തിരുവനന്തപുരം: പൂന്തുറയിൽ കാർ യാത്രക്കാരെ മർദിച്ച പ്രതികൾ പിടിയിൽ. മുട്ടത്തറ ബിലാൽ നഗർ സ്വദേശി അഷറഫ് (56), ബീമാപള്ളി അസാദ് നഗർ സ്വദേശി ബദറുദീൻ (42) എന്നിവരാണ് പിടിയിലായത്. പൂന്തുറ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ബിലാൽ നഗർ വഴി കാറിൽ വരികയായിരുന്ന പുത്തൻപള്ളി സ്വദേശികളായ യുവാക്കളുടെ യാത്ര പ്രതികൾ തടസപ്പെടുത്തി. റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
പ്രതികൾ ഇരുവരും ചേർന്ന് കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ അടിച്ചുതകർത്തു. തുടർന്ന് യുവാക്കളെ ക്രൂരമായി മർദിക്കുകയും കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ആക്രമണത്തിൽ യുവാവിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് യാത്രക്കാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : kerala police crime news trivandrum poonthura