Kerala
വിഴിഞ്ഞം: സ്വന്തം വീട്ടിൽ മോഷണം നടത്തിയ ശേഷം പോലീസിൽ പരാതി നൽകിയ യുവാവ് പിടിയിൽ. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ വീട്ടിൽ മനോജ് (33) ആണ് പിടിയിലായത്. വിഴിഞ്ഞം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് മനോജ് മോഷ്ടിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. മോഷണത്തിന് ശേഷം തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ പോയ മനോജ് തിരികെ വരുമ്പോൾ കട്ടച്ചൽക്കുഴിക്ക് സമീപം മീൻവിൽക്കുന്ന ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ വാതിൽ തുറന്നിട്ടിരിക്കുന്നതും ജനൽ കമ്പികൾ മുറിച്ചിരിക്കുന്നതും കണ്ട് ഭാര്യയ്ക്കൊപ്പം ബഹളം വച്ചു.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മനോജ് ആണെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ വിയറ്റ്നാം കപ്പലിടിച്ചു കയറിയ അപകടത്തിന്റെ അന്വേഷണം ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്.
കപ്പലുമായി ബന്ധപ്പെട്ട വിശദ പരിശോധനക്കായി സർവേയർമാർ ഉൾപ്പെടെയുള്ള വിദഗ്ദ സംഘം ഇന്നു വിഴിഞ്ഞത്ത് എത്തുമെന്നറിയുന്നു. കപ്പൽ ബോട്ടിൽ ഇടിക്കാനുണ്ടായ സാഹചര്യം, ഇടിയുടെ ആഘാതം ഉൾപ്പെടെ നിരവധി ചോദ്യങ്ങൾക്ക് അധികൃതർ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇതിനിടയിൽ അധികൃതരുടെ കസ്റ്റഡിയിലായ കപ്പൽ ഇന്നലെ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. രക്ഷപ്പെട്ട ഒൻപത് തൊഴിലാളികളെയും ഏറ്റുവാങ്ങിയ ശേഷം ഇന്ത്യൻ തീരസംരക്ഷണസേനയുടെ നിർദേശപ്രകാരം ഉൾക്കടലിൽനിന്ന് വിഴിഞ്ഞം ലക്ഷ്യമാക്കി തിരിച്ച എംവി സോളിസ് ഇന്നലെ രാവിലെ പുറംകടലിൽ എത്തിയിരുന്നു. വൈകുന്നേരം മൂന്നോടെ വിഴിഞ്ഞം മാരിടൈം ബോർഡ് തുറമുഖ അധികൃതരുടെ അനുമതിയോടെ ലൈറ്റ്ഹൗസിനും ഒരു നോട്ടിക്കൽ ഉള്ളിലായാണ് കപ്പൽ നങ്കൂരമിട്ടത്. ഇനി നടപടികൾ പൂർത്തിയാകുന്നതുവരെ ഇവിടെ തുടരും.
ക്യാപ്റ്റൻ ലെവാൻ തുവാൻ നയിക്കുന്ന 20 അംഗ വിയറ്റ്നാം സ്വദേശികളായ ജീവനക്കാരുമായാണ് കപ്പലിന്റെ വരവ്. നിയമപരമായി കപ്പൽ കസ്റ്റഡിയിൽ എടുക്കാനുള്ള അധികാരം തുറമുഖ അധികൃതർക്കാണെങ്കിലും ഉന്നതാധികാരികളിൽ നിന്നുള്ള നിർദേശം ലഭിക്കാത്തതിനാൽ അതു നടന്നില്ലെന്നാണറിവ്.
ഇതിനിടയിൽ അപകടത്തിൽപ്പെട്ടവരുടെ മൊഴിയെടുത്ത ശേഷം വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവം നടന്നതു തമിഴ്നാടിന്റെ അധികാരപരിധിയിൽപ്പെട്ട കടലിലായതിനാൽ കേസ് ചെന്നൈ ബ്രോഡ്വേ റോഡിലുള്ള ബി-5 ഹാർബർ സ്റ്റേഷനു കൈമാറി. കൊച്ചി കഴിഞ്ഞാൽ കേരളത്തിലെ മറ്റെല്ല കോസ്റ്റൽ സ്റ്റേഷനുകൾക്കും തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് അധികാരപരിധി.
ശനിയാഴ്ച നടന്ന കപ്പലപകടം വിഴിഞ്ഞത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ ഉൾക്കടലിലായതാണ് ഡിജി ഓഫ് ഷിപ്പിംഗ് അന്വേഷണം ഏറ്റെടുക്കാൻ കാരണം. കൊല്ലം ശക്തികുളങ്ങരസ്വദേശി രാജേഷ് മാത്യുവിന്റെ സെന്റ് ജോസഫ് എന്ന ബോട്ടിലാണ് ഒമാനിൽനിന്ന് കൊളംബോയ്ക്ക് പോവുകയായിരുന്ന പനാമ രജിസ്ട്രേഷനുള്ള വിയറ്റ് നാമിന്റെ സോളിസ് എന്ന കപ്പൽ ഇടിച്ചു കയറിയത്.
ബോട്ടിൽ ഉണ്ടായിരുന്ന 16 തൊഴിലാളികളിൽ ഒൻപത് പേർ രക്ഷപ്പെട്ടെങ്കിലും രണ്ടു പേരെ കാണാതാവുകയായിരുന്നു. ഇവർക്കായി കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലും ഫലം കണ്ടില്ല. രക്ഷപ്പെട്ടവരിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നാലു തമിഴ്നാട്ടുകാർ ഡിസ് ചാർജ് വാങ്ങി തുടർചികിത്സക്കായി തമിഴ്നാട്ടിലേക്ക് മടങ്ങി.
പരിക്ക് ഭേദമാകുന്ന മുറയ്ക്കു പശ്ചിമ ബംഗാൾ സ്വദേശികളും നാട്ടിലേക്കു മടങ്ങുമെന്നു തീരദേശ പോലീസ് അറിയിച്ചു
Kerala
തിരുവനന്തപുരം: വെങ്ങാനൂരിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ. നെല്ലിവിള കൊല്ലൻവിള സ്വദേശി എ.എം. അരുണിന് നേരെയാണ് ആക്രമണമുണ്ടായത്.
കേസിൽ വെങ്ങാനൂർ നെല്ലിവിള ചരുവിള സ്വദേശികളും സഹോദരങ്ങളുമായ അഖിൽ(24), അജിൻ(23) എന്നിവരാണ് പിടിയിലായത്. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. വിഴിഞ്ഞം പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
മാർച്ച് മൂന്നിന് രാത്രി ഏഴോടെ വെങ്ങാനൂർ കായൽക്കരയ്ക്ക് സമീപമാണ് സംഭവം നടന്നത്. പ്രതികൾ ബിയർക്കുപ്പികൊണ്ട് അരുണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം പുളിങ്കൊടിയില്‍ സിപിഎം ഓഫീസ് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകര്‍ത്തു. വ്യാഴാവ്ച കോണ്‍ഗ്രസിന്റെ ഫ്ലക്സ് സിപിഎമ്മുകാര്‍ കത്തിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം പ്രകടനത്തിനിടെയാണ് സിപിഎം ഓഫീസിനകത്തെ കസേരകളും ഫ്ലക്സുകളും തകര്‍ത്തത്. ഓഫീസിനകത്തെ കസേരകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്താണ് പ്രവർത്തകർ മടങ്ങിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കി. ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രകടനം നടത്തി.
Kerala
വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടർന്നെന്ന് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ ഇവരുടെ കുടുംബം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവർ ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരിച്ച രണ്ട് പേരും നിലവിൽ ആശുപത്രിയിലുള്ളയാളും മീൻമുട്ട കൊണ്ടുള്ള വിഭവം കഴിച്ചതായാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഒരാൾ ചികിത്സയിൽ കഴിയുകയാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ആറ് പേരിൽ നാല് പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവിത്തിന് പിന്നാലെ പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് ഹോട്ടൽ പൂട്ടിച്ചു.
ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. സജീന ഉൾപ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവിക്ക് മരണം സംഭവിച്ചത്.
Leader Page
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ ജീവൻമരണപോരാട്ടം നടത്തിയ മത്സ്യത്തൊഴിലാളികളെ ‘രാജ്യവിരുദ്ധർ’ എന്ന് മുദ്രകുത്തുകയും അവർക്കെതിരേ വെടിവയ്പ് നടത്താൻ പോലീസ് സജ്ജമായിരുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത കേരളത്തിലെ ഒരു മന്ത്രിയുടെ നടപടി ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ്. സ്വന്തം മണ്ണും തൊഴിലും നഷ്ടപ്പെടുമെന്ന ഭയത്താൽ തെരുവിലിറങ്ങിയ ഒരു ജനതയെ, അവരുടെ പ്രതിഷേധത്തെ, അടിച്ചമർത്താൻ വെടിയുണ്ടകൾ തയാറാക്കിയിരുന്നു എന്ന ഭരണകൂടത്തിന്റെ വെളിപ്പെടുത്തൽ ഫാസിസ്റ്റ് മനോഭാവത്തിന്റെ തെളിവാണ്.
വിഴിഞ്ഞം സമരം കേവലമൊരു പ്രാദേശിക തർക്കമായിരുന്നില്ല. മറിച്ച് നവകൊളോണിയൽ ശക്തികൾക്കെതിരേയുള്ള ഇന്ത്യയിലെ ‘രണ്ടാം സ്വാതന്ത്ര്യസമര’ത്തിന്റെ ഭാഗമായിവേണം കാണാൻ.
