തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലെ കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. കുടുംബശ്രീയില്‍ സംസ്ഥാന, ജില്ലാ മിഷനുകളില്‍ കോ-ഓര്‍ഡിനേറ്റര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഒഴികെ മറ്റുള്ളവരെല്ലാം കരാര്‍ ജീവനക്കാരാണ്.
154 ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, 608 ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, 1070 സിഡിഎസ് അക്കൗണ്ടന്റുമാര്‍, 45 സിറ്റി മിഷന് മാനേജര്‍, 45 സോഷ്യല്‍ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, 535 കമ്യൂണിറ്റി കൗണ്‍സിലര്‍, 28 ജില്ലാ അക്കൗണ്ടന്റ്, 43 എസ്വിഇപി ജില്ലാ അക്കൗണ്ടന്റുമാര്‍, 59 സംസ്ഥാന മിഷനില്‍ മാനേജര്‍, പിആര്‍ ടീം മൂന്ന്, അട്ടപ്പാടി പദ്ധതിയില്‍ ഒൻപത് പേര്, ട്രൈബല്‍ സ്പെഷല്‍ പ്രോജക്ടില്‍ 17 പേര്, മറ്റുളളവര്‍ എട്ട് എന്നിങ്ങനെ 2,624 പേരാണ് കരാര്‍ ജീവനക്കാരായുള്ളത്.
കുടുംബശ്രീയെ ചലിപ്പിക്കുന്നതില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ട്. കരാര്‍ ജീവനക്കാരുടെ നിയമനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നിര്‍ത്തിവച്ചിരുന്നു. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മെയ് ആറിന് നടപടികളിലേക്ക് കടക്കാന്‍ ജില്ലാ മിഷനുകള്‍ക്ക് സംസ്ഥാന മിഷന് നിര്‍ദേശം നല്‍കിയിരുന്നു.
മെയ് ഏഴിനാണ് പുതിയ ഉത്തരവു വന്നത്. ജൂണ്‍ ഒന്നിനുശേഷമുള്ള അറിയിപ്പനുസരിച്ചു നിയമനം മതിയെന്നും ആര്‍ക്കെങ്കിലും നിയമനം നല്കിയിട്ടുണ്ടെങ്കില് റദ്ദാക്കാനുമാണ് നിര്‍ദേശം. വേതനത്തിലുപരി അവധി ദിവസങ്ങളിലും അധികസമയവും ജോലി ചെയ്യുന്നവരാണ് കരാര്‍ ജീവനക്കാര്‍.
Tags : kudumbasree trivandrum contract