അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട കാർ.
അഗളി: അട്ടപ്പാടിയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഓടിക്കൊണ്ടിരുന്ന കാർ ഒഴുക്കിൽപ്പെട്ടു. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. കോട്ടത്തറ സ്വദേശി സിജോ ടി. ജോർജാണ് അപകടത്തിൽപ്പെട്ടത്.
ഷോളയൂർ പഞ്ചായത്തിൽ ആനക്കട്ടിക്കടുത്ത് മരപ്പാലം ഭാഗത്ത് കൊടുങ്ങരപ്പള്ളത്തിലേക്ക് ചേരുന്ന തോട്ടിലാണ് അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശത്ത് ശക്തമായി പെയ്ത മഴയിൽ തോട് കവിഞ്ഞൊഴുകുകയായിരുന്നു. കാർ ഒഴുക്കിൽപ്പെട്ടതോടെ സിജോ ചാടി രക്ഷപ്പെട്ടു. ഇരുനൂറു മീറ്ററോളം ഒഴുകിപ്പോയ കാർ കുറ്റിച്ചെടിയിൽ ഉടക്കിനിൽക്കുകയായിരുന്നു. പ്രദേശത്ത് ഒരു ബൈക്കും ഒഴുക്കിൽപ്പെട്ടു.
ദിവസങ്ങൾക്കുമുൻപ് ഷോളയൂർ ഭാഗത്തുണ്ടായ കനത്തമഴയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പാലങ്ങൾ തകരുകയും റോഡ് ഗതാഗതം തടസപ്പെടുകയും കോടികളുടെ കൃഷിനാശം സംഭവിക്കുകയുമുണ്ടായി.
Tags : NattuVishesham.DistricteNews