കണ്ണൂർ കോർപറേഷൻ ദസറയുടെ ഇന്നലെ നടന്ന സംസ്കാരിക സമ്മേളനം ഷാഫി പറമ്പിൽ എംപിയും മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: നന്മയുടെ വിലയും മൂല്യവും തിരിച്ചറിയാതെ പോവുന്ന ദൂഷിത പ്രതലം വളരുകയാണെന്ന് ഷാഫി പറമ്പിൽ എംപി. കോർപറേഷൻ ദസറയുടെ നടന്ന സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗികയായിരുന്നു അദ്ദേഹം.
ഫോൺ സ്ക്രീനിൽ നിന്ന് തലയുയർത്തി ലോകം നോക്കി കാണാൻ സമയമില്ലാത്തവരാണ് ചുറ്റിലുമുള്ളത്. എല്ലാ നന്മകളും ആഘോഷങ്ങളിൽ ഉൾച്ചേർന്നിട്ടുണ്ട്. മനുഷ്യസ്നേഹം ഊതിക്കാച്ചുന്ന ഇടങ്ങളിലാണ് ഭാവിയുള്ളത്. അതാണ് കണ്ണൂർ ദസറയുടെ വ്യതിരിക്ത മുഖം. ലഹരിക്കെതിരായ ദസറയുടെ സന്ദേശം കേരളം ഏറ്റു പറയുന്ന ഉദ്ബോധനമാണെന്നും എംപി പറഞ്ഞു. പൊമരാമത്തുകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. നൃത്തം, തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം, കൈകൊട്ടിക്കളി എന്നിവയ്ക്ക് ശേഷം പ്രമുഖ നടിയും നർത്തകിയുമായ നവ്യാനായർ അവതരിപ്പിച്ച ഭരതനാട്യ കച്ചേരി നവ്യ രസം എന്നിവ അരങ്ങേറി.
ദസറയിൽ ഇന്ന്
സംസ്കാരിക സമ്മേളനം വൈകുന്നേരം 5.30ന് കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് സാധിക രത്നേഷ്, ടി. അഭിരാമി, ആദ്യ നിധിൻ എന്നിവർ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി, അദ്വിക കൃഷ്ണൻ അവതരിപ്പിക്കുന്ന ഭരതനാട്യം, ടീം റോക്സ്റ്റാർ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, ശ്രീസായി കലാകേന്ദ്രം അവതരിപ്പിക്കുന്ന സ്കിറ്റ്, കണ്ണൂർ കോർപറേഷൻ ജീവനക്കാർ അവതരിപ്പിക്കുന്ന ഡാൻഡിയ നൃത്തം, തേജസ്വി അജിത്ത് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ജ്യോതിക പ്രകാശിന്റെ ക്ലാസിക്കൽ ഡാൻസ്, നൈനിക ദീപക് അവതരിപ്പിക്കുന്ന കുച്ചുപ്പുടി എന്നിവയ്ക്ക് ശേഷം മസാല കോഫി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.
Tags : NattuVishesham.DistricteNews