തൃശൂർ ബിഷപ്സ് ഹൗസിനു സമീപം റോഡിൽ കുഴിച്ച കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നു.
തൃശൂർ: ഭൂഗർഭ വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്നതിനായി റോഡുകൾ വെട്ടിപ്പൊളിച്ചിട്ടും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നില്ലെന്ന് പരാതി. നഗരഹൃദയത്തിൽ ഉൾപ്പെടെ പലയിടങ്ങളിലും ആഴ്ചകൾ പിന്നിട്ടിട്ടും പ്രവൃത്തികൾ പൂർത്തിയാകാത്തത് യാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയാകുന്നു. കുഴികൾ അലക്ഷ്യമായി നികത്തുന്നതും മുന്നറിയിപ്പ് സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.
തൃശൂർ ബിഷപ്സ് ഹൗസിനു സമീപം റോഡിലെ വളവിൽ ഒന്നര മീറ്ററോളം താഴ്ചയുള്ള കുഴിയാണുള്ളത്. കുഴിയെടുക്കുന്നതിനിടെ പൈപ്പ് പൊട്ടിയതോടെ വെള്ളം നിറഞ്ഞുകിടക്കുന്നതും അപകടഭീഷണി ഉയർത്തുന്നു. വിദ്യാർഥികളും ഇരുചക്രവാഹന യാത്രക്കാരും ഉൾപ്പടെ നിരവധിപേർ കടന്നുപോകുന്ന ഭാഗത്ത് സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. പലയിടങ്ങളിലും കെട്ടിയിട്ട മുന്നറിയിപ്പ് റിബണുകൾ പൊട്ടിപ്പോയി. നേരത്തേ കോർപറേഷൻ കൗൺസിൽ യോഗത്തിലും പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചിരുന്നു.
Tags : NattuVishesham.DistricteNews