സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ചുകൊണ്ട് കാസർഗോഡ് നഗരത്തിലൂടെ നടത്തിയ റാലി.
കാസർഗോഡ്: സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ആവേശോജ്വലമായ സമാപനം. സമാപനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം കാസർഗോഡ് ഗവ. കോളജിനു സമീപത്തെ വി.എസ്. അച്യുതാനന്ദന് നഗറില് നടന്ന പൊതുസമ്മേളനവും പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ജയരാജൻ, പി.കെ. ബിജു എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ്ചന്ദ്രൻ, മുതിർന്ന നേതാവ് പി. കരുണാകരൻ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സി.എച്ച്. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. റാലിയിൽ കാല്ലക്ഷത്തിലേറെ പേർ പങ്കെടുത്തു.
ജില്ലാ കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളായി ആറുപേരെ തെരഞ്ഞെടുത്തു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.കെ. ചന്ദ്രമ്മ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം.വി. രതീഷ്, എസ്എഫ്ഐ മുന് കേന്ദ്രകമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ. സബീഷ്, സിപിഎം ബേഡകം ഏരിയാ സെക്രട്ടറി സി. രാമചന്ദ്രൻ, തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ എന്നിവരെയാണ് ക്ഷണിതാക്കളാക്കിയത്.
Tags : NattuVishesham.DistricteNews