Kerala
കോഴിക്കോട്: തിരുവമ്പാടി താഴത്തുപറമ്പിൽ മോഷണം. ആൾതാമസമില്ലാത്ത വീട്ടിലാണ് മോഷണം നടന്നത്. രണ്ടരപ്പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും മോഷ്ടാക്കൾ കൊണ്ടുപോയി.
അമേരിക്കയിൽ ജോലി ചെയ്യുന്ന നോയൽ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വാതിലുകളും അലമാരകളും തകർത്തു. തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഗീതാജ്ഞലിയിൽ തങ്കത്തിന്റെ വീട്ടിലാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. മുപ്പത് പവനോളം സ്വർണമാണ് കവർന്നതെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നതിനാൽ ഈ സമയം വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് വീടിനുള്ളിലെ മൂന്ന് മുറികളിലുണ്ടായിരുന്ന അലമാരകളുടെ പൂട്ട് തകർക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ചിട്ട് പരിശോധിക്കുകയും ചെയ്തു. തങ്കത്തിന്റെ അമ്മയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളാണ് പ്രധാനമായും നഷ്ടപ്പെട്ടത്.
വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ നടന്നിരുന്നതിനാൽ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്നു. ഇത് സിസിടിവി കാമറകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായി. സിസിടിവികൾ പ്രവർത്തിക്കുന്നില്ല എന്ന് മനസിലാക്കിയാകാം മോഷ്ടാക്കൾ ഈ സമയം തന്നെ കൃത്യത്തിനായി തെഞ്ഞെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുറ്റാന്വേഷണത്തിന്റെയി വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
എസ്എച്ച്ഒ കിരൺ അശോകിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Kerala
ഉള്ളൂർ: ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുന്നു എന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ മെഡിക്കൽ കോളജ് പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ഒടുവിൽ പോലീസ് എത്തി ജനാലച്ചില്ലുകൾ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് ഉറങ്ങുന്ന ഭർത്താവിനെ!
മെഡിക്കൽ കോളജിന് സമീപം മഞ്ചാടി ഭാഗത്താണ് പോലീസിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുകയും പിന്നീട് ചിരിപ്പിക്കുകയും ചെയ്ത സംഭവം അരങ്ങേറിയത്. മധ്യവയസ്കരായ ദമ്പതികളുടെ വീട്ടിലാണ് സംഭവം നടക്കുന്നത്.
രാവിലെ മുതൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് മുറിക്കുള്ളിൽ കയറി കതകടച്ചു കുറ്റിയിട്ടു. അല്പം മദ്യലഹരിയിൽ ആയിരുന്നതിനാൽ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുമോ എന്നായിരുന്നു ഭാര്യയുടെ സംശയം. വളരെനേരം കഴിഞ്ഞിട്ടും മുറിയുടെ വാതിലോ ജനാലകളോ തുറക്കാതായതോടെ ഭാര്യ വിവരം നാട്ടുകാർക്കും പോലീസിനും കൈമാറി.
മെഡിക്കൽ കോളജ് എസ്ഐയും സംഘവും സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിച്ചിട്ട് അനക്കം ഉണ്ടായില്ല. ഒടുവിൽ ജനാലച്ചില്ലുകൾ അടിച്ചു പൊട്ടിച്ചശേഷം അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് കട്ടിലിൽ കിടന്നുറങ്ങുന്ന ഭർത്താവിനെയാണ്. തുടർന്ന് പോലീസ് ശബ്ദമുണ്ടാക്കി മദ്യലഹരിയിൽ നിന്ന് ഇയാളെ ഉണർത്തി.
തുടർന്ന് ഭർത്താവ് കതക് തുറന്നു പുറത്തേക്ക് വരികയായിരുന്നു. താൻ മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണെന്നും ആത്മഹത്യാശ്രമം നടത്തിയിട്ടില്ല എന്നും ഭർത്താവ് അറിയിച്ചതോടെയാണ് നാട്ടുകാർക്കും സമാധാനമായത്.
District News
കൂരാച്ചുണ്ട്: ശക്തമായ മഴയിൽ വീടിന്റെ തറയോട് ചേർന്ന് വൻഗർത്തം രൂപംകൊണ്ടു. പൂവത്താംകുന്നിലെ പറയൻകണ്ടത്തിൽ പരമേശ്വരന്റെ വീടിന്റെ മുൻഭാഗത്ത് തറയോട് ചേർന്നാണ് വൻ ഗർത്തം രൂപപ്പെട്ടത്. ഇപ്പോൾ വീട്ടിൽ കുടുംബം താമസമില്ല.
ഗർത്തത്തിൽ നിന്നും വെള്ളമൊഴുകുന്ന ശബ്ദം കേൾക്കുന്നതായി പ്രദേശവാസികൾ പറയുന്നു. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പിൻഭാഗം ഉയർന്നതും പാറയുള്ള കുന്നുമാണ്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശേരി, പഞ്ചായത്തംഗം ജോസ് വെളിയത്ത്, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.പി. മനിൽ കുമാർ, വില്ലേജ് അധികൃതർ എന്നിവർ സന്ദർശിക്കുകയും വിഷയം ജിയോളജി വകുപ്പിനെ നേരിട്ട് അറിയിക്കുകയും ചെയ്തു. ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു. ഗർത്തത്തെ തുടർന്ന് സമീപവാസികൾ ഏറെ ആശങ്കയിലാണ്.
National
ലക്നോ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടർന്ന് വീട് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആറ് മരണം. വ്യാഴാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. കൊട്വാലി പോലീസ് സ്റ്റേഷന് പരിധിയിലെ മഹുലിയിലാണ് അപകടമുണ്ടായത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 100 വര്‍ഷം പഴക്കമുള്ള വീടാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്.
അപകടസമയം ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നതെന്നും ഇവരെല്ലാം ഉറങ്ങിക്കിടക്കെയാണ് കെട്ടിടം തകര്‍ന്നതെന്നും പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയതായും രക്ഷാപ്രര്‍ത്തനം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷിന്റെ പൂർത്തിയാകാത്ത വീട് പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട ചെറുപുഴ സ്വദേശി ബെന്നിയെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തേജസ്വനി പുഴയിൽ രാജേഷിന്റെ ജീവൻ പൊലിഞ്ഞത്.
സംസ്ഥാന ബഹുമതികളോടെ രാജേഷിന്റെ സംസ്കാരം നടത്തി. അഡ്വൈഞ്ചർ ടൂറിസം രംഗത്ത് സുരക്ഷയുടെ പാഠങ്ങൾ ഒട്ടേറെപ്പേർക്ക് പകർന്നു നൽകിയ രാജേഷിന്റെ അകാലത്തിലെ വേർപാട് ഏറെ വേദനാജകമാണെന്നും മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: 1.95 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മുളവുകാട് ബോള്‍ഗാട്ടി നടുവത്തേഴത്ത് നിഖില്‍ കെന്‍ഡ് (32) ആണ് അറസ്റ്റിലായത്. മുളവുകാടുള്ള യുവാവിന്റെ വീട്ടില്‍ മരട് പോലീസ് നടത്തിയ റെയ്ഡിലാണ് എംഡിഎംഎ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് സംഭവം.
വീടിന്റെ ടെറസില്‍ ഒരു സ്റ്റീല്‍ കലത്തിലെ ഡപ്പിയില്‍ സിപ്പ് ലോക്ക് കവറിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. യുവാവിനെ മരട് എസ്എച്ച്ഒ അബ്ദുല്‍ മനാഫ് ആണ് സ്ഥലത്ത് എത്തിച്ചത്. തുടര്‍ന്ന് മുളവുകാട് എസ്ഐ കെ.എക്സ്. തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Kerala
കൊച്ചി: പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. കൈതാരം പൊട്ടന്റെപറമ്പിൽ വീട്ടിൽ ശ്രീജ (47) ആണ് അറസ്റ്റിലായത്.
കോട്ടുവള്ളി കൈതാരം ശ്രീമുരളി വീട്ടിൽ ശ്രീദേവി അമ്മയുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് ലോക്കറിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.
