വിയന്ന: ബോംബ് ഭീഷണിയെതുടർന്ന് ഓസ്ട്രിയൻ എയർലൈൻസ് വിമാനം അടിയന്തരമായി നിലത്തിറക്കി. ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് സർവീസ് നടത്തിയ വിമാനമാണ് നിലത്തിറക്കിയത്. ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്.
വിമാനത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു മുൻകരുതൽ നടപടിയുടെ ഭാഗമായി പൈലറ്റ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. എന്നാൽ പിന്നീട് ഭീഷണി വ്യാജമെന്ന് കണ്ടെത്തി.
51 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഈ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലാൻഡിംഗിന് തൊട്ടുപിന്നാലെ സുരക്ഷാ സേന വിമാനം വളയുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. തുടർന്ന് വിമാനത്തിലും യാത്രക്കാരുടെ ലഗേജുകളിലും ബോംബ് സ്ക്വാഡും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും വിശദമായ പരിശോധന നടത്തി.
പരിശോധനയിൽ സംശയസ്പദമായി ഒന്നുമില്ലെന്ന് കണ്ടെത്തി. ഇതോടെ ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് അധികൃതരുടെ പരിശോധന പൂർത്തിയായ ശേഷം യാത്ര തുടരാൻ അനുമതി നൽകി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Bomb threat Austrian Airlines plane emergency landing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash