സൗരവ് ദാസ്, അശുതോഷ് റാങ്ക
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) സഹ-കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചിട്ടും ജാമ്യാപേക്ഷ പരിഗണിക്കാന്‍ മജിസ്ട്രേറ്റ് തയാറായില്ലെന്ന് ആരോപണം. സിജെപി നിയമവിഭാഗം മേധാവി രത്ന സിംഗാണ് ആരോപണവുമായി രംഗത്തു വന്നത്. തനിക്കു ഭീഷണിസന്ദേശം ലഭിച്ചുവെന്നു കാണിച്ച് മജിസ്ട്രേറ്റ് നടപടികൾ ബോധപൂർവം വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.\
ഇന്നലെ ഉച്ചയ്ക്ക് 12ന് വാദം കേൾക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വൈകുന്നേരം അഞ്ചുവരെ കോടതിമുറിയിലേക്കു വരാൻ തയാറായില്ല. നടപടിക്രമങ്ങൾ പൂർത്തിയായിരുന്നിട്ടും കേസിന്റെ മെറിറ്റ് പരിഗണിച്ച് വാദം കേൾക്കാൻ മജിസ്ട്രേറ്റ് വിസമ്മതിച്ചു.
കോടതി നടപടികൾ തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ തനിക്കു ഭീഷണി സന്ദേശം ലഭിച്ചുവെന്ന് മജിസ്ട്രേറ്റ് അവകാശപ്പെടുകയും ചർച്ചകളെല്ലാം ആ സന്ദേശത്തെക്കുറിച്ചു മാത്രമായി ഒതുക്കുകയും ചെയ്തു. നേതാക്കളുടെ മോചനം തടയാനും നടപടികൾ നീട്ടിക്കൊണ്ടുപോകാനും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും രത്ന സിംഗ് ആശങ്ക പ്രകടിപ്പിച്ചു.കേസ് ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് മറ്റൊരു സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പരിഗണിക്കുമെന്നാണ് വിവരം.
Tags : Deepika DeepikaNewspaper BreakingNews Delay in considering bail pleas of Sourav and Ashutosh