ലോക്കറിന്റെ പൂട്ട് തുറന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ശ്രീദേവി അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെ ശ്രീജയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. മോഷ്ടിച്ച സ്വർണം പണയം വച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ശ്രീജയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പിടിയിലായി. പേഴക്കാപ്പിള്ളി എസ് വളവ് ഭാഗത്ത് പാലത്തിങ്കൽ പുത്തൻപുരയിൽ അർഷാദ് (47), മോഷണമുതലുകൾ വാങ്ങിയ ആക്രി കട ഉടമ പുന്നോപടി കൂരിക്കാവ് ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ ഷാനവാസ് (42) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 31-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിടിയിലായ അർഷാദ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാനവാസിന്റെ ആക്രി കടയിൽ നടത്തിയ പരിശോധനയിൽ മോഷണം പോയ ഇലക്ട്രിക് വയറുകൾ പോലീസ് കണ്ടെടുത്തു.
Kerala
കോട്ടയം: വെള്ളിയാഴ്ച വൈകുന്നേരം മുതൽ പെയ്ത ശക്തമായ മഴയിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടൽ. പൂഞ്ഞാർ തെക്കേക്കര പയ്യാരിത്തോട്ടം മണ്ഡപ്ലാവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചുപോയി. സ്ഥലത്തുണ്ടായിരുന്ന അമ്മയെയും മകനെയും കാണാതായിരുന്നു.
പിന്നീട് മകനെ മണ്ണിനടിയിൽ നിന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തി. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോണിയുടെ ഭാര്യയും ജോസഫിന്റെ അമ്മയുമായ ഗ്രേസിക്കായി തെരച്ചിൽ തുടരുന്നു.
ശക്തമായ മഴയിൽ പൂഞ്ഞാർ, കൈപ്പള്ളി, അടുക്കം, അടിവാരം അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഈരാറ്റുപേറ്റ-വാഗമൺ റോഡ് ഒലിച്ചുപൊയ നിലയിലാണ്. കല്ലും മണ്ണും റോഡിലേയ്ക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഈരാറ്റുപേട്ടയിലും സ്ഥിതി മോശമാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ടൗണിൽ ഉണ്ടായിരിക്കുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി.
Kerala
വിലങ്ങാട്: കെസിബിസി വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 75-ാമത് ഭവനം നിര്‍മിച്ചു കുടുംബത്തിന് കൈമാറി. ഉരുള്‍പൊട്ടലിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ വീടിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും നടത്തി.
താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അതിരൂപതയുടെ സഹായത്തോടെ നിര്‍മിച്ച ഭവനം കോഴിക്കോട് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ ചേര്‍ന്ന് വെഞ്ചരിച്ചു.
കെസിബിസി ആരംഭിച്ച പുനരധിവാസ പദ്ധതിയില്‍ ആദ്യം 41 വീടുകളാണ് വിഭാവനം ചെയ്തിരുന്നത്. പിന്നീട് വിവിധ രൂപതകള്‍, സന്യാസസഭകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സുമനസുകള്‍ എന്നിവരുടെ സഹകരണത്തോടെ താമരശേരി രൂപത പദ്ധതി വിപുലീകരിക്കുകയായിരുന്നു.
ഒന്നാം വാര്‍ഷികത്തില്‍ ആദ്യ വീടും രണ്ടാം വാര്‍ഷികത്തില്‍ 75 -ാമത്തെ വീടും കൈമാറാനായതിലൂടെ പുനരധിവാസ പ്രവര്‍ത്തനത്തില്‍ കെസിബിസി ചരിത്രം കുറിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിൽ അമിതവേഗത്തിലെത്തിയ ട്രക്ക് വീട്ടിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വീടിനു പുറത്ത് കട്ടിലിൽ ഇരിക്കുകയായിരുന്ന ലാൽജി (62), ഭാര്യ ജ്ഞാൻമതി (60), കൊച്ചുമക്കളായ ആദർശ് (12), സത്യം (ആറ്) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് അപകടം നടന്നത്.
ഖലീലാബാദിൽ നിന്ന് ബസ്തി ഭാഗത്തേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന ട്രക്കിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. റോഡിൽ നിന്ന് തെന്നിമാറിയ ട്രക്ക് 30 മീറ്ററോളം നിയന്ത്രണമില്ലാതെ മുന്നോട്ട് നീങ്ങി ലാൽജിയെയും കുടുംബത്തെയും ഇടിച്ചുതെറിപ്പിച്ച് വീടിനുള്ളിലേക്ക് മറിയുകയായിരുന്നു.
റോഡരികിൽ സ്ഥിതിച്ചെയുന്ന വീടിന് മുന്നിലെ ഷെഡിൽ കട്ടിലിൽ ഇരിക്കുകയായിരുന്നു ലാൽജിയും ഭാര്യയും. ഉറക്കമുണർന്ന് ഇവരുടെ അടുത്തേക്ക് വരികയായിരുന്ന ആദർശും സത്യവും അപകടത്തിൽപ്പെടുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസും ഫയർഫോഴ്സും ക്രെയിൻ ഉപയോഗിച്ച് മറിഞ്ഞ ട്രക്ക് മാറ്റിയാണ് അടിയിൽപ്പെട്ട് കിടന്നവരെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും നാല് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറും സഹായിയും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
International
ബെർലിൻ: ജർമനിയിൽ ചെറിയ സ്വകാര്യ വിമാനം വീടിന്റെ മേൽക്കൂരയിലേയ്ക്ക് തകർന്നുവീണ് രണ്ടുപേർ മരിച്ചു. വടക്കുപടിഞ്ഞാറൻ ജർമനിയിലെ ഗാണ്ടർകീസി എന്ന സ്ഥലത്ത് ശനിയാഴ്ചയായിരുന്നു അപകടം.
ബ്രെമെൻ സ്വദേശികളായ 65-ഉം 77-ഉം വയസുള്ള രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആദ്യം ഒരാൾ മരിച്ചതായും മറ്റൊരാളെ കാണാതായെന്നുമായിരുന്നു പോലീസ് അറിയിച്ചിരുന്നത്.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇരുവരും മരിച്ചതായി ഡെൽമെൻഹോർസ്റ്റ് പോലീസ് സ്ഥിരീകരിച്ചു. മേൽക്കൂരയിൽ ഇടിച്ചുകയറിയ വിമാനാവശിഷ്ടങ്ങൾ എടുത്തുമാറ്റുകയും, സുരക്ഷ മുൻനിർത്തി ഒഴിപ്പിച്ചിരുന്ന പ്രദേശവാസികളെ വീടുകളിലേക്ക് തിരിച്ചെത്താൻ അനുവദിക്കുകയും ചെയ്തു. അപകടകാരണത്തെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത മൂന്നു കാറുകള്‍ക്ക് ഇഡി നഷ്ടപരിഹാരം നല്കി. മാസപ്പടി കേസില്‍ ജൂണ്‍ 27ന് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങിയ ടാക്സി കാറുകളാണ് ആക്രമിക്കപ്പെട്ടത്.
ഇന്‍ഷ്വറന്‍സ് കാലവധി കഴിഞ്ഞ തിരുവനന്തപുരം സ്വദേശി ശ്യാംരാജിന്റെ കാറിന് പണികള്‍ക്കു ചെലവായ ഒന്നേമുക്കാല്‍ ലക്ഷം രൂപയും നല്കി. ഷറഫുദ്ദീന്, ലാലു ഗോപാലന് എന്നിവര്‍ക്ക് ഇന്‍ഷ്വറന്‍സ് തുകയിലധികം വന്ന ബില്‍ത്തുക പൂര്‍ണമായും ഇഡി നല്കി. വാഹനം തകര്‍ത്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം നേരത്തേ ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് വാഹന ഉടമകളുടെ നഷ്ടം ഇഡി നികത്തിയത്.
Kerala
കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണം. 11 ആം ബ്ലോക്കിലെ സനിലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വീട്ടിനുള്ളിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിന്റെ മുൻഭാഗത്തെ ഷെഡും സൈക്കിളും തകർത്തു.
