പിണറായി വിജയൻ
തിരുവനന്തപുരം: കണ്ണൂരിലെ കിഫ്ബി ഭൂമിയിടപാടിൽ നിർണായക വിവരങ്ങൾ പുറത്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി വേണമെന്ന് നിർദേശിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമാക്കുന്ന കിഫ്ബി ബോർഡ് യോഗത്തിന്റെ രേഖ പുറത്തുവന്നു. വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണെന്ന് പിണറായി അഭിപ്രായപ്പെട്ടതായാണ് രേഖയിൽ പറയുന്നത്.
കിഫ്ബി സിഇഒയുമായുള്ള യോഗത്തിലാണ് പദ്ധതിയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞത്. കണ്ണൂരിൽ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നതായി മുൻ ഫിനാൻസ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഭൂമിയേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട ബോർഡ് യോഗരേഖ പുറത്തുവന്നിരിക്കുന്നത്.
കണ്ണൂരിൽ ഒരേക്കർ ഭൂമിക്ക് 2.5 കോടി രൂപയും പാലക്കാട് ഒരേക്കറിന് ഒരു കോടി രൂപയും നിശ്ചയിച്ചത് കിൻഫ്രയാണെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ചിരട്ടി തുക നൽകി ഭൂമി ഏറ്റെടുത്തതിലെ ദുരൂഹതയാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയത്. വ്യവസായ വികസനത്തിന് അത്യാവശ്യമെന്നു ചൂണ്ടിക്കാട്ടി ഉയർന്ന വിലയ്ക്ക് ഏറ്റെടുത്ത കണ്ണൂരിലെ ഭൂമിയിൽ ഇതുവരെ കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.
കണ്ണൂർ ജില്ലയിലെ കല്ല്യാട്, പടിയൂർ വില്ലേജുകളിലായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം ചെയ്ത 700 ഏക്കറിലധികം ഭൂമിയുടെ ഉടമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എട്ടുവർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ നിരവധി ചെറുകിട ഭൂവുടമകൾ ദുരിതം നേരിടുകയാണ്. ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാൻ കഴിയാത്തതും കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും ഭൂവുടമകളെ ബാധിക്കുന്നുണ്ട്.
ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം നിലനിൽക്കുന്നതിനാൽ വീടുകളിലേക്ക് പുതിയ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ പോലും കഴിയുന്നില്ലെന്നാണ് ഭൂവുടമകളുടെ പരാതി. ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയാറല്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കി അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് ഭൂവുടമകളുടെ ആവശ്യം.
Tags : Pinarayi Vijayan Kannur Land Acquisition KIIFB Land Deal KIIFB Controversy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash