തിരുവനന്തപുരം: പ്രാവച്ചമ്പലത്തിന് സമീപം കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പള്ളിച്ചൽ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനിൽ അഖിൽ (28) ആണ് മരിച്ചത്.
അഖിലിനൊപ്പമുണ്ടായിരുന്ന പിതാവ് വേണുഗോപാലൻ നായർ (62) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അച്ഛനെയും മകനെയും കാറിനുള്ളിൽ നുരയും പതയും വന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.
ഇതേ തുടർന്ന് ഇരുവരെയും ഉടൻ തന്നെ നേമം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രാത്രിയോടെ അഖിൽ മരിച്ചു. ഡ്രൈവറായിരുന്നു അഖിൽ. അച്ഛൻ വേണുഗോപാലൻ നായർ കർഷകനാണ്.
സംഭവത്തിൽ നരുവാമ്മൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വേണുഗോപാലൻ നായർ അബോധാവസ്ഥയിലായതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.
Tags : kerala police say no to suicide trivandrum death