ബിജു
കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പാളയം പുതിയ കോവിലകം പറമ്പ്നഗറില് താമസിക്കുന്ന രാജന്റെ മകന് ബിജു (38) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ അമ്മ ബേബിയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ബിജുവിനെ കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ച പാടുകള്‍ ഉണ്ടായിരുന്നു. രക്തം വാര്‍ന്നാണ് ബിജു മരിച്ചത്. പശുക്കച്ചവടക്കാരനാണു ബിജു. ബിജുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി ക്രൂരമായാണു കൊലപ്പെടുത്തിയതെന്നാണു പോലീസ് നല്കുന്ന വിവരം.
പാളയം പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്ന ഒറ്റമുറി വീട്ടിലാണു രക്തം വാര്‍ന്ന് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നോടെ പശുവിനെ കറക്കാനായി വിളിക്കാനെത്തിയപ്പോഴാണ് അമ്മ ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. ലഹരിമരുന്ന് മാഫിയയാണു കൊലപാതകത്തിനു പിന്നിലെന്നാണ് കുടുബത്തിന്റെ സംശയം.
വീടിനു സമീപത്തെ ഗ്രൗണ്ട് ലഹരിമാഫിയയുടെ താവളമാണ്. അവിടെയുള്ള ലഹരി മാഫിയയെക്കുറിച്ചുള്ള വിവരം ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ബിജു പോലീസിനു കൈമാറിയതിന്റെ പ്രതികാരമാകാം കൊലപാതകമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി പറഞ്ഞു.
വിരലടയാള, ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പാളയത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബിജു അവിവാഹിതനാണ്. ബിന്ദുവാണു സഹോദരി.
Tags : homicide MurderCase dead house Biju Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews