ബ്ലോക്ക് ഒന്നിൽ പങ്കാളിത്ത കൃഷി നടക്കുന്ന സ്ഥലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ.
ഇരിട്ടി: സോവിയറ്റ് യൂണിയന്റെ സഹായത്തോടെ 1970 ലാണ് "സെൻട്രൽ സ്റ്റേറ്റ് ഫാം ആറളം' എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന് ആറളത്ത് തുടക്കം കുറിക്കുന്നത്. പശ്ചിമഘട്ട മലനിരകൾക്ക് താഴെ കക്കുവ, ചീങ്കണ്ണി, ബാവലി പുഴകളാൽ ചുറ്റപ്പെട്ട ഫലഭൂയിഷ്ടമായ 7000 ഏക്കർ ഭൂമി ചുരുങ്ങിയ കാലത്തിനുള്ളിൽ ഏഷ്യയിലെ ഏറ്റവും വലിയ കാർഷികഫാമായി മാറി. അത്യുത്പാദന ശേഷിയുള്ള നടീൽ വസ്തുക്കൾ വികസിപ്പിക്കുന്ന കാർഷിക നഴ്സറിയായിരുന്നു ആറളം ഫാമിന്റെ വലിയ പ്രത്യേകത. ഫലവൃക്ഷ തൈകൾക്കായി ആളുകൾ ഫാമിലേക്ക് ഒഴുകിയെത്തിയ കാലം. തെങ്ങ് ,റബർ, കശുമാവ്, കമുക്, കുരുമുളക്, കൊക്കോ തുടങ്ങി നിരവധി കാർഷിക വിളകളുടെ പറുദീസകൂടിയായിരുന്നു ഒരുകാലത്ത് ആറളം ഫാം.
എന്നാൽ, ഇതെല്ലാം കെട്ടുകഥകൾ മാത്രമെന്ന് തോന്നിപ്പിക്കുന്ന നിലയിലേക്ക് ആറളം ഫാം വീണുപോയത് പെട്ടെന്നായിരുന്നു. കാർഷികവിളകൾ നശിക്കുകയും കൃഷിയിടം കാടുകയറുകയും ചെയ്തതോടെ വന്യജീവികളുടെ വിഹാരകേന്ദ്രമായി കാർഷിക ഭൂമിക. ആറളം ഫാമിനെ ആശ്രയിച്ച ജീവിതങ്ങൾ കണ്ണീരിലും ദുരിതത്തിലുമായി. നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രഖ്യാപനങ്ങൾ ഏറെയുണ്ടായെങ്കിലും ഒന്നും പ്രയോഗികമായില്ല. ഒടുവിൽ, സ്വകാര്യ സംരംഭകരുമായി ചേർന്ന് പങ്കാളിത്ത കൃഷിയെന്ന ആശയത്തിന് വിത്തുപാകിയിരിക്കുകയാണ് അധികൃതർ.
ആറളം ഫാമിന്റെ ചരിത്രം കേവലം ഒരു കാർഷിക സ്ഥാപനത്തിന്റെ വളർച്ചയുടെയും തകർച്ചയുടെയും കഥയല്ല. കേന്ദ്രസർക്കാർ ആരംഭിച്ച കാർഷിക പദ്ധതി, കേരള സർക്കാർ ഭൂമി ഏറ്റെടുത്തതിലൂടെ രൂപംകൊണ്ട ആദിവാസി പുനരധിവാസ മേഖല, ആറളം ഫാമിംഗ് കോർപറേഷന്, പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ജീവിതപ്രശ്നങ്ങൾ എന്നിവയെല്ലാം ചേർന്നതാണത്.
പുനരധിവാസവും ഫാമിംഗ് കോർപറേഷനും
കേന്ദ്രസർക്കാരിന്റെ കീഴിൽ ഏകദേശം 34 വർഷം പ്രവർത്തിച്ച ആറളം ഫാം 49 കോടി രൂപയ്ക്കാണ് 2004ൽ കേരള സർക്കാർ വാങ്ങിയത്. ആദിവാസി പുനരധിവാസത്തിന് ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികവർഗ വികസനവുമായി ബന്ധപ്പെട്ട ഫണ്ട് ഉപയോഗിച്ചായിരുന്നു ഏറ്റെടുക്കൽ. ആകെ ഭൂമിയുടെ പകുതി ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യുകയും ശേഷിക്കുന്ന ഭാഗം കാർഷിക ആവശ്യങ്ങൾക്കും പുനരധിവസിപ്പിക്കപ്പെടുന്നവരുടെ ക്ഷേമത്തിനുമായി നിലനിർത്തുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2006, 2007 വർഷങ്ങളിലായി ഏകദേശം 3,779 ഏക്കർ ഭൂമി 2,557 കുടുംബങ്ങൾക്ക് വിതരണം ചെയ്തു .
