ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി സ്കൂളിലെ കുരുന്നുകൾ വീട്ടിൽ തയാറാക്കിക്കൊണ്ടുവന്ന ഭക്ഷണം പങ്കുവച്ചു കഴിച്ചപ്പോൾ.
വൈക്കം: ലോകഭക്ഷ്യ ദിനത്തിൽ സ്വാദൂറുന്ന നാടൻ വിഭവങ്ങൾ അന്വോന്യം പങ്കുവച്ച് സാഹോദര്യത്തിന്റെ ഒരു പാഠം കൂടി ഇന്ന് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി സ്കൂളിലെ കുരുന്നുകൾ ഹൃദൃസ്ഥമാക്കി. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അധ്യാപകർ അറിയിപ്പ് നൽകിയതിനെ തുടർന്ന് രക്ഷിതാക്കൾ മധുരവും എരിവും പുളിയും പകരുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകി. ആവിയിൽ പാകം ചെയ്തതും എണ്ണയിൽ വറുത്തതടക്കം എണ്ണമറ്റ വിഭവങ്ങളാണ് കുട്ടികൾ കൊണ്ടുവന്നത്. ഇതിൽ ഒന്നാം ക്ലാസുകാരനും മധ്യപ്രദേശ് സ്വദേശിയുമായ അദിനേഷ് സിംഗ് പാനിപുരിയും കന്നട സ്വദേശിയായ നാലാം ക്ലാസുകാരൻ ജെയ്ഡൺ മധുര പലഹാരവും തമിഴ്നാട് സ്വദേശികളും ഒന്നാം ക്ലാസ് വിദ്യാർഥികളുമായ കൃപ അഖിലേശ്വർ, ലിങ്കേശ്വർ എന്നിവർ പൊങ്കലുമായാണ് എത്തിയത്. കുട്ടികൾക്ക് ഇടയ്ക്ക് വ്യത്യസ്തമായ പലഹാരങ്ങൾ ഉണ്ടാക്കികൊണ്ടുവന്ന് നൽകുന്ന ഒന്നാം ക്ലാസിലെ ശ്രീനികയുടെ മുത്തശി ലളിതാഭായ് ഇന്നലെ രുചിയേറിയ വിഭവങ്ങൾ കുട്ടികൾക്കും അധ്യാപകർക്കുമായി പങ്കുവച്ച് പതിവ് പോലെ ഞെട്ടിച്ചു. എൽ പി വിഭാഗത്തിൽ 145 കുട്ടികളാണ് സ്കൂളിലുള്ളത്. ഭക്ഷണ വൈവിധ്യത്തെക്കുറിച്ചുള്ള പാഠഭാഗം കുട്ടികൾക്ക് അനുഭവവേദ്യമാക്കാനാണ് ലോക ഭക്ഷ്യ ദിനത്തിൽ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ഭക്ഷ്യ മേള ഒരുക്കിയത്.
ബീറ്റ്റൂട്ടും കാരറ്റും നിറം പകരുന്ന റെയിൻബോ ഇഡലി, വിവിധ തരം ലഡു, കേസരി തുടങ്ങിയ നിരവധി പലഹാരങ്ങൾ രുചിച്ച കുട്ടികൾ നാടൻ വിഭവങ്ങളുടെ രസാനുഭുതിയിൽ വിസ്മയഭരിതരായി.
വൈക്കംനഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഡി. രഞ്ജിത്ത് കുമാർ, അധ്യാപകനായ സുജിത്ത് എം. ഉണ്ണി എന്നിവർ കുട്ടികളുടെ ഭക്ഷ്യമേളയ്ക്ക് ഊഷ്മളമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു
ഭക്ഷണം ഏറെ സ്നേഹത്തോടെ കൈമാറി കുട്ടികൾ കഴിക്കുന്നത് കണ്ടപ്പോൾ മനസു നിറഞ്ഞെന്നും ഈ ഓർമകൾ അവരെ ഭാവിയിൽ സ്നേഹവും ഭക്ഷണവും പങ്കിടുന്നവരാക്കിമാറ്റുമെന്നും ഹെഡ്മിസ്ട്രസ് പി.ഐ. ടെസിമോൾ, അധ്യാപകരായ എസ്. സയാന , പി.കെ. ശ്രുതിമോൾ, രേഷ്മ വിജയൻ എന്നിവർ പറഞ്ഞു.
Tags : NattuVishesham.DistricteNews