പോയതെന്ന് പോലീസ് പറയുന്നു. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കാന് ശ്രമിച്ച യുവതികളില് ഒരാള് മരിച്ചു. വെങ്ങാനൂര് സ്വദേശി അഞ്ജു(28) ആണ് മരിച്ചത്.
മറ്റൊരു യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജൂണ് 30ന് ആയിരുന്നു സംഭവം. വെങ്ങാനൂരിൽ പ്രവര്ത്തിക്കുന്ന സൂര്യ ഫിനാന്സ് എന്ന സ്വകാര്യ സ്വര്ണപണയ സ്ഥാപനത്തിലാണ് രണ്ട് യുവതികൾക്കെതിരെ ആരോപണമുയർന്നത്.
പിന്നാലെ എലിവിഷം കഴിച്ചാണ് യുവതികൾ ജീവനൊടുക്കാന് ശ്രമിച്ചത്. എന്നാല് അഞ്ജുവിനൊപ്പം വിഷം കഴിച്ച പെണ്കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. ഉടന് തന്നെ അവരെ തിരുവനന്തപുരം മെഡിക്കല് കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല് അഞ്ജു ഇക്കാര്യം വീട്ടില് പറഞ്ഞില്ല. സ്ഥാപനത്തിലെ തിരിമറി സംബന്ധിച്ച് ഇതുവരെ പോലീസിൽ പരാതി ലഭിച്ചിട്ടില്ല. അഞ്ജുവിന്റെ മരണത്തില് അസ്വഭാവിക മരണത്തിന് കേസെടുത്ത് വെങ്ങാനൂര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ചക്കയിടാന് കയറുന്നതിനിടെ ഏണിയില് നിന്നുവീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. വർക്കല, ഇലകമണ് ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്.
ജൂൺ14ന് വീട്ടിലെ പ്ലാവില് ചക്കയിടാന് കയറുന്നതിനിടെയാണ് സജീവ് ഏണിയില് നിന്നുവീണത്. ഇതേതുടർന്ന് പരിക്കേറ്റ സജീവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയില് കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
Kerala
പേരൂര്ക്കട: വ്യാജ ഒപ്പിട്ട് നല്കി ലക്ഷങ്ങള് തട്ടിയതായി പരാതി. കുറവന്കോണത്തെ ഒരു സ്വകാര്യ ബാങ്കില് വ്യാജ ഒപ്പിട്ട് എന്ആര്ഐ അക്കൗണ്ടില് നിന്ന് പണം തട്ടിയതായാണ് പരാതിയുള്ളത്. ചടയമംഗലം സ്വദേശിനി ഷീലയാണ് പരാതിക്കാരി.
സ്വകാര്യ ബാങ്കിലെ മാനേജരും ജീവനക്കാരും ചേര്ന്ന് ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. 2016ല് എന്ആര്ഐ അക്കൗണ്ടിലുണ്ടായിരുന്ന നാലുലക്ഷം രൂപ വ്യാജ ഒപ്പിട്ട് ഫിക്സഡ് ഡപ്പോസിറ്റിലേക്കു മാറ്റി. ആ രേഖ ഉപയോഗിച്ച് ലോണ് എടുക്കുകയും ചെയ്തു.
തുടർന്ന് തുക ഷീലയുടെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം മാനേജറുടെ നേതൃത്വത്തില് പിന്വലിക്കുകയായിരുന്നു. 2025ലും ഷീല വിദേശത്തായിരുന്നപ്പോള് അവരുടെ അക്കൗണ്ടില് നിന്ന് വ്യാജ ഒപ്പിട്ട് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതിയില് പറയുന്നുണ്ട്. സംഭവത്തിൽ പേരൂർക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ. സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സുഗതനെ ഇന്നലെ വിയ്യൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.
സുഗതൻ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്. കോടതിയിൽ ഹാജരാക്കുന്ന സുഗതനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡി ആവശ്യപ്പെടും.
സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെയാണ് വിയ്യൂരിൽ നിന്ന് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരമാണെന്ന് ശ്രീമതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി.കെ. ശ്രീമതി വിമർശനവുമായി രംഗത്തെത്തിയത്. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും പി.കെ. ശ്രീമതി വിമർശിച്ചു.
അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. ബിജെപി കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ വി.ജി. ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരും പ്രതികളാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് തൊഴിലാളികളെ കാണാതായി. വെട്ടുകാട് സ്വദേശികളായ റോബിൻസൺ (55),സനു(45), വലിയവേളി സ്വദേശി ബാബു(40) എന്നിവരെയാണ് കാണാതായത്.
ജൂൺ28ന് വൈകിട്ടോടെ കടലിൽ പോയ ഇവർ തിങ്കളാഴ്ച രാവിലെയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ മൂവരെയും കാണാതായതോടെയാണ് സുഹൃത്തുക്കളും തൊഴിലാളികളും ചേർന്ന് തെരച്ചിൽ ആരംഭിച്ചത്.
ഫിഷറീസ് വകുപ്പും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച തെരച്ചിൽ രാത്രി വൈകിയും തുടരുന്നുണ്ട്. കോസ്റ്റ് ഗാർഡ്,തീരദേശ പോലീസ്, കാണാതായവരുടെ ബന്ധുക്കൾ ഉൾപ്പെട്ട സംഘവും തെരച്ചിൽ നടത്തുന്നുണ്ട്.
ഒഴുക്ക് തെക്കോട്ട് എന്ന നിലയ്ക്ക് കന്യാകുമാരി, കുളച്ചൽ ഭാഗത്തേക്കാണ് അന്വേഷണം നടത്തുന്നത്. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ തെരയുന്നതിന് നാവിക സേനയുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തീരദേശ പോലീസ്, ഫിഷറീസ് അധികൃതർ എന്നിവർ കലക്ടർക്ക് കത്തു നൽകി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്ക്കിടെ ഇന്നു കൗണ്സില് യോഗം ചേരും. 20 അംഗങ്ങള് മാത്രമുള്ളതിനാല് യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല.
എന്നാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്ക്ക് എൽഡിഎഫ് പിന്തുണ നൽകില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തത്കാലം പ്രതികരിക്കാനില്ലെന്നാണ് എൽഡിഎഫ് നിലപാട്. നയപരമായ പ്രശ്നമുണ്ടെന്നും നിലവില് അവിശ്വാസത്തെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് എല്ഡിഎഫ് വ്യക്തമാക്കുന്നത്.
അതേസമയം, കോർപറേഷനിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തെരുവ്നായ വിഷയം, കുടിവെള്ള പ്രതിസന്ധി, മാലിന്യപ്രശ്നം എന്നിവ ഉയര്ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നു നടത്തുന്ന പ്രതിഷേധ മാര്ച്ച്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ അറസ്റ്റിൽ. വർക്കല സ്വദേശി ആരതി(27) ആണ് ജീവനൊടുക്കിയത്. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ്.
അതുലിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരതിയുടെ ദേഹത്ത് മർദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ആരതി ആറ്റുകാലിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ജീവനൊടുക്കിയത്. അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
അതുൽ മർദിച്ചതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര് ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്.