District News
വടക്കഞ്ചേരി: കണക്കൻതുരുത്തിക്കടുത്ത് വിലങ്ങൂർ ഒടുകിൻകുണ്ടിൽ മഴയിൽ വീട് തകർന്നുവീണു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പൂവത്തിങ്കൽ ജോണിന്റെ ഓടിട്ട വീടാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ മേൽക്കൂര ഒന്നാകെ തകർന്നുവീണത്. ഈസമയം ജോണും ഭാര്യ ഗ്രേസിയും മകളുടെ രണ്ടു ചെറിയ കുട്ടികളും മകൻ ജെപിയുമുണ്ടായിരുന്നു.
ഇവർ കിടന്നിരുന്ന മുറിയുടെ മേൽക്കൂര ഭാഗം വീഴാതെ ഇടക്കുവച്ച് തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി.
ജോൺ സ്ഥിരമായി കിടക്കാറുള്ള ബെഡ് റൂമിലെ കട്ടിലുകളിലാണ് മേൽക്കൂരയുടെ കഴുക്കോലുകളും പട്ടികയും ഓടുകളും കൂടുതലും തകർന്നുവീണത്. ബുധനാഴ്ച രാത്രി ഭാര്യ ഗ്രേസിയാണ് മുറിയുടെ മേൽക്കൂര സുരക്ഷിതമല്ലെന്നുപറഞ്ഞ് ഭർത്താവ് ജോണിനെ നിർബന്ധിച്ച് മുന്നിലെ മുറിയിൽ കിടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതുമൂലം അപായം ഒഴിവായി.
മുന്നിൽ കുറച്ചുഭാഗം ഷീറ്റിട്ടതാണ്. ഇവിടെ തകർന്നിട്ടില്ല. കുട്ടികളും മറ്റുള്ളവരും ഇവിടെയാണ് ഉറങ്ങിയിരുന്നത്. വടക്കഞ്ചേരി വില്ലേജ് ഓഫീസർ ശ്രീകലയും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.
വീടിന്റെ മേൽക്കൂര പൂർണമായും പുനർനിർമിക്കേണ്ട സ്ഥിതിയാണ്. ഇവരുടെ വീടിനോടുചേർന്ന് മരക്കൂട്ടങ്ങൾക്കിടയിലൂടെ പോകുന്ന വൈദ്യുതിലൈനും അപകടഭീഷണിയായിട്ടുണ്ട്. പഞ്ചായത്ത് മെംബർ അമ്പിളി മോഹൻദാസ് ഇടപെട്ട് വീട്ടുകാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Kerala
കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പാളയം പുതിയ കോവിലകം പറമ്പ്നഗറില് താമസിക്കുന്ന രാജന്റെ മകന് ബിജു (38) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ അമ്മ ബേബിയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ബിജുവിനെ കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ച പാടുകള്‍ ഉണ്ടായിരുന്നു. രക്തം വാര്‍ന്നാണ് ബിജു മരിച്ചത്. പശുക്കച്ചവടക്കാരനാണു ബിജു. ബിജുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി ക്രൂരമായാണു കൊലപ്പെടുത്തിയതെന്നാണു പോലീസ് നല്കുന്ന വിവരം.
പാളയം പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്ന ഒറ്റമുറി വീട്ടിലാണു രക്തം വാര്‍ന്ന് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നോടെ പശുവിനെ കറക്കാനായി വിളിക്കാനെത്തിയപ്പോഴാണ് അമ്മ ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. ലഹരിമരുന്ന് മാഫിയയാണു കൊലപാതകത്തിനു പിന്നിലെന്നാണ് കുടുബത്തിന്റെ സംശയം.
വീടിനു സമീപത്തെ ഗ്രൗണ്ട് ലഹരിമാഫിയയുടെ താവളമാണ്. അവിടെയുള്ള ലഹരി മാഫിയയെക്കുറിച്ചുള്ള വിവരം ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ബിജു പോലീസിനു കൈമാറിയതിന്റെ പ്രതികാരമാകാം കൊലപാതകമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി പറഞ്ഞു.
വിരലടയാള, ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പാളയത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബിജു അവിവാഹിതനാണ്. ബിന്ദുവാണു സഹോദരി.
District News
പൂപ്പാറ: ആനയിറങ്കൽ ശങ്കരപാണ്ഡ്യമെട്ടിന് സമീപം വീടിനുള്ളിൽ തീ പടർന്ന് വീട്ടുപകരണങ്ങളും പലചരക്ക് സാധനങ്ങളും കത്തിനശിച്ചു. ശങ്കരപാണ്ഡ്യമെട്ട് സ്വദേശി ദേവപാലിന്റെ വീടിന്റെ ഉൾഭാഗമാണ് ഭാഗികമായി കത്തിനശിച്ചത്.
ഇന്നലെ രാവിലെ 11നാണ് വീട്ടിൽ തീ പടർന്നത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ദേവപാൽ പൂപ്പാറയ്ക്കും അങ്കണവാടി ജീവനക്കാരിയായ ഭാര്യ ജോലിക്കും പോയപ്പോഴാണ് അപകടമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടിനകത്തെ വീട്ടുപകരണങ്ങളും വീടിനോട് ചേർന്നുള്ള ദേവപാലിന്റെ പലചരക്ക് കടയിലെ സാധനങ്ങളുമാണ് കത്തി നശിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. മൂന്നാർ, രാജാക്കാട് എന്നിവിടങ്ങളിൽനിന്ന് അഗ്നിശമനസേന എത്തിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ ഫയർ എൻജിനുകൾക്ക് ഇവിടേക്ക് എത്താൻ സാധിച്ചില്ല.
Kerala
കൊച്ചി: മലയിടംതുരുത്തിലെ ഏഴു കുടുംബങ്ങള്‍ക്ക് ഇനി പുതിയ വീട്. മലയിടംതുരുത്ത് പരിയത്തുകാവ് ഉന്നതിയിലെ പതിറ്റാണ്ടുകളായി നീണ്ടു നിന്ന ഭൂമിതര്‍ക്കത്തില്‍ ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് ഏഴു കുടുംബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തില്‍ നടന്നു. ബെന്നി ബെഹനാന് എംപിയും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്പോണ്‍സര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും അഞ്ചു സെന്റ് വീതം ഭൂമിയും വീടുകളിലേക്കുള്ള വഴിക്കായി മൂന്നു സെന്റ് സ്ഥലവും അനുവദിക്കാനാണ് ധാരണയായത്. ആയിരം ചതുരശ്ര അടിയില്‍ കുറയാത്ത വീടുകളാണ് നിര്‍മിക്കുക.
വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതു വരെ പരിയത്തുകാവ് ഉന്നതിയിലെ വീട്ടുകാര്‍ക്ക് നിലവിലെ അവരുടെ വീടുകളില്‍ തന്നെ കഴിയാം. വി.ഡി. സതീശന് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ വലിയ വെല്ലുവിളികളില്‍ ഒന്നിനാണ് ഒടുവില്‍ പരിഹാരമാകുന്നത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന് എന്നയാള്‍ തന്റെ ഭൂമി കയ്യേറിയെന്നാരോപിച്ച് കണ്ണോത്ത് ശങ്കരന് നായര്‍ 58 വര്‍ഷം മുമ്പ് നല്കിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ഒഴിപ്പിക്കല്‍ ഭീഷണി. മുന്‍സിഫ് കോടതി ശങ്കരന് നായര്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. കേസ് സുപ്രീം കോടതിയിലെത്തിയപ്പോഴും വിധി ശങ്കരന് നായര്‍ക്ക് അനുകൂലമായിരുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2023 സെപ്റ്റംബര്‍ ഏഴിനാണ് അഭിഭാഷക കമ്മിഷന് ജയപാലിന്റെ നേതൃത്വത്തില്‍ ഭൂമി അളന്നു തിരിക്കാന്‍ പര്യത്ത്കാവിലെത്തുന്നത്. എന്നാല്‍ ഉന്നതി നിവാസികളുടെ ശക്തമായ പ്രതിഷേധത്തിനു മുന്നില്‍ കമ്മീഷന് അന്ന് പിന്തിരിയേണ്ടി വന്നു. പിന്നീട് 14 തവണ കമ്മീഷന് സ്ഥലത്തെത്തിയെങ്കിലും കുടിയൊഴിപ്പിക്കല്‍ നടന്നില്ല.
മാര്‍ച്ച് നാലിന് ശക്തമായ നടപടിക്ക് കോടതി നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി പോലീസ് പിന്‍വാങ്ങിയതോടെ നടപടികള്‍ മേയ് 20ലേക്ക് നീണ്ടു. മേയ് 20ന് കമ്മിഷന് വീണ്ടും സ്ഥലത്തെത്തിയതോടെ പര്യത്ത്കാവ് സംഘര്‍ഷഭരിതമായി.
ക്രമസമാധാന നില തകരുമെന്ന ഘട്ടത്തിലാണ് കോടതിക്ക് പുറത്ത് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. പതിറ്റാണ്ടുകളായി തുടരുന്ന ഭൂമി തര്‍ക്കം മന്ത്രി റോജി എം ജോണിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ ഭൂവുടമയുമായും താമസക്കാരുമായും നടത്തിയ ചര്‍ച്ചകളിലൂടെയാണ് പരിഹരിച്ചത്.
Kerala
കണ്ണൂർ: പണം ചോദിച്ചിട്ട് നൽകാത്തതിന് സ്വന്തം വീടിന് തീയിട്ട് യുവാവ്. കണ്ണൂർ ആയിക്കരയിൽ ആണ് സംഭവം.
ഇന്ന് പുലർച്ചെയാണ് വീടിന് തീയിട്ടത്. സംഭവത്തിൽ ആയിക്കര സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റു ചെയ്തു.
അഭിഷേക് ലഹരിക്ക് അടിമയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
District News
ചാവക്കാട്: വീട്ടുകാർ കല്യാണത്തിൽ പങ്കെടുക്കാൻപോയ സമയത്ത് വീട്ടിൽനിന്ന് ആറര പവൻ സ്വർണാഭരണങ്ങളും അയ്യായിരം രൂപയും മോഷണംപോയി. ബ്ലാങ്ങാട് പള്ളിക്കു സമീപം പള്ളത്ത് മനക്കൽ അബ്ദുൾ കരീമിന്റെ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്. വീട്ടുടമയും ഭാര്യയും മരുമകളും വൈകിട്ട് തൃശൂരിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
വീടിന്റെ മുകളിലെ ഗ്രിൽ പൊളിച്ച് വാതിൽ തകർത്താണ് മോഷ്ടാവ് താഴത്തെ നിലയിൽ എത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. മുകളിലെ മുറികളിലെ അലമാരയിലെ സാധനങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി ചാവക്കാട് എസ്എച്ച്ഒ എൻ.എസ്. രാജീവ് പറഞ്ഞു.
District News
വലിയപറമ്പ്: വീടിന് തീപ്പിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. കന്നുവീട് കടപ്പുറത്തെ കെ. സുലൈമാന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
കെ. മുനീറും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നത്. വീടിന് പുറത്തുള്ള അടുപ്പിൽ നിന്നു അടുക്കളയോട് ചേർന്ന വിറക് കൂനയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. ജനലിലൂടെ വീടിനകത്തേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. അടുക്കളയിലെ ഫ്രിഡ്ജ്, ഗ്രൈൻഡർ, മിക്സി തുടങ്ങിയ വീട്ടുപകരണങ്ങളാണ് കത്തിനശിച്ചത്.
തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Kerala
മലപ്പുറം: മഞ്ചേരി നറുകരയില്‍ വീട് കുത്തിത്തുറന്ന് 10 പവന് സ്വര്‍ണാഭരണം മോഷ്ടിച്ചു. മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ പട്ടലൂര്‍ മന ദിവാകരന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണമാണ് നഷ്ടമായത്.
ദിവാകരനും ഭാര്യ ശ്രീജയും ചൊവ്വാഴ്ച വൈകുന്നേരെ പട്ടാമ്പിയിലെ ബന്ധുവീട്ടില്‍ പോയി ബുധനാഴ്ച രാവിലെ ഒമ്പതിന് തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് പൊളിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.
വൈദ്യുതി ബന്ധം വിഛേദിച്ചും സിസിടിവിയുടെ ഡിവി.ആര് മാറ്റിയുമാണ് മോഷണം നടത്തിയത്. വീട്ടിലെ വൈഫൈ ക ണക്ഷന്‍ ഉപയോഗിച്ചാണ് അടുത്ത വീട്ടിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ അര്‍ജന്റീന - ഈജിപ്ത് മത്സരം കണ്ടിരുന്നത്. കളിയുടെ അവസാനം വൈഫൈ ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായി വീട്ടുടമ പോലീസിന് മൊഴി നല്കി.
Kerala
ഇടുക്കി: ചിന്നക്കനാലിൽ വീടിനു നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ഭാഗികമായി തകർത്തത്.
ആക്രമണത്തിനു പിന്നിൽ ചക്കക്കൊമ്പൻ ആണെന്ന് നാട്ടുകാർ പറയുന്നു. സംഭവ സമയത്തു വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളുകൾക്ക് അപകടമുണ്ടായില്ല.
വീടിന്റെ മുൻഭാഗവും കതകുകളും ആന തകർത്തു. നിലവിൽ വീടിന്റെ ഉടമയായ മുരുകൻ താമസിക്കുന്നത് സൂര്യനെല്ലിയിലാണ്. സിങ്കുകണ്ടത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഇയാൾ സൂര്യനെല്ലിയിലേക്കു താമസം മാറുകയായിരുന്നു.
കാട്ടാന തകർത്ത വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് നിലവിൽ സൂക്ഷിക്കുന്നത്. ഇതിനു സമീപത്തു തന്നെയാണ് കാട്ടാനക്കൂട്ടം രണ്ടാഴ്ച മുമ്പ് മാരി എന്ന സ്ത്രീയെ ചവിട്ടി കൊലപ്പെടുത്തിയത്.
Kerala
കൊച്ചി: കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ത്തത്. ഇന്നലെ രാത്രി 11.30 ഓടെയാണ് ആന എത്തിയത്. എന്നാല്‍ വീട്ടുകാര്‍ക്ക് പരിക്കേറ്റില്ല.
കാട്ടാന ഭീതിയില്‍ പേടിച്ചാണ് ഷെജിയും മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത്. എട്ടു വര്‍ഷമായി കാട്ടാന ഈ പ്രദേശത്ത് എത്തുന്നുണ്ട്. ആനയെ ഓടിച്ചു വിടുമെങ്കിലും ആന തിരിച്ചെത്തും. നേരത്തെ രാത്രിയാണ് ആന എത്തിക്കൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വൈകുന്നേരം ആറിനുള്ളില്‍ ജനവാസ മേഖലയില്‍ എത്തുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇന്നലെ രാത്രി ഒരു കാട്ടാന മാത്രമാണ് എത്തിയതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കൊമ്പനും രണ്ടു പിടിയാനുകളും ഒരു കുട്ടിയാനയുമാണ് പ്രദേശത്ത് എത്തിയത് എന്നാണ് ഷെജി കുമാര്‍ പറയുന്നത്.
Kerala
തൃശൂർ: യുവതിയുടെ വീട്ടുമുറ്റത്തേയ്ക്ക് അതിക്രമിച്ച് കയറി പടക്കം എറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി തളിക്കുളം സ്വദേശി ഭഗീഷ് പൂരാടനും ബിജെപി പ്രവർത്തകനായ തമ്പാൻ കടവ് സ്വദേശി ശ്രീജിത്തും ആണ് അറസ്റ്റിലായത്.
