മാഞ്ഞൂര്‍ വികെവിഎം എന്‍എസ്എസ് ഹൈസ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികൾ നിര്‍മിച്ചു നല്കിയ ഭവനത്തിന്റെ താക്കോല്‍ദാനം നടന്നപ്പോള്‍.
കടുത്തുരുത്തി: എസ്എസ്എല്‍സി ബാച്ചിന്റെ കൂട്ടായ്മ സഹപാഠിയുടെ കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്കി. മാഞ്ഞൂര്‍ വികെവിഎം എന്‍എസ്എസ് ഹൈസ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയായ "തിരികെ' ആണ് തങ്ങളുടെ സഹപാഠിയായിരുന്ന തട്ടാപറമ്പില്‍ പരേതനായ സുരേഷ് ബാബുവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത്.
വീടിന്റെ താക്കോല്‍ ദാനം ഇന്നലെ നടന്നു. കോവിഡ് കാലത്താണ് സുരേഷ് ബാബുവിന്റെ മരണം. അതോടെ സാമ്പത്തികമായി പ്രതിസന്ധിയിലായി സുരേഷിന്റെ കുടുംബം. ഭാര്യ ബിന്ദു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മകന് അഭിഷേക് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൂന്ന് വര്‍ഷം മുമ്പാണ് സ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് "തിരികെ' എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കുന്നത്.
തുടര്‍ന്ന് ഏല്ലാവര്‍ഷവും ഓണത്തോടനുബന്ധിച്ചു ഈ കൂട്ടായ്മ ഓണാഘോഷ പരിപാടികളുമായി ഒരുമിച്ചു കൂടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിക്കായി പോയിട്ടുള്ളവര്‍ ഉള്‍പ്പെടെ സുഹൃത്തുക്കളെല്ലാം ആകുന്നതുപോലെ ഭവനനിര്‍മാണത്തില്‍ ഭാഗഭാക്കുകളായി. അധ്യാപകരും പറ്റുന്നതുപോലെ സഹായിച്ചു. 600 ചതുരശ്രയടി വിസ്തീര്‍ണമുള്ള മുഴുവന്‍ പണികളും പൂര്‍ത്തിയാക്കിയാണ് വീട് കൈമാറിയത്.