ഇരകളെ വില്ലന്മാരാക്കുന്ന തിരക്കഥ
വിഴിഞ്ഞം സമരത്തെ നേരിടാൻ ഭരണകൂടം സ്വീകരിച്ചത് ‘ഇര-നായകൻ-വില്ലൻ’ എന്ന കൃത്യമായ തിരക്കഥയാണ്. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന യഥാർഥ ‘ഇരകളെ’ ഇവിടെ ‘വില്ലന്മാരായി’ ചിത്രീകരിക്കുന്നു. വികസനം മുടക്കുന്നവർ, വിദേശ ഫണ്ട് പറ്റുന്നവർ, രാജ്യവിരുദ്ധർ എന്നിങ്ങനെ അവരെ മുദ്രകുത്തുന്നു. മറുഭാഗത്ത്, പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാൻ വരുന്ന കോർപറേറ്റ് ശക്തികളെയും അവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തെയും വികസനത്തിന്റെ ‘നായകരായി’ അവതരിപ്പിക്കുന്നു. തീരദേശ ജനതയുടെ ന്യായമായ ആവശ്യമായ ‘പരിസ്ഥിതി ആഘാത പഠനം’ പോലും നടത്താൻ തയാറാകാത്തവർ, നീതി ചോദിക്കുന്നവരെ വെടിവയ്ക്കാൻ മടിക്കില്ല എന്നു പറയുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്.
കോർപറേറ്റ്-ഭരണകൂട അവിശുദ്ധ കൂട്ടുകെട്ട്
വിഴിഞ്ഞം സമരം യഥാർഥത്തിൽ വെളിപ്പെടുത്തിയത് ഭരണകൂടവും കോർപറേറ്റ് ശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ്. ഈ സാമ്പത്തിക-രാഷ്ട്രീയ അച്ചുതണ്ട്, പൊതുസ്വത്തായ കടലിനെയും തീരത്തെയും സ്വകാര്യ ലാഭത്തിനായി തീറെഴുതുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ജനങ്ങളുടെ താത്പര്യത്തേക്കാൾ ഉപരിയായി കുത്തക മുതലാളിത്തത്തിന്റെ സംരക്ഷകരായി മാറുന്നു. ഇതിനെതിരേ ശബ്ദിക്കുന്നത് രാജ്യവിരുദ്ധതയല്ല, മറിച്ച് രാജ്യത്തിന്റെ വിഭവങ്ങളെ സംരക്ഷിക്കാനുള്ള ദേശസ്നേഹപരമായ നടപടിയാണ്.
വർഗീയ ധ്രുവീകരണം എന്ന ആയുധം
സമരത്തെ പരാജയപ്പെടുത്താൻ ഭരണകൂടം ഉപയോഗിച്ച മറ്റൊരു തന്ത്രം വർഗീയ ധ്രുവീകരണമാണ്. വിഴിഞ്ഞം സമരം ലത്തീൻ കത്തോലിക്കാ സഭയുടെ മാത്രം പ്രശ്നമാണെന്നും ഇത് വർഗീയമാണെന്നും വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം നടന്നു. നായർ, ഈഴവ, മുസ്ലിം തുടങ്ങിയ ഇതര സമുദായങ്ങളെ മത്സ്യത്തൊഴിലാളികൾക്കെതിരേ തിരിക്കാനും വികസനത്തിന് എതിരുനിൽക്കുന്നവർ എന്ന പൊതുബോധം സൃഷ്ടിക്കാനും ഭരണകൂടത്തിന് സാധിച്ചു. എന്നാൽ യഥാർഥത്തിൽ, തീരദേശത്തെ മണ്ണും മനുഷ്യനും സംസ്കാരവും സംരക്ഷിക്കപ്പെടാനുള്ള ഈ പോരാട്ടം ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ മാത്രം വിഷയമല്ല, മറിച്ച് പരിസ്ഥിതി നീതിയുടെ പ്രശ്നമാണ്.
ഫാ. സ്റ്റാൻ സ്വാമിയുടെ മുന്നറിയിപ്പ്
ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ വാക്കുകൾ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും പ്രസക്തമാണ്. “നിലവിലെ വ്യവസ്ഥിതിയിൽ നീതി എന്നത് പാവപ്പെട്ടവർക്ക് അപ്രാപ്യമാണ്. വ്യവസ്ഥാപിതമായ തെറ്റുകൾക്കെതിരേ യുവാക്കൾ ശബ്ദമുയർത്തുമ്പോൾ അവരെ ജയിലിലടയ്ക്കുന്നു.” വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങൾ ഒരു ‘തിരക്കഥ’ പോലെയായിരുന്നു എന്ന് സമരക്കാർ സംശയിക്കുന്നു. സമരത്തെ അക്രമാസക്തമാക്കി എന്ന് വരുത്തിത്തീർത്ത്, അതിനെ ചോരയിൽ മുക്കിക്കൊല്ലാനുള്ള നീക്കമായിരുന്നു അത്. “വെടിവയ്ക്കാൻ പോലീസ് തയാറായിരുന്നു” എന്ന മന്ത്രിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഈ സംശയത്തെ ബലപ്പെടുത്തുന്നു.