തളിക്കുളം നമ്പിക്കടവ് ബീച്ച് സ്വദേശിയായ യുവതിയുടെ വീട്ടുമുറ്റത്തേക്ക് പടക്കമറിയുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും പ്രതികൾ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
National
ബംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ബിഹാർ സ്വദേശികളായ അനാമിക ചൗരസ്യ (8), പാരി (4), ശാന്ത (46) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണ, അൽക, അനുഷ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ നാലരയ്ക്ക് മംഗളൂരു കങ്കനാടിയിലെ നാഗോരിയിലുള്ള വീടിന്റെ ചുറ്റുമതിലിടിഞ്ഞ് വീഴുകയായിരുന്നു. മതിൽ തകർന്ന് താഴെയുള്ള വാടക വീടുകളുടെ മേൽക്കൂരയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പ്രദേശത്തെ നാല് വാടക വീടുകളുടെ മതിലുകൾ തകർന്നു. ഇതിൽ രണ്ട് കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി യു. ടി. ഖാദർ അറിയിച്ചു.
National
നീലഗിരി: നീലഗിരി ജില്ലയിലെ മസിനഗുടിയിൽ വളർത്തുനായയെ പിന്തുടർന്നെത്തിയ പുള്ളിപുലി വീടിനുള്ളിൽ കയറി. മുതുമല കടുവ സങ്കേതം മസിനഗുഡി റേഞ്ചിലെ അവരല്ലാ സെക്ഷനിലെ സെൽവപ്പാ കോളനിയിൽ ശിവകുമാറിന്റെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് വീടിനുള്ളിലേക്ക് പുലി ഓടിക്കയറിയത്.
നായക്ക് പിന്നാലെ പുലിയോടിയെത്തുന്നത് കണ്ട വീട്ടുകാർ ഉടൻ വീടിന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട് പുറത്തുനിന്നും പൂട്ടിയശേഷം വനംവകുപ്പിനെ വിവരമറിയിച്ചു.
വനം റേഞ്ച് ഓഫീസര്‍ വി. രാജന്റെ നേതൃത്വത്തില്‍ മസിനഗുഡി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മുതുമല ഫീല്‍ഡ് ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും നിര്‍ദേശപ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെ 2.30 നാണ് പുലിയെ കൂട്ടിലാക്കിയത്. പിന്നീട് സീഗൂര്‍ വനത്തില്‍ പുലിയെ തുറന്നുവിട്ടു.
Kerala
മീനങ്ങാടി: വയനാട് കാക്കവയല്‍ കല്ലുപാടിക്കു സമീപം തീപിടിത്തത്തില്‍ കാറും സ്കൂട്ടറും നശിച്ചു. കീരംവേലില്‍ ബാലന്റെ വീടിനോട് ചേര്‍ന്ന് ഷെഡില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
തീ വീട്ടിലേക്കും പടര്‍ന്നു. അണയ്ക്കാനുള്ള ശ്രമത്തിനിടെ ബാലന് നിസാരപരിക്കേറ്റു. കല്‍പ്പറ്റയില്‍നിന്നു അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.
National
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ലോവർ സുബാൻസിരി ജില്ലയിൽ ശക്തമായ പെയ്ത മഴയിൽ വൻ നാശനഷ്ടം. കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മൂന്നുപേരെ കാണാതായി.
കനത്ത മഴയിൽ നദികളിലെ ജലപ്രവാഹം അപകടകരമാംവിധം ഉയർന്നതിനെത്തുടർന്ന് പന്യാർ ലോവർ ഹൈഡ്രോഇലക്ട്രിക് പ്രോജക്ടിലെ സ്പിൽവേ ഗേറ്റ് അധികൃതർ തുറന്നുവിട്ടു. ഇതോടെ, യാസാലി സർക്കിളിന് കീഴിലുള്ള പൂസക്ക് സമീപമുള്ള നീപ്കോ പ്രോജക്ട് കോളനിയിൽ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത് പ്രളയത്തിന് കാരണമായി. വെള്ളം കുത്തിയൊലിച്ച് കോളനിയിലും പരിസരത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. 18 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ധേമാജി, ലഖിംപുർ, ബിശ്വനാഥ്, സോനിത്പുർ ജില്ലകളിൽ ജലപ്രവാഹം നാശം വിതക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. അയൽസംസ്ഥാനമായ ആസാമിലെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Kerala
കാട്ടാക്കട: പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പേരൂർ ഉള്ളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജു - സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: കായംകുളം എംഎസ്എം കോളജിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി കോളജിന് സമീപത്തെ ചിത്തിനേത്ത് പുരയിടത്തിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ഈ ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കാറുണ്ടായിരുന്നു. ആളൊഴിഞ്ഞ പുരയിടമായതിനാൽ ഇവിടെ രാത്രികാലങ്ങളിൽ യുവാക്കൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു കായംകുളം പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
അതിരമ്പുഴ: കോട്ടയം അതിരമ്പുഴയിൽ വീടിന് തീപിടിച്ചു. ആനമലയിൽ രാജീവ് മാത്യുവിന്റെ വീടിനാണ് തീപിടിച്ചത്.
ഓഫാക്കാതിരുന്ന ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയിൽ നിന്നുമാണ് തീ പടർന്നത്. വീട് ഭാഗികമായി കത്തിനശിച്ചു.
രണ്ട് കട്ടിൽ, മെത്ത തുണികൾ എന്നിവ പൂർണമായി കത്തി നശിച്ചു. വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു . കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്.
National
മുംബൈ: സ്വത്ത് തർക്കകേസ് കോടതിയിൽ തോറ്റതിന് പിന്നാലെ യുവാവ് പിതാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേൽ(82) ആണ് കൊല്ലപ്പെട്ടത്.
മകൻ അബ്ദുൾ റഹ്മാൻ അബ്ദുൾ ജാഫറിന്റെ ഉപദ്രവത്തിൽ മനംമടുത്ത ജലവിഭവ വകുപ്പ് മുൻ ജീവനക്കാരനായിരുന്ന ജാഫർ ഖമറുദ്ദീൻ, വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും പൂനെയിലുള്ള മകൾക്കൊപ്പം താമസിച്ചുവരികയുമായിരുന്നു.
വീടിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും മകനെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ട് ഇയാൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി, വീടിന്റെ ഉടമസ്ഥാവകാശം ജാഫർ ഖമറുദ്ദീന് നൽകുകയും മകനോട് വീട്ടിൽനിന്നും ഇറങ്ങണമെന്നും ഉത്തരവിട്ടു.
കോടതി ഉത്തരവുമായി വീട്ടിലേക്കുള്ള യാത്രക്കിടെ ജാഫർ ഖമറുദ്ദീനെ മകൻ ആക്രമിച്ചു. പട്ടാപ്പകൽ നടുറോഡിൽ വച്ച് അബ്ദുൾ റഹ്മാൻ, പിതാവിനെ കുത്തിക്കൊല്ലുകയായിരുന്നു.
സംഭവസമയം ജാഫർ ഖമറുദ്ദീനൊപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റു. അബ്ദുൾ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.
District News
മുണ്ടക്കയം: ശക്തമായ കാറ്റിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കൊക്കയാർ രത്നഗിരി പള്ളത്തുകുഴിയിൽ അജീഷ് കുമാറിന്റെ വീടിന് മുകളിലേക്കാണ് പുളിമരം കടപുഴകി വീണത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വീടിന്റെ ഷീറ്റും മേൽക്കൂരയും ഭാഗികമായി തകർന്നു. വീടിന്റെ മറ്റു ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കനത്ത കാറ്റിൽ വൻ ശബ്ദത്തോടെയാണ് മരം വീടിന്റെ മേൽക്കൂരയിലേക്ക് പതിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
District News
പൂയപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും പ്ലാവിന്റെ കൊമ്പ് ഒടിഞ്ഞ് വീടിനു മുകളില്‍ പതിച്ചു. വീട് പൂര്‍ണമായും തകര്‍ന്നു. ഗൃഹനാഥനും ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു. പൂയപ്പള്ളി മരുതമന്‍ പള്ളി മിഷന്‍വിള വടക്കുംകര മുകളുവിള വീട്ടില്‍ മുന്‍ പഞ്ചായത്തംഗം അനില്‍ കുമാറിന്റെ വീടാണ് തകര്‍ന്നത്. അനില്‍കുമാര്‍, ഭാര്യ സജിത മക്കളായ ആദില്‍ (9), അനൈക (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ആയിരുന്നു അപകടം. ശക്തമായ മഴയേയും കാറ്റിനെയും തുടര്‍ന്ന് വീടിന് സമീപത്ത് നിന്ന പ്ലാവിന്റെ കൂറ്റന്‍ കൊമ്പ് ഒടിഞ്ഞ് വീടിന് മുകളില്‍ പതിക്കുകയായിരുന്നു. ഓട് പാകിയ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മേല്‍ക്കൂര വീണ് വൈദ്യുതോപകരണങ്ങളും ഗൃഹോപകരണങ്ങളും തകര്‍ന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീടിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുകയും പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സാരമായി പരിക്കേറ്റ കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പൂയപ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി. പൂയപ്പള്ളി വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.