Kerala
തിരുവനന്തപുരം: വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ഈഞ്ചയ്ക്കല് മിലാദ് ഭവനില് മുഹമ്മദ് ആസിം (41) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശി സുധ രമേഷ് നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
വെങ്ങാനൂരില് അഞ്ച് സെന്റില് വില്ല നിര്മിച്ചു നല്കാമെന്നായിരുന്നു വാഗ്ദാനം. മുഹമ്മദ് ആസിം ഉള്പ്പെടെ നാലുപേര്ക്കെതിരെയാണ് ഇവര് പോലീസില് പരാതി നല്കിയിരുന്നത്. മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
77 ലക്ഷം രൂപയാണ് പ്രതികൾ പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും വില്ലയോ പണമോ ലഭിക്കാതായതോടെയാണ് പോലീസില് പരാതി നല്കിയത്. മെഡിക്കൽ കോളജ് പോലീസ് ആണ് മുഹമ്മദ് ആസിമിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
കഴക്കൂട്ടം: യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വട്ടിയൂർക്കാവ് വേട്ടമുക്ക് കൊല്ലവിളവീട്ടിൽ രഞ്ജിത് (35) ആണ് പിടിയിലായത്. ജൂൺ 19ന് രാവിലെയായിരുന്നു സംഭവം. നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും പിന്നീട് അകന്ന് കഴിയുകയായിരുന്നു.
സംഭവ ദിവസം യുവതി താമസിക്കുന്ന ഹോസ്റ്റലിലെത്തിയ പ്രതി, പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി മേനംകുളത്തുള്ള തന്റെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി.
തർക്കത്തിനിടെ പ്രതി യുവതിയെ മർദിക്കുകയും, മുറിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയറെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: സിഗരറ്റ് വാങ്ങി നൽകിയില്ലെന്ന് ആരോപിച്ച് മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ. മംഗലപുരം സ്വദേശി ഷഹീൻ (28), കാട്ടായിക്കോണം അയിരൂപ്പാറ സ്വദേശി ശിവപ്രസാദ് (29) എന്നിവരാണ് പിടിയിലായത്.
കാപ്പ നിയമപ്രകാരം രണ്ടുതവണ തടവിൽ കഴിഞ്ഞിട്ടുള്ള ഷഹീൻ 15ഓളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. രണ്ടാംപ്രതി ശിവപ്രസാദ് പോത്തൻകോട് സ്റ്റേഷൻ പരിധിയിലെ അഞ്ചോളം കേസുകളിൽ പ്രതിയാണ്.
ബുധനാഴ്ച വൈകിട്ട് കാരംകോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പ്രതികൾ കടയ്ക്ക് സമീപത്തുനിന്ന മധ്യവയസ്കനോട് സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതോടെ ഇരുവരും ചേർന്ന് മധ്യവയസ്കനെ മർദിക്കുകയായിരുന്നു.
സിഗരറ്റ് വാങ്ങി നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിനുള്ളില് വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കരിമഠം സ്വദേശി ബിജു ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പാപ്പനംകോട് പാറയില്ക്കടവ് റോഡില് വച്ച് ആയിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കിള്ളിപ്പാലത്തു നിന്നും ഇവരെ ബലമായി കാറില് കയറ്റി തമലം ഭാഗത്തേയ്ക്ക് പോകുന്ന പാറയില്ക്കടവ് റോഡിലെത്തിച്ച ശേഷമാണ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
തുടർന്ന് യുവതി കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില് ബിജു കാറില് കയറി രക്ഷപ്പെട്ടെങ്കിലും കരുമം ഭാഗത്ത് വച്ച് നാട്ടുകാര് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.പരിക്കേറ്റ യുവതി ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പെൺകുട്ടികൾക്കും സ്ത്രീകൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് നിർദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരിശീലനം നൽകാൻ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെൺകുട്ടികളും വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആവശ്യമെങ്കിൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ അവർ ആവശ്യപ്പെട്ടാൽ പരിശീലന സ്ഥലത്ത് തുടരാൻ അനുവദിക്കണമെന്നും നിർദേശമുണ്ട്.
കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകിയിട്ടുണ്ട്. കെസിഎയുടെ കീഴിൽ ക്രിക്കറ്റ് പരിശീലിച്ചിരുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിച്ചെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് തുണിക്കടയുടെ പൂട്ട് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മണക്കാട് ആറ്റുകാൽ കട്ടക്കൽ വീട്ടിൽ സൂരജ്(21), ആറ്റുകാൽ വയൽവീട്ടിൽ ധ്രുവൻ(25) എന്നിവരാണ് പിടിയിലായത്.