രണ്ടാം സ്വാതന്ത്ര്യസമരം
മന്ത്രിയുടെ പ്രസ്താവനയിലൂടെ തെളിയുന്നത്, വിഴിഞ്ഞം സമരം പരാജയപ്പെട്ട ഒന്നല്ല, മറിച്ച് അത് വരാനിരിക്കുന്ന വലിയ പോരാട്ടങ്ങളുടെ തുടക്കമാണെന്നാണ്. 1980കളിൽ ഫാ. തോമസ് കൊച്ചേരിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന മത്സ്യത്തൊഴിലാളി പ്രക്ഷോഭങ്ങളുടെ തുടർച്ചയാണിത്. അന്ന് അത് ട്രോളിംഗിനും യന്ത്രവത്കരണത്തിനുമെതിരേയായിരുന്നെങ്കിൽ, ഇന്ന് അത് കോർപറേറ്റ് അധിനിവേശത്തിനെതിരേയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉറപ്പുനൽകുന്ന നീതിക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണിത്. അതിനാൽ, വിഴിഞ്ഞത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളല്ല രാജ്യവിരുദ്ധർ; മറിച്ച്, ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിച്ച്, കോർപറേറ്റ് ലാഭത്തിനു വേണ്ടി സ്വന്തം ജനതയ്ക്കു നേരേ തോക്കുചൂണ്ടുന്ന ഭരണകൂട നയങ്ങളാണ് യഥാർഥത്തിൽ ‘രാജ്യവിരുദ്ധം’.
ഇഎംഎസ് ചൂണ്ടിക്കാണിച്ചതുപോലെ, തൊഴിലാളിവർഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത, കോർപറേറ്റുകൾക്ക് വഴങ്ങുന്ന ഒരു ഭരണകൂടം ചരിത്രത്തോട് നീതി പുലർത്തുന്നില്ല. അതുകൊണ്ട്, വിഴിഞ്ഞം സമരം അവസാനിച്ചിട്ടില്ല; അത് ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ‘രണ്ടാം സ്വാതന്ത്ര്യസമര’മായി തുടരുകതന്നെ ചെയ്യും.
ഇഎംഎസിന്റെ വാക്കുകളുംഇന്നത്തെ ഇടതുപക്ഷവും
തൊഴിലാളിവർഗത്തിന്റെ വക്താക്കൾ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ, അദാനി ഗ്രൂപ്പിന്റെ കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാൻ പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചത് ചരിത്രപരമായ വൈരുദ്ധ്യമാണ്. കമ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പതിറ്റാണ്ടുകൾക്കു മുമ്പ് മറ്റ് ബൂർഷ്വാ പാർട്ടികളെക്കുറിച്ച് പറഞ്ഞ വാക്കുകൾ, ഇന്ന് സ്വന്തം പാർട്ടിയുടെ അവസ്ഥയെയും ചെയ്തികളെയും വെളിവാക്കുന്ന കണ്ണാടിയായി മാറുന്നു. 1984ൽ അദ്ദേഹം എഴുതിയ വരികൾ വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യമർഹിക്കുന്നു:
“കേരളത്തിലെ ഇന്നത്തെ ഭരണസഖ്യം എന്നത് തൊഴിലാളിവർഗത്തോടും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും ശത്രുത പുലർത്തുന്ന പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും ഒരു കൂട്ടായ്മയാണ്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചുകൊണ്ട് അവർ സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ തുടരുന്നത്, അധ്വാനിക്കുന്ന ജനങ്ങൾക്കുനേരേ കൂടുതൽ ക്രൂരമായ ആക്രമണങ്ങൾക്കും ജാതി, മത സമൂഹങ്ങൾക്കിടയിൽ കൂടുതൽ കലഹങ്ങൾക്കും സംഘർഷങ്ങൾക്കും വഴിയൊരുക്കും.”
അന്നിത് ഇഎംഎസ് കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിനെതിരേയാണ് പറഞ്ഞതെങ്കിൽ, ഇന്ന് അതേ വിമർശനം, വിഴിഞ്ഞം സമരത്തെ അടിച്ചമർത്തുന്ന ഇടതുപക്ഷ സർക്കാരിന് ബാധകമാകുന്നു. അദാനി എന്ന കോർപറേറ്റ് ഭീമനു വേണ്ടി തൊഴിലാളിവർഗമായ മത്സ്യത്തൊഴിലാളികളെ ‘രാജ്യദ്രോഹികളാ’യി പ്രഖ്യാപിച്ചതും സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി സമരത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇഎംഎസ് ഭയപ്പെട്ട ആ ‘ശത്രുതയുടെ രാഷ്ട്രീയം’ തന്നെയാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അവശനിലയിലായ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് ജോൺ (47) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒൻപതോടെ ആയിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് വിഴിഞ്ഞം ഹാർബറിലെത്തിയ വള്ളത്തിൽ നിന്നാണ് അവശനിലയിലായ റിച്ചാർഡ് കടലിലേക്ക് വീണത്. തിങ്കളാഴച പുലർച്ചെ മത്സ്യബന്ധനത്തിന് പോയതായിരുന്നു റിച്ചാർഡ് ജോൺ.
ഒപ്പം സുഹൃത്തുക്കളായ സോളമൻ, സ്റ്റാൻലി എന്നിവരുമുണ്ടായിരുന്നു. തിരികെ ഒൻപതോടെ വിഴിഞ്ഞം ഹാർബറിലെത്തിയ റിച്ചാർഡ് വള്ളം അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സോളമൻ കടലിലേക്ക് ചാടി റിച്ചാർഡിനെ ഉയർത്തിയെടുത്തു. ഉടൻതന്നെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചൊവ്വാഴ്ച ഉണ്ടായ തെരുവുനായ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നവരെയും വഴിയിലൂടെ നടന്നുപോയവരെയുമടക്കമാണ് നായ കടിച്ചത്.
കല്ലുവെവെട്ടാൻകുഴി സ്വദേശികളായ അസിയ (9), ആദിൽ മുഹമ്മദ് (7), വിഴിഞ്ഞം ഹാർബർ റോഡിൽ അസിക (18), മൈദിൻ പീരുമുഹമ്മദ് (37), ഹസനാർ (60), ഇൻസമാം ഹക്ക്(31), അബുഷൗക്കത്ത് (56), വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്. പേവിഷബാധയേറ്റ നായയെന്ന് സംശയമുള്ളതായി കടിയേറ്റവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്.
കല്ലുവെട്ടാൻകുഴിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസിയയുടെ ഇടത് കൈയിലും കാലിലും അതുപോലെ ആദിലിന് വലതുകാലിലെ തുടയിലുമാണ് കടിയേറ്റത്. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സുനിറ്റിന് ഇടതുകാലിലാണ് കടിയേറ്റത്.
പിന്നാലെ വീട്ടുമുറ്റത്ത് നിന്ന അസിക, ഷെഡിൽ കിടന്നുറങ്ങിയ ഹസനാർ, ഇൻസമാം ഹക്ക് എന്നിവരെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. നായയെ പിടികിട്ടിയതോടെ നാട്ടുകാർ അടിച്ചുകൊന്നു.
District News
വിഴിഞ്ഞം: കേരളം ഉറ്റു നോക്കിയിരുന്ന തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം ഡിവിഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന വാർഡിൽ കോൺഗ്രസിലെ കെ.എച്ച്. സുധീർ ഖാൻ തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഎമ്മിലെ എൻ. നൗഷാദിനെ 83 വോട്ടുകൾക്കാണ് പരാജയപ്പെട്ടുത്തിയത്.
ആകെയുള്ള 13,305-ൽ പോൾ ചെയ്ത 8,912 വോട്ടിൽ സുധീർ ഖാന് 2902 ഉം, നൗഷാദിന് 2,819 ഉം ബിജെപിയിലെ സർവ്വശക്തിപുരം ബിനുവിന് 2,437 ഉം വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനുശേഷം കൗണ്ടിംഗ് സ്റ്റേഷനായ വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ച ബാലറ്റ് പെട്ടികൾക്കു ശക്തമായപോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ വരണാധികാരിയായ തിരുവനന്തപുരം സബ് കളക്ടർ ഒ.എസ്. വിൽഫ്രഡ്, സഹവരണാധികാരികളായ പ്രതാപചന്ദ്രൻ, വിനോദ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു.
പിന്നെയുള്ള ഒരു മണിക്കൂറോളം ആകാംഷയുടെ നിമിഷങ്ങളായിരുന്നു കടന്നുപോയത്. ആകെയുള്ള പത്തു ബൂത്തുകളിൽ ഒന്നു മുതൽ നാലുവരെ ലീഡ് നിലനിർത്തിയ കോൺഗ്രസിന്റെ മാർജിൻ കുത്തനെ ഇടിഞ്ഞു. അഞ്ചു മുതൽ ഒൻപത് വരെയുള്ള ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിപിഎം സ്ഥാനാർഥി 122 വോട്ടുകൾക്ക് മുന്നിലായി. പത്താമത്തെ ബൂത്തായ വിഴിഞ്ഞം എണ്ണിത്തുടങ്ങിയതോടെ കൗണ്ടിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്ഥാനാർഥികളുടെയും അണികളുടെയും ചങ്കിടിപ്പു കൂടി.