Kerala
കൊച്ചി: കോതമംഗലത്ത് വീടിന് മുകളില്‍ നിന്നും വീണ യുവാവിന് ദാരുണാന്ത്യം. മുളവൂര്‍ സ്വദേശി ജന്‍സീര്‍ (38) ആണ് മരിച്ചത്.
കോതമംഗലം മാതുരപ്പള്ളിക്ക് സമീപം ഒരു വീടിന്റെ റൂഫിംഗ് അറ്റകുറ്റപ്പണികള്‍ക്കായാണ് ജന്‍സീര്‍ എത്തിയത്. ഇതിനിടെ വീടിന് മുകളില്‍ നിന്നും കാല് വഴുതി വീഴുകയായിരുന്നു. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
National
ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
"സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ഏകദേശം 250 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണമുള്ള ഒരു നില വീടാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്'.-പോലീസ് പറഞ്ഞു.
അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരുടെ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Kerala
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മാമലക്കണ്ടം സ്വദേശി ഡെനീഷ് ജോസഫിൻ്റെ വീടാണ് കാട്ടാന അക്രമിച്ചത്.
രാവിലെയാണ് കാട്ടാനക്കൂട്ടം വീട്ടുമുറ്റത്ത് എത്തിയത്. കതകടക്കം നശിപ്പിച്ചാണ് കാട്ടാനകൾ മടങ്ങിയത്. രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് കാട്ടാനകൾ വീടിനു നേരെ നീങ്ങുന്നത്.
പലപ്പോഴായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പറയുന്നു കുടുംബം.
Kerala
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ ജീവനൊടുക്കിയതിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് മരിച്ച ഇബ്രാഹിമിന്റെ ബന്ധുക്കൾ.
കോൺഗ്രസ് നേതാവ് സുധീർകുമാർ സെക്രട്ടറിയായ കടത്തനാട് സഹകരണ സംഘത്തിൽ നിന്ന് 75 ലക്ഷം രൂപ ഇബ്രാഹിമിന് ലഭിക്കാനുണ്ട്. ഇത് ലഭിക്കാത്തതിനാൽ ഇബ്രാഹിം മനോവിഷമത്തിൽ ആയിരുന്നു. മരണമൊഴിയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്.
സുധീര്‍ കുമാറിന്റെ വീട്ടില്‍വച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തി ഗുരുതരമായി പരിക്കേറ്റ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി(71) ഇന്നലെയാണ് മരിച്ചത്. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്.
ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തില്‍ വടകര പോലിസ് അന്വേഷണം ആരംഭിച്ചു.
ഇബ്രാഹിമിന്റെ മരണം ആത്മഹത്യ അല്ല, കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ലീഗ് -കോൺഗ്രസ് ഉന്നത നേതാക്കൾ ആണ് സൊസൈറ്റിയിലേക്ക് ധന സമാഹരണത്തിന് മുന്നിൽ നിന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: നൃത്താധ്യാപികയായ നവവധുവിനെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യയും രമേശന്-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവതിയെ വീട്ടിലെ കിടപ്പു മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയില്‍ താമസക്കാരായിരുന്നു. ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Kerala
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലടക്കമുള്ള 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ മുഹമ്മദ് റിയാസ് റിയാസ് എംഎൽഎ. ഫെയ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
"വളഞ്ഞിട്ടടിച്ചോളൂ...പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.'-ഇങ്ങനെയായിരുന്നു റിയാസിന്റെ പോസ്റ്റ്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാൻ കഴിയാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. 2006 മുതൽ 2011വരെയായിരുന്നു തന്റെ ജീവിതത്തിലെ സുവർണകാലം.
ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോൾ സഭയിൽ അടിയന്തര പ്രമേയമങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകി. സിഎൽപിയിൽ വിമർശിച്ചാലും പരാതി പറഞ്ഞാൽ അദ്ദേഹം നടപടി എടുക്കും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്ന് മറിയാമ്മ ഉമ്മനോട് സതീശൻ ആവശ്യപ്പെട്ടു.
അധികാര പത്രാസിനിടയിൽ പാവപ്പെട്ടവരെ മറക്കരുതെന്ന് എന്നാണ് തന്റെ തീരുമാനം. പിണറായി വിജയനെ കാണാൻ പോകുമെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവിനോടുള്ള സ്നേഹം കാരണമാണ് വി.ഡി.സതീശന് പുതുപ്പള്ളി ഹൗസിൽ എത്തിയതെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു.
Kerala
ആലുവ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആലുവയിലെ വീട്ടിൽ രാവിലെ 10 മുതൽ ആരംഭിച്ച പിരിമുറുക്കത്തിന് അയവു വന്നത് രാത്രി ഏഴോടെ ഡൽഹിയിലെ ‘ടുമാറോ’ എന്ന ഒറ്റവാക്കിൽ.
മൂന്ന് നിയുക്ത എംഎൽഎ മാരടക്കം നേതാക്കന്മാർ വന്നതോടെയാണ് രാവിലെ മുതൽ ദേശത്തെ വീട്ടിൽ ആൾക്കൂട്ടം തിങ്ങിക്കൂടിയത്. കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂർ, ഡിസിസി പ്രസിഡന്റും നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസ്, പൊന്നാനി എംഎൽഎ നൗഷാദ് എന്നിവരാണ് പലസമയങ്ങളിലായി സതീശന്റെ വീട്ടിലെത്തിയത്. മാധ്യമപ്പടയുടെ എണ്ണവും വർധിച്ചു. ഭാവി മുഖ്യമന്ത്രി എന്ന രീതിയിൽ സെൽഫി എടുക്കലും വർധിച്ചു.
രാവിലെ 10ഓടെ മണ്ഡലമായ പറവൂരിലേക്ക് പോകുമെന്ന ഷെഡ്യൂൾ ലംഘിച്ചതോടെ എന്തെങ്കിലും സംഭവിക്കുമെന്ന കഥ എല്ലാവരും വിശ്വസിച്ചു. വി.ഡി. സതീശൻ ഓഫീസിൽതന്നെയാണ് സമയം ചെലവഴിച്ചത്. ഇടയ്ക്ക് പ്രവർത്തകർക്ക് ഫോട്ടോ എടുക്കാനായി പുറത്തുവന്നു. മറ്റ് ജില്ലകളിൽനിന്നു വന്ന പ്രവർത്തകരും ഉണ്ടായിരുന്നു.
വെയിൽ താഴ്ന്നപ്പോഴേക്കും വീട്ടിലും വീടിനു പുറത്തും ആൾത്തിരക്ക് വർധിച്ചു. കൊടിപറത്തി, കണ്ണേ കരളേ വിഡിഎസേ എന്ന മുദ്രാവാക്യങ്ങളുയർന്നു. ലൈവ് ടെലികാസ്റ്റ് വന്നതോടെ മാധ്യമങ്ങളോട് പ്രവർത്തകർ വികാരങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. പരിധിവിട്ടു തുടങ്ങിയപ്പോൾ നേതാക്കന്മാർതന്നെയെത്തി വിലക്കി.
എല്ലാം പ്രഖ്യാപനം കഴിഞ്ഞ് മതിയെന്ന പേരിലാണ് തടഞ്ഞത്. ഡൽഹി ചർച്ചകളുടെ ഘട്ടങ്ങൾ പ്രവർത്തകരിൽ ആകാംക്ഷ നിറച്ചു. അവസാനം പ്രഖ്യാപനം നാളെയെന്ന് മീഡിയ വിഭാഗം തലവനായ ജയറാം രമേശ് പറഞ്ഞതോടെ നാളെ കാണാം എന്നു പറഞ്ഞ് പ്രവർത്തകർ പിരിയുകയായിരുന്നു.
Kerala
കോഴിക്കോട്: മുക്കത്ത് വീടിന് നേരെ വ്യാപകമായി കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനല്‍ച്ചില്ലുകളും കാറും തകര്‍ന്നു. പൂളപ്പൊയിലില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്നത്.
പൂളപ്പൊയില്‍ സ്വദേശി അഹമ്മദ് കുട്ടിയുടെ വീടാണ് ആക്രമണത്തില്‍ തകര്‍ന്നത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവമുണ്ടായത്. വീടിന് നേരെ വ്യാപകമായി കല്ലെറിയുകയായിരുന്നു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മയും കിടന്നിരുന്ന മുറിയുടെ ജനല്‍ ചില്ലുകളാണ് തകര്‍ന്നത്.
ജനല്‍ ചില്ലുകള്‍ തകര്‍ന്ന് മുറിക്കകത്തേക്ക് തെറിച്ചുവീണെങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സംഭവത്തിന് പിന്നാലെ അഹമ്മദ് കുട്ടി മുക്കം പോലീസില്‍ പരാതി നല്കി.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തതയില്ലാത്തതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Kerala
തൃശൂർ: ഇടിമിന്നലേറ്റ് വീടിന്റെ ചുമര് തകർന്ന് മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യ സ്മൃതി, മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.
ശക്തമായ ഇടിമിന്നൽ വീടിന്റെ ചുമരിൽ പതിക്കുകയും ചുമർ തകർന്നു ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.
പരിക്കേറ്റവരെ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
വയനാട്: മാനന്തവാടി കൂടല്‍ക്കടവില്‍ വീട്ടില്‍ തീപിടിത്തം. പൂനംകാവില്‍ അനില്‍ ജോസിന്റെ വീടിനാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തീ പിടിച്ചത്.
വീട്ടുകാര്‍ സിനിമയ്ക്കു പോയപ്പോഴായിരുന്നു സംഭവം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ അഗ്നി-രക്ഷാസേനയാണ് തീയണച്ചത്.
നാട്ടുകാരും ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ എ. സതീഷ്, വിശാല്‍ ആഗസ്റ്റിന്, എം.പി. രമേശ്, കെ. രജീഷ, സി.ബി. അഭിജിത്, ദീപത് ലാല്‍, ടി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന് ദിക്ഷലിന്റെ വീടിന് സമീപം വീണ്ടും പാമ്പ്. ദിക്ഷലിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ പാമ്പ് പിടുത്തക്കാരന് രാജേഷ് തിരുവാമനയാണ് പാമ്പിനെ കണ്ടതും പിടികൂടിയതും.
കഴിഞ്ഞ ദിവസമാണ് ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ മുസ്ലിം ലീഗ് നിര്‍മാണം പൂര്‍ത്തിയാക്കിയ 51 വീടുകളിലെ കയറിക്കൂടലിനെച്ചൊല്ലിയും വിവാദം.
ഗൃഹപ്രവേശനച്ചടങ്ങിന് മുസ്ലിം ലീഗ് ഗുണഭോക്താക്കളില്‍നിന്ന് 12,000 രൂപ വീതം പിരിവെടുക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നതും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നതുമാണ് വിവാദത്തിന് ആധാരം.
ഗൃഹപ്രവേശനച്ചടങ്ങ് കേമമാക്കുന്നതിന് മുസ്ലിം ലീഗ് പിരിവ് നടത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭവന പദ്ധതി ഗുണഭോക്താക്കള്‍ പറഞ്ഞു. വീടുകളിലെ കയറിക്കൂടല് കൂട്ടായി നടത്തുന്നതിന് സ്വന്തം നിലയ്ക്കാണ് പിരിവെന്ന് അവര്‍ വ്യക്തമാക്കി.
നിര്‍മാണം പൂര്‍ത്തിയായതും ഫെബ്രുവരി 26ന് താക്കോല്‍ദാനം നടന്നതുമായ 51 വീടുകളില്‍ കയറിക്കൂടല് ഈ മാസം 27നാണ് തീരുമാനിച്ചത്. ഒരാഴ്ച മുമ്പ് ചേര്‍ന്ന ഗുണഭോക്താക്കളുടെ യോഗമാണ് ഗൃഹപ്രവേശനച്ചടങ്ങ് സംയുക്തമായി നടത്താന്‍ തീരുമാനിച്ചത്.
പുനരധിവാസത്തിന് സഹായിച്ചവര്‍, ഭവന നിര്‍മാണം നടത്തിയ തൊഴിലാളികള്‍, സമീപവാസികള്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചു. പന്തല്‍ നിര്‍മാണം, അതിഥികളടക്കം 1,500 പേര്‍ക്കുള്ള ഭക്ഷണം എന്നിവയ്ക്കടക്കം വരുന്ന ചെലവില്‍ ഒരു കടുംബത്തിന്റെ വിഹിതമായി കണക്കാക്കിയതാണ് 12,000 രൂപ.
ഓരോ കുടുബവും സ്വന്തം നിലയ്ക്ക് ഗൃഹപ്രവേശനച്ചടങ്ങ് സംഘടിപ്പിച്ചാല്‍ ചെലവ് ഇതിലും വളരെ കൂടുതലാകും. കയറിക്കൂടല് കൂട്ടായി നടത്തുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും ദുരന്തബാധിതര്‍ കൂടിയാലോചന നടത്തിയിട്ടില്ല. വിവിധ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ദുരന്തബാധിതര്‍ക്കിടയിലുണ്ട്.
എന്നിരിക്കേയാണ് ചിലര്‍ കുപ്രചാരണം നടത്തുന്നതെന്ന് ഭവന പദ്ധതി ഗുണഭോക്താവായ കാരക്കാടന്‍ സെയ്തലവി പറഞ്ഞു. നിക്ഷേപ്ത താത്പര്യങ്ങളോടെ കുപ്രചാരണം നടത്തുന്നവര്‍ ദുരന്തബാധിതരെ അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോടുചേര്‍ന്നുള്ള പ്രദേശമാണ് മനുക്കുന്നുമലയുടെ താഴ്വാരത്തുള്ള വെള്ളിത്തോട്. ഇവിടെ ഭവന പദ്ധതിക്ക് 11.5 ഏക്കര്‍ ഭൂമിയാണ് മുസ്ലിം ലീഗ് വിലയ്ക്കു വാങ്ങിയത്. 105 വീടുകളാണ് വെള്ളിത്തോടില്‍ നിര്‍മിക്കുന്നത്. അടുത്ത ഘട്ടത്തില്‍ താക്കോല്‍ദാനം നടത്തേണ്ട വീടുകളുടെ പ്രവൃത്തി നടന്നുവരികയാണ്.
എട്ട് സെന്റ് സ്ഥലവും 1,060 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഫര്‍ണിച്ചറുമാണ് ഓരോ കുടുംബത്തിനും ലീഗ് നല്‍കുന്നത്. മൂന്ന് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് ഓരോ വീടും. ശുദ്ധജല വിതരണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഭവന സമുച്ചയത്തില്‍ ഉണ്ടാകും.
Kerala
തൃശൂർ: കടമ്പോട് കഴിഞ്ഞദിവസം കുട്ടികള്‍ക്കു പാമ്പുകടിയേറ്റ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് മുറിക്കുള്ളില്‍ ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പിനെ കണ്ടത്. മുറിയുടെ ഭിത്തിയോടുചേര്‍ന്ന് ഇഴഞ്ഞുവരികയായിരുന്നു പാമ്പ്. നാട്ടുകാർ പാന്പിനെ തല്ലിക്കൊന്നു.
കടമ്പോട് കാവുങ്ങല്‍ സില്‍ജോയുടെ വീട്ടില്‍ ഇതു മൂന്നാംതവണയാണ് അടുത്തടുത്ത ദിവസങ്ങളില്‍ പാമ്പിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ക്കു പാമ്പുകടിയേറ്റിരുന്നു. സില്‍ജോയുടെ മക്കളായ അനോഷ്(10), ആല്‍ജോ(എട്ട്) എന്നിവര്‍ക്കാണു കടിയേറ്റത്. ആൽജോ മരിച്ചു. അനോഷ് ചികിത്സയിലാണ്.
തിങ്കളാഴ്ചയും ഈ വീടിന്റെ വരാന്തയോടുചേര്‍ന്നു പാമ്പിനെ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വനപാലകരെത്തി വീട്ടുപരിസരത്ത് പരിശോധന നടത്തുകയും പാമ്പുകള്‍ ഒളിഞ്ഞിരിക്കാനിടയുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി നോക്കുകയും ചെയ്തിരുന്നു. പരിസരത്തെ പാഴ്ചെടികൾ വെട്ടിനീക്കി തീയിടുകയും ചെയ്തു. പരിശോധനയില്‍ പാമ്പുകളെ കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല.
Kerala
ഇടുക്കി: കുമളി മുല്ലയാറിൽ വീട്ടുമുറ്റത്തെത്തി കരടികൾ. മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ഇവ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കുമളി.
പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. വീട്ടുമുറ്റത്തേക്ക് കരടികൾ ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ ചെടിച്ചട്ടി താഴെ വീണ് പൊട്ടുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്.
കനത്ത ചൂട് മൂലം വെളളത്തിനും ആഹാരത്തിനും വേണ്ടിയാകാം കരടികൾ ജനവാസ മേഖലയിലേക്ക് എത്തിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
National
ഇൻഡോർ: അന്വേഷണത്തിന്റെ പേരിൽ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ച് കയറി 30 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വ്യവസായിയായ ഗൗരവ് ജെയിൻ എന്നയാളുടെ വീട്ടിലാണ് പോലീസുകാർ മോഷണം നടത്തിയത്. ഏപ്രിൽ ഒന്നിന് രാത്രിയാണ് സംഭവം.
റിട്ട. എസിപി രാകേഷ് ഗുപ്തയുമായുള്ള സാമ്പത്തിക തർക്കത്തിൽ ഗൗരവ് ജെയിൻ ഉൾപ്പെട്ട ഒരു ചെക്ക് ബൗൺസ് കേസ് നില നിന്നിരുന്നു. ഈ കേസിൽ വാറണ്ട് നടപ്പിലാക്കാനാണ് പോലീസ് വ്യവസായിയുടെ വീട്ടിലെത്തിയത്.
വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസുകാർ വീട്ടുകാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസുകാർ വാതിൽ തകർത്ത് ബലപ്രയോഗത്തിലൂടെ വീട്ടിൽ കയറിയെന്നാണ് വ്യവസായിയുടെ പരാതിയിൽ പറയുന്നത്.
പിന്നീട് അന്വേഷണത്തിന്റെ പേരിൽ വീടാകെ പരിശോധന നടത്തി. ഇതിനിടയിൽ വീട്ടിൽ നിന്നും 30 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഇവർ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ പോലീസുകാരെ സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുമാർ പ്രതീക് പ്രതികരിച്ചു.
കേസ് നിലവിൽ വിജയനഗർ എസിപി അന്വേഷിക്കുന്നുണ്ടെന്നും, വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: കോൽക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബംഗാളിൽ വീണ്ടും ഇഡി ഇറങ്ങിയിരിക്കുന്നത്.
ഡിസിപി ശന്തനു സിൻഹ ബിശ്വാസിന്റെയും ബിസിനസുകാരന്റെയും വസതികളിൽ ഞായറാഴ്ച റെയ്ഡ് നടത്തിയതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു റെയ്ഡ്. ശാന്തനു സിൻഹയുമായി ബന്ധപ്പെട്ട രണ്ട് ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. സൺ എന്റർപ്രൈസസ് എംഡി ജോയ് കംദാറുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത്തെ റെയ്ഡ്.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി.ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി കെ.രാജൻ വന്നത് നാടകമാണ്.
ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Kerala
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി. ഫെയ്സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് ചോർച്ചയെന്ന പരാതി ഉയർന്നത്. സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്.
ചൂരല്‍മല സ്വദേശി നൗഫലിന്റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോർച്ച രൂപപ്പെട്ടത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ കൂടി വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. തുടർന്ന് ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.
രണ്ടിടത്തും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അരുണ്‍ ബാബു പറഞ്ഞു. അതേസമയം വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്നും മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ വിമർശനം ശക്തമാക്കുന്നതിനിടെ ടൗൺഷിപ്പിൽ മന്ത്രി രാജൻ സന്ദർശിച്ചു. വെള്ളം കിനിഞ്ഞ് ഇറങ്ങിയിട്ടുണ്ടെന്നും എന്നാൽ ഉണ്ടായത് വലിയ വിള്ളൽ അല്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിൽ സഹപാഠികളെത്തി. നിതിന്റെ സഹപാഠികളായ 30 വിദ്യാർഥികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. നിതിൻ മരിച്ച സമയത്ത് വസതി സന്ദർശിക്കണമെന്ന് വിദ്യാർഥികൾ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർഥികളുടെ ആവശ്യം മാനേജുമെന്റ് നിരസിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെന്റിന്റെ തക്കീത് അവഗണിച്ചാണ് സുഹൃത്തുക്കൾ ഉഴമലയ്ക്കലെ വീട്ടിലെത്തിയത്. മരണത്തിലെ ദുരൂഹതകൾ മാറ്റണമെന്നും നിതിന്‍ നീതി ലഭിക്കണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വകുപ്പ് മേധാവി എം.കെ. റാം ക്ലാസിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും പരാമർശങ്ങൾ നടത്തിയെന്നും തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നും സഹപാഠികളും കുടുംബവും പറഞ്ഞു.
District News
കാഞ്ഞങ്ങാട്: വീടിന്റെ ടെറസിലേക്കു ചാഞ്ഞുകിടന്ന മാവിൻ കൊമ്പ് മുറിക്കുന്നതിനിടെ കാൽതെറ്റി താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. അതിഞ്ഞാൽ തെക്കേപ്പുറം കമ്മാടത്ത് ഹൗസിലെ കെ.പി. അബ്ദുൾ ഹക്കീം (57) ആണ് മരിച്ചത്.
മാർച്ച് 24ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. മംഗളൂരു കെഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഷംനത്ത്. മക്കൾ: ഹാഷിർ, ഹാമിഷ്, ഹാത്തിം, മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തീൻകുഞ്ഞി, കുഞ്ഞഹമ്മദ് സലാം, ഡോ. അബ്ദുൾ റഹ്മാൻ, പരേതനായ ഹംസ.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വീടിന് നേരെ ബോംബേറ്. കൂത്തുപറമ്പ് മെരുവമ്പായിൽ സുഹറയുടെ വീടിന് നേരെയാണ് ബോംബ് ആക്രമണമുണ്ടായത്.
ജനലിൽ തട്ടിയെങ്കിലും ബോംബ് പൊട്ടിയില്ല. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസിൽ സമീപ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്.
കൊച്ചാട്ടുകാലിൽ സ്വദേശി അനസിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. രാവിലെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ ഇവയും തല്ലിത്തകർത്തിരുന്നു. ഏകദേശം 25 പവനിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് വീട്ടുടമസ്ഥൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
നെടുമങ്ങാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം. വിനോദയാത്രയ്ക്ക് പോയ വിവരം അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം മുന്‍മന്ത്രിയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായി വി.എസ്. ശിവകുമാർ നിതിന്‍ രാജിന്റെ വീട്ടിലെത്തി ചെക്ക് കൈമാറും. അതേസമയം വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുകയും നൽകും.
വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.