വിഴിഞ്ഞം: ഓടുന്ന കാറിൽ പട്ടാപ്പകൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി - വെങ്ങാനൂർ റോഡിലായിരുന്നു സംഭവം.
ബുധനാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. നഗരത്തിലേക്ക് പോകാൻ കല്ലുവെട്ടാംകുഴി ബസ് സ്റ്റോപ്പിൽ നിന്ന യുവതിയെ ഷെയർ ടാക്സി എന്ന പേരിൽ കബളിപ്പിച്ച് പ്രതികൾ കാറിൽ കയറ്റുകയായിരുന്നു.
പരാതിക്കാരി വാഹനത്തിൽ കയറിയതിന് പിന്നാലെ ഡ്രൈവർ സീറ്റിലിരുന്ന അജിത്രാജ് പിൻസീറ്റിലേക്ക് മാറി. തുടർന്ന് അശോകൻ ഡ്രൈവർ സീറ്റിൽ കയറി. വാഹനം മുന്നോട്ടെടുത്തതോടെ അജിത്രാജ് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി.
യുവതി ബഹളം വച്ചതോടെ വാഹനത്തിന്റെ വേഗം കുറച്ചു. ഇതോടെ യുവതി ഡോർ തുറന്ന് വാഹനത്തിൽ നിന്ന് പുറത്തുചാടി. കാറുമായി ഇരുവരും കടന്നുകളഞ്ഞെങ്കിലും യുവതി വാഹനത്തിന്റെ നമ്പർ സഹിതം ഫോട്ടോ എടുത്തിരുന്നു.
തുടർന്ന് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികൾ പിടിയിലായത്. കോവളത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : kerala police crime news vizhinjam trivandrum