എന്നാൽ പത്താമത്തെ വാർഡ് കോൺഗ്രസിനെ കാര്യമായി തുണച്ചു. കോൺഗ്രസിന് 478 വോട്ടുകൾ കിട്ടിയപ്പോൾ ഇടതുപക്ഷത്തിന് 223 കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതു പരാജയത്തിനു വഴിതെളിച്ചു. മൂന്നു ബൂത്തുകളിൽ ബിജെപി കാര്യമായ പ്രകടനം കാഴ്ചവച്ചതും മറ്റു മുന്നണികളെ ഞെട്ടിച്ചു. കോൺഗ്രസിനെതിരേ സ്വതന്ത്രനായി രംഗത്തിറങ്ങിയ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ 494 വോട്ടും സിപിഎമ്മിനെതിരേ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ മുൻ നഗരസഭാ കൗൺസിലർ കൂടിയായ എൻ.എ. റഷീദ് 118 വോട്ടു നേടി തൃപ്തിപ്പെട്ടു.
കേരള കോൺഗ്രസിലെ വിജയമൂർത്തിക്ക് 65, എസ്ഡിപിഐയിലെ മാഹീന് 33, എഎപിയിലെ സമീൻ സത്യദാസിന് 31, സ്വതന്ത്രസ്ഥാനാർഥി ഷാജഹാന് 13 വീതം വോട്ടുകളും ലഭിച്ചു. വിഴിഞ്ഞം പഞ്ചായത്ത് നഗരസഭയോടു കൂട്ടിച്ചേർത്തശേഷം വീണ്ടും വെട്ടിമുറിച്ചു പുതിയതായി രൂപീകരിച്ച വിഴിഞ്ഞം ഡിവിഷനിൽ ആദ്യമായി നടന്ന ത്രികോണ മത്സരത്തിലാണു കോൺഗ്രസിനെ ജനം അനുഗ്രഹിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മൂന്നിടത്തും ഇന്ന് ഉച്ചയോടെ വിജയചിത്രം തെളിയും.
വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീണ്ടുപോയത്. ഒൻപത് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. ബിജെപിയുടെ സർവശക്തിപുരം ബിനുവും എൽഡിഎഫിന്റെ എൻ. നൗഷാദും യുഡിഎഫിന്റെ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനുമാണ് പ്രമുഖ സ്ഥാനാർഥികൾ.
നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് വിജയിച്ചാൽ കേവല ഭൂരിപക്ഷമെന്ന 51ലേക്ക് എത്താനാകും.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബുവിന്റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
Kerala
തിരുവനന്തപുരം:സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാനത്തെ മൂന്നു വാര്‍ഡുകളിലെ വോട്ടെുപ്പ് അവസാനിച്ചു. വൈകുന്നേരം അഞ്ച് വരെ 67.2 % പോളിംഗാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാര്‍ഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് വോടെടുപ്പ് നടന്നത്. വൈകുന്നേരം ആറിനാണ് വോട്ടെടുപ്പ് പൂർത്തിയായത്.
ഒമ്പതുപേര്‍ മത്സരിക്കുന്ന വിഴിഞ്ഞത്ത് 13307 വോട്ടര്‍മാരാണുള്ളത്. പായിംപാടത്ത് 991 ഉം ഓണക്കൂറിൽ 1183 ഉം വോട്ടര്‍മാരുണ്ട്. രണ്ടിടത്തും നാലു വീതം സ്ഥാനാര്‍ഥികളാണുള്ളത്. ചൊവ്വാഴ്ച രാവിലെ പത്തിനാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ബെർത്തിൽ കോൺക്രീറ്റ് തകർന്ന് ഗർത്തം രൂപപ്പെട്ടു. മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച ബെർത്തിലാണ് ഗർത്തമുണ്ടായിരിക്കുന്നത്. ഇതിന് സമീപത്തായാണ് കോസ്റ്റൽ പോലീസിനായി ബെർത്ത് നിർമിക്കുന്നതും.
കോൺക്രീറ്റിന് കീഴിലുള്ള കല്ലും മണ്ണും തിരയിൽ ഒലിച്ചു പോയതാണ് കോൺക്രീറ്റ് തകർന്നിടത്ത് കുഴി രൂപപ്പെടാൻ കാരണം. കോസ്റ്റൽ പോലീസിന്റെ ബെർത്ത് നിർമാണത്തിനായി ക്രെയിൻ കയറ്റിയപ്പോഴാണ് കോൺക്രീറ്റ് തകർന്ന് കുഴിയുണ്ടായത്.
ഏകദേശം രണ്ടാൾ താഴ്ചയിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോസ്റ്റൽ പോലീസിന്റെ ബെർത്ത് നിർമാണം താത്കാലികമായി നിർത്തിവച്ചു. തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് അപകടമുണ്ടാകാതിരിക്കാൻ താത്കാലിക സംവിധാനം തയാറാക്കുന്നുണ്ട്.
