പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: 2026-27 വിതരണവര്ഷത്തേക്കുള്ള എഥനോള്‍ സംഭരണ ടെന്‍ഡറില്‍നിന്ന് കരിമ്പുനീര്, പഞ്ചസാര ലായനി, ബി-ഹെവി മൊളാസസ്, എന്നിവയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിനെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ പൂര്‍ണമായും ഒഴിവാക്കി. പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം, രാജ്യത്തെ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്.
രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുക എന്ന പദ്ധതിക്കായി, നവംബറില്‍ ആരംഭിക്കുന്ന അടുത്ത വിതരണ വര്‍ഷത്തേക്ക് ഏകദേശം 11 ബില്യണ്‍ ലിറ്റര്‍ എഥനോള്‍ സംഭരിക്കുന്നതിനായുള്ള ടെന്‍ഡറാണ് വിളിച്ചിരിക്കുന്നത്.
ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) 16ന് വിളിച്ച ടെന്‍ഡറില്‍ ചോളം, ബ്രോക്കണ്‍ റൈസ്, ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ സംഭരിച്ച അധിക അരി, സി-ഹെവി മൊളാസസ് എന്നിവയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോള്‍ അംഗീകൃതമാണെന്ന് അറിയിച്ചിട്ടുണ്ട്.
പഞ്ചസാരവില പിടിച്ചുനിര്‍ത്താനുള്ള തന്ത്രം
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താവാണ് ഇന്ത്യ. മഹാരാഷ്്ട്ര, കര്‍ണാടക തുടങ്ങിയ പ്രധാന പഞ്ചസാര ഉത്പാദക സംസ്ഥാനങ്ങളില്‍ മഴക്കുറവ് മൂലം ഉത്പാദനം കുറയാന്‍ സാധ്യതയുണ്ടെന്നും, ഇത് ആഭ്യന്തര വിപണിയില്‍ പഞ്ചസാരയുടെ ലഭ്യതയെ ബാധിക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യുമെന്ന ആശങ്കയുണ്ട്.
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ (അസംസ്കൃത എണ്ണ) ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് എഥനോള്‍ മിശ്രണം രാജ്യത്ത് വര്‍ധിപ്പിച്ചത്.
Tags : Deepika DeepikaNewspaper BreakingNews Centre bans ethanol derived sugarcane juice