കെ.എന്. ബാലഗോപാല്
തിരുവനന്തപുരം: കിഫ്ബി കടമെടുപ്പിലെ അപകടം മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും നേരത്തേ പ്രകടിപ്പിച്ചിരുന്നതായി വിവരം. ധനസ്ഥിതിയെ ബാധിക്കുമെന്നറിയിച്ചിട്ടും മുന്നോട്ടു പോകാൻ തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആശങ്ക അറിയിച്ച് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തു വന്നു. ധന സെക്രട്ടറി സൂചിപ്പിച്ച കാര്യങ്ങള് ഗൗരവമായി ചര്ച്ച ചെയ്യേണ്ടതാണ്.
നിലവിലെ കേന്ദ്രസര്ക്കാര് നയമനുസരിച്ച് ഏതു വിധത്തില് കിഫ്ബി കടമെടുത്താലും അത് സര്ക്കാരിന്റെ പരിമിതിമായ ധനലഭ്യതയെയും ദൈനംദിന പ്രവര്ത്തനത്തെയും ബാധിക്കും. കടമെടുപ്പു പരിധിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം അനുകൂലമായി വന്നാല് മാത്രമേ കടമെടുപ്പും ഗ്യാരന്റിയും നിര്ദേശിച്ച പ്രകാരം നടപ്പിലാക്കാന് കഴിയൂ എന്നും കെ.എന്. ബാലഗോപാല് ഫയലിലെ കുറിപ്പില് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെയും കടമെടുപ്പ് രീതികളെയും ചൊല്ലിയുള്ള രാഷ്ട്രീയ തര്ക്കങ്ങള്ക്കിടയിലാണ് മുന് ധനമന്ത്രിയുടെ നിലപാട് പുറത്തു വന്നിരിക്കുന്നത്.
2023 ഒക്ടോബറിലാണ് കെ.എന്. ബാലഗോപാലിന്റെ കുറിപ്പ്. ‘മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് യോഗം ചേര്ന്ന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്’ എന്ന് 2024 ജൂണിലെ കുറിപ്പില് രേഖപ്പെടുത്തിയിട്ടുണ്ട്.കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തെ കടക്കെണിയിലാക്കി എന്നായിരുന്നു വിദഗ്ധ സമിതി കണ്ടെത്തൽ.
അതുകൊണ്ടാണ് കിഫ്ബിയെ പ്രത്യേക ധനസമാഹരണ ഏജൻസിയായി തുടരേണ്ടതില്ലെന്നും റിട്ട. ഐഎഎസ് ഓഫീസർ സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തത്.
വായ്പ തിരിച്ചടവിനും പദ്ധതികൾ പൂർത്തിയാക്കുന്നതിനുമായി 2041-42 വരെ സംസ്ഥാനത്തിന് കിഫ്ബി വരുത്തിയ ബാധ്യത 70,415.54 കോടി രൂപയാണ്. ഉയർന്ന പലിശ കാരണം പ്രതിവർഷം 396 കോടി രൂപയുടെ അധികച്ചെലവ് വരുന്നു. മസാല ബോണ്ട് വഴി 181.73 കോടിയുടെ നഷ്ടമുണ്ടായി.
Tags : Deepika DeepikaNewspaper BreakingNews KIIFB Borrowing