മൂവാറ്റുപുഴ അര്ബന് ഹാറ്റ് സന്ദര്ശിക്കാനെത്തിയ കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റെജീനയുടെ നേതൃത്വത്തിലുള്ള സംഘത്തോട് ചെയര്പേഴ്സണ് ജോയ്സ്
മൂവാറ്റുപുഴ: വര്ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന നഗരസഭയുടെ ആസ്തികള് പുനരുപയോഗിച്ച് വരുമാനം വര്ധിപ്പിക്കുകയും അവ ജനോപകാരപ്രദമായ പദ്ധതികള്ക്ക് വിനിയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ നഗരസഭ നടപ്പാക്കുന്ന ഫ്യൂച്ചര് മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി അര്ബന് ഹാറ്റിന് പുതുജീവന് നല്കുന്നു.
2011-ല് കുടുംബശ്രീ ഫണ്ട് അനുവദിക്കുകയും നഗരസഭാ ഫണ്ട് കൂടി വിനിയോഗിച്ച് കോടികണക്കിന് രൂപ ചെലവില് നിര്മിക്കുകയും ചെയ്ത അര്ബന് ഹാറ്റ് 2015 ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. കരകൗശല വസ്തുക്കളുടെ പ്രദര്ശനത്തിനും വിൽപനയ്ക്കുമായി നിര്മിച്ച ഈ സ്ഥാപനം ഒരുദിവസം പോലും ഫലപ്രദമായി പ്രവര്ത്തിപ്പിക്കാന് കഴിഞ്ഞിരുന്നില്ല. തുടര്ന്ന് വര്ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന അര്ബന് ഹാറ്റ് പുതിയ സാധ്യതകളോടെ പുനരുജ്ജീവിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റെജീനയുടെ നേതൃത്വത്തിലുള്ള സംഘം അര്ബന് ഹാറ്റ് സന്ദര്ശിച്ചു.
വിജ്ഞേശ്വരിയുടെ നിര്ദേശപ്രകാരമാണ് സന്ദര്ശനം നടത്തിയത്. അര്ബന് ഹാറ്റ് മറ്റ് ആവശ്യങ്ങള്ക്കായി ഉപയോഗപ്പെടുത്തുന്നതിന് അനുമതി ലഭ്യമാക്കാന് കഴിയുമെന്ന് ജില്ലാ കോ-ഓര്ഡിനേറ്റര് വ്യക്തമാക്കി. മറ്റ് പദ്ധതികള്ക്കായി സ്ഥലം ഉപയോഗപ്പെടുത്തുന്നതിന് തടസമായിരുന്ന നിയമപരമായ പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്ന സാഹചര്യത്തില് ആവശ്യമായ എന്ഒസി ഉടന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവില് അടച്ചുകെട്ടിയിരിക്കുന്ന മതിലുകള് നീക്കം ചെയ്ത് പ്രവേശനകവാടം നിര്മിക്കുക, മുറികള് വിശാലമാക്കുക, ഓപ്പണ് സ്റ്റേജ് നവീകരിക്കുക തുടങ്ങിയ പ്രവൃത്തികള് ഉള്പ്പെടുത്തി അര്ബന് ഹാറ്റിനെ ആകര്ഷകമായ ഫുഡ് സ്ട്രീറ്റാക്കി മാറ്റുന്നതിനുള്ള വിശദമായ പദ്ധതിരേഖ നഗരസഭ തയാറാക്കിയിട്ടുണ്ട്.
കാവുങ്കര മേഖലയിലെ വികസനത്തിനും ഈ പദ്ധതി വലിയ സാധ്യതകള് തുറക്കും. നഗരത്തിന് പുറത്തുനിന്നുള്ളവരെക്കൂടി ആകര്ഷിക്കുന്ന ഭക്ഷണ-വിനോദ കേന്ദ്രമായി അര്ബന് ഹാറ്റിനെ മാറ്റുന്നതിലൂടെ പ്രദേശത്തെ വ്യാപാരമേഖലയ്ക്ക് ഉണര്വേകാനും പുതിയ തൊഴിലവസരങ്ങള് സൃഷ്ടിക്കാനും നഗരസഭയുടെ വരുമാനം വര്ധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. നഗരസഭയുടെ കൈവശമുള്ള ആസ്തികള് ഉപയോഗശൂന്യമായി കിടക്കേണ്ടവയല്ല. അവയ്ക്ക് പുതുജീവന് നല്കി വരുമാനം സൃഷ്ടിക്കുകയും ആ വരുമാനം ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും പ്രയോനപ്പെുത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ഭരണസമിതിയുടെ കാഴ്ചപ്പാട്. അതിന്റെ ഭാഗമായാണ് ഫ്യൂച്ചര് മൂവാറ്റുപുഴ എന്ന ആശയത്തിലൂടെ അര്ബന് ഹാറ്റിനെ പുനരുപയോഗിക്കാന് തീരുമാനിച്ചത്. പൊതുപണം ചെലവഴിച്ച് നിര്മിച്ച ഒരു സ്ഥാപനം വര്ഷങ്ങളോളം അടഞ്ഞുകിടക്കുന്നത് അംഗീകരിക്കാനാവില്ല. നിയമപരമായ തടസങ്ങള് നീക്കി അര്ബന് ഹാറ്റിനെ സജീവമായ ഫുഡ് സ്ട്രീറ്റാക്കി മാറ്റുകയാണ് ലക്ഷ്യം. ഇത് കാവുങ്കരയുടെ വികസനത്തിനും നഗരസഭയുടെ വരുമാനവര്ധനവിനും ഒരുപോലെ സഹായകമാകും. നഗരത്തിന്റെ വികസനത്തിനൊപ്പം ജനങ്ങള്ക്ക് പുതിയ സൗകര്യങ്ങളും തൊഴിലവസരങ്ങളും ഒരുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് നഗരസഭാ ചെയര്പേഴ്സണ് ജോയ്സ് മേരി ആന്റണി പറഞ്ഞു. സന്ദര്ശനത്തില് നഗരസഭാ വൈസ് ചെയര്മാന് അബ്ദുല് സലാം, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരായ അസം ബീഗം, ജിനു ആന്റണി മടേയ്ക്കല്, കൗണ്സിലര് മുഹമ്മദ് ചെറുകപ്പള്ളി, കുടുംബശ്രീ ചെയര്പേഴ്സണ് ധന്യ തുടങ്ങിയവര് പങ്കെടുത്തു.
Tags : NattuVishesham.DistricteNews