2010 ജൂൺ 10നാണ് ആറളം ഫാമിംഗ് കോർപറേഷൻ (കേരള) ലിമിറ്റഡ് രൂപീകരിച്ചത്. 1956-ലെ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. പട്ടികജാതി-പട്ടികവർഗ വികസ വകുപ്പിന്റെ ഭരണനിയന്ത്രണത്തിലാണ് കോർപറേഷന്റെ പ്രവർത്തനം.
കാർഷിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, ഫാമിന്റെ വരുമാനം വർധിപ്പിക്കുക, കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വികസിപ്പിക്കുക, പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങളുടെ സാമ്പത്തിക-സാമൂഹിക ക്ഷേമത്തിന് പിന്തുണ നൽകുക എന്നിവയാണ് കോർപറേഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഭീഷണിയായി വന്യമൃഗങ്ങൾ
വിവിധ കാരണങ്ങളാൽ ആദിവാസി പുനരധിവാസവും ആറളം ഫാമിംഗ് കോർപറേഷന്റെ പ്രവർത്തങ്ങളും പാളി. പുനരധിവാസ മേഖലയിൽ ഓരോ കുടുംബത്തിനും ഒരേക്കർ ഭൂമി വീതമാണ് നൽകിയത്. എന്നാൽ, വന്യജീവി ശല്യം കാരണം കൃഷിയിറക്കാൻ സാധിക്കാതെ വന്നതോടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉൾപ്പെടെ താളം തെറ്റി. ആളുകളെ പുനരധിവസിപ്പിക്കാൻ നിശ്ചയിച്ച ഭൂമി തെറ്റായ മേഖലയിലായതും തിരിച്ചടിയായി. വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന പ്രദേശം ജനവാസ യോഗ്യമല്ലെന്ന് മുൻകൂട്ടി കാണാനായില്ല. വന്യമൃഗശല്യവും കാർഷിക മേഖലയിലെ പ്രതിസന്ധിയും പുനരധിവാസ മേഖലയെ സാരമായി ബാധിച്ചു. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം രൂക്ഷമായ വന്യമൃഗശല്യമായിരുന്നു. കൃഷിനാശം, വീടുകൾക്കും കാർഷിക ഷെഡുകൾക്കും കേടുപാടുകൾ, തൊഴിലാളികളുടെ സുരക്ഷാഭീഷണി എന്നിവ ഫാമിന്റെ പ്രവർത്തനങ്ങളെയും ആദിവാസി കുടുംബങ്ങളുടെ ജീവിതത്തെയും ഒരേപോലെ തകിടംമറിച്ചു.
വന്യമൃഗശല്യം വർധിച്ചതോടെ ആറളം ഫാമിലെ കാർഷിക ഉത്പാദനത്തിലും വരുമാനത്തിലും വൻ ഇടിവുണ്ടായതായി. 2017 മുതൽ 2026 വരെ വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചതിൽ ഫാമിനുണ്ടായ നഷ്ടം 134 കോടി രൂപയാണ്. കൃഷിനാശം തുടർക്കഥയായതോടെ തൊഴിലാളികളുടെ ജീവിതവും കഷ്ടത്തിലായി. വേതനം, പിരിഞ്ഞുപോകുന്നവരുടെ ആനുകൂല്യങ്ങൾ, ഉത്സവ ബത്തകൾ തുടങ്ങിയവയെല്ലാം അവതാളത്തിലായി. സർക്കാർ ധനസഹായം കൂടി നിലച്ചതോടെ തൊഴിലാളികളുടെ ശമ്പള വിതരണവും പാളി. ആറുമാസത്തിലേറെ ശന്പളം മുടങ്ങിയതോടെ തൊഴിലാളി സമരം ഉൾപ്പെടെ ഫാമിന്റെ പ്രവർത്തനങ്ങളിൽ കരിനിഴൽ വീഴ്ത്തി.
പങ്കാളിത്ത പരീക്ഷണത്തിലേക്ക്
നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ആറളം ഫാമിനെ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്ത കൃഷിരീതിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്നാണ് അധികൃതർ പറയുന്നത്. കാടു വെട്ടിത്തെളിച്ച് പുതിയ പ്ലാന്റേഷൻ നടത്തുന്നതിന് ചുരുങ്ങിയത് 300 കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് അധികൃതരുടെ കണക്ക്. പുതിയ കൃഷിയിൽനിന്ന് വരുമാനം ലഭിക്കുന്നത് വരെ തൊഴിലാളികളുടെ ശമ്പളം ഉൾപ്പെടെയുള്ളവ കാര്യങ്ങൾക്കും തുക കണ്ടെത്തണം. ഇത് പ്രായോഗികമല്ലാതെ വന്നതോടെയാണ് പങ്കാളിത്ത കൃഷി എന്ന ആശയത്തിലേക്ക് നീങ്ങിയത്.
(തുടരും)
Tags : NattuVishesham.DistricteNews