കോതമംഗലം മണ്ഡലത്തിലെ വികസന കാര്യങ്ങൾ ചർച്ചചെയ്യാൻ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷ
കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും നഗരസഭയിലെയും പ്രധാന വികസന വിഷയങ്ങൾ ചർച്ച ചെയ്തു.
നിർമാണം പൂർത്തിയായ കുടമുണ്ട പാലത്തിന്റെ ഉദ്ഘാടനം 22ന് ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കും. നെല്ലിക്കുഴിയിലെ ഫർണിച്ചർ വ്യവസായത്തിന് കൂടുതൽ മുന്നേറ്റം നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി 22ന് പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഫർണിച്ചർ വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവരുടെയും യോഗം ചേരും.
കോതമംഗലത്തെ ഡയാലിസിസ് രോഗികൾക്കും നിർധനരായ മറ്റ് രോഗികൾക്കും ചികിത്സാ സഹായം ലഭ്യമാക്കുന്ന കാരുണ്യസ്പർശം പദ്ധതിയുടെ ഉദ്ഘാടനം നവംബർ അഞ്ചിന് നടത്തും. എംഎൽഎയുടെ ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം നവംബർ 12ന് കോട്ടപ്പടി പഞ്ചായത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിക്കും.
കോതമംഗലത്തെ ടൂറിസം വികസന സാധ്യതകൾ വിലയിരുത്തുന്നതിനായി സംസ്ഥാന ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഡിസംബർ അഞ്ചിന് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകൾ സന്ദർശിക്കും. ടൂറിസം മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രദേശത്തിന്റെ വികസനത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതും യോഗം ചർച്ച ചെയ്തു.
നിയോജകമണ്ഡലത്തിലെ വിവിധ വികസന വിഷയങ്ങളും ഓരോ തദ്ദേശ
സ്ഥാപനത്തിലെയും അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളും യോഗം വിലയിരുത്തി. എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ജനപ്രതിനിധികളുടെ സഹകരണവും കൂട്ടായ പ്രവർത്തനവും അനിവാര്യമാണെന്ന് എംഎൽഎ അറിയിച്ചു.
മുനിസിപ്പൽ കൗൺസിലർ ഭാനുമതി രാജു, മുനിസിപ്പൽ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. മൊയ്തു, മേരി കുര്യാക്കോസ്, ബിന്ദു ജോർജ്, സംഗീത പ്രതീഷ്, റീന ജോഷി, സനീറ നസീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി.എ. യൂസഫ്, അബു കൊട്ടാരം, ബിനോയ് സി. പുല്ലൻ, ജോബി ജേക്കബ്, എൽദോസ് ബേബി, റം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham.DistricteNews