പൂന്തുറ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം നടന്നത്. പിടിയിലായ പ്രതികൾ ഇരുവരും ചേർന്ന് കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി തുണികൾ മോഷ്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടയുടമ തിരികെ എത്തുകയായിരുന്നു.
കടയ്ക്കുള്ളിൽ കവർച്ച നടത്തുകയായിരുന്ന പ്രതികളെ കണ്ട ഉടമ ബഹളം വച്ചു. ഇതുകേട്ട് നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിക്കൂടി. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൂന്തുറ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: പോത്തൻകോട് ബേക്കറിയിൽ കയറി ഉടമയെ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ബീമാപള്ളി സ്വദേശിയായ അനീഷ് ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയോടെ ആയിരുന്നു അക്രമസംഭവം നടന്നത്.
ബേക്കറിക്ക് സമീപമെത്തിയ അനീഷ് കടയിൽ ഉണ്ടായിരുന്ന ഷവർമ കത്തി അനുവാദമില്ലാതെ എടുത്ത് വാഹനം അറ്റകുറ്റപ്പണി നടത്താൻ പുറത്തേക്ക് കൊണ്ടുപോയി. ഇത് ബേക്കറി ഉടമ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതനായ അനീഷ് ബേക്കറി ഉടമയെ അസഭ്യം വിളിച്ച് മടങ്ങിപ്പോയി.
തുടർന്ന് മറ്റൊരു കത്തിയുമായി തിരിച്ചെത്തി ഷാഹുൽ ഹമീദിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കത്തി വീശി കടയിലും പരിസരത്തും പരിഭ്രാന്തി പരത്തിയ യുവാവിന്റെ ആക്രമണത്തിൽ കടയുടമയ്ക്ക് തലയിലും ഇടത് കൈയ്ക്കും പരിക്കേറ്റു. പിന്നാലെ കടയിലുണ്ടായിരുന്നവർ ചേർന്ന് അനീഷിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
Kerala
തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കരിമഠം കോളനിയിൽ വാവാച്ചി എന്ന സനൽകുമാർ (23) ആണ് പിടിയിലായത്. പ്രതി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്.
കുടുംബ വഴക്കിനിടെ ഇയാൾ ഭാര്യയെ അസഭ്യം പറയുകയും, തലയിലും മുഖത്തും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി മുറിവേൽപ്പിച്ചെന്ന് പോലീസ് വിശദമാക്കുന്നത്.
ഫോർട്ട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി. തിരുവനന്തപുരം സിറ്റി-റൂറൽ സ്റ്റേഷൻ പരിധികളിലായി ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സനൽകുമാർ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. തിരുവനന്തപുരം പാറശാലയിൽ ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം. പാറശാല സ്വദേശി രാജകുമാരിക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്.
വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ അടിയിൽപെടുകയായിരുന്നു. തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് യുവതിയെ പുറത്തെടുത്തത്. രാജകുമാരിയെ പാറശാല ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പന്തളം കടക്കാട്, കുംബാര വീട്ടിൽ മുഹമ്മദ് അനസ് (19), ആലുമുക്ക് തടത്തരികത്തു വീട്ടിൽ അനന്ദു (19)എന്നിവരാണ് പിടിയിലായത്.
മണ്ണന്തല, തമ്പാനൂർ സ്റ്റേഷൻ പരിധികളിൽ നടന്ന മോഷണങ്ങളിലാണ് പ്രതികളെ പിടികൂടിയത്. അനസ് നാലാഞ്ചിറ സ്വദേശിയുടെ ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് പിടിയിലായത്. ജൂൺ ഒന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മേയ് മൂന്നിന് തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ് അനന്ദുവിന്റെ അറസ്റ്റ്. ഇരു കേസുകളിലും പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലെ കരാര് ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. കുടുംബശ്രീയില് സംസ്ഥാന, ജില്ലാ മിഷനുകളില് കോ-ഓര്ഡിനേറ്റര്, അസി. കോ-ഓര്ഡിനേറ്റര്മാര് ഒഴികെ മറ്റുള്ളവരെല്ലാം കരാര് ജീവനക്കാരാണ്.
