പാരിസ്: വർധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ യുവജനപ്രക്ഷോഭം വ്യാപിക്കുന്നു. ഫ്രാൻസ് കൂടാതെ ഇറ്റലി, ബൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നീ രാജ്യങ്ങളിലും ശനിയാഴ്ച സർക്കാർ വിരുദ്ധ റാലികൾ നടന്നു. ശനിയാഴ്ച ഫ്രാൻസിൽ എട്ടു ലക്ഷത്തോളം പേരാണു തെരുവിലിറങ്ങിയത്. പല നഗരങ്ങളിലും സമരം അക്രമാസക്തമായി.
വർധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ ഇറ്റലിയിലെ മിലാനിൽ നടന്ന പ്രതിഷേധവും അക്രമാസക്തമായി. കടകൾ കൊള്ളയടിച്ചു. കല്ലേറു നടത്തിയവരെ പിരിച്ചുവിടാൻ മിലാനിൽ കണ്ണീർവാതകവും ബൊളോന്യയിൽ ജലപീരങ്കിയും പ്രയോഗിച്ചു. വർധിക്കുന്ന ജീവിതച്ചെലവുകൾക്കും ഇരട്ടിയായ വീട്ടുവാടകനിരക്കുകൾക്കുമെതിരെ പതിനായിരങ്ങളാണ് ലിസ്ബണിൽ തെരുവിലിറങ്ങിയത്.
പാരിസിലടക്കം വിവിധ നഗരങ്ങളിൽ ആഡംബര വസ്ത്രശാലകളും മൊബൈൽ ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും കൊള്ളയടിച്ചു. റോഡുകളിൽ കാറുകൾക്കു തീയിട്ടു. സർക്കാർ ഓഫിസുകൾക്കും പൊലീസ് വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി.
മാഴ്സെയിൽ കറുപ്പണിഞ്ഞ പ്രക്ഷോഭകർ സിറ്റിഹാളിൽ കടന്നു ഭിത്തികളിൽ മുദ്രാവാക്യങ്ങളെഴുതി. ലിമോഷ് നഗരത്തിലെ ചരിത്രപ്രശസ്തമായ സിറ്റിഹാളിനു തീയിട്ടു. 1873 ൽ നിർമിച്ച സിറ്റിഹാൾ ഗോപുരം പൂർണമായും കത്തിയമർന്നു. ലിയോണിൽ ടൂറിസ്റ്റ് ഓഫിസിനു തീയിട്ടു. സംഭവത്തിൽ വിവിധ നഗരങ്ങളിലായി 1200 പേർ അറസ്റ്റിലായി. അടുത്തവർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്മാനുവൽ മക്രോൺ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായത്.
സർവകലാശാലാ ഫീസ് വർധനയ്ക്കെതിരെ ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ തുടരുന്ന പ്രക്ഷോഭം അൽബേനിയയിൽ അഞ്ച് ദിവസം പിന്നിട്ടു. ശനിയാഴ്ച സമരക്കാർക്കുനേരെ പൊലിസ് റബർ ബുള്ളറ്റുകൾ പ്രയോഗിച്ചു.
Tags : Youth protests European countries protests violent shops looted