ബേക്കൽ കോട്ടയ്ക്കുള്ളിൽ നാശോന്മുഖമായി നിൽക്കുന്ന പഴയ ട്രാവലേഴ്സ് ബംഗ്ലാവ്.
കാസർഗോഡ്: ചരിത്രശേഷിപ്പുകൾ ഒരുപാടുണ്ടായിട്ടും ജില്ലയ്ക്ക് സ്വന്തമായൊരു മ്യൂസിയമില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പല കാലങ്ങളിലായി കണ്ടെടുത്ത പുരാവസ്തുക്കളും ചരിത്രരേഖകളുമെല്ലാം സൂക്ഷിച്ചിരിക്കുന്നത് ഡൽഹി മുതൽ കോഴിക്കോട് വരെ വിവിധയിടങ്ങളിലായാണ്. അതുകൊണ്ടുതന്നെ ജില്ലയുടെ ചരിത്രപൈതൃകം ഒന്നായി കണ്ടറിയാൻ ചരിത്രാന്വേഷകർക്ക് അവസരമുണ്ടാകുന്നില്ല.
നീലേശ്വരം രാജകൊട്ടാരം, കല്യോട്ട് കഴകം എന്നു തുടങ്ങി ജില്ലയിലെ വിവിധ കോവിലകങ്ങളിലും തറവാടുകളിലും നിന്ന് വിവിധ കാലങ്ങളിൽ ലഭിച്ച ചരിത്രവസ്തുക്കളും താളിയോലകളും രാമചരിതമാനസം ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളുടെ പകർപ്പുകളും കാലിക്കറ്റ് സർവകലാശാലയിലാണ് സൂക്ഷിച്ചുവച്ചിട്ടുള്ളത്.
ബേക്കൽ, കുമ്പള കോട്ടകളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന പുരാവസ്തു വകുപ്പും നടത്തിയ ഖനനങ്ങളിലൂടെ ലഭിച്ച ചരിത്രശേഷിപ്പുകൾ തിരുവനന്തപുരം, കൊച്ചി, തൃശൂർ തുടങ്ങി വിവിധയിടങ്ങളിലാണ് ഉള്ളത്.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച മഹാശിലായുഗ ശേഷിപ്പുകളും ഇങ്ങനെ വിവിധയിടങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെറുവത്തൂർ തിമിരിയിൽ നിന്ന് കണ്ടെത്തിയ കല്ലുകൊണ്ടുള്ള മഴു കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ പഴശിരാജാ പുരാവസ്തു മ്യൂസിയത്തിലാണ് ഉള്ളത്. എ.സി. കണ്ണൻ നായരുടെ ഡയറിക്കുറിപ്പുകളടക്കം സ്വാതന്ത്ര്യസമരകാലത്തെ ചരിത്രരേഖകളിൽ പലതും ഡൽഹിയിലെ മ്യൂസിയത്തിലുണ്ട്.
ബേക്കൽ കോട്ടയ്ക്കുള്ളിലെ പഴയ ട്രാവലേഴ്സ് ബംഗ്ലാവ് കെട്ടിടം നവീകരിച്ച് മ്യൂസിയമാക്കി മാറ്റണമെന്ന ആവശ്യം ദീർഘനാളായി ഉള്ളതാണ്. സംസ്ഥാന സർക്കാരിന്റെ പുരാവസ്തു, വിനോദസഞ്ചാര വകുപ്പുകളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സഹകരിച്ച് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ എടുക്കണമെന്നും മറ്റു സ്ഥലങ്ങളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ചരിത്രശേഷിപ്പുകളിൽ സാധ്യമായവയെല്ലാം ജില്ലയിലേക്ക് തിരിച്ചെത്തിക്കണമെന്നുമാണ് ആവശ്യം.
സ്വദേശത്തും വിദേശത്തും നിന്ന് ബേക്കലിലെത്തുന്ന സഞ്ചാരികൾക്കു മുന്നിൽ ജില്ലയുടെ ചരിത്രപൈതൃകത്തിന്റെ നേർക്കാഴ്ച കൂടി അവതരിപ്പിക്കാൻ ഇതുവഴി സാധിക്കും.
Tags : NattuVishesham.DistricteNews