154 ജില്ലാ പ്രോഗ്രാം മാനേജര്മാര്, 608 ബ്ലോക്ക് കോര്ഡിനേറ്റര്മാര്, 1070 സിഡിഎസ് അക്കൗണ്ടന്റുമാര്, 45 സിറ്റി മിഷന് മാനേജര്, 45 സോഷ്യല് ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, 535 കമ്യൂണിറ്റി കൗണ്സിലര്, 28 ജില്ലാ അക്കൗണ്ടന്റ്, 43 എസ്വിഇപി ജില്ലാ അക്കൗണ്ടന്റുമാര്, 59 സംസ്ഥാന മിഷനില് മാനേജര്, പിആര് ടീം മൂന്ന്, അട്ടപ്പാടി പദ്ധതിയില് ഒൻപത് പേര്, ട്രൈബല് സ്പെഷല് പ്രോജക്ടില് 17 പേര്, മറ്റുളളവര് എട്ട് എന്നിങ്ങനെ 2,624 പേരാണ് കരാര് ജീവനക്കാരായുള്ളത്.
കുടുംബശ്രീയെ ചലിപ്പിക്കുന്നതില് ഇവര്ക്ക് പ്രധാന പങ്കുണ്ട്. കരാര് ജീവനക്കാരുടെ നിയമനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില് വന്നതിനാല് നിര്ത്തിവച്ചിരുന്നു. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മെയ് ആറിന് നടപടികളിലേക്ക് കടക്കാന് ജില്ലാ മിഷനുകള്ക്ക് സംസ്ഥാന മിഷന് നിര്ദേശം നല്കിയിരുന്നു.
മെയ് ഏഴിനാണ് പുതിയ ഉത്തരവു വന്നത്. ജൂണ് ഒന്നിനുശേഷമുള്ള അറിയിപ്പനുസരിച്ചു നിയമനം മതിയെന്നും ആര്ക്കെങ്കിലും നിയമനം നല്കിയിട്ടുണ്ടെങ്കില് റദ്ദാക്കാനുമാണ് നിര്ദേശം. വേതനത്തിലുപരി അവധി ദിവസങ്ങളിലും അധികസമയവും ജോലി ചെയ്യുന്നവരാണ് കരാര് ജീവനക്കാര്.
Kerala
തിരുവനന്തപുരം: സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം സിപിഎം മുൻ ഏരിയ സെക്രട്ടറി എസ്.എസ്. ബിജു ആണ് ബിജെപിയിൽ ചേർന്നത്. മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ബിജു അംഗത്വം സ്വീകരിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർഥിയായിരുന്നു ബിജു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നിരുന്നു. സംഭവത്തിൽ ബിജുവിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്ത ഹരിയാന സ്വദേശി പിടിയിൽ.ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുന്ന വിശാൽ (26) ആണ് പിടിയിലായത്. 70ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്.
ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് നട്ടുവളർത്തിയത്. ചട്നി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് പ്രതിയുടെ മൊഴി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിൽ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട് വിശാലിന്. കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടിയുടെ ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇതിനുപുറമേ ഇലകൾ ചേർത്ത ചമ്മന്തിയും പതിവായി ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
ഫ്ലാറ്റിനുള്ളിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടികൾക്ക് പ്രതി രാസവളം ഉപയോഗിച്ചിരുന്നില്ലെന്നും പൂർണമായും ജൈവവളം മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മൊഴി നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പോലീസ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി ക്ഷേത്രഭരണസമിതി. റിപ്പോർട്ട് തയാറാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകുക.
മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ഭരണസമിതി കത്തുനൽകും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ അന്വേഷണത്തിൽ പോലീസ് റിപ്പോർട്ട് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് സമിതി നടപടിക്കൊരുങ്ങുന്നത്. തിങ്കളാഴ്ച പരാതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ക്ഷേത്രത്തിന്റെ സുരക്ഷാചുമതല സിഐഎസ്എഫിനെ ഏൽപ്പിക്കുന്നതിനുള്ള ശിപാർശ കേന്ദ്ര സർക്കാരിന് നൽകാനുള്ള നീക്കങ്ങളും ആലോചിക്കുന്നുണ്ട്.
District News
തിരുവനന്തപുരം: സാന്പത്തിക തിരിമറി നടത്തി 21,88,599 തട്ടിയെടുത്ത കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ മുൻ കാഷ്യർക്കു സമാനമായ ഏഴു കേസുകളിൽ കോടതി 56 വർഷം കഠിനതടവും 2,80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 14 വർഷം അധിക തടവ് അനുഭവിക്കണം. ഒരോ കേസിലും എട്ടു വർഷം കഠിനതടവും 40,000 രൂപ വീതവുമാണ് പിഴ.
ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറ്റിങ്ങൽ കോരാണി സ്വദേശി ശിവരാജൻ ചെട്ടിയാർ(64) ആണു കേസിലെ പ്രതി. പ്രത്യേക വിജിലൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതി 2001 ജനുവരി 15 മുതൽ 2011 ജൂണ് ഒന്നു വരെ കാഷ്യറായി ജോലി നോക്കുന്പോൾ വിവിധ കാലയളവുകളിലായാണ് 21,88,599 രൂപ തട്ടിയെടുത്തത്.
വ്യാജ ബില്ലുകളും വൗച്ചറുകളും ഉണ്ടാക്കിയായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. ആഭ്യന്തര അന്വേഷണത്തിൽ തിരിമറി ബോധ്യമായപ്പോഴാണ് കേസ് അന്വേഷണം വിജിലൻസിന് കൈമാറിയത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
District News
വെഞ്ഞാറമ്മൂട്: കോളജ് ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മര്ദനമേറ്റ വിദ്യാര്ഥിക്ക് ഇടതുകണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അല് അമീനാണ് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടത്. ഇടതുകണ്ണിന്റെ കോര്ണിയയും റെറ്റിനയും തകര്ന്നു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന് എൻജിനിയറിംഗ് കോളജില് 24-ാം തിയതിയായിരുന്നു സംഭവം.
രണ്ടാംവര്ഷ കമ്പ്യൂട്ടര് സയന്സ് വിദ്യാര്ഥിയാണ് അല് അമീന്. ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി പുറത്തുനിന്നടക്കം ആളുകൾ എത്തിയിരുന്നു. ഇവർ ബഹളം ഉണ്ടാക്കിയതോടെ അമീൻ ഇടപെടുകയായിരുന്നു. ഇതിനിടെയാണ് മർദനമേറ്റതെന്നാണ് വിവരം.കൂര്ത്ത ഇടിവള കൊണ്ട് അമീന്റെ മുഖത്ത് ഇടിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
അമീനെ തിരുവനന്തപുരം കണ്ണാശുപത്രിയില് അടിയന്തര ശസ്ത്രക്രിയ നടത്തി. വിദഗ്ദ ചികിത്സയ്ക്കായി തിരുനെല്വേലിയിലേക്ക് കൊണ്ടുപോകുമെന്ന് കോളജ് അധികൃതര് വ്യക്തമാക്കി.
അതേസമയം പരാതിയില് ഏഴുപേര്ക്കെതിരെ കേസെടുത്തിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. ശിവജിത്ത്, നിതിന്, കാശിനാഥ് എന്നിവര്ക്കും കണ്ടാലറിയാവുന്ന നാലുപേര്ക്കുമെതിരെയാണ് കേസ്.