പാരിസ്: ഫ്രാൻസിലെ അക്രമാസക്തമായ വിദ്യാർഥി പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എന്നാൽ സമാധാനപരമായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ടെലിവിഷൻ ചാനൽവഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായ രീതിയിൽ മാന്യമായി തങ്ങളുടെ ആവശ്യങ്ങളും പരാതികളും ഉന്നയിക്കുന്ന പൊതുജനങ്ങളെയും, പൊതുമുതലുകൾ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുന്ന അക്രമികളെയും ഒരുപോലെ കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊതുമുതലുകൾ നശിപ്പിക്കുന്നതും കൊള്ളയടിയും തടയാൻ പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അധ്യാപകരുടെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു സമരം തുടങ്ങിയത്. ഇതിലേക്ക് കടന്നുകൂടിയ തീവ്ര ഇടതുപക്ഷ പ്രവർത്തകരും സ്ഥിരം കുറ്റവാളികളുമാണ് പൊതുമുതലുകൾ കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തതെന്ന് സർക്കാർ ആരോപിച്ചു.
Tags : Student protests France President Emmanuel Macron criticizes violence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash