റോമിലെ ജെമെല്ലി ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തശേഷം വത്തിക്കാനിലേക്കു മടങ്ങുംമുന്പ് ശനിയാഴ്ച പരിസരത
വത്തിക്കാൻ സിറ്റി: അടുത്ത മാസം നടത്താനിരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശനം മാറ്റിവയ്ക്കേണ്ടതില്ലെന്നും വൈദ്യശാസ്ത്രപരമായി അദ്ദേഹത്തിനു യാത്ര ചെയ്യാമെന്നും പ്രഫ. ഡോ. സ്റ്റെഫാനോ മർഗരിത്തോറ. വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ്, കഴിഞ്ഞ ചൊവ്വാഴ്ച മാർപാപ്പയുടെ ശ്വാസകോശത്തിൽ വിജയകരമായി ശസ്ത്രക്രിയ നടത്തിയ വിദഗ്ധ സംഘത്തെ നയിച്ച ഡോ. മർഗരിത്തോറയുടെ പ്രതികരണം.
സാധാരണ രോഗികളെപ്പോലെ പത്തു ദിവസത്തിനുള്ളിൽ മാർപാപ്പ പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമെന്നും അദ്ദേഹം ഒരു നല്ല രോഗിയായിരുന്നുവെന്നും റോമിലെ അഗസ്റ്റിനോ ജെമെല്ലി യൂണിവേഴ്സിറ്റി ആശുപത്രി തൊറാസിക് സർജറി വിഭാഗം മേധാവികൂടിയായ ഡോ. മർഗരിത്തോറ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടു. വരുംദിവസങ്ങളിൽ അദ്ദേഹം പൂർണ കായികക്ഷമത കൈവരിക്കും. അതിനാൽ അടുത്ത മാസം നടക്കാനിരിക്കുന്ന ദീർഘദൂര യാത്രയ്ക്ക് വൈദ്യശാസ്ത്രപരമായി യാതൊരു തടസങ്ങളുമില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
മുഴ കണ്ടത് സാധാരണ പരിശോധനയ്ക്കിടെ
സാധാരണയായി നടത്തുന്ന വയറിന്റെ പരിശോധനയ്ക്കിടയിലാണ് ശ്വാസകോശത്തിന്റെ താഴ്ഭാഗത്ത് ചെറിയൊരു മുഴ യാദൃച്ഛികമായി കണ്ടെത്തിയത്. ഇത് അല്പംകൂടി മുകളിലായിരുന്നുവെങ്കിൽ കണ്ടെത്താൻ കഴിയുമായിരുന്നില്ല. ആരംഭഘട്ടത്തിൽ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാത്ത രോഗമാണിത്. മാർപാപ്പയ്ക്ക് യാതൊരുവിധ ശ്വാസകോശ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ നടത്തുന്ന പരിശോധനകൾ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ഡോ. മർഗരിത്തോറചൂണ്ടിക്കാട്ടി.
ശ്വാസകോശത്തിലെ മുഴ സ്ഥിതി ചെയ്തിരുന്ന വലത് ശ്വാസകോശത്തിന്റെ താഴ്ഭാഗത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. വൈദ്യശാസ്ത്രപരമായി ഇതു തികച്ചും സാധാരണമായ ഒരു ശസ്ത്രക്രിയയാണ്.
വൈകാരികമായി വലിയൊരു അനുഭവം
ഒരു സാധാരണ മനുഷ്യന് നൽകുന്ന ചികിത്സയ്ക്കപ്പുറം ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വിശ്വാസികളുടെ ആത്മീയനേതാവായ മാർപാപ്പയെ ശസ്ത്രക്രിയ ചെയ്യുകയെന്നതു വൈകാരികമായി വലിയൊരു അനുഭവമായിരുന്നുവെന്ന് ഡോക്ടർ അനുസ്മരിച്ചു. ഓപ്പറേഷൻ തിയറ്ററിലേക്ക് പുഞ്ചിരിയോടെ കടന്നുവന്ന മാർപാപ്പ ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചികിത്സകളോട് പൂർണമായി സഹകരിച്ചു. വേദന വകവയ്ക്കാതെ ഭക്ഷണക്രമത്തിലും ഫിസിയോതെറാപ്പിയിലും ഡോക്ടർമാരുടെ നിർദേശങ്ങൾ അദ്ദേഹം കൃത്യമായി പാലിച്ചു.
രണ്ടാം ദിവസംതന്നെ സ്വന്തമായി ചാപ്പലിലെ കസേരകൾ ക്രമീകരിക്കാൻ അദ്ദേഹം മുന്നോട്ടു വന്നത് മെഡിക്കൽ സംഘത്തെ അദ്ഭുതപ്പെടുത്തി. ഏതൊരു കാര്യത്തിലും നൽകുന്ന നിർദേശങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു -പ്രഫ. ഡോ. മർഗരിത്തോറ പറഞ്ഞു.നവംബർ ആറു മുതൽ 17 വരെയാണ് മാർപാപ്പയുടെ ലാറ്റിനമേരിക്കൻ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.
Tags : Deepika DeepikaNewspaper BreakingNews Pope will return to full health