District News
വിഴിഞ്ഞം: ചരക്ക് കപ്പലുകൾക്ക ആവശ്യമായ ഇന്ധനം നൽകുന്ന ബങ്കറിംഗ് സംവിധാനം നടപ്പാക്കി വിജയം കൈവരിച്ച വിഴിഞ്ഞം അന്താരാഷ്ട തുറമുഖം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എൽഎൻജി ബങ്കറിംഗ് യൂണിറ്റ് വിഴിഞ്ഞം തുറമുഖത്ത് ഉടൻ യാഥാർഥ്യമാകും. ഇന്ത്യ മാരിടൈം വീക്കിന്റെ ഭാഗമായി അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി പദ്ധതിയുടെ ധാരണാപത്രം ഒ പ്പുവച്ചു. അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ സിഇഒ അശ്വനി ഗുപ്തയും ബിപിസിഎൽ ഗ്യാസ് ബിസിനസ് ഹെഡ് രാഹുൽ ടണ്ടനും തമ്മിൽ ഔദ്യോഗിക കരാർ കൈമാറി.
ബിപിസിഎൽ ഫിനാൻസ് ഡയറക്ടർ ജി.ആർ. വത്സ, മാർക്കറ്റിംഗ് ഡയറക്ടർ ശുഭാങ്കർ സെൻ, ബിപിസിഎൽ ഐ ആൻ ഡ് സി ബിസിനസ് ഹെഡ് മനോജ് മേനോൻ, എവിപിപിഎൽ സിഇഒ പ്രദീപ് ജയരാമൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്ക്കൽ ചടങ്ങുകൾ. പദ്ധതി നടപ്പാകുന്നതോടെ അന്താരാഷ്ട്ര സർവീസ് നടത്തുന്ന കപ്പലുകൾക്ക് എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും. വാണിജ്യ സംരംഭം എന്നതിലുപരി കാർബൺ ബഹിർഗമനം കുറയ്ക്കാനും നെറ്റ് സിറോ എമിഷൻ ലക്ഷ്യം കൈവരിക്കാനുമുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണിത്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി താമസിയാതെ പദ്ധതി യാഥാർഥ്യമാക്കുമെന്നും അധികൃതർ പറയുന്നു.
District News
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശി ഷാബു(44) ആണ് അറസ്റ്റിലായത്.
വിഴിഞ്ഞം കോട്ടപ്പുറം നിർമലാ ഭവനിൽ ജയിംസ്- മോളി ദമ്പതിമാരുടെ മകൻ ജെയ്സൻ(17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി-ട്രീസ ദമ്പതിമാരുടെ മകൾ ടി.ഷാനു(16) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിനി പുതിയതുറ സ്വദേശിനി സ്റ്റെഫാനി(16) ഗുരുതര പരുക്കേറ്റു ചികിത്സയിലാണ്.
അഭിഭാഷകനായ ഷാബുവിനെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനപ്പൂർവമുളള നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിനു മുന്നിലാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്ന് പുതിയതുറ ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 90 പവന്റെ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂര്‍ മാവുവിള വിന്‍സന്‍ വില്ലയില്‍ റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്.
ഗില്‍ബര്‍ട്ടിന്റെ സഹോദരിയുടെ മകന് ഈ സമീപകാലത്ത് മരണപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ ദിവസവും രാത്രി പത്ത് മണിക്കു ശേഷം ഗില്‍ബര്‍ട്ടും ഭാര്യയും സഹോദരിയുടെ വീട്ടില്‍ കുട്ടുകിടക്കാന്‍ പോകുക പതിവായിരുന്നു. പതിവുപോലെ ചൊവ്വാഴ്ചയും പോയി.
ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്.വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ടാം നിലയില്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 90 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മോഷ്ടാക്കള്‍ അപഹരിച്ചുവെന്ന് ഗില്‍ബര്‍ട്ട് പോലീസിനോട് പറഞ്ഞു. ഗില്‍ബര്‍ട്ടിന്റെ മകനും മകളും സര്‍ക്കാര്‍ ജീവനക്കാരാണ്. ഇരുവരും കൊല്ലം മലപ്പുറം ജില്ലകളിലാണ് ജോലി ചെയ്യുന്നത്. മകളുടെയും മരുമകളുടെയും ഭാര്യയുടെയും സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പോലീസില്‍ മൊഴി നല്കി.
വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വിഴിഞ്ഞം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്വകാര്യ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. പത്തോളം കുട്ടികള്‍ക്കു പരിക്ക്. ഇന്നു രാവിലെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
District News
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: എംഎസ്സി എൽസ -3 , 643 കണ്ടെയ്നറുകളുമായി അറബിക്കടലിൽ താഴ്ന്നു പോ യിട്ട് നാളേയ്ക്ക് ഒരുമാസം. കണ്ടെയ്നറുകൾ തകർന്ന് ഉല്പന്നങ്ങൾ നഷ്ടമായ ഏജൻസികൾ കോടതി മുഖാന്തിരം നഷ്ടപരിഹാരങ്ങൾക്ക് അർഹമായപ്പോൾ കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്കയ്ക്ക് ഇനിയും പരിഹാരമില്ല.
കരയ്ക്കടിഞ്ഞ വസ്തുക്കൾ ഏറ്റെടുത്ത് കൊണ്ടുപോകാൻ പോലും ആളില്ലാത്ത അവസ്ഥയിലായി. വാർത്തകളും പ്രതിഷേധങ്ങളും കെട്ടടങ്ങിയെങ്കിലും ദുരൂഹതയും നിഗൂഢതയും ബാക്കിയായി തുടരുന്നു. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകാവുന്ന തരത്തിൽ കടലിന്റെ അടിത്തട്ടിലേക്ക് ആണ്ടുപോയ കണ്ടെയ്നറുകൾക്ക് എന്തു സംഭവിച്ചുവെന്നു പുറം ലോകത്തെ അറിയിക്കാൻ ബാധ്യതയുള്ള അധികൃതരുടെ മൗനവും മത്സ്യത്തൊഴിലാളികളുടെ ആശങ്ക കൂട്ടുകയാണ്.
എൽസ താഴ് ന്നഭാഗത്ത് എണ്ണപ്പാട കണ്ടതായതരത്തിലുള്ള വാർത്തകളും മറ്റു കിംവദന്തികളും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 24 നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നു കൊച്ചിയിലേക്കു പുറപ്പെട്ട എൽസ ആലപ്പുഴ തോട്ടപ്പള്ളിക്കും പതിനാറ് നോട്ടിക്കൽ ഉൾക്കടലിൽ അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായ വൈകുന്നേരത്തോടെ ചരിഞ്ഞ കപ്പൽ രക്ഷിക്കാമെന്ന അധികൃതരുടെ പ്രതീക്ഷകൾ തെറ്റിച്ചു രണ്ടു ദിവസത്തിനുള്ളിൽ അൻപത് മീറ്ററോളം ആഴങ്ങളിലേക്ക് കപ്പൽ താഴ്ന്നു.
മാരകമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ ഉൾപ്പെടെ കപ്പലിൽ ഉണ്ടായിരുന്ന 643 എണ്ണത്തിൽ കരയിലേക്ക് അടിച്ച് കയറിയത് അൻപതിൽപ്പരം കണ്ടെയ്നറുകൾ മാത്രം. ഇതിൽ പകുതിയും ഭാരം കുറഞ്ഞ കാലിയായവയും. രാസപദാർഥങ്ങൾ നിറച്ചവ ഉൾപ്പെടെ ബഹുഭൂരിപക്ഷം കണ്ടെയ്നറുകളുടെ കാര്യത്തിൽ ഒരു മാസം തികയുമ്പോഴും പുറംലോകത്തിനു യാതൊരറിവും ഇല്ലതാനും.
കടൽ വെള്ളം കയറിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുക്കളാണ് കപ്പലിൽ ഉള്ളതെന്നു തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും ദിവസം കഴിയുംതോറും ആരുംമിണ്ടാതായി. എന്നാൽ കടലിന്റെ അടിത്തട്ടിൽ കിടക്കുന്നവ ശക്തമായ തിരയടിയിലും ഉപ്പുവെള്ളത്തിൽ തുരുമ്പെടുത്തും വേഗത്തിൽ തകരാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. തകർന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്കുപരി കടലിന്റെ ആവാസ വ്യവസ്ഥയെയും ഇതു ഗുരുതരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഏതു സമയത്തും പ്രത്യാഘാതമുണ്ടാക്കാവുന്ന തരത്തിൽ കടലിൽ കണ്ടെയ്നറുകൾ ഉള്ളപ്പോൾ മനസമാധാനത്തോടെ വള്ളമിറക്കാൻ കഴിയാത്ത അവസ്ഥയാണെ ന്നു വിഴിഞ്ഞം ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒഴുകിയെത്തിയ കണ്ടെയ്നറുകളിൽ ചിലത് പൊട്ടിത്തകർന്നു തോടുള്ള കശുവണ്ടി, തേങ്ങാ, പ്ലാസ്റ്റിക് തരികൾ എന്നിവ കടലിൽ ഒഴുകി.
കരയിൽ കയറിയ കശുവണ്ടിയും തേങ്ങയുമെല്ലാം ആൾക്കാരും കൊണ്ടുപോയി. എന്നാൽ പരിസ്ഥിതിക്കു നാശം വരുത്താവുന്ന പ്ലാസ്റ്റിക് തരികൾ നിറച്ച ചാക്കുകൾ ഏറ്റെടുക്കാൻ അധികൃതർ എത്തിയില്ല. ഒരു മാസമായി കടൽക്കരയിൽ അനാഥമായി കിടക്കുന്നതായി മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു. ഏറ്റെടുത്ത ഓയിൽ കാനുകൾ, തടികൾ എന്നിവ വിഴിഞ്ഞം മാരിടൈം ബോർഡിൻന്റെ തുറമുഖ വാർഫിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ടും നാളുകൾ കഴിഞ്ഞു.